തിങ്കളാഴ്ചയിലെ വ്യാപാരത്തിനിടെ ജയ്പ്രകാശ് പവര്‍ വെഞ്ചേഴ്‌സിന്റെ ഓഹരി വില 15 ശതമാനത്തിലധികം കുതിച്ചു. തുടര്‍ച്ചയായി രണ്ടാമത്തെ ദിവസമാണ് ഓഹരി വിലയില്‍ മുന്നേറ്റം പ്രകടമാകുന്നത്. ശതകോടീശ്വരനായ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് ഏറ്റെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് മുന്നേറ്റത്തിന് പിന്നില്‍.
12,500 കോടി രൂപയ്ക്ക് അദാനി ഗ്രൂപ്പ് ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിമന്റ്, ഊര്‍ജം എന്നീ മേഖലകളില്‍ ബിസിനസ് ഉള്ളതിനാലാണ് അദാനി ഗ്രൂപ്പിന് കമ്പനിയില്‍ താത്പര്യമെന്നാണ് വിലയിരുത്തല്‍. വേദാന്ത, ജെ.എസ്.പി.എല്‍, സുരക്ഷ ഗ്രൂപ്പ്, ഡാല്‍മിയ ഭാരത്, പിഎന്‍സി ഇന്‍ഫ്രാടെക് തുടങ്ങിയവയും ജെപിയെ സ്വന്തമാക്കാന്‍ അണിയറയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 25ഓളം കമ്പനികള്‍ കഴിഞ്ഞ ഏപ്രിലില്‍ ഏറ്റെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു.
നിലവില്‍ കമ്പനി പാപ്പരത്ത നടപടികള്‍ നേരിടുകയാണ്. 2024 ജൂണ്‍ മൂന്നിലെ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ അലഹബാദ് ബെഞ്ചിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയതിനെ തുടര്‍ന്നാണ് കമ്പനി ട്രൈബ്യൂണലിന്റെ ഉത്തരവ്. 57,185 കോടി രൂപയുടെ ബാധ്യയുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്.
ജെ.പി പവര്‍: സാമ്പത്തിക സ്ഥിതി
വരുമാനത്തില്‍ കാര്യമായ ഇടിവുണ്ടായതിനെ തുടര്‍ന്ന് 2025 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ അറ്റാദായം 73 ശതമാനം ഇടിഞ്ഞ് 155.67 കോടിയിലെത്തിയിരുന്നു. മുന്‍ സാമ്പത്തിക വര്‍ഷം ജനുവരി-മാര്‍ച്ച് പാദത്തില്‍ 588.79 കോടി രൂപയായിരുന്നു ലാഭം. മൊത്തവരുമാനമാകട്ടെ 1,863.63 കോടിയില്‍നിന്ന് 1,366.67 കോടിയായി. 2024-25 സാമ്പത്തിക വര്‍ഷത്തെ അറ്റാദായമാകട്ടെ മുന്‍ വര്‍ഷത്തെ 1,021.95 കോടിയില്‍നിന്ന് 813.55 കോടിയുമായി താഴുകയും ചെയ്തു.
ഓഹരി വില
18.95 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിരക്ക്. തിങ്കളാഴ്ചയിലെ വ്യാപാരത്തിനിടെ 52 ആഴ്ചയിലെ ഉയര്‍ന്ന നിരക്കായ 23.77 നിലവാരത്തിലേയ്ക്ക് വില ഉയര്‍ന്നിരുന്നു. ഒരു വര്‍ഷത്തിനിടെ ഓഹരി വിലയില്‍ 17 ശതമാനമാണ് നേട്ടം. രണ്ട് വര്‍ഷത്തിനിടെ 248 ശതമാനവും അഞ്ച് വര്‍ഷത്തിനിടെ 907 ശതമാനവും മുന്നേറ്റമുണ്ടായി.
റിയല്‍ എസ്റ്റേറ്റ്, സിമന്റ്, ഹോസ്പിറ്റാലിറ്റി, എന്‍ജിനിയറിങ് ആന്‍ഡ് മാനുഫാക്ചറിങ് എന്നിങ്ങനെ വ്യത്യസ്തമേഖലയില്‍ ജെ.പി അസോസിയേറ്റ്‌സിന് സാന്നിധ്യമുണ്ട്.
മുന്നറിയിപ്പ്: ജെപി പവറിന്റെ ഓഹരി വിലയിലെ സമീപകാല പ്രവണത മാത്രമാണ് ഇവിടെ വിശദീകരിച്ചത്. ഓഹരി നിക്ഷേപത്തിനുള്ള ശുപാര്‍ശയല്ല. സ്വന്തമായി വിശകലനം ചെയ്തശേഷം മാത്രം നിക്ഷേപം നടത്തുക.
Content Highlights: Jayprakash Power Ventures Stock Surge: Adani Group Acquisition Speculation Fuels 15%+ Jump
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·