ക്രെഡിറ്റ് കാര്‍ഡ് ഇടപാട്: പണത്തോടൊപ്പം കൈമാറുന്നത് സ്വകാര്യതയും?

5 months ago 5

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാത്തവര്‍ ഇപ്പോള്‍ ഇല്ലെന്നുതന്നെ പറയാം. എളുപ്പത്തില്‍ ഇടപാട് നടത്താനും സൗകര്യപൂര്‍വം ഇഎംഐയില്‍ ഗാഡ്ജറ്റുകള്‍ വാങ്ങാനും ഇ-കൊമേഴ്‌സ് സൈറ്റുകളിലെ ഓഫറുകള്‍ പ്രയോജനപ്പെടുത്താനും ഉപകരിക്കുമെന്നതിനാല്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വ്യാപകമാണ്.

എപ്പോഴൊക്കെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നുണ്ടോ അപ്പോഴൊക്കെ വ്യക്തിജീവിതത്തെ പ്രതിഫലിപ്പിക്കുന്ന വിവരങ്ങള്‍ നിങ്ങള്‍ അറിയാതെ കമ്പനികള്‍ക്ക് ലഭിക്കുന്നു. നിങ്ങള്‍ ആരാണ്. എന്ത് ചെയ്യുന്നു. ഏതൊക്കെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നു. അടുത്തതായി എന്തുചെയ്യാന്‍ പോകുന്നു- എന്നിവ ഉള്‍പ്പടെയുള്ള വിവരങ്ങളാണ് അതിലൂടെ ചോരുന്നതെന്ന് പലപ്പോഴും ഓര്‍ക്കാറില്ല.

വിവരങ്ങളുടെ കൈമാറ്റം

ഇടപാടുകളുടെ വിവരം: ഓരോ തവണ നിങ്ങള്‍ കാര്‍ഡ് ഉപയോഗിക്കുമ്പോഴും എത്ര ചെറിയ തുകയുടെതാണെങ്കിലും വ്യക്തിപരമായ വിവരങ്ങള്‍ മറ്റൊരിടത്ത് ശേഖരിക്കപ്പെടുന്നുണ്ട്.

ദിനചര്യ: രാവിലത്തെ കോഫിയിലൂടെ നിങ്ങളുടെ ദിവസം എത്ര മണിക്കാണ് ആരംഭിക്കുന്നതെന്ന വിവരം കൈമാറുന്നു. എവിടെയാണ് ജോലിയെന്നത് സംബന്ധിച്ചും വിവരവും ലഭിക്കുന്നു.

ജീവിത ശൈലി: സാധനങ്ങള്‍ വാങ്ങുന്ന കടകളും തേടുന്ന സേവനങ്ങളും നിങ്ങളുടെ വരുമാനത്തെയും ദൈനംദിന ശീലങ്ങളെയും കുറിച്ച് സൂചന നല്‍കുന്നു.

താത്പര്യങ്ങള്‍: സ്ഥിരമായി സിനിമ ടിക്കറ്റോ പുസ്തകമോ വാങ്ങുകയോ ചെയ്യാറുണ്ടോ? ജിം അംഗത്വ ഫീസ് അടയ്ക്കാറുണ്ടോ? എങ്കില്‍ നിങ്ങളുടെ താത്പര്യങ്ങളെക്കുറിച്ചുള്ള ധാരണ ലഭിക്കുന്നു. എന്തിനോടാണ് കൂടുതല്‍ താത്പര്യമെന്ന് ക്രെഡിറ്റ് കാര്‍ഡിലൂടെ കൃത്യമായി അറിയാന്‍ കഴിയും.

ഡാറ്റയുടെ പ്രാധാന്യം: കമ്പനികള്‍ക്ക് ഈ വിവരങ്ങള്‍ വിലപ്പെട്ടതാണ്. നിങ്ങള്‍ക്ക് മുന്നില്‍ ഏതൊക്കെ ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കണമെന്നും ശുപാര്‍ശ ചെയ്യണമെന്നും അവര്‍ മനസിലാക്കുന്നു. ഊഹിച്ചുകൊണ്ടല്ല, നിങ്ങളുടെ ചെലവഴിക്കല്‍ ചരിത്രം അടിസ്ഥാനമാക്കി വ്യക്തമായ ധാരണയോടെയാണിത്.

നീക്കങ്ങള്‍ നീരിക്ഷിക്കാം: ജിപിഎസ് ഇല്ലെങ്കില്‍പോലും ക്രെഡിറ്റ് കാര്‍ഡിലൂടെ നിങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനാകും. ഓരോ ഇടപാടും വ്യാപാര സ്ഥാപനത്തിന്റെ സ്ഥലവുമായാണല്ലോ ബന്ധിപ്പിച്ചിട്ടുള്ളത്.

