ഓഹരി വിപണി കഴിഞ്ഞ മാസം മികച്ച പ്രകടനമാണു നടത്തിയത്. ക്ലോസിംഗ് അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ കഴിഞ്ഞ ഏപ്രില്‍ 7 നും മെയ് 6 നുമിടയില്‍ വിപണി ഒമ്പത് ശതമാനം നേട്ടമുണ്ടാക്കി. ഒറ്റ ദിവസത്തെ വ്യാപാരത്തിനിടയില്‍ 14 ശതമാനം വരെ മുന്നേറ്റമുണ്ടായിട്ടുണ്ട്. ഇതിനു പ്രധാന കാരണം ആഗോള വിപണിയിലുണ്ടായ നേട്ടമാണ്. പ്രത്യേകിച്ച് ചൈനയും അമേരിക്കയും തമ്മിലുള്ള ഇറക്കുമതി തീരുവ യുദ്ധം താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചതും ഏറെ ഗുണകരമായി. ഇന്ത്യന്‍ വിപണിയുടെ മികച്ച പ്രകടനം വേറിട്ടു നില്‍ക്കുന്നു. കാരണം തീരുവ യുദ്ധത്തില്‍ ആഗോള വിപണികള്‍ തകര്‍ന്നപ്പോഴും ഇന്ത്യന്‍ വിപണി പിടിച്ചുനിന്നിരുന്നു. ഇന്ത്യയുടെ കുറഞ്ഞ താരിഫ് നിരക്കുകളും ഉത്പന്ന കയറ്റുമതിയില്‍ വലിയ ഊന്നല്‍ നല്‍കാത്തതും (ഇന്ത്യയുടെ പ്രധാന കയറ്റുമതി സേവനങ്ങളാണ്. പ്രത്യേകിച്ചും ഐടി പോലുള്ളവ) ശക്തമായ ആഭ്യന്തര വിപണിയും ഇന്ത്യന്‍ ഓഹരി വിപണിക്കു ഗുണകരമായി. എന്നിരുന്നാലും ഈ വിപണി മുന്നേറ്റം നിലനില്‍ക്കുമോ എന്ന ആശങ്ക പൊതുവില്‍ ഉയര്‍ന്നു വരുന്നുണ്ട്.
താരിഫ് യുദ്ധത്തിന് അയവുണ്ടായതുകൊണ്ടാണ് വിപണിയില്‍ വലിയൊരളവുവരെ മുന്നേറ്റമുണ്ടായത്. അമേരിക്കയും ഇംഗ്ലണ്ടും തമ്മിലും ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുമുള്ള പുതിയ വ്യാപാര ഉടമ്പടികള്‍, അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാറിന്റെ കാര്യത്തിലുള്ള പുരോഗതി എന്നിവ വിപണിക്കു ഉത്തേജനം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ വ്യാപാര കരാറുകളിലെല്ലാം താരതമ്യേന ഉയര്‍ന്ന തീരുവ നില നില്‍ക്കുകയാണ്. അമേരിക്കയും ചൈനയുമായുള്ള വ്യാപാര യുദ്ധം പൂര്‍ണ്ണമായും അവസാനിച്ചിട്ടുമില്ല. ഇതെല്ലാം ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്ക് വിഘാതമാകുന്ന ഘടകങ്ങളാണ്.
