ഖത്തറില്‍ ജോലി ചെയ്യുന്നു. 50 വയസ്സായി. എഫ്.ഡി, സ്വര്‍ണം, വസ്തു, മ്യൂച്വല്‍ ഫണ്ട് എന്നിവയിലെല്ലാമായി രണ്ട് കോടി രൂപയുടെ ആസ്തിയുണ്ടാകും. എല്ലാം മതിയാക്കി നാട്ടിലെത്തണമെന്നാണ് ചിന്ത. ജോലി സംബന്ധിച്ചും ആശങ്കളുണ്ട്. മക്കളുടെ കാര്യങ്ങള്‍, ജീവിത ചെലവ് തുടങ്ങിയവ മുന്നിലുണ്ട്. ഇത്രയും കാലം ജോലിതന്നെയായിരുന്നു. കുറെ യാത്രകള്‍ ഇനി പ്ലാന്‍ ചെയ്യണമെന്നുണ്ട്. എല്ലാറ്റിനും കൂടി മാസം ഒരു ലക്ഷം രൂപ വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ ആസ്തികള്‍കൊണ്ട് ഇത് നിറവേറ്റാനാകുമോ?
നിരവധിപേരുടെ ആശങ്കയുടെ പ്രതിഫലനമാണ് ഈ ചോദ്യം. വ്യക്തമായ ആസൂത്രണത്തോടെയല്ലെങ്കിലും ചിലരെങ്കിലും ഭാവിക്കായി കരുതിവെച്ചിട്ടുണ്ട്. മറ്റു ചിലരാകട്ടെ 45 വയസ്സ് പിന്നിട്ടിട്ടും അതേക്കുറിച്ച് ആലോചിച്ചിട്ടില്ല. ഇപ്പോള്‍ കിട്ടുന്നതുതന്നെ തികയുന്നില്ലെന്നാണ് അവരുടെ പരിഭവം. ഭാവിയിലേക്ക് കരുതാനൊന്നും ഇല്ല, 50വയസ്സ് കഴിഞ്ഞിട്ട് അതേപറ്റി ആലോചിക്കാമെന്ന നിലാപാടിലാണ് അവര്‍.
രണ്ട് കോടി രൂപ കൊണ്ട് ഭാവിയിലെ ആവശ്യങ്ങള്‍ നിറവേറ്റാനാകുമോയെന്നതാണ് അടുത്ത ചോദ്യം. പണപ്പെരുപ്പം (വിലക്കയറ്റം) ആണ് ഇതിനെല്ലാം തടസ്സം. നിക്ഷേപത്തില്‍നിന്ന് എട്ട് ശതമാനം ആദായം ലഭിക്കുമെന്ന് കരുതാം. ജീവിത ചെലവിനായി വര്‍ഷംതോറും 12 ലക്ഷം രൂപ (ആറ് ശതമാനം)യാണ് പിന്‍വലിക്കേണ്ടത്. ഇവിടെ തീരുന്നില്ല കാര്യങ്ങള്‍.
വിലക്കയറ്റം മൂലം പണത്തിന്റെ മൂല്യം വര്‍ഷംതോറും കുറയുകയാണ്. ശരാശരി വാര്‍ഷിക പണപ്പെരുപ്പം ആറ് ശതമാനമാണെന്ന് കണക്കാക്കിയാല്‍പോലും 12 വര്‍ഷത്തിനുള്ളില്‍ ജീവിത ചെലവ് ഇരട്ടിയാകും. അതുകൊണ്ടുതന്നെ ഒരു ലക്ഷം രൂപകൊണ്ട് എത്രകാലം മുന്നോട്ടുപോകാനാകും?. നിലവിലെ ജീവിത രീതി അതേപടി നിലനിര്‍ത്തി മുന്നോട്ടുപോകണമെങ്കില്‍ വര്‍ഷംതോറും പിന്‍വലിക്കുന്ന തുകയില്‍ ആറ് ശതമാനം വര്‍ധന ആവശ്യമായിവരും.
ആദ്യ വര്‍ഷം മാസം ഒരു ലക്ഷം രൂപ വീതം പിന്‍വലിച്ചാല്‍ മതിയാകും. വിലക്കയറ്റ പ്രകാരം വര്‍ഷംതോറും നിക്ഷേപ തുകയില്‍ ആറ് ശതമാനം വര്‍ധന വരുത്തിയാല്‍ രണ്ട് കോടി രൂപ 21-ാം വര്‍ഷത്തില്‍ തീരും. അതായത് 50-ാം വയസ്സില്‍ വിരമിച്ച് 80 വയസ്സുവരെ ജീവിക്കേണ്ടിവന്നാല്‍ ഈ തുക മതിയാവില്ല.
