കുതിക്കുമ്പോഴും തകരുമ്പോഴും ആയിരം പോയന്റ്. ഓഹരി വിപണിയിലെ സമീപകാല പ്രവണതയാണിത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രതീക്ഷിച്ചതിലും മികച്ച പ്രവര്‍ത്തന ഫലം പുറത്തുവിട്ടതും ഏഷ്യന്‍ വിപണികളിലെ അനുകൂല ഘടകങ്ങളും ആഗോള സാഹചര്യങ്ങളും തിങ്കളാഴ്ചയിലെ കുതിപ്പിന് കാരണമായി. ഇന്ത്യ-പാക് സാഹചര്യം വഷളാകുന്നതിന്റെ ഇടയിലാണ് ഈ നേട്ടമെന്നതും ശ്രദ്ധേയമാണ്.
ഉച്ചയ്ക്ക് ശേഷമുള്ള വ്യാപാരത്തിനിടെ സെന്‍സെക്‌സ് 1,000 പോയന്റ് നേട്ടത്തോടെ 80,200 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 300 പോയന്റ് ഉയര്‍ന്ന് 24,300വും പിന്നിട്ടു. നിഫ്റ്റി ഐടി ഒഴികെയുളള സെക്ടറല്‍ സൂചികളില്‍ നേട്ടത്തിലാണ് വ്യാപാരം നടന്നത്. പൊതുമേഖല ബാങ്ക്, ഉപഭോക്തൃ ഉത്പന്നം, ഓയില്‍ ആന്‍ഡ് ഗ്യാസ്, സ്വകാര്യ ബാങ്ക് എന്നീ സൂചികകള്‍ ഒരു ശതമാനത്തിലധികം ഉയര്‍ന്നു. ഇതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 2.9 ലക്ഷം കോടി വര്‍ധിച്ച് 424.46 ലക്ഷം കോടിയിലെത്തി.
വിദേശികളുടെ തിരിച്ചുവരവ്
വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വാങ്ങല്‍ താത്പര്യം നിക്ഷേപകരില്‍ ആത്മവിശ്വാസമുയര്‍ത്തി. എട്ട് ദിവസത്തിനിടെ 32,465 കോടി രൂപയുടെ നിക്ഷേപമാണ് അവര്‍ നടത്തിയത്. യുഎസ് വിപണിയിലെ തകര്‍ച്ച, കടപ്പത്ര ആദായത്തിലെ ഇടിവ്, ഡോളറിന്റെ ദുര്‍ബലാവസ്ഥ എന്നിവയാണ് വിദേശികളുടെ തിരിച്ചുവരവിന് പിന്നില്‍. ദുര്‍ബലമാകുന്ന യുഎസിലെ സാമ്പത്തിക സാഹചര്യവും മൂല്യമിടിയുന്ന ഡോളറും വിദേശികളെ ഇന്ത്യയിലേയ്ക്ക് ആകര്‍ഷിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലും വിദേശ ഒഴുക്ക് ഉണ്ടായേക്കാമെന്നാണ് വിലയിരുത്തല്‍.
റിലയന്‍സിന്റെ മുന്നേറ്റം
റീട്ടെയില്‍, ഡിജിറ്റല്‍ ബിസിനസുകളിലെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ പ്രതീക്ഷിച്ചതിലും മികച്ച നാലാംപാദ ഫലങ്ങളാണ് റിലയന്‍സ് പുറത്തുവിട്ടത്. ഇതോടെ കമ്പനിയുടെ ഓഹരി വിലയില്‍ നാല് ശതമാനത്തോളം മുന്നേറ്റമുണ്ടായി. റിലയന്‍സിന്റെ മാത്രം പ്രകടനത്തിലൂടെ സെന്‍സെക്‌സിന് 300 പോയന്റോളം നേട്ടമുണ്ടാക്കാനായി.
ദുര്‍ബലമാകുന്ന ഡോളര്‍
ഡോളറിന്റെ തകര്‍ച്ച ഇന്ത്യപോലുള്ള വികസ്വര വിപണികളില്‍ ഉത്സവാന്തരീക്ഷമുണ്ടാക്കുക സ്വാഭാവികമാണല്ലോ. വിദേശ നിക്ഷേപം ആകര്‍ഷിക്കാനും രൂപയെ പിന്തുണയ്ക്കാനും ഡോളറിന്റെ നഷ്ടം സഹായകരമാകും. ഫെബ്രുവരി ആദ്യ ആഴ്ചയിലെ 109 നിലവാരത്തില്‍നിന്ന് ഡോളര്‍ സൂചിക 99.60ലേയ്ക്ക് താഴ്ന്നിരിക്കുന്നു. ഡോളറില്‍നിന്ന് മറ്റ് ആസ്തികലിലേയ്ക്ക് നിക്ഷേപം ഒഴുകാന്‍ അതിടയാക്കി.
ക്രൂഡിന്റെ തകര്‍ച്ച
അസംസ്‌കൃത എണ്ണ വില ബാരലിന് 67 ഡോളറിന് താഴെയെത്തിയിരിക്കുന്നു. പണപ്പെരുപ്പ ആശങ്കകള്‍ കുറയാന്‍ എണ്ണ വിലയിടിവ് മാത്രംമതി. പ്രധാന ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് എണ്ണ വിലയിടിവ് അനുകൂലമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. വ്യാപാര കമ്മി, പണപ്പെരുപ്പം എന്നിവയ്ക്ക് കാര്യമായ ആശ്വാസമാണ് ഇതിലൂടെ ലഭിക്കുക.
ഏഷ്യന്‍ സൂചികകളിലെ മുന്നേറ്റവും തിങ്കളാഴ്ച കുതിപ്പിന് കരുത്തേകി. ഏഷ്യ-പസഫിക് ഓഹരികളുടെ എം.എസ്.സി.ഐ സൂചിക ഒരുശതമാനത്തോളം നേട്ടമുണ്ടാക്കി. ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങളുമായി യുഎസ് നടത്തുന്ന വ്യാപാര ചര്‍ച്ചകളിലെ പുരോഗതിയും വിപണി നേട്ടമാക്കി.
Content Highlights: Sensex Soars 1,000 Points, Nifty Tops 24,300 arsenic Reliance Results, Asian Markets, and Weak Dollar Boo
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·