വിപണിയിലെ മുന്നേറ്റം നിലനില്‍ക്കണമെങ്കില്‍ സാമ്പത്തിക മേഖലയില്‍ ഉണര്‍വുണ്ടാകണം. കമ്പനികളുടെ ലാഭത്തില്‍ വളര്‍ച്ചയുണ്ടാകണം. അത് ഓഹരികളുടെ മൂല്യം വര്‍ധിപ്പിക്കും. ഇക്കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. അധികം ശുഭപ്രതീക്ഷയ്ക്ക് സമയമായിട്ടില്ല എന്നുകരുതാം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ കമ്പനികളുടെ ലാഭ വളര്‍ച്ച നേരിയതോതില്‍ മാത്രമാണ്. നികുതിക്കുശേഷമുള്ള ലാഭ വളര്‍ച്ച ഏതാണ്ട് 10 ശതമാനത്തില്‍ കുറവാണ് ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തത്തില്‍ വിലയിരുത്തിയാല്‍ ഓഹരികളിലുണ്ടായ മൂല്യ വര്‍ധനവ്, അല്ലെങ്കില്‍ ഒരു ഓഹരിയില്‍ നിന്നു ലഭിക്കുന്ന ലാഭം (ഇപിഎസ്) ഏതാണ്ട് അഞ്ച് ശതമാനം മാത്രമാണ്. ഇത് തൊട്ടുമുമ്പുള്ള വര്‍ഷത്തെ അടിസ്ഥാനമാക്കിയുള്ള കണക്കാണ്. ഇതിന്റെ ഫലമായി ഇന്ത്യയുടെ ഒരു വര്‍ഷത്തെ 'പ്രൈസ് ഏണിംഗ്സ് റേഷ്യോ'യില്‍ (പിഇ അനുപാതം ) 20 മടങ്ങ് വര്‍ധനവാണു കാണിക്കുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷത്തെ ശരാശരി 19 മടങ്ങായിരുന്നു. പിഇ റേഷ്യോയിലുണ്ടാകുന്ന വര്‍ധനവ് ഓഹരി വില അസ്വാഭിവകമായി ഉയര്‍ന്നു നില്‍ക്കുന്നു എന്നാണ് കാണിക്കുന്നത്. അല്ലെങ്കില്‍, നിക്ഷേപകര്‍ ഉയര്‍ന്ന വിലയ്ക്ക് ഓഹരികള്‍ വാങ്ങാന്‍ തയാറാണ് എന്നതാണ് സൂചന. ഇതിന്റെ കാരണം പക്ഷെ വ്യക്തമല്ല. ഈ ഉയര്‍ന്ന വിലയെ നീതീകരിക്കണമെങ്കില്‍ കമ്പനികളുടെ ലാഭ വിഹിതത്തിലുള്ള വളര്‍ച്ച ഏകദേശം 15 ശതമാനത്തില്‍ കൂടുതലായിരിക്കണം. എന്നാല്‍ നടപ്പു സാമ്പത്തിക വര്‍ഷം ഓഹരികളുടെ ലാഭ വളര്‍ച്ച (ഇപിഎസ് ) 10 മുതല്‍ 12 ശതമാനം വരെ മാത്രമേ എത്താനിടയുള്ളൂ എന്നാണ് പൊതുവായ വിലയിരുത്തല്‍. ലാഭവളര്‍ച്ചയുണ്ടെങ്കില്‍ മാത്രമേ അടുത്ത കുറച്ചുകാലത്തേക്ക് (മീഡിയം ടേം) ഓഹരി വിപണിയില്‍ ഇന്നുകാണുന്ന ശുഭ പ്രതീക്ഷ നിലനില്‍ക്കുകയുള്ളു. കമ്പനികളുടെ ലാഭവളര്‍ച്ച നമുക്കു നേടാനാവുന്നതാണ്. പ്രത്യേകിച്ച് പണപ്പെരുപ്പം നിയന്ത്രണ വിധേയമായി നില്ക്കുന്നതും പലിശ നിരക്കുകളില്‍ കുറവു വരാനിരിക്കുന്നതും ചൈനയ്ക്കു ബദലായി അമേരിക്കന്‍, യൂറോപ്യന്‍ വിപണികളില്‍ നമുക്കു കടന്നുകയറാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നതും ഏറെ അനുകൂല ഘടകങ്ങളാണ്. ഇവ എത്രത്തോളം നമുക്കു ഗുണകരമാകുമെന്നു മനസിലാക്കണമെങ്കില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തിലെ കമ്പനികളുടെ ലാഭക്കണക്കുകള്‍ പുറത്തുവരണം. ഇതുവരെയുള്ള സൂചനകളനുസരിച്ച് സാഹചര്യം സമ്മിശ്രമാണ്. ആഗോള സാഹചര്യം അത്ര ഗുണകരവുമല്ല. ആഗോള -ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യയുടെ നടപ്പു സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാപ്രതീക്ഷ 6 മുതല്‍ 6.5 ശതമാനം വരെയായി കുറച്ചത് ഈ സാഹചര്യത്തില്‍ പ്രസക്തമാണ്.
