സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ജിഎസ്ടിയില്‍ വരാനിരിക്കുന്ന പരിഷ്‌കാരങ്ങള്‍ വിപണിക്ക് ഉത്തേജനമാണ് നല്‍കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ നിഫ്റ്റിയിലുണ്ടായ റാലി പ്രധാനമായും ഇതിനോടുള്ള പ്രതികരണമായിരുന്നു. മിക്ക വസ്തുക്കളും സേവനങ്ങളും 5 ശതമാനം, 18 ശതമാനം എന്നീ ടാക്സ് സ്ലാബുകളിലേക്ക് മാറും എന്നതാണ് വരാനിരിക്കുന്ന ജിഎസ്ടി പുനസംഘടനയിലെ പ്രധാന വ്‌സതുത.
സിന്‍ ഗുഡ്സ് എന്ന് പറയപ്പെടുന്ന പുകയില തുടങ്ങിയ വസ്തുക്കള്‍ മാത്രം 40 ശതമാനം ടാക്സ് സ്ലാബില്‍ തുടരും. 28 ശതമാനം ടാക്സ് സ്ലാബില്‍ ഇപ്പോഴുള്ള വസ്തുക്കള്‍ 18 ശതമാനം ടാക്സ് സ്ലാബിലേക്ക് മാറുമ്പോഴും 12 ശതമാനം ടാക്സ് സ്ലാബിലുള്ള വസ്തുക്കള്‍ 5 ശതമാനം ടാക്സ് സ്ലാബിലേക്ക് മാറുമ്പോഴും ഇവയുടെ വിലകളില്‍ ഗണ്യമായ കുറവുണ്ടാകും. കുറഞ്ഞ വിലകള്‍ കൊണ്ട് ഉപഭോക്താക്കള്‍ക്കും വര്‍ധിക്കുന്ന ഡിമാന്‍ഡ് കൊണ്ട് കമ്പനികള്‍ക്കും ഗുണമുണ്ടാകും. ടിവി, റെഫ്രിജറേറ്റര്‍, എയര്‍ കണ്ടീഷണര്‍, 150 സിസിയില്‍ താഴെയുള്ള ടൂവീലറുകള്‍, 1200 സിസിയില്‍ താഴെയുള്ള ചെറു കാറുകള്‍, ഹൈബ്രിഡ് പാസഞ്ചര്‍ കാറുകള്‍ തുടങ്ങി ഇപ്പോള്‍ 28 ശതമാനം ടാക്സ് സ്ലാബിലുള്ള ഉല്‍പന്നങ്ങള്‍ 18 ശതമാനത്തിലേക്ക് മാറുമ്പോള്‍ ഉപയോക്താക്കള്‍ക്കും കമ്പനികള്‍ക്കും മെച്ചമുണ്ടാകും. പൊതുവെ ഡിമാന്‍ഡ് മാന്ദ്യമുള്ള സാഹചര്യമായതു കൊണ്ട് ടാക്സ് റിലീഫ് ഏതാണ്ട് മുഴുവനായും തന്നെ ഉപഭോക്താക്കള്‍ക്ക് ലഭിക്കാനാണ് സാധ്യത.
അതേസമയം, വിപണിയില്‍ സ്ഥിരതയുള്ള വളര്‍ച്ചയ്ക്ക് ഇനിയും സമയമായിട്ടില്ല. 25 ശതമാനം സെക്കന്‍ഡറി താരിഫ് എന്ന ട്രംപിന്റെ വാള്‍ വിപണിക്ക് മുകളില്‍ തൂങ്ങിനില്‍ക്കുകയാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ പുരോഗതിയുണ്ടാകുന്നത് ശുഭോദര്‍ക്കമാണ്. ചൈനയില്‍ നിന്നുള്ള റെയര്‍ എര്‍ത്ത് മൂലകങ്ങളുടെയും വളങ്ങളുടെയും കയറ്റുമതിയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ വളരെ പെട്ടെന്ന് എടുത്തുകളഞ്ഞത് യുഎസിനുള്ള ചൈനയുടെ സന്ദേശമാണ്.
ബ്രിക്സ് രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം കൂടുതല്‍ ശക്തി പ്രാപിക്കുന്നത് വിപണിക്ക് അനുകൂലമാകും. ഈ നല്ല ബന്ധം ഭാവിയിലും തുടരാനാണ് സാധ്യത.
തീരുവ പ്രഖ്യാപനങ്ങളോടും ജിഎസ്ടി മാറ്റങ്ങളോടും ആഗോള രാഷ്ട്രീയ സംഭവവികാസങ്ങളോടും വിപണി ഹ്രസ്വകാലത്തില്‍ പ്രതികരിച്ചുകൊണ്ടേയിരിക്കും. എന്നാല്‍ ദീര്‍ഘകാലയളവില്‍ വിപണിയെ നയിക്കുക കോര്‍പറേറ്റ് വരുമാനമായിരിക്കും. ഈ സാമ്പത്തിക വര്‍ഷം കോര്‍പറേറ്റ് ലാഭത്തില്‍ 8 മുതല്‍ 10 ശതമാനം വരെ വളര്‍ച്ച മാത്രമെ വിപണി പ്രതീക്ഷിക്കുന്നുള്ളൂ. അതിനുള്ള സാധ്യതയേ ഇപ്പോഴുള്ളൂ. അതിനാല്‍ വിപണിയില്‍ നിന്ന് മിതമായ വരുമാനം മാത്രം പ്രതീക്ഷിക്കുക.
ബാങ്കിംഗ്-ധനകാര്യ മേഖല, ഓട്ടോമൊബൈല്‍, ടെലികോം, സിമന്റ്, ഹെല്‍ത്ത് കെയര്‍ എന്നീ ആഭ്യന്തര ഉപഭോഗത്താല്‍ നയിക്കപ്പെടുന്ന മേഖലകളില്‍ ശ്രദ്ധയൂന്നുക. പ്രത്യേകിച്ചും സാമാന്യം മിതമായ വാല്യുവേഷന്‍ ഉള്ള ലാര്‍ജ് ക്യാപ്, മിഡ് ക്യാപ് ഓഹരികളില്‍.
Content Highlights: GST Restructuring: Short-Term Gains, Long-Term Outlook.
ABOUT THE AUTHOR
ഡോ. വി.കെ. വിജയകുമാര്‍
ജിയോജിതിലെ ചീഫ് ഇന്‍വെസ്റ്റുമെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·