പോയവാരങ്ങളില്‍ വിപണിയുടെ ഇടിവിനു കാരണമായത് അമേരിക്ക അടിച്ചേല്‍പിച്ച ഉയര്‍ന്ന താരിഫ് നിരക്കുകളായിരുന്നു. എന്നാല്‍ കഴിഞ്ഞാഴ്ച ഭാഗികമായ തിരിച്ചുവരവ് പ്രകടമായി. അതിനു പ്രധാന കാരണം കേന്ദ്രം ജിഎസ്ടി നിരക്കുകള്‍ പുനഃക്രമീകരിച്ചതാണ്. നിഫ്റ്റി 50 സൂചിക 25,000 ത്തിലേക്ക് എത്തിയെങ്കിലും വെള്ളിയാഴ്ച അവസാന ക്ലോസിംഗ് 24,741ല്‍ ആയിരുന്നു. വിപണിയിലെ ചാഞ്ചാട്ടവും ഇടുങ്ങിയ റെയ്ഞ്ചിലുള്ള വ്യാപാരവും ഇപ്പോഴും തുടുന്നു എന്നര്‍ഥം.
അമേരിക്കയുടെ അധിക തീരുവയുടെ ആഘാതം മൂന്നാം പാദം മുതല്‍ വിപണിയില്‍ അനുഭവപ്പെട്ടു തുടങ്ങുമെന്നു കരുതുന്നു. അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയാകയാല്‍ ഈ ആഘാതം ഒഴിവാക്കാനാവുന്നതല്ല. ഇന്ത്യന്‍ ജിഡിപിയുടെ 2.2 ശതമാനമാണ് അമേരിക്കയിലേക്കുള്ള കയറ്റുമതി. ഈ തിരിച്ചടി മറി കടക്കാന്‍ കമ്പനികള്‍ പലവഴികളും തേടും. മറ്റു രാജ്യങ്ങളിലേക്ക് ഉത്പാദനകേന്ദ്രം മാറ്റുന്നതും ഉത്പന്ന വൈവിധ്യവല്‍ക്കരണവും അടക്കം എല്ലാ സാധ്യതകളും അവര്‍ പ്രയോജനപ്പെടുത്തും.
കയറ്റുമതിയിലുണ്ടാകുന്ന കുറവ് പൂര്‍ണ്ണമായും പരിഹരിക്കാനാവില്ല. എന്നിരുന്നാലും ഈ വെല്ലുവിളി പുതിയ അവസരങ്ങള്‍ തുറന്നുതരാനുള്ള സാധ്യതയുമുണ്ട്. കമ്പനികളുടെ വിദേശ വിപണിയിലെ മത്സരക്ഷമത ഇല്ലാതാവുന്നത് ഒരു പരിധിവരെ പരിഹരിക്കാന്‍ ആഭ്യന്തര വിപണിയിലെ വര്‍ധിച്ച ഉപഭോഗത്തിലൂടെ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. അതിനായാണ് കേന്ദ്രം ജിഎസ്ടി നിരക്കുകളില്‍ ഏകീകരണം കൊണ്ടുവന്നതും. ടെക്സ്റ്റെയില്‍സ്, ഉപകരണ നിര്‍മ്മാണം, ഓട്ടോ അനുബന്ധ വ്യവസായങ്ങള്‍, സമുദ്രോത്പന്നങ്ങള്‍, ജ്വല്ലറി, ബസ്മതി അരി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നീ മേഖലകളില്‍ സംഭവിച്ചേക്കാവുന്ന തിരിച്ചടി വര്‍ധിച്ച ആഭ്യന്തര ഉപഭോഗത്തിലൂടെ പരിഹരിക്കാനാവും എന്ന പ്രതീക്ഷയിലാണ് വിപണി.
