മുരളി കുന്നുംപുറത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്
കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരവും വൈകാരികവുമായ ഒരു ഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്. ആ സമയത്ത് എന്ത് സംഭവിക്കും, എങ്ങനെ മുന്നോട്ട് പോകും എന്നൊന്നും വ്യക്തമായിരുന്നില്ല. എന്നാല്‍ ആ ദിവസങ്ങളില്‍ ഞാന്‍ മനസ്സിലാക്കിയ ഒരു വലിയ സത്യമുണ്ട് - നമ്മള്‍ കരുതുന്നതിലുപരി മനുഷ്യരുടെ സ്‌നേഹത്തിനും കരുതലിനും നമ്മെ താങ്ങിനിര്‍ത്താന്‍ കഴിയും എന്ന്.
സിനിമാ മേഖലയിലെ വിവിധ സംഘടനകളില്‍ നിന്നുള്ളവര്‍, നിര്‍മ്മാതാക്കള്‍, സംവിധായകര്‍, അഭിനേതാക്കള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, എന്നെ നേരില്‍ പോലും പരിചയമില്ലാത്ത ഒട്ടനവധി ആളുകള്‍.. എല്ലാവരും നല്‍കിയ പിന്തുണയും സ്‌നേഹവുമാണ് ഇന്ന് എന്നെ മുന്നോട്ട് നയിക്കുന്ന ശക്തി.
ജീവിതം മുന്നോട്ട് പോകുമ്പോള്‍ ആളുകളും തങ്ങളുടെ തിരക്കുകള്‍ക്കൊപ്പം മുന്നോട്ട് പോകുമെന്നായിരുന്നു എന്റെ ധാരണ. പക്ഷേ ചില മനുഷ്യര്‍ അങ്ങനെയല്ലെന്ന് പിന്നീട് മനസ്സിലായി.
പ്രിയപ്പെട്ട വേണു കുന്നപ്പിള്ളി, ഉണ്ണി മുകുന്ദന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ ഇടയ്ക്കിടെ എന്നെ വിളിച്ച് എന്റെ വിശേഷങ്ങള്‍ അന്വേഷിക്കുകയും, എല്ലാ പിന്തുണയും ഉറപ്പുനല്‍കുകയും ചെയ്യുന്നത് എനിക്ക് വാക്കുകള്‍ക്കതീതമായ സന്തോഷവും ആത്മവിശ്വാസവും നല്‍കുന്നുണ്ട്. നല്ല സമയത്ത് നമുക്കൊപ്പം നില്‍ക്കുവാന്‍ ഒരുപാട് പേര്‍ ഉണ്ടാകും. എന്നാല്‍ ജീവിതം പരീക്ഷിക്കുന്ന നിമിഷങ്ങളില്‍ ഒരു മനുഷ്യന്റെ ചുമലില്‍ കൈവെച്ച് ''ഞങ്ങള്‍ കൂടെയുണ്ട്'' എന്ന് പറയുന്നവര്‍ വളരെ അപൂര്‍വ്വമാണ്. അത്തരത്തിലുള്ള മനുഷ്യരാണ് ഇവര്‍. അവരുടെ സൗഹൃദത്തിനും കരുതലിനും ഞാന്‍ ഹൃദയത്തിന്റെ ആഴത്തില്‍ നിന്ന് നന്ദി പറയുന്നു.
ഈ സ്‌നേഹവും വിശ്വാസവും തന്നെയാണ് എന്റെ തിരിച്ചുവരവിന്റെ ഏറ്റവും വലിയ ഇന്ധനം. നല്ല മനുഷ്യരുമൊത്ത് കൂടുതല്‍ നല്ല സിനിമകളും പുതിയ യാത്രകളും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍. എന്നെ വിശ്വസിച്ച, എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും, ഒപ്പം നിന്ന എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. തിരിച്ചുവരവ് എന്നത് ഒരു വ്യക്തിയുടെ മാത്രം യാത്രയല്ല. ഒരുപാട് മനുഷ്യരുടെ സ്‌നേഹവും വിശ്വാസവും ചേര്‍ന്നാണ് അത് സാധ്യമാകുന്നത്. നന്ദി.
മുരളി കുന്നുംപുറത്ത്




English (US) ·