റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ തീരുമാനം യുക്രെയിനില്‍ വെടി നിര്‍ത്താന്‍ മോസ്‌കോയെ പ്രേരിപ്പിക്കുന്നതിനുള്ള രാഷ്ട്രീയ തന്ത്രമാണ്. ഈ തന്ത്രം ആഗോള എണ്ണ വിപണിയില്‍ കാര്യമായ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ആഗോള സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുകയും ഊര്‍ജ കൂട്ടുകെട്ടുകളില്‍ മാറ്റമുണ്ടാക്കുകയും ചെയ്യും.
അധിക നികുതി എന്നാല്‍
അധിക നികുതി റഷ്യക്കെതിരെ നേരിട്ടുള്ള ശിക്ഷാ നടപടിയല്ല. എണ്ണ, വാതകം, യുറേനിയം എന്നിവയില്‍ റഷ്യയുമായി ഇടപാടു നടത്തുന്ന രാജ്യങ്ങള്‍ക്കെതിരെയുള്ളതാണ്. യുഎസ് ഉപരോധം കണക്കിലെടുക്കാത്ത രാജ്യങ്ങള്‍ക്കുള്ള അധിക നികുതി 500 ശതമാനം വരെ വരും. വ്യാപാര പങ്കാളികളില്‍ നിന്നകറ്റി റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്തുന്നതിനായി കൈക്കൊണ്ട ഈ തീരുമാനം ആഗോള എണ്ണ വിതരണ ശൃംഖലയില്‍ ഒന്നാകെ വന്‍ നഷ്ടമുണ്ടാക്കും.
ആഗോള എണ്ണ ഉല്‍പാദനവും ഉപയോഗവും
അന്തര്‍ദേശീയ ഊര്‍ജ ഏജന്‍സിയുടെ കണക്കുകളനുസരിച്ച് 2025 പകുതിയോടെ പ്രതിദിനം 101 മില്യണ്‍ ബാരല്‍ എണ്ണയാണ് ലോകത്താകെ ഉല്‍പാദിപ്പിക്കപ്പെടുന്നത്. പ്രതിദിന എണ്ണ ഉപഭോഗം 100.5 മില്യണ്‍ ബാരല്‍ വരും. ഏറ്റവും കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കുന്നത് അമേരിക്കയും (പ്രതിദിനം 12.9 മില്യണ്‍ ബാരല്‍) സൗദി അറേബ്യയും (പ്രതിദിനം 10.5 മില്യണ്‍ ബാരല്‍) റഷ്യയും(പ്രതിദിനം 9.8 മില്യണ്‍ ബാരല്‍)ആണ്. ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ക്കും ചില കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ എണ്ണ നല്‍കുന്നത് റഷ്യയാണ്. യുക്രെയിനുമായുള്ള യുദ്ധം തുടങ്ങിയ ശേഷം റഷ്യ കയറ്റുമതി വര്‍ധിപ്പിച്ചിട്ടുമുണ്ട്.
റഷ്യന്‍ എണ്ണ വിതരണം പൂര്‍ണമായി തടസപ്പെടുത്തിയാല്‍ ആഗോള തലത്തില്‍ അതിനു ബദല്‍ സംവിധാനം കണ്ടെത്തുക ദുഷ്‌കരമായിരിക്കും. കാരണം ആഗോള വിപണിയില്‍ 10 ശതമാനത്തോളം എണ്ണ എത്തിക്കുന്നത് റഷ്യയാണ്. അഞ്ചോ ആറോ മില്യണ്‍ ബാരല്‍ പ്രതിദിനം പകരം കണ്ടെത്താന്‍ കഴിഞ്ഞാലും ഓരോ ദിവസവും മൂന്നു മുതല്‍ അഞ്ച് വരെ മില്യണ്‍ ബാരലിന്റെ കുറവുണ്ടാകും.
വിപണിയിലെ പ്രതിസന്ധി
അധിക നികുതി നടപ്പാക്കിയാല്‍, വില കുത്തനെ ഉയരാനും ആഗോള വിലക്കയറ്റത്തിനും ചില രാജ്യങ്ങളില്‍ ഊര്‍ജ റേഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്താനും പുനരുത്പാദിപ്പിക്കാവുന്ന ഊര്‍ജ മേഖലയിലും വാതക വിപണിയിലും നിക്ഷേപം വര്‍ധിപ്പിക്കാനും ഇടയാക്കും.
റഷ്യന്‍ എണ്ണ വാങ്ങുന്നവരില്‍ സമ്മര്‍ദം സൃഷ്ടിക്കാന്‍ നടത്തുന്ന ശ്രമം ആഗോള എണ്ണ ഉത്പാദനത്തത്തന്നെ ബാധിക്കും. പ്രധാന ഉപഭോക്താക്കളായ ഇന്ത്യയും ചൈനയുമൊക്കെ എണ്ണയുടെ ഉപഭോഗം കുറയ്ക്കാന്‍ നിര്‍ബന്ധിതരാകും. ഈ സ്ഥിതിവിശേഷം ഏഷ്യയില്‍ ക്രൂഡോയില്‍ വില ഗണ്യമായി ഉയരാനും ലോകമെങ്ങും വിലക്കയറ്റം സൃഷ്ടിക്കാനും ഇടയാക്കും.
