ജി.എസ്.ടി. 2.0 എന്ന പേരില്‍ പ്രഖ്യാപിച്ച പുതിയ പരിഷ്‌കരണം ദീര്‍ഘനാളായി പല കോണുകളില്‍ നിന്നും ഉയര്‍ന്നുവന്ന രണ്ടാം തലമുറ ചരക്ക് സേവന നികുതി (ജി.എസ്.ടി.) എന്ന ആവശ്യത്തിന്റെ ചുവടുപിടിച്ചാണ്. സമ്പദ്വ്യവസ്ഥയ്ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഗുണകരമായ ലളിതമായ നികുതി സംവിധാനം കൊണ്ടുവരണമെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പ്രധാനമായും മാറ്റം വരാന്‍ പോകുന്നത് നികുതി സ്ലാബുകളുടെ എണ്ണത്തിലാണ്. നികുതി സമ്പ്രദായം ലഘൂകരിക്കലും ഇതിലൂടെ ലക്ഷ്യമിടുന്നു.
ജിഎസ്ടി: ഇന്ത്യയും ലോകവും
ലോകത്തിലെ പല രാജ്യങ്ങളും ഇതിനകം തന്നെ ജി.എസ്.ടി. അല്ലെങ്കില്‍ വാറ്റ് (Value Added Tax) സംവിധാനം നടപ്പാക്കിയിട്ടുണ്ട്. ഫ്രാന്‍സാണ് ആദ്യം ജി.എസ്.ടി. അവതരിപ്പിച്ചത്. ഇന്ന് 160-ലധികം രാജ്യങ്ങളില്‍ ഇത് നിലവിലുണ്ട്. എന്നാല്‍ ഓരോ രാജ്യത്തും നടപ്പാക്കല്‍ രീതിയിലും നികുതി നിരക്കുകളിലും വന്‍ വ്യത്യാസങ്ങളുണ്ട്.
ഇന്ത്യയുടെ ജി.എസ്.ടി. മോഡല്‍ ലോകത്തിലെ പല രാജ്യങ്ങളുടേയും മാതൃകകളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ഇന്ത്യയില്‍ ഡ്യുവല്‍ ഘടനയാണ് കേന്ദ്രത്തിന് സി ജി എസ് ടി (CGST), സംസ്ഥാനങ്ങള്‍ക്ക് എസ് ജി എസ് ടി (SGST), സംസ്ഥാനാന്തര ഇടപാടുകള്‍ക്ക് ഐ ജി എസ് ടി (IGST). അതിനൊപ്പം പലനിരക്കിലുള്ള നികുതി സ്ലാബുകള്‍ ഉപയോഗിക്കുന്ന മള്‍ട്ടി-റേറ്റ് മോഡല്‍ ഇന്ത്യയെ മറ്റു ലോകരാജ്യങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്നു. ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, സിങ്കപൂര്‍ പോലുള്ള രാജ്യങ്ങളില്‍ 5%-15% വരെ മാത്രം വരുന്ന സിംഗിള്‍ റേറ്റ് ജിഎസ്ടി നിലനില്‍ക്കുന്നു. ഇതു പാലിക്കാനും നടപ്പാക്കാനും എളുപ്പമാണെന്നതാണ് പ്രത്യേകത.
കാനഡയില്‍ ഇന്ത്യയിലേതുപോലെ ഫെഡറല്‍പ്രൊവിന്‍ഷ്യല്‍ മാതൃകയാണ്, എന്നാല്‍ സമന്വയം (harmonization) വഴി സാധാരണക്കാര്‍ക്കും വ്യവസായങ്ങള്‍ക്കും നികുതി സങ്കീര്‍ണത കുറച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ 17%-27% വരെ നിരക്കുകള്‍ ഉള്ള മള്‍ട്ടി-റേറ്റ് സംവിധാനം നിലനില്‍ക്കുന്നു. അമേരിക്കയില്‍ ദേശീയ ജിഎസ്ടി ഇല്ല. പകരം സംസ്ഥാനങ്ങളും നഗരങ്ങളും 0-10% വരെ സ്വന്തമായി സെയില്‍സ് ടാക്സ് ഈടാക്കുന്നു. അവിടെ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് എന്ന ആശയം ഇല്ലാത്തതിനാല്‍, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യാപാരികള്‍ക്ക് ബാധ്യത കൂടുതലാണ്.
