ആപ്പിൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രത്യേക പരിപാടിയുടെ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 9ന് പരിപാടി സംഘടിപ്പിക്കുമെന്ന് ആപ്പിൾ ഔദ്യോഗികമായി അറിയിച്ചു. ‘സർപ്രൈസ് ആൻഡ് ഷൈൻ’ എന്ന ടാഗ്‌ലൈനിലാണ് ഇത്തവണത്തെ പരിപാടി. പുതിയ ഐഫോൺ 18 സീരീസ് ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ ഈ വേദിയിൽ അവതരിപ്പിച്ചേക്കുമെന്നാണ് വ്യവസായ വൃത്തങ്ങളുടെ വിലയിരുത്തൽ.
ഇന്ത്യൻ സമയം അനുസരിച്ച് സെപ്റ്റംബർ 9ന് രാത്രി 10.30നാണ് പരിപാടി ആരംഭിക്കുക. ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, യൂട്യൂബ്, ആപ്പിൾ ടിവി എന്നിവയിലൂടെ പരിപാടി തത്സമയം കാണാനാകും. അമേരിക്കയിലെ കാലിഫോർണിയയിലുള്ള കുപെർട്ടിനോ ആപ്പിൾ പാർക്ക് കാമ്പസിലാണ് പരിപാടി നടക്കുന്നത്.
ഐഫോൺ 18 സീരീസിനൊപ്പം ആപ്പിൾ വാച്ച് സീരീസ് 12, ആപ്പിൾ വാച്ച് അൾട്ര എന്നിവയുടെ പുതിയ പതിപ്പുകളും അവതരിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷ. സ്മാർട്ട് ഹോം വിഭാഗത്തിൽ പുതിയ ഉപകരണങ്ങളും കമ്പനി അവതരിപ്പിച്ചേക്കാം. എന്നാൽ പരിപാടിയിൽ അവതരിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ വിശദാംശങ്ങൾ ആപ്പിൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
അതേസമയം, ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഐഫോണും ഇത്തവണ അവതരിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. ഇക്കാര്യത്തിൽ കമ്പനിയുടെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ഇതോടെയാണ് സെപ്റ്റംബർ 9ലെ പരിപാടിയിലേക്കുള്ള ടെക് ലോകത്തിന്റെ ശ്രദ്ധ വർധിച്ചത്.
ക്യാമറകൾ ഘടിപ്പിച്ച എയർപോഡുകളെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ഇതിനിടെ ശക്തമാകുന്നുണ്ട്. 2027ൽ ഇത്തരം എയർപോഡുകൾ അവതരിപ്പിക്കാനുള്ള ആപ്പിളിന്റെ പദ്ധതി തുടരുകയാണെന്നാണ് ബ്ലൂംബെർഗിന്റെ റിപ്പോർട്ട്. വിതരണ ശൃംഖലയിലെ പ്രശ്നങ്ങളും സോഫ്റ്റ്‌വെയർ സംബന്ധമായ വെല്ലുവിളികളും കാരണം ഉൽപ്പന്നത്തിന്റെ റിലീസ് വൈകിയതായാണ് റിപ്പോർട്ടുകൾ.
അടുത്തിടെ മാക് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിൽ ക്യാമറയുള്ള എയർപോഡുകളുമായി ബന്ധപ്പെട്ട വീഡിയോ പ്രത്യക്ഷപ്പെട്ടതോടെയാണ് പുതിയ അഭ്യൂഹങ്ങൾ ശക്തമായത്. സെപ്റ്റംബർ 9ലെ പരിപാടിയിൽ ആപ്പിൾ എന്തെല്ലാം പുതുമകൾ അവതരിപ്പിക്കുമെന്ന ആകാംക്ഷയിലാണ് ടെക് ലോകവും ആരാധകരും.
3 weeks ago
3





English (US) ·