തുടര്‍ച്ചയായി രണ്ടാമത്തെ തവണയും റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചത് ഭവന-വാഹന വായ്പകളെടുത്തവര്‍ക്ക് ആശ്വാസമാകും. ചെറുകിട ബിസിനസ് ലോണുകള്‍, കാര്‍ഷിക വായ്പ തുടങ്ങിയവ എടുത്തവര്‍ക്കും കൂടുതല്‍ തുക മിച്ചം പിടിക്കാനാകും.
പലിശ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുന്നതോടെ പ്രതിമാസ തിരിച്ചടവ് തുകയില്‍ കുറവുണ്ടാകും. അതല്ലെങ്കില്‍ ഇ.എം.ഐ അതുപോലെതന്നെ നിലനിര്‍ത്തി കാലാവധി കുറയ്ക്കാനുള്ള അവസരം പ്രയോജനപ്പെടുത്താം. ഉദാഹരണത്തിന്, 20 വര്‍ഷ കാലയളവില്‍ 30 ലക്ഷം രൂപയുടെ ഭവന വായ്പയെടുത്തവരുടെ പലിശ നിരക്ക് 8.75ശതമാനത്തില്‍നിന്ന് 8.50 ശതമാനമായി കുറയും. ഇതോടെ പ്രതിമാസ തിരിച്ചടവ് തുക 26,511 രൂപയില്‍നിന്ന് 26,035 രൂപയുമാകും. നേട്ടമാകട്ടെ 476 രൂപ. ഒരു വര്‍ഷം 5,712 രൂപ ഇതിലൂടെ മിച്ചംപിടിക്കാനാകും. 50 ലക്ഷമാണ് വായ്പയെങ്കില്‍ പ്രതിമാസം 795 രൂപയുടെ നേട്ടമുണ്ടാകും. രണ്ട് തവണയായി നിരക്ക് കുറച്ചതിലൂടെ 0.50 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് ലഭിക്കുക. അതായത് 30 ലക്ഷം രൂപയുടെ വായ്പയില്‍ പ്രതിമാസ തിരിച്ചടവ് തുകയിലുണ്ടാകുന്ന കുറവ് 957 രൂപയാണ്. ഇതിലൂടെ ഒരു വര്‍ഷം മാത്രം 12,441 രൂപ ലാഭിക്കാം. 50 ലക്ഷം രൂപയുടെ വായ്പയാണെങ്കില്‍ 19,140 രൂപയാകും നേട്ടം.
ഇ.എം.ഐ മാറ്റമില്ലാതെ നിലനിര്‍ത്തി കാലാവധി കുറയ്ക്കുന്നതാണ് കൂടുതല്‍ മെച്ചം. മൊത്തം പലിശ ബാധ്യതയില്‍ കുറവുണ്ടാകാന്‍ അത് സഹായകരമാകും. ഏപ്രില്‍ മുതല്‍ ആദായ നികുതി ബാധ്യത കുറഞ്ഞതിനാല്‍ ഇ.എം.ഐ അതേപടി നിലനിര്‍ത്തി വായ്പ വേഗം തിരിച്ചടയ്ക്കുന്നതാകും ഉചിതം.
ബാഹ്യ സൂചിക അടിസ്ഥാനമാക്കിയുള്ള വായ്പകളാണ് വാണിജ്യ ബാങ്കുകളില്‍ ഇപ്പോള്‍ കൂടുതല്‍. എക്സ്റ്റേണല്‍ ബെഞ്ച് മാര്‍ക്ക് റേറ്റ്(ഇബിഎല്‍ആര്‍) വായ്പകളുടെ വിഹിതം 2024 സെപ്റ്റംബര്‍ അവസാനത്തോടെ 57.9 ശതമാനത്തില്‍നിന്ന് 59.9 ശതമാനമായി ഉയര്‍ന്നിരുന്നു. റിപ്പോ അടിസ്ഥാനമാക്കിയുള്ള വായ്പകളും ഇതിന് കീഴിലാണ് വരുന്നത്. മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള വായ്പകളാകട്ടെ 2024 ജൂണിലെ 38.2 ശതമാനത്തില്‍നിന്ന് 36.9 ശതമാനമായി കുറയുകയും ചെയ്തിരുന്നു.
