പിന്നിട്ട വ്യാപാര ആഴ്ചയിലും വിപണിയില്‍ നിരാശ പ്രകടമായി. തുടര്‍ച്ചയായി നാലാമത്തെ ആഴ്ചയും ഇടിവോടെയായിരുന്നു ക്ലോസിങ്. വെള്ളിയാഴ്ച മാത്രം സൂചികകള്‍ക്ക് ഒരു ശതമാനത്തോളം നഷ്ടമായി. 2024 ഒക്ടോബറിന് ശേഷം ഇതാദ്യമായാണ് ദൈര്‍ഘ്യമേറിയ പ്രതിവാര നഷ്ടം രേഖപ്പെടുത്തുന്നത്. ഇന്ത്യ-യുകെ വ്യാപാര കരാര്‍, കമ്പനികളുടെ സമ്മിശ്രമായ പ്രവര്‍ത്തന ഫലങ്ങള്‍, വിദേശ നിക്ഷേപകരുടെ വിറ്റൊഴിയല്‍, യുഎസ് ഇന്ത്യ വ്യാപാര കരാറിനെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങള്‍ എന്നിവയാണ് ഈയാഴ്ച വിപണിയെ പിടിച്ചുലച്ചത്.
വിദേശ നിക്ഷേപകര്‍ ആഴ്ചയിലുടനീളം അറ്റ വില്പനക്കാരായി. മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ വിദേശകളുടെ വില്പനയെ ചെറുത്തു. വിദേശ നിക്ഷേപകര്‍ 13,552 കോടി രൂപ മൂല്യമുള്ള ഓഹരികള്‍ വിറ്റൊഴിഞ്ഞപ്പോള്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 17,932 കോടി രൂപ നിക്ഷേപിക്കുകയും ചെയ്തു.
പിന്നിട്ട ആഴ്ചയില്‍ വിപണി മൂല്യത്തില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത് റിലയന്‍സ് ഇന്‍ഡസ്ട്രീസിനാണ്. ഐടിസി, ടിസിഎസ്, ഇന്‍ഫോസിസ് എന്നിവ തൊട്ടുപിന്നിലുണ്ട്. എറ്റേണല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ വിപണി മൂല്യത്തില്‍ മികച്ച നേട്ടമുണ്ടാക്കുകയും ചെയ്തു.
ബിഎസ്ഇ സ്‌മോള്‍ ക്യാപ് സൂചിക 2.5 ശതമാനം ഇടിഞ്ഞു. ഐഇഎക്‌സ്, ബ്ലൂ ജെറ്റ് ഹെല്‍ത്ത് കെയര്‍, കണ്‍ട്രോള്‍ പ്രിന്റ്, വെന്‍ഡ് (ഇന്ത്യ), കെസോള്‍വ്‌സ് ഇന്ത്യ, അയോണ്‍ എക്‌സ്‌ചേഞ്ച് ഇന്ത്യ, സിയറ്റ്, പിസി ജ്വല്ലര്‍ തുടങ്ങിയ ഓഹരികള്‍ 10 മുതല്‍ 34 ശതമാനംവരെ ഇടിവ് രേഖപ്പെടുത്തി.
ബിഎസ്ഇ മിഡ് ക്യാപ് സൂചിക 1.7 ശതമാനമാണ് താഴ്ന്നത്. കോഫോര്‍ജ്, സീ എന്റര്‍ടെയ്ന്‍മെന്റ്, പെര്‍സിസ്റ്റന്റ് സിസ്റ്റംസ്, എംഫസിസ്, എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, കോള്‍ഗേറ്റ് പാമോലിവ് എന്നിവയാണ് പ്രധാനമായും നഷ്ടം നേരിട്ടത്.
ലാര്‍ജ് ക്യാപ് സൂചികയാകട്ടെ 0.7 ശതമാനം താഴ്ന്നു. നെസ്‌ലെ ഇന്ത്യ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ട്രെന്‍ഡ്, എന്‍ടിപിസി ഗ്രീന്‍ എനര്‍ജി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളും നഷ്ടത്തിലായി.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മീഡിയ 5.7 ശതമാനം തകര്‍ച്ച നേരിട്ടു. റിയാല്‍റ്റി അഞ്ച് ശതമാനവും ഐടി നാല് ശതമാനവും ഓയില്‍ ആന്‍ഡ് ഗ്യാസ്, എഫ്എംസിജി എന്നിവ 3.5ശതമാനംവീതവും നഷ്ടത്തിലായി. അതേസമയം, നിഫ്റ്റി ബാങ്ക്, ഫാര്‍മ, സ്വകാര്യ ബാങ്ക് സൂചികകള്‍ നേരിയതോതിലായിരുന്നെങ്കിലും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ വിപണി കാര്യമായ നേട്ടമുണ്ടാക്കിയിരുന്നു. ജൂലായ് മാസത്തിലാകട്ടെ നേട്ടത്തിലാകാറാണ് പതിവ്. എന്നാല്‍ ഇത്തവണ ജൂലായില്‍ പ്രതീക്ഷയ്ക്ക് വകകാണുന്നില്ല. വിപണി ചാഞ്ചാട്ടത്തില്‍ തുടരുന്ന സാഹചര്യത്തില്‍ തിരുത്തലുണ്ടാകുമ്പോള്‍ ഇടക്കാലം ലക്ഷ്യമിട്ട് നിക്ഷേപം പരിഗണിക്കാവുന്നതാണ്.