സ്ഥിരമായി സാധനങ്ങള്‍ വാങ്ങുന്ന സ്ഥലം അടിസ്ഥാനമാക്കി നിങ്ങള്‍ എവിടെയാണ് താമസിക്കുന്നതെന്നും ജോലി ചെയ്യുന്നതെന്നും കണ്ടെത്താം.

വാരാന്ത്യ യാത്രയോ അന്താരാഷ്ട്ര യാത്രകളോ ആകട്ടെ എങ്ങോട്ട് യാത്രചെയ്യാനാണ് ഇഷ്ടപ്പെടുന്നതെന്ന് മനസിലാക്കാം.

ഭക്ഷണം കഴിക്കാനും സാധനങ്ങള്‍ വാങ്ങാനും ചുറ്റിക്കറങ്ങാനും ഇഷ്ടപ്പെട്ട സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് കണ്ടെത്താം.

അടുത്ത നീക്കം മനസിലാക്കാം
പാറ്റേണുകള്‍ വിലയിരുത്താന്‍ ഡാറ്റാ സയന്റിസ്റ്റുകള്‍ മിടുക്കരാണ്. നിങ്ങള്‍ എല്ലാ ഞായറാഴ്ചയും വൈകീട്ട് ഷോപ്പിങ് നടത്തുകയാണെങ്കില്‍ അടുത്ത ഷോപ്പിങ് മനസിലാക്കാനും കൃത്യസമയത്ത് ഒരു ഓഫര്‍ കൂപ്പണ്‍ അയക്കാനും എളുപ്പത്തില്‍ കഴിയും.

ജീവിതശൈലി വിലയിരുത്തി റിസ്‌ക് വിശകലനം ചെയ്യുന്നതിലൂടെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുപോലും നിങ്ങളുടെ ചെലവഴിക്കല്‍ രീതികൊണ്ട് പ്രയോജനം ലഭിക്കുന്നു.

നേട്ടങ്ങള്‍
ഇഷ്ടപ്പെട്ട സ്റ്റോറുകളില്‍നിന്ന് കൃത്യസമയത്ത് നിങ്ങള്‍ക്ക് വില്പന അലേര്‍ട്ടുകള്‍ ലഭിക്കുന്നു. വാങ്ങുന്ന സാധനങ്ങള്‍ക്ക് പ്രത്യേക റിവാഡുകള്‍ വാഗ്ദാനം ചെയ്യുന്നു.

വലിയ തുകയ്ക്കുള്ള വാങ്ങലുകള്‍, കൃത്യമായ തിരിച്ചടവ് തുടങ്ങിയവ നിങ്ങളുടെ സ്‌കോര്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും.

വില്പനക്കാര്‍ക്ക് മാത്രമല്ല, ബാങ്കുകള്‍ക്കും വായ്പാ ദാതാക്കള്‍ക്കും ഇതുകൊണ്ട് ഗുണമുണ്ട്. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നയാളാണോയെന്ന് കണ്ടെത്താന്‍ നിങ്ങളുടെ വാങ്ങല്‍ ചരിത്രം പരിശോധിച്ചാല്‍ മതി.

പതിവായി രാത്രികാലങ്ങളില്‍ നടത്തുന്ന ഇടാപാടുകളും കാസിനോ പോലുള്ള സ്ഥലങ്ങളിലെ കാര്‍ഡ് ഉപയോഗവും ഉയര്‍ന്ന റിസ്‌കുള്ള വിഭാഗത്തിലെ ലക്ഷണമായി വിലയിരുത്തിയേക്കാം.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന യൂട്ടിലിറ്റി ബില്‍ അടയ്ക്കല്‍ പോലും നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത നിര്‍ണയിക്കാനുള്ള അവസരമായി എടുത്തേക്കാം.

സ്വകാര്യത: ഇത്തരത്തിലുള്ള പിന്തുടരല്‍ പലപ്പോഴും സുരക്ഷിതമായിരിക്കാം. അതേസമയം കരുതലും ആവശ്യമാണ്. മറ്റ് കമ്പനികളുമായി ഈ ഡാറ്റകള്‍ പങ്കിട്ടേക്കാം. ഇത്തരത്തില്‍ ചോര്‍ച്ചയുണ്ടായാല്‍ ഭാവിയില്‍ തട്ടിപ്പുകള്‍ക്കോ മറ്റോ ഈ വിവരങ്ങള്‍ ഉപയോഗിച്ചേക്കാം.

ഒരോ തവണ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോഴും അതൊരു ഇടപാട് മാത്രമല്ല, ഡാറ്റ കൈമാറ്റം കൂടിയാണെന്ന് ഓര്‍ക്കുക.

Content Highlights: Beyond Payment: How Credit Card Usage Reveals Your Lifestyle and Preferences.

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article