ഇ-ഇന്‍വോയ്‌സിംഗ്, ഇ-വേ ബില്‍ പോലുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഇന്ത്യയെ ആധുനിക നികുതി ഭരണത്തില്‍ മുന്‍പന്തിയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. പല യൂറോപ്യന്‍ രാജ്യങ്ങളും പിന്നീട് സ്വീകരിച്ച ഡിജിറ്റല്‍ രീതികള്‍ ഇന്ത്യയില്‍ വ്യാപകമായി നടപ്പിലാക്കിയിട്ടുണ്ടെങ്കിലും, ചെറുകിട ഇടത്തരം വ്യാപാരികള്‍ക്ക് (MSME) ഇത് അധിക ഭാരമായി മാറുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്.
അന്താരാഷ്ട്ര അനുഭവങ്ങളില്‍ നിന്ന് കാണുന്നത്, സിംഗിള്‍ റേറ്റ് ജിഎസ്ടി പാലനഭാരവും (compliance burden) ഭരണച്ചെലവും കുറയ്ക്കുന്നുവെന്നതാണ്. എന്നാല്‍ മള്‍ട്ടി-റേറ്റ് മോഡല്‍ അടിസ്ഥാന സാധനങ്ങള്‍ക്ക് ഇളവ് നല്‍കുന്നതിനാല്‍ സാമൂഹിക നീതിയുടെ ലക്ഷ്യവും നിറവേറ്റുന്നു. അതിനാല്‍, ജിഎസ്ടി 2.0 പരിഷ്‌കാരങ്ങള്‍ ആലോചിക്കുമ്പോള്‍ ഇന്ത്യക്ക് ലോകത്തിലെ നല്ല മാതൃകകള്‍ ഉള്‍ക്കൊണ്ടു സംസ്ഥാനങ്ങളുടെ വരുമാന സുരക്ഷയും ജനങ്ങളുടെ സൗകര്യവും തമ്മില്‍ സന്തുലിതാവസ്ഥ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.
രണ്ട് സ്ലാബുകളുടെ ഗുണങ്ങള്‍
ജിഎസ്ടിയുടെ ഉദ്ദേശം ഒരു രാജ്യം ഒരു നികുതി ഒരു വിപണി എന്നതാണ്. എന്നാല്‍ ഇന്ത്യയെ പോലൊരു രാജ്യത്ത് ഒരൊറ്റ നികുതി നിരക്ക് എല്ലാ വസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കും ഏര്‍പ്പെടുത്തുക എന്നത് വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെയാണ് നടപ്പിലാക്കിയ സമയത്ത് സാധനങ്ങളുടെയും സേവനങ്ങളുടെയും ആവശ്യകതയും പ്രാധാന്യവും അവയുടെ നിത്യജീവിത ഉപയോഗവും കണക്കിലെടുത്ത് 4 സ്ലാബ് റേറ്റുകളില്‍ ഉള്‍ക്കൊള്ളിച്ചത്. എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ജി എസ് ടി നികുതി സമ്പ്രദായം മറ്റു വികസിത രാജ്യങ്ങളിലെ സമ്പ്രദായത്തോട് കിടപിടിക്കുന്ന രീതിയില്‍ മാറ്റിയെടുക്കുന്നതിനായി സ്ലാബറേറ്റുകളുടെ എണ്ണം രണ്ടായി കുറയ്ക്കാനുള്ള ബൃഹത്തായ തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. കേന്ദ്രം ജിഎസ്ടി നിരക്ക് യുക്തീകരണവുമായി ബന്ധപ്പെട്ട മന്ത്രിസഭാ ഉപസമിതിക്ക് 'മെറിറ്റ്' ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും 5 ശതമാനം, 'സ്റ്റാന്‍ഡേര്‍ഡ്' ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും 18 ശതമാനം എന്നിങ്ങനെ രണ്ടുതട്ടിലുള്ള (2ടിയര്‍) നിരക്ക് ഘടനയാണ് നിര്‍ദേശിച്ചിരിക്കുന്നത്.
സ്ലാബ് റേറ്റുകള്‍ രണ്ടായി കുറയ്ക്കുക അതിലൂടെ വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് പ്രയോജനം ലഭിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 28 ശതമാനം നിരക്കില്‍ ഉള്ള സാധന സേവനങ്ങള്‍ 18% നിരക്കിലേക്ക്ക്കും 12% നിരക്കില്‍ വരുന്ന സാധന സേവനങ്ങള്‍ ഇനി 5% നിരക്കിലേക്കും മാറാന്‍ സാധ്യതയുണ്ട്. ഇതിലൂടെ ബഹുഭൂരിപക്ഷം വരുന്ന ഇടത്തരം കുടുംബങ്ങള്‍ക്ക് ദൈനംദിന ചിലവില്‍ കുറവ് അനുഭവപ്പെടും.
