മുജീബുര്‍റഹ്മാന്‍ കരിയാടന്‍
കേരളത്തിനൊരു ഫാന്റസി നഗരമുണ്ടെങ്കില്‍ അതിനെ ഫോര്‍ട്ട് കൊച്ചിയെന്നു വിളിക്കാം. ഫോര്‍ട്ട് കൊച്ചി പശ്ചാതലമാക്കി ഫാന്റസിയുടെ കണ്ണഞ്ചിക്കുന്ന ദൃശ്യങ്ങളുമായി മലയാളത്തിലൊരു സിനിമ പുറത്തിറങ്ങിയാല്‍ അതിനെ ടൈറ്റന്‍സ് എന്നും വിളിക്കാം. പതിവില്‍ കവിഞ്ഞ ആകാരവും ശക്തിയും സ്വാധീനവുമൊക്കെയുള്ള ഒരു വ്യക്തിയേയോ വസ്തുവിനെയോ വിശേഷിപ്പിക്കുന്ന നാമമാണ് ടൈറ്റന്‍. അത്തരത്തില്‍ സ്വാധീനവും ശക്തിയുമൊക്കെ പ്രകടമാക്കുന്ന കഥാപാത്രങ്ങള്‍ നിറഞ്ഞതിനാലാവണം സിനിമയ്ക്ക് ടൈറ്റന്‍സ് എന്ന പേര് നല്‍കിയിരിക്കുന്നത്.
ടൈറ്റില്‍ കാര്‍ഡില്‍ തന്നെ അത്ഭുതവും കൗതുകവും നിറച്ചുവെച്ചാണ് ടൈറ്റന്‍സ് ആരംഭിക്കുന്നത്. ഇംഗ്ലീഷ് ആനിമേഷന്‍ സിനിമകളോട് കിടപിടിക്കുന്ന ദൃശ്യങ്ങളിലാണ് ടൈറ്റന്‍സിന്റെ ടൈറ്റില്‍ കാര്‍ഡ് ഒതുക്കിവെച്ചിരിക്കുന്നത്. സിനിമയുടെ പ്രമേയം തുടക്കത്തിലെ ആനിമേഷനില്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും സിനിമ പകുതിയിലധികം കഴിയുമ്പോള്‍ മാത്രമേ പ്രേക്ഷകര്‍ക്ക് അത് പിടികിട്ടുകയുള്ളു. നന്മയും തിന്മയും തമ്മില്‍ നേരിട്ട് നടത്തുന്ന ഏറ്റുമുട്ടലാണ് ടൈറ്റല്‍ കാര്‍ഡിലെ ആനിമേഷനിലുള്ളത്.
ടൈറ്റന്‍സിന്റെ തുടക്കം ആനിമേഷന്‍ സാങ്കല്‍പ്പിക കഥാപാത്രങ്ങളിലൂടെയാണെങ്കില്‍ എന്‍ഡ് ടൈറ്റിലില്‍ സിനിമയിലെ കഥാപാത്രങ്ങളെ ആനിമേഷനിലേക്ക് പരിവര്‍ത്തിപ്പിച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്.
വളരെ രസം തോന്നുന്ന ഇന്‍ട്രോ സീനില്‍ തുടങ്ങുന്ന ടൈറ്റന്‍സിന്റെ മികച്ച കഥ പറച്ചില്‍ രീതി. ഒരുപക്ഷേ, ഇന്‍ട്രോ സീനില്‍ ഒളിപ്പിച്ചുവെച്ച ആ കൗതുകം പ്രേക്ഷകര്‍ക്ക് ആദ്യം പിടികിട്ടില്ലെന്ന് മാത്രമല്ല ഇതെന്താ ഇങ്ങനെയൊക്കെയെന്ന് തോന്നുകയും ചെയ്യാം.
