Published: August 07, 2026 02:19 PM IST
1 minute Read
തിരുവനന്തപുരം∙ സംസ്ഥാനത്തെ കായിക മേഖലയ്ക്ക് വൻ നേട്ടമായി, വരാനിരിക്കുന്നഫിബ അണ്ടർ 18 ഏഷ്യ കപ്പ് 2026 ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള നാല് കായിക വിദഗ്ധർ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. 2026 ഓഗസ്റ്റ് 13 മുതൽ 23 വരെ ഗുജറാത്തിലെ അഹമ്മദാബാദിലുള്ള വീർ സവർക്കർ ഇൻഡോർ സ്റ്റേഡിയത്തിലാണ് ചാംപ്യൻഷിപ്പ് നടക്കുന്നത്.
നിലവിൽ ചങ്ങനാശ്ശേരി എസ്.ബി കോളേജിൽ സേവനമനുഷ്ഠിക്കുന്ന കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ കോച്ചും എറണാകുളം സ്വദേശിയുമായ മിസ്റ്റർ വിപിൻ കെയെ ഇന്ത്യൻനാഷണൽ അണ്ടർ 18 ടീമിന്റെ മുഖ്യ കോച്ചായി നിയമിച്ചു. ഇതിന് പുറമെ, ടൂർണമെന്റ് നിയന്ത്രിക്കുന്നതിനായി ഇന്റർനാഷണൽ ബാസ്കറ്റ്ബോൾ ഫെഡറേഷനും (FIBA) ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയും (BFI) കേരളത്തിൽനിന്നുള്ള മൂന്ന് സാങ്കേതിക വിദഗ്ധരെയും നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. തൊടുപുഴ സ്വദേശിയും പണ്ടപ്പിള്ളി സിഎച്ച്സിയിലെ മെഡിക്കൽ ഓഫീസറും കേരള ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ ഡോ. പ്രിൻസ് കെ.മറ്റം (ഫിബ മാച്ച് കമ്മീഷണർ),കോഴിക്കോട് സ്വദേശിയും കോർട്ടിലെ ടേബിൾ ഡ്യൂട്ടികൾ നിയന്ത്രിക്കുന്ന ഫിബ സർട്ടിഫൈഡ് ടെക്നിക്കൽഒഫീഷ്യലുമായ മിസ്റ്റർ അതുൽ കൃഷ്ണൻ, പത്തനംതിട്ട സ്വദേശിയും ടൂർണമെന്റ് ഡാറ്റയും സ്ഥിതിവിവരക്കണക്കുകളും കൈകാര്യം ചെയ്യുന്ന ഫിബ സർട്ടിഫൈഡ് ഒഫീഷ്യൽ സ്റ്റാറ്റിസ്റ്റിഷ്യനുമായ മിസ്റ്റർ വിശാൽ രവി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റ് മൂന്ന് പേർ.
ടൂർണമെന്റിൽ പങ്കെടുക്കുന്ന 16 രാജ്യങ്ങളെ നാല് മത്സര ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഗ്രൂപ്പ് എയിൽ ഓസ്ട്രേലിയ, ചൈനീസ്തായ്‌പേയ്, ഫിലിപ്പീൻസ്, തായ്‌ലൻഡ് എന്നിവരും, ഗ്രൂപ്പ് ബിയിൽ ന്യൂസിലാൻഡ്, ലെബനൻ, ബഹ്റൈൻ, സിറിയ എന്നിവരും ഉൾപ്പെടുന്നു. ചൈന, ഇറാൻ, ഖത്തർ,ശ്രീലങ്ക എന്നിവരാണ് ഗ്രൂപ്പ് സിയിലുള്ളത്. ആതിഥേയരായ ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ്പ് ഡിയിൽ കൊറിയ, ജപ്പാൻ, കസഖ്സ്ഥാൻ എന്നീ ശക്തരായ ടീമുകളാണുള്ളത്. 2027-ലെ ഫിബ അണ്ടർ 19 ബാസ്കറ്റ്ബോൾ ലോകകപ്പിലേക്ക് യോഗ്യത നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ കോർട്ടിലിറങ്ങുന്നത്. ഒരൊറ്റ ടൂർണമെന്റിലേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി നാല് വിദഗ്ധർ തിരഞ്ഞെടുക്കപ്പെട്ടത് കേരളത്തിന്റെ ബാസ്കറ്റ്ബോൾ മേഖലയുടെ ആഗോള നിലവാരത്തെയാണ് കാണിക്കുന്നതെന്ന് ബാസ്കറ്റ്ബോൾ അസോസിയേഷൻ (KBA) വ്യക്തമാക്കി.
English Summary:
Kerala's hoops assemblage is acceptable to execute important designation arsenic 4 experts from assorted districts person been officially selected to correspond India successful the upcoming FIBA U18 Asia Cup 2026 Basketball Championship. These selections item the planetary standards of Kerala's hoops endowment connected an planetary stage.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·