വ്യാപാരികളെ സംബന്ധിച്ചിടത്തോളം നാല് റേറ്റ് ഉണ്ടായിരുന്ന സാഹചര്യത്തില്‍ ഏത് സാധനത്തിന് ഏത് നിരക്ക് എന്ന ആശയക്കുഴപ്പം പ്രധാന പ്രശ്‌നമായിരുന്നു. രണ്ട് സ്ലാബറേറ്റ് വരുന്നതോടുകൂടി ഈ ആശയക്കുഴപ്പം ഏറെക്കുറെ മാറും. അത് മാത്രമല്ല ചെറുകിട ഇടത്തരം വ്യാപാരികള്‍ക്കും (MSME) മറ്റു നികുതി ദായകര്‍ക്കും അക്കൗണ്ടിങ് വളരെ എളുപ്പമാകും.
സ്ലാബ് റേറ്റുകളുടെ എണ്ണം കുറഞ്ഞതിലൂടെ ബില്ലിംഗ്, റിട്ടേണ്‍ ഫയലിംഗ്, ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനങ്ങള്‍ എന്നിവയില്‍ ചെലവ് കുറയും. ഇതും
നികുതി ദായകര്‍ക്ക് വലിയ ആശ്വാസംനല്‍കുന്ന കാര്യമാണ്. പല നിരക്കുകള്‍ ഒഴിവായതിനാല്‍ വ്യാപാരികള്‍ക്കും നിര്‍മാതാക്കള്‍ക്കും കൂടുതല്‍ സുതാര്യമായ സംവിധാനം നിലവില്‍ വരികയും (Ease of doing business) ലളിതമായ നികുതി സംവിധാനം വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുകയും ചെയ്‌തേക്കാം.
ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം പല നിരക്കുകളുള്ളപ്പോള്‍ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് നികുതി ഒഴിവാക്കുന്ന അല്ലെങ്കില്‍ വെട്ടിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. രണ്ട് നിരക്കുകള്‍ മാത്രമായാല്‍ നികുതി ചോര്‍ച്ചയും അതുപോലെയുള്ള ക്രമക്കേടുകള്‍ വേഗത്തില്‍ കണ്ടുപിടിക്കാനും പരമാവധി അത്തരം കാര്യങ്ങള്‍ തടയാനും സാധിക്കും.
സൈദ്ധാന്തിക ചട്ടക്കൂട്
സാമ്പത്തിക ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തില്‍ ലളിതമായ നികുതി സംവിധാനം മാത്രമേ വിശ്വാസ്യതയും കാര്യക്ഷമതയും ഉറപ്പാക്കൂ എന്നതാണ്. ഈ സാഹചര്യത്തില്‍ പല നികുതി നിരക്കുകള്‍ അഥവാ സ്ലാബറേറ്റുകള്‍ ഉണ്ടെങ്കില്‍, അത് നികുതി വെട്ടിക്കലിനും തെറ്റായ വ്യാഖ്യാനങ്ങള്‍ക്കും വഴി തുറക്കും.
നോബല്‍ സമ്മാനജേതാവായ റൊണാള്‍ഡ് കോസ് അവതരിപ്പിച്ച ട്രാന്‍സാക്ഷന്‍ കോസ്റ്റ് തിയറി പ്രകാരം, ഇടപാടുകള്‍ക്കായി അധികം ചെലവഴിക്കുന്നത് സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച തടയും. ജി എസ് ടി-യില്‍ രണ്ട് നിരക്കുകള്‍ മാത്രമാക്കിയാല്‍ സര്‍ക്കാര്‍, വ്യാപാരികള്‍, ഉപഭോക്താക്കള്‍ എല്ലാവര്‍ക്കും ഇടപാട് ചെലവ് കുറയും.
സാമ്പത്തിക ശാസ്ത്രത്തില്‍ അടിസ്ഥാന സിദ്ധാന്തങ്ങള്‍ പ്രകാരം പൊതുവെ വിലക്കുറവ് വന്നാല്‍ ഉപഭോക്താക്കള്‍ കൂടുതല്‍ ചെലവിടും. ചോദനം അഥവാ ഡിമാന്‍ഡ് വര്‍ദ്ധിച്ചാല്‍ ഉത്പാദനവും തൊഴിലും വര്‍ധിക്കും. മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ചക്കും ഇത് സഹായകരമാകും.
