ടെസ്‌ല ഇ.വിയുടെ ഇന്ത്യയിലെ വില പ്രഖ്യാപിച്ചു: നേരിടുന്നത് കടുത്ത മത്സരം

6 months ago 8

ടെസ്‌ലയുടെ വൈ മോഡല്‍ ഇ.വി ഇന്ത്യയില്‍ 60 ലക്ഷം രൂപയ്ക്ക് വില്‍ക്കും. ചൊവാഴ്ചയാണ് വെബ്‌സൈറ്റ് വഴി വിലവിവര പട്ടിക പുറത്തുവിട്ടത്. മുഴുവന്‍ തുകയും ഒന്നിച്ച് നല്‍കുന്നവര്‍ക്കാണ് ഈ വിലയില്‍ വാഹനം ലഭിക്കുക. അതേസമയം, കൂടിയ റേഞ്ച് ഉള്ള റിയര്‍ വീല്‍ ഡ്രൈവ് മോഡലിന് 68 ലക്ഷമാണ് വില.

യു.എസില്‍ മോഡല്‍ വൈയുടെ വില 44,990 ഡോളറാണ്. ചൈനയില്‍ 2,63,500 യുവാനും മുടക്കണം. ജര്‍മനിയിലാകട്ടെ 45,970 യൂറോയാണ് വില. യുഎസിലെ വാഹനത്തിന്റെ അടിസ്ഥാന വിലയേക്കാള്‍ 15,000 ഡോളര്‍ കൂടുതലാണ് ഇന്ത്യയിലെ വില.

വര്‍ഷങ്ങള്‍ നീണ്ട ഊഹോപോഹങ്ങള്‍ക്ക് ശേഷമാണ് ടെസ്‌ല ഇന്ത്യയിലെ ആദ്യത്തെ ഷോറൂം തുറക്കുന്നത്. മുംബൈയിലെ പ്രധാന സാമ്പത്തിക മേഖലയായ ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ 4,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് ഷോറൂം. ചൈനയില്‍ നിര്‍മിച്ച മോഡല്‍ വൈയുടെ ക്രോസോവറുകളാണ് ഇവിടെ പ്രദര്‍ശിപ്പിക്കുക. ഈ മാസം അവസാനത്തോടെ രണ്ടാമത്തെ ഷോറൂം ന്യൂഡല്‍ഹിയില്‍ തുറക്കുന്നതിനും പദ്ധതിയുണ്ട്.

ലോകത്തിലെതന്നെ മൂന്നാമത്തെ വലിയ വാഹന വിപണിയായിട്ടും ഇന്ത്യയില്‍ ഫാക്ടറി നിര്‍മിക്കാന്‍ ടെസ്‌ല ഇതുവരെ തയ്യാറായിട്ടില്ല. ബ്രാന്‍ഡിന്റെ സ്വീകാര്യത പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രധാന രണ്ട് വാഹന വിപണികളായ യുഎസിലും ചൈനയിലും വെല്ലുവിളിനേരിടുന്ന സമയത്താണ് ഇന്ത്യയില്‍ ടെസ്‌ലയെത്തുന്നതെന്നതും ശ്രദ്ധേയമാണ്. 2025ന്റെ ആദ്യ പാദത്തില്‍ ടെസ്‌ലയുടെ ലാഭം മുന്‍ കാലയളവിലെ 17.4 ശതമാനത്തില്‍നിന്ന് 16.3 ശതമാനമായി കുറഞ്ഞിരുന്നു. വരുമാനമാകട്ടെ 21.11 ബില്യണില്‍നിന്ന് 19.34 ബില്യണായി. ദുര്‍ബലമായി ഡിമാന്‍ഡും വിലകുറയ്ക്കാനുള്ള സമ്മര്‍ദവുമൊക്കെയാണ് കാരണം.

ഒരുകാലത്ത് ടെസ്‌ലയുടെ പ്രധാന വിപണിയായിരുന്ന ചൈനയിലെ വിപണി വിഹത്തില്‍ ഈയിടെ വന്‍തോതില്‍ കുറവുണ്ടായി. ബിവൈഡി, ഷവോമി പോലുള്ള പ്രാദേശിക എതിരാളികളില്‍നിന്ന് കടുത്ത മത്സരമാണ് ടെസ്‌ല നേരിടുന്നത്.

Content Highlights: Tesla Model Y Arrives successful India: A Look astatine its Pricing, Market Entry, and Global Performance.

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article