യുഎസ്-ഇന്ത്യ വ്യാപാ കരാറില്‍ കൂടുതല്‍ വ്യക്തത വരുന്നതുവരെ വിപണി മാറ്റമില്ലാതെ തുടര്‍ന്നേക്കാം. വിദേശ നിക്ഷേപകരുടെ പിന്മാറ്റം തുടരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. ചൈനയ്‌ക്കോ വിയറ്റ്‌നാമിനോ ഉള്ളതിനേക്കാള്‍ ഉയര്‍ന്ന തരിഫ് ഇന്ത്യക്കുമേല്‍ ചുമത്താന്‍ സാധ്യതയില്ല. കരാര്‍ സംബന്ധിച്ച അനിശ്ചിതത്വം അവസാനിച്ചാല്‍ സൂചികകള്‍ക്ക് തിരിച്ചുവരാനായേക്കും.
ട്രംപിന്റെ ഓഗസ്റ്റ് ഒന്നെന്ന സമയപരിധി അടുക്കുമ്പോള്‍ വിപണി ശുഭാപ്തിവിശ്വാസത്തിലാണ്. ജപ്പാനും യുഎസും കരാറിലെത്തിക്കഴിഞ്ഞു. 30 ശതമാനമെന്ന താരിഫ് ഭീഷണി ട്രംപ് നടപ്പാക്കില്ലെന്നാണ് കരുതുന്നത്. വിട്ടുവീഴ്ചയുടെ സൂചനകളിലാണ് വിപണിയുടെ പ്രതീക്ഷ.
യുഎസ് കേന്ദ്ര ബാങ്ക് നിരക്ക് നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെഡ് റിസര്‍വ് ചെയര്‍മാന്‍ ജെറോ പവലിന് മേലുള്ള സമ്മര്‍ദം എത്രത്തോളമുണ്ടായിരുന്നുവെന്ന് ബുധനാഴ്ച അറിയാം. നിരക്ക് കുറയ്ക്കാത്തതിന് ട്രംപ് പവലിനെതിരെ തിരിഞ്ഞിരുന്നു. താരിഫ് നടപ്പാക്കിയാലുണ്ടായേക്കാവുന്ന ആഗോള പണപ്പെരുപ്പ സമ്മര്‍ദത്തെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം യൂറോപ്യന്‍ കേന്ദ്ര ബാങ്ക് പണനയ ഇളവുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഫെഡിന്റെ നിരക്ക് തീരുമാനത്തെ സ്വാധീനിക്കുമെന്നതിനാല്‍, പുറത്തുവരാനിരിക്കുന്ന ജിഡിപി, തൊഴില്‍ കണക്കുകള്‍ ഉള്‍പ്പടെയുള്ളവ സൂക്ഷമമായി നിരീക്ഷച്ചശേഷമായിരിക്കും അടുത്ത നീക്കം.
ഇന്ത്യ-യുഎസ് വ്യാപാര ഇടപാടുകളിലെ അനിശ്ചിതത്വം, അനുകൂലമല്ലാത്ത പാദഫലങ്ങള്‍, വിദേശ നിക്ഷേപകരുടെ വിറ്റൊഴിയല്‍ എന്നിവയാണ് വിപണിയെ സ്വാധീനിച്ചേക്കാവുന്ന ഘടകങ്ങള്‍. പാദഫലങ്ങള്‍ പ്രതീക്ഷിച്ചതുപോലെയായിരുന്നെങ്കിലും വിവിധ സെക്ടറുകളിലെ പല കമ്പനികളും നല്‍കിയ ഭാവി സൂചന വിപണിയുടെ നീക്കത്തെ ബാധിച്ചു.
പ്രവര്‍ത്തന ഫലങ്ങളിലെ സമ്മിശ്ര പ്രതികരണം മൂകത സൃഷ്ടിച്ചിട്ടുണ്ടെന്നതൊഴിച്ചാല്‍ ആഭ്യന്തര കാരണങ്ങളേക്കാള്‍ ആഗോള സാഹചര്യങ്ങളാണ് രാജ്യത്തെ വിപണിയെ ഇപ്പോള്‍ പിന്തുടരുന്നത്. അതേസമയം, മികച്ച മണ്‍സൂണ്‍ ലഭ്യതയും പണപ്പെരുപ്പ നിരക്കുകള്‍ കുറയുന്നതും അനുകൂല ഘടകങ്ങളാണ്.
Content Highlights: Market Declines for Fourth Week: Will Next Week Bring Relief?
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·