ഞാൻ കൊടുത്ത കഥ ഇതായിരുന്നില്ല'; 'ബിഗ് ബഡ്ജറ്റ് സിനിമയായപ്പോൾ കഥയിൽ മാറ്റങ്ങൾ വന്നു', ഗെയിം ചന്ജർ സിനിമയെപ്പറ്റി കാർത്തിക് സുബ്ബരാജ്

2 weeks ago 4
തമിഴ് സംവിധായകൻ ശങ്കർ സംവിധാനം ചെയ്ത ഗെയിം ചേഞ്ച്ർ എന്ന ചിത്രം താൻ കൊടുത്ത കഥയല്ലന്നു വെളിപ്പെടുത്തിയിരിക്കുകയാണ് കാർത്തിക് സുബ്ബരാജ് . റാം ചാരൻ നായകനായ പടം തീയേറ്ററുകളിൽ എത്തിയപ്പോൾ വലിയ വിജയം കൈവരിക്കാൻ സാധിച്ചില്ല. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ യഥാർഥ കഥ തന്റെ മനസ്സിലുണ്ടായിരുന്ന ആശയത്തിൽനിന്ന് ഏറെ വ്യത്യസ്തമായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ കാർത്തിക് സുബ്ബരാജ്. ചിത്രത്തിനായി താൻ ആദ്യം എഴുതിയ കഥയിൽ മധുരൈ പശ്ചാത്തലത്തിലുള്ള ഗ്യാങ്സ്റ്റർ സിനിമയുടെ ഘടകങ്ങളുണ്ടായിരുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ശങ്കറിന്റെ കൈകളിലെത്തിയതോടെ കഥയുടെ സ്വഭാവത്തിലും അവതരണത്തിലും വലിയ മാറ്റങ്ങളുണ്ടായെന്നും കാർത്തിക് പറഞ്ഞു.

മറ്റൊരു സംവിധായകൻ ഒരുക്കുന്ന ചിത്രത്തിനായി ആദ്യമായി കഥയെഴുതുന്നു എന്ന പ്രത്യേകതയും ഗെയിം ചേഞ്ചറിനുണ്ടായിരുന്നു. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ പിന്നിലെ കഥയെക്കുറിച്ച് കാർത്തിക് സുബ്ബരാജ് മനസ്സുതുറന്നത്. തന്റെ കൈവശമുണ്ടായിരുന്ന ഒരു കഥ ശങ്കർ സാറിനോട് പറയുകയും അത് അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തതുകൊണ്ടാണ് താൻ ഗെയിം ചേഞ്ചറിന്റെ ഭാഗമായതെന്ന് കാർത്തിക് വെളിപ്പെടുത്തി.

Samayam Malayalamജയിലർ 2 തകർത്തത് പികെ സിനിമയുടെ ലൈഫ് ടൈം കളക്ഷൻ റെക്കോർഡ് ; 816 കോടി കളക്ഷനുമായി മൂന്നാം വാരത്തിലേക്ക്
കഥയ്ക്കൊപ്പം തിരക്കഥയും എഴുതാൻ ശങ്കർ ആവശ്യപെട്ടിരുന്നെങ്കിലും ആ സമയത്ത് വിക്രം നായകനായ 'മഹാൻ' എന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികളിലായിരുന്നതിനാൽ തിരക്കഥ എഴുതാൻ സാധിക്കില്ലെന്ന് കാർത്തിക് അറിയിച്ചു. തുടർന്ന് കഥ മാത്രം അദ്ദേഹത്തിന് നൽകുകയായിരുന്നു. ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ നിലവിലുള്ള സംവിധാനത്തെ മാറ്റിമറിക്കാൻ ശ്രമിക്കുന്നതായിരുന്നു കാർത്തിക് ആദ്യം പങ്കുവെച്ച കഥയുടെ പ്രമേയം.

