‘കാബൂളിവാല’യിലെ മുന്ന ഇന്നും പ്രിയപ്പെട്ട കഥാപാത്രം; ഓർമകൾ പങ്കുവച്ച് വിനീത്

5 days ago 6

മലയാള സിനിമയിലും നൃത്തമേഖലയിലും ഒരുപോലെ സജീവമായ നടൻ വിനീത്, തന്റെ സിനിമാജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ പങ്കുവച്ചു. സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ 1994ൽ പുറത്തിറങ്ങിയ ‘കാബൂളിവാല’യിലെ മുന്ന എന്ന കഥാപാത്രം ഇന്നും തന്റെ ഏറ്റവും പ്രിയപ്പെട്ട വേഷമാണെന്ന് താരം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിനീത് ചിത്രത്തിന്റെ ഷൂട്ടിങ് ഓർമകൾ പങ്കുവച്ചത്.

‘കാബൂളിവാല’യുടെ ചിത്രീകരണകാലം വലിയ ആഘോഷമായിരുന്നുവെന്ന് വിനീത് ഓർത്തെടുത്തു. “മുന്ന എന്റെ ഓൾടൈം ഫേവറൈറ്റ് കഥാപാത്രമാണ്. സിനിമയും അതിന്റെ ചിത്രീകരണ സമയവും വലിയൊരു ആഘോഷമായിരുന്നു. ക്യാപ്റ്റൻ രാജു, സോമൻ, വിദ്യ, ജഗതി, ഇന്നസെന്റ് എന്നിവർക്കൊപ്പം അഭിനയിച്ച നല്ല കുറേ രംഗങ്ങൾ ചിത്രത്തിലുണ്ട്. ഇപ്പോഴും ആ സിനിമ കാണുമ്പോൾ എന്റെ കണ്ണുനിറയും,” വിനീത് പറഞ്ഞു.

‘കാബൂളിവാല’യിലെ മുന്നയ്ക്കും ‘മഴവില്ലി’ലെ വിജയകൃഷ്ണനും വിനീതിന്റെ സിനിമാജീവിതത്തിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ്. അടുത്തിടെ തിയേറ്ററുകളിലെത്തിയ ‘ഭൗമ’യാണ് താരത്തിന്റെ പുതിയ ചിത്രം. ചിത്രത്തിൽ സാമുവൽ എന്ന കഥാപാത്രത്തെയാണ് വിനീത് അവതരിപ്പിക്കുന്നത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും വിനീത് അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്കൊപ്പം നൃത്തമേഖലയിലും സജീവമായ താരം വിവിധ ഭാഷകളിലായി ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

Read Entire Article