ധനകാര്യം, ഐടി ഓഹരികളുടെ തകര്‍ച്ച വിപണിയെ ബാധിച്ചു. സെന്‍സെക്‌സ് 636 പോയന്റ് ഇടിവ് നേരിട്ടു. നിഫ്റ്റിയാകട്ടെ 174 പോയന്റ് താഴ്ന്ന് 24,542 നിലവാരത്തിലെത്തി. റിസര്‍വ് ബാങ്ക് നിരക്ക് കുറച്ചേക്കുമെന്ന സൂചനയും നിലനില്‍ക്കുന്ന ആഗോള വ്യാപാര യുദ്ധ ആശങ്കകളുമാണ് വിപണിയെ ബാധിച്ചത്.
സൂചികകള്‍ സമ്മര്‍ദത്തിലായതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 1.84 ലക്ഷം കോടി കുറഞ്ഞ് 443.66 ലക്ഷം കോടിയായി.
സ്റ്റീല്‍, അലുമിനിയം എന്നിവയുടെ ഇറക്കുമതി തീരുവ 50 ശതമാനമായി ഉയര്‍ത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത് സമ്മര്‍ദത്തിന് കാരണമായി. ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍ തുടങ്ങിയ ലോഹ കയറ്റുമതിക്കാരെ തീരുമാനം ബാധിച്ചു. ജൂണ്‍ നാലുമുതലാണ് തീരുവ പ്രാബല്യത്തില്‍ വരുന്നത്.
മൂന്നാമത്തെ മാസവും യുഎസിലെ ഉത്പാദന സൂചിക താഴ്ന്നതും വിപണിയെ സ്വാധീനിച്ചു. ചൈനയിലാകട്ടെ എട്ട് മാസത്തിനിടെ ആദ്യമായി ഫാക്ടറി പ്രവര്‍ത്തനങ്ങളില്‍ ഇടിവ് രേഖപ്പെടുത്തി. യുഎസിന്റെ തീരുവകള്‍ ആഗോള ആവശ്യത്തെയും വിതരണ ശൃംഖലകളെയും ബാധിക്കാന്‍ തുടങ്ങിയതിന്റെ സൂചനയായി ഇതിനെ വിലയിരുത്തുന്നു.
റിസര്‍വ് ബാങ്കിന്റെ പണനയം വെള്ളിയാഴ്ചയാണ് പ്രഖ്യാപിക്കുക. നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തിയത് ധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, വാഹനം തുടങ്ങിയ പലിശ നിരക്കുമായി ബന്ധപ്പെട്ട മേഖലകളെ സമ്മര്‍ദത്തിലാക്കി. കാല്‍ ശതമാനം നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെങ്കിലും അനിശ്ചിതത്വം തുടര്‍ന്നത് ലാഭമെടുപ്പിന് കാരണമായി.
യുഎസിലെ കടപ്പത്ര ആദായും കൂടുന്നതും അസംസ്‌കൃത എണ്ണ വിലയിലെ ചാഞ്ചാട്ടവും ആഗോളതലത്തില്‍ ഓഹരി സൂചികകളില്‍ സമ്മര്‍ദമുണ്ടാക്കി.
Content Highlights: Global Trade Tensions & Steel Tariffs Trigger Market Downturn: Sensex Plunges 636 Points
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·