ഭവന വായ്പകള്‍, ചെറുകിട ബിസിനസ്(എം.എസ്.എം.ഇ)ലോണുകള്‍, വാഹന-വിദ്യാഭ്യാസ-കാര്‍ഷിക വായ്പകള്‍ തുടങ്ങിയവയിലേറെയും റിപ്പോ റേറ്റുമായി(ഇബിഎല്‍ആര്‍)ബന്ധിപ്പിച്ചവയാണ്.
പലിശ ഇനിയും കുറയുമോ?
പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തില്‍ വളര്‍ച്ച ലക്ഷ്യമിട്ട് ഇനിയും ആര്‍ബിഐ നിരക്കുകള്‍ കുറച്ചേക്കാം. മൊത്തം മുക്കാല്‍ ശതമാനത്തിന്റെ (75 ബേസിസ് പോയന്റ്) കുറവ് പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തല്‍.
ഏറെക്കാലത്തിന് ശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് ആദ്യമായി റിപ്പോ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തിയത്. ഇതോടെ റിപ്പോ 6.50 ശതമാനത്തില്‍നിന്ന് 6.25 ശതമാനമയി കുറയുകയും ചെയ്തു. ട്രംപിന്റെ പകരച്ചുങ്ക ഭീഷണി 26 ശതമാനം തീരുവയായി ഇന്ത്യയ്ക്കുമേല്‍ പതിച്ചിരിക്കുന്നു. അതിന്റെ ഫലമായി രാജ്യത്തെ ജിഡിപിയില്‍ 20- 40 ശതമാനം കുറവുണ്ടായേക്കാമെന്നാണ് വിലയിരുത്തുന്നത്. ഇതുകൂടി കണക്കിലെടുത്താണ് ആര്‍ബിഐ വളര്‍ച്ചാ അനുമാനം 6.50 ശതമാനത്തിലേയ്ക്ക് കുറച്ചത്. ഇതേ തുടര്‍ന്നുണ്ടാകുന്ന സാമ്പത്തിക സമ്മര്‍ദം ലഘൂകരിക്കാന്‍ കൂടുതല്‍ നിരക്ക് കുറയ്ക്കുകയെന്നതാണ് റിസര്‍വ് ബാങ്കിന്റെ മുന്നിലുള്ള പോംവഴി.

നിരക്ക് കുറയ്ക്കല്‍ തുടര്‍ന്നാല്‍ വായ്പ പലിശ എട്ട് ശതമാനത്തിലേയ്ക്ക് താഴാനും ഇടയാകും. അതുകൊണ്ടുതന്നെ നിരയ്ക്ക് കുറയ്ക്കലിന്റെ നേട്ടം സ്വന്തമാക്കാന്‍ റിപ്പോയുമായി ബന്ധിച്ച വായ്പകളിലേയ്ക്ക് മാറുന്നതാകും ഉചിതം.
നിക്ഷേപ പലിശ
ആര്‍ബിഐ നിരക്ക് താഴ്ത്താന്‍ തുടങ്ങിയതോടെ വായ്പാ പലിശയേക്കാള്‍ വേഗത്തില്‍ നിക്ഷേപ പലിശ കുറയാന്‍ തുടങ്ങും. ഹ്രസ്വ-ഇടക്കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശയാകും ബാങ്കുകള്‍ ആദ്യം കുറയ്ക്കുക. ദീര്‍ഘകാലയളവില്‍ സ്ഥിരനിക്ഷേപമിടുന്നത് ഇടക്കിടെയുള്ള പലിശ നിരക്ക് കുറയുന്നത് ബാധിക്കാതിരിക്കാന്‍ ഉപകരിക്കും. അതായത് രണ്ട് വര്‍ഷത്തിന് മുകളില്‍ കാലയളവില്‍ സ്ഥിരനിക്ഷേപമിട്ടാല്‍ അത്രയും കാലം നിലവിലെ നിരക്കില്‍തന്നെ പലിശ നേടാം.
Content Highlights: Reserve Bank`s repo complaint chopped brings alleviation to home, auto, and concern indebtedness borrowers.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·