ഒന്നാം പാദത്തിലെ ജിഡിപി വളര്‍ച്ചയില്‍ പ്രത്യക്ഷമായ സമ്പദ്ഘടനയുടെ തിരിച്ചു വരാനുള്ള ശേഷി വിപണിയെ ഉത്തേജിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. എന്നാല്‍ ഈ വളര്‍ച്ച നിലനിര്‍ത്താന്‍ കഴിയുമോ എന്നാണ് പരിശോധിക്കേണ്ടത്. പ്രത്യേകിച്ച് മൂന്നാം പാദം മുതല്‍ ഏകദേശം അമ്പതിനായിരം കോടി രൂപയുടെ വാര്‍ഷിക ജിഎസ്ടി ഇളവ് വിപണി സൂചികയെ (നിഫ്റ്റി) 25000 ത്തിനു മുകളിലേക്ക് ഉയര്‍ത്തിയേക്കാം. കാരണം ഉപഭോഗ കേന്ദ്രീകൃതമായ ഓഹരികള്‍ നിഫ്റ്റി 50 സൂചികയുടെ ഏകദേശം 18 ശതമാനംവരും (ഐടിസി, ആര്‍ഐഎല്‍ എന്നീ വൈവിധ്യവല്‍ക്കരിക്കപ്പെട്ട ഗ്രൂപ്പുകളുടെ ഓഹരികള്‍ ഒഴിവാക്കി വിലയിരുത്തിയാലും) ഈ മേഖലകളില്‍ നിന്നുള്ള മെച്ചപ്പെട്ട വരുമാന പ്രതീക്ഷ മൂന്നാം പാദം മുതല്‍ പ്രകടമായിത്തുടങ്ങും. ഇത് നടപ്പു സാമ്പത്തിക വര്‍ഷത്തിലും (FY 26), അടുത്ത സാമ്പത്തിക വര്‍ഷവും (FY 27) ഗുണപരമായ മാറ്റങ്ങളുണ്ടാക്കിയേക്കാം. ഇതിനു പുറമെ നിഫ്റ്റി 50 സൂചികയുടെ 30 ശതമാനംവരുന്ന ധനകാര്യ മേഖലയിലെ ഓഹരികള്‍ക്കും ഈ ഉയര്‍ന്ന ഉപഭോഗത്തിന്റെ പ്രയോജനം ലഭിക്കും. അനുകൂലമായ ആര്‍ബിഐ നയങ്ങളും ഭാവിയില്‍ സംഭവിച്ചേക്കാവുന്ന നിരക്കു കുറയ്ക്കലും ഈ മേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ഉപഭോക്തൃ കേന്ദ്രീകൃതമായ മേഖലയിലെ ഓഹരികള്‍ക്ക് കഴിഞ്ഞ കുറേവര്‍ഷമായി താഴ്ന്ന മൂല്യമാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരു പുനര്‍മൂല്യനിര്‍ണയത്തിന് സമയമായി എന്നുതോന്നുന്നു.
ഇന്ത്യ-അമേരിക്ക വ്യാപാര തര്‍ക്കത്തിന് നല്ലൊരു പരിസമാപ്തി ഉണ്ടാകാത്തേടത്തോളം കാലം വിപണി സൂചിക 25000 ത്തിനു മുകളിലേക്കു പോകാനിടയില്ല. ഷാങ്ഹായ് സഹകരണ ഉച്ചകോടിക്ക് ശേഷം ഇന്ത്യ-അമേരിക്ക സംഘര്‍ഷങ്ങളില്‍ നേരിയ കുറവ് വരുന്നു എന്നുള്ള സൂചനകള്‍ ലഭ്യമാണ്. അമേരിക്കന്‍ ഭാഗത്തു നിന്നുള്ള പ്രകോപനപരമായ പ്രസ്താവനകളില്‍ കുറവ് ദൃശ്യമാണ്. മോദി, ഷിജിന്‍പിങ് ചര്‍ച്ചകള്‍ അമേരിക്കയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന തലത്തിലേക്കു മാറിയിട്ടുണ്ട്. അതിനാല്‍തന്നെ അമേരിക്കയും ഇന്ത്യയും തമ്മില്‍ വീണ്ടും സഹകരണത്തിന്റെ പാതയിലേക്കു വരാനുള്ള സാധ്യതകളുമുണ്ട്. 50 ശതമാനം അധിക തീരുവ ദീര്‍ഘ കാലത്തേക്ക് നിലനില്‍ക്കില്ലെന്നാണ് വിപണി ഇപ്പോഴും കരുതുന്നത്. എന്നാല്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സംഘര്‍ഷ സാഹചര്യത്തില്‍ പെട്ടെന്നൊരു അയവുണ്ടാകുമെന്നും ആരും കരുതുന്നില്ല. പ്രത്യേകിച്ച് ഇന്ത്യ ഷാങ്ഹായ് സഖ്യത്തില്‍ ശക്തമായി തുടരുന്ന സാഹചര്യത്തില്‍.