കൃത്യതയോടെ ആസൂത്രണം ചെയ്യാന്‍ കഴിയില്ലെങ്കിലും കുറച്ചെങ്കിലും മുന്‍ധാരണയോടെ മുന്നോട്ടുപോകുന്നതാകും ഉചിതം. കൃത്യതയില്‍ ഉറച്ചുനില്‍ക്കാതെ സുരക്ഷിതമായ നീക്കം നടത്തുകയെന്നതാണ് പ്രധാനം.
30 വര്‍ഷമെങ്കിലും ജീവിക്കണമെങ്കില്‍ ചെയ്യേണ്ടത്
ആദ്യത്തെ വര്‍ഷം പിന്‍വലിക്കുന്ന തുക ഒരു ലക്ഷം രൂപയില്‍നിന്ന് 72,500 രൂപയായി കുറയ്ക്കാം. വര്‍ഷംതോറും ഈ തുകയില്‍ ആറ് ശതമാനം വര്‍ധനവരുത്താം. എല്ലാവര്‍ഷവും കൃത്യമായിട്ടായിരിക്കില്ലല്ലോ ചെലവുകള്‍ വരിക. അതുകൊണ്ടുതന്നെ ഈ തുക കൂടാതെ നോക്കുന്നതാകും ഉചിതം. ഒരു മാസം കൂടിയാലും അടുത്തമാസം ആനുപാതികമായി പിന്‍വലിക്കുന്ന തുക കുറയ്ക്കാം.
പിന്തുടരാം ഈ വഴികള്‍:
വരുമാനത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കുക. വിലക്കയറ്റത്തിന് അനുസരിച്ച് പദ്ധതികള്‍ ആസൂത്രണംചെയ്യുക. പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്കായി കരുതല്‍ ധനമായി അധിക തുക സൂക്ഷിച്ചുവെയ്ക്കുക.
റിസ്‌ക് കുറച്ച് വ്യത്യസ്ത ആസ്തികളില്‍ നിക്ഷേപം ക്രമീകരിക്കാം. ഹ്രസ്വകാല ആവശ്യങ്ങള്‍ക്കായും അടുത്ത മൂന്നു വര്‍ഷ കാലയളവിലെ ജീവിത ചെലവിനായും റിസ്‌ക് കുറഞ്ഞ സ്ഥിര നിക്ഷേപ പദ്ധതികളില്‍ പണം വകയിരുത്തുക. അഞ്ച് വര്‍ഷം കഴിഞ്ഞ് ആവശ്യംവരുന്ന തുകയ്ക്കായി അഗ്രസീവ് ഹൈബ്രിഡ്, ഫ്‌ളക്‌സി ക്യാപ് ഫണ്ടുകളില്‍ നിക്ഷേപിക്കാം. മൊത്തം സമ്പാദ്യത്തിന്റെ 30 മുതല്‍ 40 ശതമാനംവരെയാണ് ഈ വിഭാഗം ഫണ്ടുകളില്‍ നിക്ഷേപിക്കേണ്ടത്.
വിലക്കയറ്റത്തെ മറികടക്കാനുള്ള ശേഷി സ്ഥിര നിക്ഷേപ പദ്ധതികള്‍ക്കില്ലാത്തതിനാലാണ് വളര്‍ച്ചാ സാധ്യതയുള്ളവകൂടി പരിഗണിക്കുന്നത്. അഞ്ച് മുതല്‍ ഏഴ് വര്‍ഷംവരെ ജീവിക്കാനുള്ള തുക സ്ഥിര നിക്ഷേപ പദ്ധതികളില്‍ വകയിരുത്തിയശേഷമേ ഓഹരി അധിഷ്ഠിത പദ്ധതികള്‍ പരിഗണിക്കാവൂ.
ഇപ്രകാരം നിക്ഷേപിക്കാം:
ഹ്രസ്വകാലം(3-5 വര്‍ഷം)
- ബാങ്ക് എഫ്.ഡി
- അള്‍ട്ര ഷോര്‍ട് ഡ്യൂറേഷന്‍ ഫണ്ട്
- ഷോര്‍ട് ഡ്യൂറേഷന്‍ ഡെറ്റ് ഫണ്ട്
- കണ്‍സര്‍വേറ്റീവ് ഹൈബ്രിഡ് ഫണ്ട്
ദീര്‍ഘകാലം (5 വര്‍ഷത്തിന് മുകളില്‍)
- അഗ്രസീവ് ഹൈബ്രിഡ്, ഫ്‌ളക്‌സി ക്യാപ് ഫണ്ടുകള്‍.