സംസ്ഥാനങ്ങളുടെ ആശങ്ക
ഭാരതത്തിലെ ഫെഡറല്‍ സംവിധാനത്തില്‍ വരുമാന ശേഷിയും ചെലവുഭാരവും കേന്ദ്ര-സംസ്ഥാനങ്ങളിലായി പങ്കിടപ്പെടുന്നു. ജി എസ് ടി കൊണ്ടുവന്നത് ''ഒരു നാട്, ഒരു നികുതി'' എന്ന ആശയമായിരുന്നുവെങ്കിലും, സംസ്ഥാനങ്ങളുടെ സ്വതന്ത്ര നികുതി ചുമത്താനുള്ള അധികാരം കുറച്ചു.
''ധനകാര്യ ഫെഡറലിസത്തിന്റെ'' കാഴ്ചപ്പാടില്‍, ജി എസ് ടി 2.0 സംസ്ഥാനങ്ങളുടെ വരുമാന സ്വാതന്ത്ര്യം കൂടുതല്‍ പരിമിതപ്പെടുത്തും എന്ന ആശങ്ക ഉയരുന്നു.
പുതിയ നിരക്ക് മാറ്റങ്ങള്‍ സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ കുറവ് വരുത്തുമോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. പ്രതിപക്ഷം ആരോപിക്കുന്നത്, ''ജി.എസ്.ടി. 2.0'' ആശയം അവര്‍ മുമ്പുതന്നെ ആവശ്യപ്പെട്ടതാണ്, എന്നാല്‍ കേന്ദ്രം വൈകിയാണ് നടപ്പിലാക്കുന്നത്.
28% നിരക്ക് ഒഴിവാക്കിയാല്‍ ആഡംബരവസ്തുക്കള്‍ക്കും ചെലവേറിയ ഉല്‍പ്പന്നങ്ങള്‍ക്കും വില കുറയും. അതുവഴി സമ്പന്നര്‍ക്കാണ് കൂടുതലായി ഗുണം കിട്ടുക എന്നതുമാണ്. നിലവില്‍, ജിഎസ്ടി 5 ശതമാനം, 12, 18, 28 ശതമാനം നിരക്കുകളുള്ള നാല് തല ഘടനയാണ് പിന്തുടരുന്നത്. മൊത്തം ജിഎസ്ടി വരുമാനത്തിന്റെ ഏകദേശം 7 ശതമാനം സംഭാവന ചെയ്യുന്നത് 5 ശതമാനം സ്ലാബാണ്, അതേസമയം 18 ശതമാനം സ്ലാബ് 65 ശതമാനവും സംഭാവന ചെയ്യുന്നു. 12 ശതമാനം, 28 ശതമാനം സ്ലാബുകള്‍ യഥാക്രമം 5 ശതമാനം, 11 ശതമാനം എന്നിങ്ങനെ ജിഎസ്ടി ശേഖരണത്തിലേക്ക് സംഭാവന ചെയ്യുന്നു. 12 ശതമാനം, 28 ശതമാനം നിരക്കുകള്‍ ഒഴിവാക്കുന്നതിലൂടെ ഏകദേശം 16 ശതമാനത്തിന്റെ വ്യത്യാസമാണ് ഉണ്ടാകാന്‍ പോകുന്നത്.
ഒരു നികുതി സംവിധാനത്തിന്റെ കാര്യക്ഷമത സര്‍ക്കാരിന് വരുമാനം വര്‍ദ്ധിപ്പിക്കുന്ന ശേഷിയിലാണ്. ഉയര്‍ന്ന GST സ്ലാബുകളില്‍ (28%) നിന്നുള്ള വരുമാനം സംസ്ഥാനങ്ങള്‍ക്ക് ഏറെ സഹായകരമായിരുന്നു. അത് 18% ആയി ചുരുക്കുമ്പോള്‍, റവന്യൂ ബ്യൂയന്‍സി കുറയാനും സംസ്ഥാനങ്ങള്‍ക്ക് കുറവ് വരുമാനം ലഭിക്കാനും സാധ്യതയുണ്ട്.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ പലപ്പോഴും നികുതി പങ്കുവെയ്ക്കലിനും സബ്‌സിഡികളിനും അടിസ്ഥാനമാക്കിയുള്ളതാണ്.
