ജാഗ്രതയോടെ നിക്ഷേപകര്‍: ഡെറ്റ് ഫണ്ടുകളിലേയ്ക്ക് നിക്ഷേപം മാറ്റുന്നു

8 months ago 7

താരിഫ് സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഓഹരി വിപണി തിരിച്ചടി നേരിട്ടതോടെ ജാഗ്രത പാലിച്ച് നിക്ഷേപകര്‍. കടപ്പത്ര പദ്ധതികളിലേയ്ക്ക് കൂടുതല്‍ നിക്ഷേപം മാറ്റിയതോടെ ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലെ വരവ് 12 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി.

24,269 കോടി രൂപയാണ് ഏപ്രിലില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേയ്ക്ക് നിക്ഷേപമായെത്തിയത്. മാര്‍ച്ചില്‍ 25,802 കോടിയായിരുന്നു. അതേസമയം, എസ്‌ഐപി വഴിയുള്ള നിക്ഷേപം മാര്‍ച്ചിലെ 25,926 കോടിയെ അപേക്ഷിച്ച് 26,632 കോടിയുമായി.

ഡെറ്റ് പദ്ധതികളിലെ നിക്ഷേപ വരവില്‍ വര്‍ധനവുണ്ടായതോടെ മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി(എയുഎം) 4.2 ശതമാനം ഉയര്‍ന്ന് 69.50 ലക്ഷം കോടിയിലെത്തി. മാര്‍ച്ചില്‍ ഇത് 66.70 ലക്ഷം കോടിയായിരുന്നു.

ഡെറ്റ് നിക്ഷേപത്തിലേറെയും ല്വിക്വിഡ് ഫണ്ട് പോലുള്ള ഹ്രസ്വകാല പദ്ധതികളിലേയ്ക്കായിരുന്നു ഒഴുകിയത്. ഡെറ്റ് പദ്ധതികളില്‍ തത്കാലം പണം സൂക്ഷിച്ച് നിക്ഷേപ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനാകാം ഇതെന്നാണ് വിലയിരുത്തല്‍.

ലിക്വിഡ് ഫണ്ടുകളില്‍ 1.19 ലക്ഷംകോടി രൂപ അധികമായെത്തി. ഓവര്‍നൈറ്റ് ഫണ്ടുകളില്‍ 23,900 കോടി രൂപയും മണി മാര്‍ക്കറ്റ് ഫണ്ടുകളില്‍ 31,500 കോടി രൂപയും നിക്ഷേപമായെത്തി.

ഇക്വിറ്റി ഫണ്ടുകളില്‍തന്നെ ഏറ്റവും കൂടുതല്‍ തുക(5,542 കോടി) നിക്ഷേപമെത്തിയത് ഫ്‌ളക്‌സി ക്യാപ് വിഭാഗത്തിലാണ്. സ്‌മോള്‍ ക്യാപ് വിഭാഗത്തില്‍ 4,000 കോടി രൂപയും മിഡ് ക്യാപ് വിഭാഗത്തില്‍ 3,314 കോടി രൂപയുമെത്തി. സെക്ടറല്‍-തീമാറ്റിക് ഫണ്ടുകളില്‍ 2,001 കോടി രൂപയും ലാര്‍ജ് ക്യാപ് ഫണ്ടുകളില്‍ 2,671 കോടി രൂപയും നിക്ഷേപമായെത്തി.

ഓഹരി, കടപ്പത്രം, സ്വര്‍ണം എന്നിവയില്‍ നിക്ഷേപം നടത്തുന്ന മള്‍ട്ടി അസ്റ്റ് ഫണ്ടുകളില്‍ മുന്‍ മാസത്തെ 1,670 കോടിയേക്കാള്‍ മെയ് മാസത്തില്‍ 2,106 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു. നികുതി കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായി സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ കോര്‍പറേറ്റ് നിക്ഷേപകര്‍ ആര്‍ബിട്രേജ് ഫണ്ടുകളില്‍ കാര്യമായി നിക്ഷേപം നടത്തി. 11,790 കോടി രൂപയുടെ നിക്ഷേപമാണ് ഈ വിഭാഗം ഫണ്ടുകളിലെത്തിയത്.

Content Highlights: Investor Caution: Shift Towards Debt Funds Amidst Market Volatility.

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article