ആഗോള സാഹചര്യങ്ങളും വ്യാപാര സംഘര്‍ഷങ്ങളും പരിഗണിച്ചാല്‍ ഹ്രസ്വകാലത്തേക്ക് വിപണിയില്‍ സമ്മിശ്ര പ്രതികരണങ്ങളാകും ഉണ്ടാവുക. ഉപഭോക്തൃ കേന്ദ്രീകൃതമായ ഓഹരികള്‍ മികച്ച പ്രകടനം നടത്തിയേക്കാം. എന്നാല്‍ ലാഭമെടുപ്പിനുള്ള സാധ്യതയും വരുംദിവസങ്ങളില്‍ തള്ളിക്കളയാനാവില്ല. സ്വര്‍ണ വില വലിയ ഉയരങ്ങളിലെത്തിയിട്ടുണ്ട്. ഇത് നിക്ഷേപകരുടെ കരുതലോടെയുള്ള നീക്കത്തിന്റെ ഫലമാണ്. ആഗോള സംഘര്‍ഷങ്ങളും വ്യാപാര തര്‍ക്കങ്ങളും സാമ്പത്തിക വളര്‍ച്ച കുറയുന്നതും മെച്ചപ്പെട്ട തീരുമാനങ്ങളെടുക്കുന്നതില്‍ നിന്ന് അവരെ തടയുന്നുണ്ട്. ഇതിനുപുറമെ ആഗോള ബോണ്ട് വിപണിയിലും കടുത്ത വില്പന സമ്മര്‍ദമുണ്ട്. വിപണിയില്‍ ബോണ്ടുകളുടെ പ്രിയം കുറയുന്നത് അത്രനല്ല ലക്ഷണമല്ല. അത് നിക്ഷേപകര്‍ക്ക് ഒരു രാജ്യത്തിന്റെ സമ്പദ്ഘടനയിലുള്ള വിശ്വാസക്കുറവിനെയാണ് പ്രതിഫലിപ്പിക്കുന്നത്. ബ്രിട്ടന്റെ 30 വര്‍ഷത്തെ കാലാവധിയുള്ള ബോണ്ടിന് ആവശ്യക്കാര്‍ കുറഞ്ഞതുകാരണം കഴിഞ്ഞാഴ്ച അതിന്റെ യീല്‍ഡ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 5.75 ശതമാനത്തില്‍ എത്തിയിരുന്നു. അമേരിക്കയുടേയും ജപ്പാന്റേയും ബോണ്ടുകളുടെ യീല്‍ഡും ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. ദീര്‍ഘകാല വായ്പക്കും അവിടെ ചിലവേറുകയാണ്. ഇതിന് പ്രധാന കാരണം ഈ രാജ്യങ്ങളിലെ പൊതു കടം പെരുകുന്നതും സര്‍ക്കാരുകളുടെ തെറ്റായ ചെലവഴിക്കല്‍ രീതിയും ആഗോള വളര്‍ച്ചാ മാന്ദ്യവുമാണ്. ഇവ നിക്ഷേപകര്‍ക്ക് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
Content Highlights: Will GST Rate Revisions Propel NIFTY Above 25,000? Analyzing India's Market Outlook
ABOUT THE AUTHOR
വിനോദ് നായര്‍
ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·