ജി എസ് ടി 2.0 കൊണ്ടുവരുമ്പോള്‍, ''സെന്റര്‍ vs സ്റ്റേറ്റ്‌സ്'' സംഘര്‍ഷം വീണ്ടും ശക്തമാകാം. സംസ്ഥാനങ്ങള്‍ അധിക നഷ്ടപരിഹാരം ആവശ്യപ്പെടും. എന്നാല്‍ കേന്ദ്രം അത് സമ്മതിക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. പൊതുവേ നികുതി ലളിതീകരണം ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതാണ്. പക്ഷേ, സര്‍ക്കാരിന്റെ ധനസമ്പാദ്യവും പൊതുചെലവുകളും നിലനിര്‍ത്താന്‍ മതിയായ വരുമാനം അനിവാര്യമാണ്. അതിനാല്‍, ജി എസ് ടി 2.0 'Efficiency vs Equity' എന്ന പഴയ ചോദ്യത്തെ വീണ്ടും ഉയര്‍ത്തുന്നു ഉപഭോക്താവിന് ലാഭം (equity); സര്‍ക്കാരിന് വരുമാന നഷ്ടം (efficiency).
കേരളത്തിന്റെ പ്രത്യേക സാഹചര്യം
കരളം രാജ്യത്തെ പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് സ്വന്തം നികുതി വരുമാനത്തില്‍ വളരെ ആശ്രിതമാണ്.
ജിഎസ്ടിക്ക് മുമ്പ് സെയില്‍സ് ടാക്‌സ്, വാറ്റ്, എക്‌സൈസ് എന്നിവയില്‍ നിന്ന് വലിയൊരു വിഹിതം ലഭിച്ചിരുന്നു. ജി എസ്ടി വന്നതിന് ശേഷം, കേന്ദ്രത്തിനോടുള്ള ആശ്രിതത്വം വര്‍ദ്ധിച്ചു. 2017-ല്‍ ജി എസ് ടി നടപ്പിലാക്കുമ്പോള്‍, സംസ്ഥാനങ്ങള്‍ക്ക് 5 വര്‍ഷത്തേക്ക് നഷ്ടപരിഹാരം ഉറപ്പാക്കിയിരുന്നു. എന്നാല്‍ 2022-ല്‍ അത് അവസാനിച്ചതോടെ, കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങള്‍ക്കും വരുമാന ഇടിവ് നേരിടേണ്ടി വന്നു. ജി എസ് ടി 2.0 യില്‍ ഉയര്‍ന്ന സ്ലാബ് (28%) ചുരുക്കിയാല്‍ വരുമാനനഷ്ടം ഉറപ്പാണ്. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ സര്‍വീസ് സെക്ടറിനാണ് പ്രധാന പങ്ക്. ഹോട്ടല്‍, ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം, കണ്‍സള്‍ട്ടന്‍സി തുടങ്ങി പല മേഖലകളും ജി എസ് ടി വരുമാനത്തിന്റെ പ്രധാന ഉറവിടങ്ങളാണ്. ഉയര്‍ന്ന നിരക്കുകള്‍ ചുരുക്കുമ്പോള്‍ സര്‍വീസ് മേഖലയില്‍ നിന്നുള്ള വരുമാനം കുറയാം.
കേരളം രാജ്യത്ത് സോഷ്യല്‍ സെക്ടര്‍ ചെലവുകള്‍ ഏറ്റവും കൂടുതലായി നടത്തുന്ന സംസ്ഥാനമാണ്. പൊതുജനാരോഗ്യം, വിദ്യാഭ്യാസം, ക്ഷേമപദ്ധതികള്‍, പെന്‍ഷന്‍ വിതരണം എന്നിവയെല്ലാം വലിയ ധനസഹായം ആവശ്യപ്പെടുന്ന മേഖലകളാണ്. ജി എസ് ടി 2.0 വഴി വരുമാനം കുറഞ്ഞാല്‍, ഈ ചെലവുകള്‍ നിറവേറ്റാന്‍ കൂടുതല്‍ കടം സംസ്ഥാന സര്‍ക്കാര്‍ ആശ്രയിക്കേണ്ടിവരും.