റഷ്യന്‍ എണ്ണ ആശ്രയിക്കുന്ന രാജ്യങ്ങള്‍ ബദല്‍ സംവിധാനം അന്വേഷിക്കാന്‍ നിര്‍ബന്ധിതരാവുന്നതോടെ ഗള്‍ഫില്‍ നിന്നും അമേരിക്കയില്‍ നിന്നും വരുന്ന എണ്ണയ്ക്കു വില കൂടും. നിലവിലുള്ള ഉത്പാദന ശേഷിയെ ഇതു ബാധിക്കുകയും മേഖലാ തലത്തില്‍ എണ്ണയുടെ ലഭ്യത കുറയുകയും ചെയ്യും. ഏഷ്യയേയും കിഴക്കന്‍ യൂറോപ്പിനേയുമായിരിക്കും ഇത് കാര്യമായി ബാധിക്കുക.
ആഗോള രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍
പുതുതായി നിര്‍ദേശിക്കപ്പെട്ട നികുതികള്‍ വെറും സാമ്പത്തിക ഉപകരണങ്ങള്‍ മാത്രമല്ല-അവ ആഗോള രാഷ്ട്രീയ ആയുധങ്ങള്‍ കൂടിയാണ്. റഷ്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന ഇന്ത്യക്കും ചൈനക്കുമെതിരെ പ്രസിഡണ്ട് ട്രംപ് ഈ അധിക നികുതി ഏര്‍പ്പെടുത്തിയാല്‍ ഇരുരാജ്യങ്ങള്‍ക്കും സാമ്പത്തിക വെല്ലുവിളി മാത്രമല്ല, രാഷ്ടീയ വെല്ലുവിളി കൂടിയാകും. പുതിയ നികുതി വരുന്നതോടെ ഇറക്കുമതി നിരക്കു വര്‍ധിയ്ക്കുമെന്നു മാത്രമല്ല, യുഎസുമായുള്ള നയതന്ത്ര ബന്ധം വഷളാവുകയും ഇരു രാജ്യങ്ങള്‍ക്കും അവരവരുടെ ഊര്‍ജ- വ്യാപാര നയങ്ങള്‍ പുനരാലോചിക്കേണ്ടി വരികയും ചെയ്യും.
നികുതി ഉയരുന്ന സാഹചര്യത്തില്‍, യുഎസ് നിലപാടിനുള്ള പ്രതികരണം എന്ന നിലയില്‍ ചൈനയും ഇന്ത്യയും പലതലങ്ങളില്‍ തന്ത്രപരമായ സമീപനം കൈക്കൊണ്ടേക്കും. ഗള്‍ഫില്‍ നിന്നും ഇറക്കുമതി വര്‍ധിപ്പിക്കാനും ആഫ്രിക്കയില്‍ നിന്നും ലാറ്റിനമേരിക്കയില്‍ നിന്നും പുതിയ എണ്ണ ഉത്പാദകരെ കണ്ടെത്താനും ഇരുരാജ്യങ്ങളും നിര്‍ബന്ധിതരാകും. ഡോളര്‍ അടിസ്ഥാനമാക്കിയുള്ള വ്യാപാരത്തിന്റെ പ്രശ്നങ്ങള്‍ മറികടക്കാന്‍ ചൈന അവരുടെ കറന്‍സിയായ യുവാനിലേക്കു വ്യാപാരം മാറ്റിയേക്കും. ഇതിനു പുറമേ നയതന്ത്ര തീരുമാനങ്ങളിലൂടെയും പുനരുപയോഗ രംഗത്ത് കൂടുതല്‍ പണംമുടക്കിയും ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിച്ചും പ്രശ്നംനേരിടാനുള്ള ശ്രമമായിരിക്കും വരും നാളുകളില്‍ കാണുക.
പ്രസിഡന്റ് ട്രംപിന്റെ അധിക നികുതി, പിടുത്തംവിട്ട കളിയാണ്. റഷ്യയെ സമാധാന ചര്‍ച്ചയിലേക്കാനയിക്കുക ആണ് ലക്ഷ്യമെങ്കിലും ആഗോള പ്രത്യാഘാതം ഗുരുതരമായിരിക്കും. എണ്ണ വിലക്കയറ്റം, ഊര്‍ജ വിപണിയുടെ താളംതെറ്റല്‍, ആഗോള കൂട്ടുകെട്ടുകളുടെ മാറ്റം എന്നിവയ്ക്കെല്ലാം സാധ്യതയുണ്ട്. യുഎസ് തീരുമാനം യുക്രെയിന്‍- റഷ്യ യുദ്ധത്തിന്റെ ഗതി മാറ്റത്തിനും ആഗോള ഊര്‍ജ നയതന്ത്രത്തിന്റെ ഭാവി തീരുമാനിക്കാനും ഇടയാകുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം.
Content Highlights: Trump's Oil Tariff Strategy: A Geopolitical Gamble with Economic Consequences.
ABOUT THE AUTHOR
ഹരീഷ് വി.
ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡിലെ കമ്മോഡിറ്റി വിഭാഗം തലവനാണ് ലേഖകന്‍.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·