മ്യൂച്വല്‍ ഫണ്ടില്‍ എസ്‌ഐപി വഴി നിക്ഷേപം സമാഹരിച്ചവര്‍ക്ക് കണ്‍സര്‍വേറ്റീവ് ഹൈബ്രിഡ് ഫണ്ടിലേക്ക് മാറ്റി സിസ്റ്റമാറ്റിക് വിത്രോഡവല്‍ പ്ലാന്‍ വഴി സ്ഥിരവരുമാനം കണ്ടെത്താം. ഇപ്രകാരം ചെയ്യുമ്പോള്‍ അടിയന്തര സാഹചര്യം നേരിടാന്‍ ഒരു വര്‍ഷത്തേയ്ക്ക് ആവശ്യമുള്ള തുക മുന്‍കൂറായി അള്‍ട്ര ഷോര്‍ട് ഡ്യൂറേഷന്‍ ഫണ്ടില്‍ കരുതിവെയ്ക്കാം.
ഈ കോളത്തില്‍തന്നെ നേരത്തെ വിശദീകരിച്ചിട്ടുള്ള 'ത്രീ ബക്കറ്റ് സ്ട്രാറ്റജി' യും പരിഗണിക്കാം.
വ്യത്യസ്ത നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്തി പരമാവധി വരുമാനം നേടുകയാണ് ലക്ഷ്യം.
- ബക്കറ്റ് 1: ഒരുവര്‍ഷത്തെ ജീവിതചെലവിനുള്ള തുക ബാങ്കിലെ സേവിങ്സ് അക്കൗണ്ടിലോ ലിക്വിഡ് ഫണ്ടിലോ നിക്ഷേപിക്കാം.
- ബക്കറ്റ് 2: അഞ്ചുവര്‍ഷത്തെ ജീവിതചെലവിനുള്ള പണം അള്‍ട്ര ഷോര്‍ട് ഡ്യൂറേഷന്‍, ഷോര്‍ട് ഡ്യൂറേഷന്‍ ഫണ്ടുകളിലോ സ്ഥിര നിക്ഷേപ പദ്ധതികളിലോ ഇടാം.
- ബക്കറ്റ് 3: ഉയര്‍ന്ന നിക്ഷേപ വളര്‍ച്ച ലക്ഷ്യമിട്ട് ഒരുവിഹിതം ഓഹരി അധിഷ്ഠിത പദ്ധതികളില്‍ നിക്ഷേപിക്കാം.
ശ്രദ്ധിക്കേണ്ടകാര്യം
ഒന്നാമത്തെ ബക്കറ്റ് എപ്പോഴും നിറഞ്ഞുനില്‍ക്കണം. ഓരോ മാസവും നിശ്ചിത തുക പിന്‍വലിക്കുമ്പോള്‍ രണ്ടുംമൂന്നും ബക്കറ്റുകളില്‍ നിക്ഷേപിച്ച തുകയിലെ പലിശയോ മൂലധനനേട്ടമോ പിന്‍വലിച്ച് ആദ്യത്തെ ബക്കറ്റിലേയ്ക്കുമാറ്റുകയാണ് ചെയ്യേണ്ടത്.
നിക്ഷേപത്തിന്റെ അഞ്ചു ശതമാനത്തിലധികം ഓരോമാസവും പിന്‍വലിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ജീവിതത്തിലുടനീളം രണ്ടുകോടി പ്രയോജനപ്പെടുത്തി മുന്നോട്ടുപോകാന്‍ ഇത് സാഹായിക്കും. ഓഹരി അധിഷ്ഠി മ്യൂച്വല്‍ ഫണ്ടില്‍നിന്നുള്ള മൂലധനനേട്ടം അഞ്ചു വര്‍ഷത്തിനുശേഷം പിന്‍വലിക്കുന്നതാണ് നല്ലത്.
ആദായത്തിനല്ല, സുരക്ഷയ്ക്കാണ് ആദ്യത്തെ ബക്കറ്റില്‍ നിക്ഷേപംനടത്തുമ്പോള്‍ മുന്‍ഗണന നല്‍കേണ്ടത്. രണ്ടാമത്തെ ബക്കറ്റിലെ നിക്ഷേപത്തിന് ആദായത്തോടൈാപ്പം സുരക്ഷയും പരിഗണിക്കാം. മൂന്നാമത്തെ നിക്ഷേപം ദീര്‍ഘകാലയളവിലെ നേട്ടത്തിനായി ഓഹരി അധിഷ്ഠിത പദ്ധതികളിലായതിനാല്‍ അഞ്ചു വര്‍ഷംവരെ കാത്തിരിക്കുക. ഫ്‌ളക്‌സി ക്യാപ്, അഗ്രസീവ് ഹൈബ്രിഡ് എന്നീ കാറ്റഗറിയിലെ ഫണ്ടുകളാണ് പരിഗണിക്കേണ്ടത്.
feedback to:
antonycdavis@gmail.com
Content Highlights: ₹1 Lakh Monthly Expenses After Retirement: Is Your ₹2 Crore Investment Enough?
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·