ആഗോള പ്രതികൂല സാഹചര്യങ്ങളേക്കാള്‍ ഉപരിയായി ഒരു ഹ്രസ്വകാല പ്രശ്നമായി നില്‍ക്കുന്നത് താരിഫ് യുദ്ധത്തിന്റെ ഭാഗമായി അമേരിക്ക പ്രഖ്യാപിച്ച 90 ദിവസത്തെ ആശ്വാസ കാലയളവാണ്. ഈ കാലയളവിനുള്ളില്‍ ആഗോള വ്യാപാര രംഗത്ത് വന്നേക്കാവുന്ന മാറ്റങ്ങള്‍ നിര്‍ണ്ണായകമാണ്. കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ താരിഫ് സംബന്ധിച്ച അനുകൂല തീരുമാനങ്ങളിലേക്ക് അമേരിക്കയും ചൈനയും എത്തിച്ചേര്‍ന്നത് വിപണിക്ക് ഏറെ ഉത്തേജനം പകരും. അമേരിക്കയിലെ ഒന്നാം പാദ ഫലങ്ങള്‍ ഒട്ടും ആശ്വാസം നല്‍കുന്നില്ല. കമ്പനികളുടെ വിതരണ ശൃംഖലയിലുണ്ടായ തടസങ്ങള്‍, ഉത്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു വരുന്ന ഉയര്‍ന്ന ചെലവുകള്‍ / തീരുവകള്‍, ഇതു മൂലം ഉത്പന്ന വിലയിലുണ്ടാകുന്ന വര്‍ധനവ്, അതു വരുത്തിവെയ്ക്കുന്ന ഉപഭോഗ ഇടിവ്, ലാഭക്കുറവ്, മറ്റു രാജ്യങ്ങളിലെ സഥാപനങ്ങളുമായി അവര്‍ ഏര്‍പ്പെട്ടിട്ടുള്ള ദീര്‍ഘകാല കരാറുകളിലുണ്ടായ പ്രതിസന്ധി എല്ലാം ഈ സാമ്പത്തിക തളര്‍ച്ചയ്ക്കു കാരണമായി. ഇത്തരം അനിശ്ചിതാവസ്ഥകള്‍ വിപണിക്ക് ഒട്ടും പ്രിയമല്ല. അതിനാല്‍ വിപണിയിലും അതിന്റെ പ്രതിഫലനങ്ങള്‍ കാണാന്‍ സാധിക്കും.