കേരളം ഇന്ത്യയിലെ പ്രധാനപ്പെട്ട ഉപഭോക്തൃ സംസ്ഥാനം എന്ന നിലയില്‍ നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കുന്നത് ഉപഭോക്തൃ വില കുറയ്ക്കുകയും ഉയര്‍ന്ന ഉപഭോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതാണ്. എന്നാല്‍ മുന്‍ ജിഎസ്ടി ഇളവുകള്‍ പലപ്പോഴും ഉപഭോക്താക്കള്‍ക്ക് വിലക്കുറവായി മാറിയില്ല. നിരക്ക് കുറയ്ക്കലിന്റെ ഗുണം വ്യാപാരികള്‍ ഉപഭോക്താക്കളിലേക്ക് കൈമാറ്റം ചെയ്യുന്നില്ല. അതുകാരണം പ്രതീക്ഷിച്ച പോലെ ഉപഭോഗവും വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടില്ല.
കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി യോടൊപ്പം പ്രഖ്യാപിച്ച ലാഭേച്ഛ തടയല്‍ വ്യവസ്ഥകള്‍ (anti -profiteering provisions) ഫലപ്രദമാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
കേരളത്തിന് ജി.എസ്.ടി. വലിയൊരു വരുമാന സ്രോതസ്സാണ്. മുന്‍ ജിഎസ്ടി നിരക്ക് കുറവുകള്‍ (ചില ഉല്‍പ്പന്നങ്ങള്‍ക്ക് 28% ല്‍ നിന്ന് 18% ഉം 12% ഉം 5% ഉം ആയി കുറച്ചത്) കേരളത്തിന്റെ നികുതി വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാക്കി, എന്നാല്‍ സാധനങ്ങളുടെ വിലയില്‍ ആനുപാതികമായ കുറവുണ്ടായില്ല. ഇത് വരുമാന നിഷ്പക്ഷത നഷ്ടപ്പെടുന്നതിനും കേന്ദ്രത്തില്‍ നിന്നുള്ള നഷ്ടപരിഹാരത്തെ കൂടുതല്‍ ആശ്രയിക്കുന്നതിനും കാരണമായി.
ജൂണില്‍ കേരളത്തിലെ ജിഎസ്ടി വരുമാനം 2,856 കോടിയായി കുറഞ്ഞു, 2025 ഏപ്രില്‍, മെയ് മാസങ്ങളിലെ കണക്കുകളേക്കാള്‍ കുറവാണ് ഇത്. 2024 ജൂണിനെ അപേക്ഷിച്ച് 9 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഈ വരുമാനം രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഏപ്രിലില്‍ നേടിയ വരുമാനത്തേക്കാള്‍ 16.88 ശതമാനം കുറവാണ് ഇത്. മൊത്തം ജിഎസ്ടി കളക്ഷനില്‍ സംസ്ഥാനം 3,436 കോടിയും മെയ് മാസത്തിലെ ജിഎസ്ടി കളക്ഷനേക്കാള്‍ 11 ശതമാനം കുറവുമാണ് ഇത്. മാത്രമല്ല, കഴിഞ്ഞ രണ്ട് മാസങ്ങളിലെ കേരളത്തിന്റെ അറ്റ ജിഎസ്ടി വരുമാനം 10 ശതമാനം കുറഞ്ഞ് 5,547 കോടിയില്‍ നിന്ന് 4,965 കോടിയായി. കഴിഞ്ഞ മൂന്ന് മാസത്തെ കണക്കനുസരിച്ച്, സെറ്റില്‍മെന്റിനു ശേഷമുള്ള ക്രമീകരണങ്ങളെ തുടര്‍ന്ന്, കഴിഞ്ഞ വര്‍ഷത്തെ 8,190 കോടിയില്‍ നിന്ന് 7,816 കോടിയായി.
വിരോധാഭാസം എന്തെന്നാല്‍, കേരളത്തിന്റെ മൊത്ത ജി എസ് ടി കളക്ഷന്‍ ശക്തമായ വളര്‍ച്ച കൈവരിച്ചിട്ടുണ്ടെങ്കിലും അറ്റവരുമാനം യഥാര്‍ത്ഥത്തില്‍ കുറഞ്ഞു എന്നതാണ്.