രാജ്കുമാർ റാവു നായകനായെത്തിയ 'ന്യൂട്ടൺ' എന്ന ചിത്രവുമായി തന്റെ കഥയ്ക്ക് ചില സാമ്യങ്ങളുണ്ടായിരുന്നുവെന്നും എന്നാൽ എഴുതിയ ചിത്രത്തിൽ കൂടുതൽ ആക്ഷനും റിയലിസ്റ്റിക് ബാക്ഗ്രൗണ്ടും ഉൾപ്പെടുത്തിയിരുന്നുവെന്നും കാർത്തിക് പറഞ്ഞു. സാധാരണ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ ജീവിതം മാത്രം പറയുന്ന കഥയായിരുന്നില്ല അത്. രാഷ്ട്രീയവും അധികാരവും അഴിമതിയും ഉൾപ്പെടുന്ന വിഷയങ്ങൾക്കൊപ്പം ഗ്യാങ്സ്റ്റർ പശ്ചാത്തലവും കഥയിലുണ്ടായിരുന്നു. തമിഴിൽ എഴുതിയ കഥയായതിനാൽ മധുരൈയിൽ നിന്നുള്ള ഒരു കഥാപാത്രത്തെയും അദ്ദേഹത്തിന്റെ ഗ്യാങ്സ്റ്റർ ജീവിതത്തെയും ചുറ്റിപ്പറ്റിയുള്ള ഘടകങ്ങൾ അതിലുണ്ടായിരുന്നുവെന്നും കാർത്തിക് വ്യക്തമാക്കി.


എന്നാൽ വലിയ ബജറ്റിൽ, രാം ചരൺ പോലൊരു താരത്തെ നായകനാക്കി ശങ്കർ ചിത്രം ഒരുക്കാൻ തീരുമാനിച്ചതോടെ കഥയുടെ ശൈലിയിൽ മാറ്റങ്ങൾ സംഭവിച്ചുവെന്നാണ് കാർത്തിക്കിന്റെ വാക്കുകൾ. ഒരു വലിയ താരത്തിനും സംവിധായകനും വേണ്ടി കഥ വികസിപ്പിക്കുമ്പോൾ അതിന്റെ സ്വഭാവത്തിലും കഥാഗതിയിലും മാറ്റങ്ങൾ വരുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. തന്റെ ആദ്യ ആശയത്തിൽനിന്ന് സിനിമ വ്യത്യസ്തമായെങ്കിലും ശങ്കറിനെപ്പോലൊരു ഇതിഹാസ സംവിധായകൻ തന്റെ കഥ ഏറ്റെടുത്തതിൽ സന്തോഷമുണ്ടെന്നും കാർത്തിക് കൂട്ടിച്ചേർത്തു.

2025 ജനുവരിയിലാണ് ഗെയിം ചേഞ്ചർ തിയേറ്ററുകളിലെത്തിയത്. രാം ചരൺ ഇരട്ടവേഷത്തിലെത്തിയ ചിത്രത്തിൽ കിയാര അദ്വാനിയായിരുന്നു നായിക. അഞ്ജലി, എസ്.ജെ. സൂര്യ, സമുദ്രക്കനി, ശ്രീകാന്ത്, ജയറാം, നവീൻ ചന്ദ്ര തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അഴിമതിക്കെതിരെ പോരാടുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ കഥ പറഞ്ഞ ചിത്രം വലിയ പ്രതീക്ഷകളോടെയായിരുന്നു റിലീസ് ചെയ്തത്. എന്നാൽ പ്രേക്ഷകരിൽനിന്നും നിരൂപകരിൽനിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.


കാർത്തിക്കിന്റെ വെളിപ്പെടുത്തലോടെ ഗെയിം ചേഞ്ചറിന്റെ ആദ്യ കഥ എങ്ങനെയായിരുന്നുവെന്നതിനെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്കും തുടക്കമായിരിക്കുകയാണ്. മധുരൈ പശ്ചാത്തലത്തിലുള്ള ഒരു ഗ്യാങ്സ്റ്റർ കഥയും രാഷ്ട്രീയ ആക്ഷൻ ഡ്രാമയും ചേർന്ന കാർത്തിക്കിന്റെ യഥാർഥ ആശയം സിനിമയായി മാറിയിരുന്നെങ്കിൽ ആ ചിത്രം മറ്റൊരു അനുഭവം തീയേറ്ററുകളിൽ സമ്മാനിക്കുമായിരുന്നു എന്നാണ് പല സിനിമ പ്രേമികളും അഭിപ്രയപെടുന്നത്.
Read Entire Article