വ്യാപാരയുദ്ധം ഏതാണ്ട് അവസാനിക്കുന്നു എന്ന പ്രതീക്ഷയാണ് വിപണിയിലെ ഇപ്പോഴത്തെ മുന്നേറ്റത്തിന്റെ പ്രധാന കാരണം. ഇതിന്റെ തുടര്‍ച്ചയായി ആഗോള സ്ഥാപനങ്ങള്‍ അവയുടെ വളര്‍ച്ച വീണ്ടെടുക്കുമെന്നു വിപണി പ്രത്യാശ പ്രകടിപ്പിക്കുന്നു. എന്നാല്‍ താരിഫ് യുദ്ധത്തിന്റെ ഫലമായി ഉണ്ടാകാനിടയുള്ള ആഗോള പണപ്പെരുപ്പം സാമ്പത്തിക വളര്‍ച്ചയ്ക്ക് ഒരു ഭീഷണിയായി കണക്കാക്കേണ്ടി വരും. കഴിഞ്ഞമാസം വിപണിയില്‍ അനുഭവപ്പെട്ട കുതിപ്പിന്റെ പ്രധാന കാരണം വിദേശ നിക്ഷേപ സ്ഥാപനങ്ങളുടേയും ധനകാര്യ സ്ഥാപനങ്ങളുടേയും തിരിച്ചുവരവാണ്. അവര്‍ ഇന്ത്യന്‍ വിപണിയെ ഒരു സുരക്ഷിത മേഖലയായി കണക്കാക്കുന്നു. താരിഫ് യുദ്ധത്തിന്റെ ഫലമായി യുഎസ് ഡോളറിനുണ്ടായ ഇടിവ് അവരെ ഇന്ത്യ ഉള്‍പ്പടെയുള്ള വളരുന്ന വിപണികളിലേക്ക് കളംമാറ്റിച്ചവിട്ടാന്‍ പ്രേരിപ്പിച്ചു.
അമേരിക്ക-ചൈന വ്യാപാര സംഘര്‍ഷങ്ങളില്‍ നിന്ന് ഏറെക്കുറെ ഒഴിഞ്ഞു നില്‍ക്കുന്ന ശാന്തമായ വിപണിയായാണ് അവര്‍ ഇന്ത്യയെ കാണുന്നത്. അതിനാല്‍ കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ വളര്‍ച്ച (88ല്‍ നിന്നും 85.4 ലേക്ക് ) ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇതിന്റെ പ്രധാന കാരണങ്ങളായി കരുതപ്പെടുന്നത് വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഇന്ത്യന്‍ വിപണിയിലേക്കുള്ള മടങ്ങിവരവും ആര്‍ബിഐയുടെ വിപണിയിലെ ഇടപെടലും, ഇന്ത്യയില്‍ നിന്നു പുറത്തേക്കുള്ള ഡോളറിന്റെ ഒഴുക്കില്‍ കുറവു വന്നതുമാണ്. ആഗോള ക്രൂഡോയില്‍ വിലയിലുണ്ടായ കുറവ് ഇതിന് ഏറെ സഹായകരമായി.
ഇന്ത്യാ- പാക് സംഘര്‍ഷങ്ങളിലുണ്ടായ അയവ് വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ മടങ്ങിവരവിന് ഊര്‍ജം പകരും. മുമ്പ് അവര്‍ ഈ സംഘര്‍ഷത്തെ അത്ര കാര്യമായി പരിഗണിച്ചിരുന്നില്ല. എന്നാല്‍ ആഭ്യന്തര ചെറുകിട നിക്ഷേപകര്‍ വില്‍പനക്കാരായി മാറുന്ന സാഹചര്യമാണ് നിലനിന്നിരുന്നത്. അവര്‍ ഈ വിപണി മുന്നേറ്റത്തെ സംശയത്തോടെയാണ് കണ്ടിരുന്നതെന്നു വേണം കരുതാന്‍. ഈ വൈരുദ്ധ്യം ശ്രദ്ധേയമാണ്. വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയപ്പോള്‍ ആഭ്യന്തര നിക്ഷേപകര്‍ അവ വിറ്റഴിച്ചു ലാഭമെടുക്കാനാണ് നോക്കിയത്. വിപണിയുടെ മുന്നേറ്റം എത്ര നാള്‍ നില നില്‍ക്കുമെന്ന കാര്യത്തില്‍ അവര്‍ക്കു സംശയമുണ്ടായിരുന്നു എന്നു കരുതേണ്ടിവരും.
Content Highlights: Indian Stock Market Surge: Will Retail Investor Profit-Taking End the Rally?
ABOUT THE AUTHOR
വിനോദ് നായര്‍
ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·