അതിനാല്‍, നഷ്ടപരിഹാരം കൊണ്ട് സംരക്ഷിക്കപ്പെടുകയോ വര്‍ധിച്ച ഉപഭോഗവും കൊണ്ട് നികത്തപ്പെടുകയോ ചെയ്തില്ലെങ്കില്‍, കേരളം പോലുള്ള മറ്റ് സംസ്ഥാനങ്ങള്‍ സാമ്പത്തിക വെല്ലുവിളികള്‍ നേരിടേണ്ടി വരും. മുന്‍കാല അനുഭവങ്ങള്‍ കാണിക്കുന്നത് പോലെ, നിരക്ക് കുറയ്ക്കല്‍ കാരണം ഉണ്ടാകുന്ന വരുമാനം നഷ്ടം പലപ്പോഴും വര്‍ദ്ധിച്ച ഉപഭോഗത്തില്‍ നിന്നുള്ള വരുമാന വളര്‍ച്ചയെ മറികടക്കുന്നു. ജി എസ് ടി നടപ്പിലാക്കുന്നതിന് മുമ്പ്, ജി എസ് ടി യുടെ ഏറ്റവും വലിയ ഗുണഭോക്താവ് കേരളം പോലെയുള്ള ഉപഭോക്തൃ സംസ്ഥാനങ്ങളായിരിക്കുമെന്നായിരുന്നു ശുഭാപ്തിവിശ്വാസം. ജി എസ് ടി യുടെ .ലക്ഷ്യസ്ഥാന തത്വങ്ങളും മറ്റു സൈദ്ധാന്തിക വിശകലനങ്ങളും ആ വിശ്വാസത്തിന് ബലമേകി. എന്നാല്‍ അങ്ങനെ ഒരു നേട്ടം എട്ടുവര്‍ഷം കഴിഞ്ഞിട്ടും സംഭവിച്ചിട്ടില്ല. ഇപ്പോള്‍ ജി എസ് ടി 2.0 നികുതി നിരക്കുകളിലെ കുറവ് കാരണം വര്‍ധിച്ച ഉപഭോഗത്തിന്റെ വലിയ നേട്ടങ്ങളും സാമ്പത്തിക സമൃദ്ധിയും വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇത് തലവേദന ഉണ്ടാക്കും.
ജി.എസ്.ടി. 2.0 ഭാവിദിശ
ജി എസ് ടി 2.0 ഉപഭോക്താക്കള്‍ക്ക് ആഘോഷത്തിന്റെ നിറവും ആശ്വാസത്തിന്റെ ചൂടും നല്‍കുന്ന ദീപാവലി സമ്മാനമായിരിക്കാം. എന്നാല്‍, സംസ്ഥാനങ്ങള്‍ക്ക് ഇത് വരുമാന നഷ്ടത്തിന്റെ തലവേദന സമ്മാനിക്കാനാണ് സാധ്യത. ''ഒരു നാട്, ഒരു നികുതി'' എന്ന ആശയം ലളിതവും ജനകീയവുമാകുമ്പോഴും, കേരളം പോലുള്ള സാമൂഹിക ചെലവുകളില്‍ മുന്‍പന്തിയിലുള്ള സംസ്ഥാനങ്ങള്‍ക്കു പുതിയ വെല്ലുവിളികള്‍ തീര്‍ച്ചയായും ഉയരും.
അതുകൊണ്ട്, ജി എസ് ടി 2.0 യഥാര്‍ത്ഥത്തില്‍ വിജയകരമാകണമെങ്കില്‍, ഉപഭോക്താക്കളുടെ സന്തോഷത്തിനൊപ്പം സംസ്ഥാനങ്ങളുടെ ധനകാര്യ സുരക്ഷയും ഉറപ്പാക്കുന്ന ഒരു സമതുലിത സമീപനം കേന്ദ്രം സ്വീകരിക്കണം. ഇല്ലെങ്കില്‍, ദീപാവലി വിളക്കുകളുടെ പ്രകാശം ജനങ്ങള്‍ക്ക് സന്തോഷം വിതയ്ക്കുമ്പോഴും, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാമ്പത്തിക സമ്മര്‍ദ്ദം മാത്രമേ സമ്മാനിക്കൂ. ജനങ്ങള്‍ക്ക് നേരിട്ട് ഗുണം, സംസ്ഥാനങ്ങള്‍ക്ക് സ്ഥിരമായ വരുമാനം, രാജ്യത്തിന് വളര്‍ച്ച ഈ മൂന്നു ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ജി.എസ്.ടി. യഥാര്‍ത്ഥത്തില്‍ 'Good and Simple Tax' ആകുകയുള്ളു.








English (US) ·