
Representative Image| Photo: Canva.com
ഏറെക്കാലമായി കാത്തിരുന്ന ജി.എസ്.ടി ഇളവാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിന് ലഭിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 22 മുതല്‍ ഹെല്‍ത്ത്, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെ ജി.എസ്.ടി ഇല്ലാതാകും. അങ്ങനെ വരുമ്പോള്‍ പ്രീമിയം തുകയില്‍ 18 ശതമാനം കുറവുവരുമോ?
പ്രവര്‍ത്തനം, വിതരണം എന്നിവയ്ക്കുള്ള ചെലവുകള്‍ക്കുമേല്‍ നിലവിലുള്ള ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് (ഐടിസി) ഇനി മുതല്‍ കമ്പനികള്‍ക്ക് ക്ലെയിം ചെയ്യാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഈ ചെലവില്‍ എത്രത്തോളം കമ്പനികള്‍ വിഹിക്കുമെന്നത് അടിസ്ഥാനമാക്കിയാകും പ്രീമിയത്തില്‍ കുറവുണ്ടാകുക. കമ്പനിയുടെ ലാഭം, ബിസിനസ് ഘടന എന്നിവയെ ആശ്രയിച്ച് ഇതില്‍ മാറ്റമുണ്ടാകും.
എത്രത്തോളം നേട്ടമുണ്ടാകും?
ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് നഷ്ടപ്പെടുന്നതിനാല്‍ നികുതി ഇളവിന് ആനുപാതികമായ ആനുകൂല്യം പോളിസി ഉടമയ്ക്ക് ലഭിക്കാന്‍ സാധ്യതയില്ല. പ്രവര്‍ത്തന-വിതരണ സേവനങ്ങള്‍ക്ക് നല്‍കുന്ന ജിഎസ്ടി, പോളിസി ഉടമകളില്‍നിന്ന് ശേഖരിക്കുന്ന ജിഎസ്ടിയുമായി കട്ടിക്കിഴിക്കാന്‍ (ഐ.ടി.സി)ഇതുവരെ ഇന്‍ഷുറന്‍സ് കമ്പനികളെ അനുവദിച്ചിരുന്നു. നികുതി പൂര്‍ണമായും ഒഴിവാക്കിയതിനാല്‍ കമ്പനികള്‍ക്ക് ഇനി തട്ടിക്കിഴിക്കാന്‍ കഴിയില്ല. അത് ചെലവ് വര്‍ധിപ്പിക്കും.
ആരോഗ്യ ഇന്‍ഷുറന്‍സിന്റെ കാര്യം മാത്രം പരിശോധിച്ചാല്‍, ബിസിനസിന്റെ തോത് അനുസരിച്ച് മൂന്ന് മുതല്‍ എട്ട് ശതമാനംവരെ ഈയിനത്തില്‍ കമ്പനികള്‍ക്ക് നഷ്ടമാകും. ഈ ബാധ്യത പോളിസി ഉടമകള്‍ക്ക് കൈമാറിയാല്‍ പ്രീമിയത്തിലെ ഇളവ് 12 മുതല്‍ 15 ശതമാനംവരെയായി കുറഞ്ഞേക്കാം.
റീട്ടെയില്‍ പോളിസികള്‍ക്ക് മാത്രമാണ് ജിഎസ്ടി ഒഴിവാക്കിയിട്ടുള്ളത്. ഗ്രൂപ്പ് പോളിസികള്‍ക്ക് തുടര്‍ന്നും നികുതി ബാധകമാണ്. ആനുകൂല്യം പൂര്‍ണമായും ഉപഭോക്താക്കള്‍ക്ക് കൈമാറണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അങ്ങനെവരുമ്പോള്‍ പ്രീമിയം നിരക്ക് പരിഷ്‌കരിച്ച് നഷ്ടം മറികടക്കാനുള്ള ശ്രമം കമ്പനികള്‍ നടത്തിയേക്കും.
പ്രീമിയം അടയ്ക്കല്‍ നീട്ടിവെച്ചാല്‍?
ജിഎസ്ടി ഇളവിന്റെ നേട്ടം ലഭിക്കാന്‍ പ്രീമിയം അടയ്ക്കുന്നത് സെപ്റ്റംബര്‍ 22വരെ നീട്ടിവെയ്ക്കുകയാണ് പലരും. പുതുക്കല്‍ തിയതി സെപ്റ്റംബര്‍ 22നോ അതിന് ശേഷമോ ആണെങ്കില്‍ മാത്രമേ ജിഎസ്ടി ഇളവ് ലഭിക്കുകയുള്ളൂ. 'ഗ്രേസ് കാലയളവ്' പ്രയോജനപ്പെടുത്തി പണമടക്കല്‍ വൈകിപ്പിച്ചാലും പോളിസി രേഖകളിലെ ഇഷ്യു ചെയ്ത തിയതി യഥാര്‍ഥ പുതുക്കല്‍ തിയതിയായിതന്നെ തുടരും. വൈകി പ്രീമിയം അടച്ചതിന്റെ നേട്ടം ലഭിക്കില്ലെന്ന് ചുരുക്കം. നികുതി ലാഭിക്കാനായി നിലവിലുള്ള പോളിസി റദ്ദാക്കി പിന്നീട് എടുത്താല്‍ നേരത്തെയുള്ള ആനുകൂല്യങ്ങള്‍ നഷ്ടമാകുകയും ചെയ്യുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ചികിത്സാ മേഖലയില്‍ ചെലവ് അടിക്കടി വര്‍ധിക്കുന്നതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ വര്‍ഷാവര്‍ഷം പ്രീമിയം വര്‍ധിപ്പിക്കുന്ന സാഹചര്യം നിലവിലുണ്ട്. ജിഎസ്ടി ഒഴിവാകുന്നതോടെ പോളിസി ഉടമകള്‍ക്ക്, പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്മാര്‍ക്ക് ആശ്വാസമാകുമെന്നകാര്യത്തില്‍ സംശയമില്ല. മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവക്കുള്ള നികുതിയിളവിലൂടെ ആശുപത്രികള്‍ക്കും നേട്ടംലഭിക്കും.
പ്രീമിയം കുറയ്ക്കുകയെന്ന ലക്ഷ്യമാണ് ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സുകളുടെ ജി.എസ്.ടി ഒഴിവാക്കലിന് പിന്നില്‍. കൂടുതല്‍പേരെ ഇന്‍ഷുറന്‍സ് എടുക്കാന്‍ പ്രേരിപ്പിക്കുകയെന്നതും സര്‍ക്കാരിന്റെ ലക്ഷ്യമാണ്.
Content Highlights: GST connected Health Insurance Removed: Will Premiums Decrease by 18%?
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·