ജയസൂര്യയുടെ ആന്റണി യക്കൂസയും വിനായകന്റെ റജിമോനും അവരോടൊപ്പം നിഹാല്‍ നിസാമിന്റെ അന്‍വറും ചേര്‍ന്നാണ് സിനിമയെ മുമ്പോട്ടു കൊണ്ടുപോകുന്നത്. ജയസൂര്യ- വിനായകന്‍ കൂട്ടുകെട്ട് മികച്ച കെമിസ്ട്രിയാണ് ടൈറ്റന്‍സിന് നല്‍കുന്നത്. ഇവരോടൊപ്പം മുഴുനീള കഥാപാത്രമായി നിഹാല്‍ നിസാമിനും പിടിച്ചു നില്‍ക്കാനാവുന്നു.
ജയസൂര്യയുടെ ആന്റണി യക്കൂസ ഇടക്ക് ആടിലെ ഷാജി പാപ്പനിലേക്ക് വഴുതി വീഴുന്നുണ്ടെന്നത് പ്രധാന പോരായ്മയാണെങ്കിലും വിനായകന്റെ റെജിമോന്‍ മുന്‍ കഥാപാത്രങ്ങളിലേക്കൊന്നിലേക്കും ചായാതെ തുടക്കം മുതല്‍ ഒടുക്കം വരെ സ്ഥിരത നിലനിര്‍ത്തുന്നുണ്ട്. കളങ്കാവലിലെ പൊലീസ് ഉദ്യോഗസ്ഥനേയും ടൈറ്റന്‍സിലെ റെജിമോനേയും താരതമ്യപ്പെടുത്തിയാല്‍ അഭിനയത്തിന്റെ രണ്ട് ധ്രുവങ്ങള്‍ ഈ കഥാപാത്രങ്ങളിലേക്ക് കൊണ്ടുവരാന്‍ വിനായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
ഇന്ദ്രന്‍സിന്റെ 'ജി', സണ്ണി വെയ്നിന്റെ ലൂസിഫര്‍ എന്നിവയാണ് സിനിമയുടെ ശ്രദ്ധ കൊണ്ടുപോകുന്ന മറ്റു രണ്ടു കഥാപാത്രങ്ങള്‍. ഇന്ദ്രന്‍സും സണ്ണിവെയ്നും എതിര്‍ നിരയില്‍ നിന്ന് തങ്ങളുടെ കഥാപാത്രങ്ങള്‍ക്ക് മിഴിവും മികവും നല്‍കിയിട്ടുണ്ട്.
ബേബി ജീനിന്റെ കഥാപാത്രത്തെ കൂടി ഇതോടൊപ്പം ചേര്‍ത്തു പറയണം. ജെന്‍ സി പിള്ളേരുടെ ഭാവഹാവാദികളും 'അധോലോക' കാഴ്ചപ്പാടുമായി നടക്കുന്ന ബേബി ജീന്‍ കഥാപാത്രം പ്രേക്ഷകര്‍ക്ക് വേറൊരു കാഴ്ചയാണ് സമ്മാനിക്കുന്നത്.
സിനിമയിലെ നായകന്‍മാരേയും വില്ലന്‍മാരേയുമെല്ലാം പറയുമ്പോഴും അതിഭാവനയോടെ കഥ മെനഞ്ഞെടുത്ത ജെയിംസ് സെബാസ്റ്റിയനാണ് കയ്യടി കൊടുക്കേണ്ടത്. ഫാന്റസിയുടെ അതിരുകളിലേക്ക് കഥയെ പറത്തിവിടുകയാണ് ജെയിംസ് ചെയ്തിരിക്കുന്നത്.
ഭാവനയുടെ പുതിയ ആകാശങ്ങളിലേക്കാണ് സിനിമ ചിറകുവിരിച്ച് പറക്കുന്നത്. ലോക പോലെ ഫാന്റസി കഥയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടല്ല ടൈറ്റന്‍സ് ചെയ്തിരിക്കുന്നത്. സാധാരണ മനുഷ്യരുടെ വിശ്വാസങ്ങളില്‍ കാലാകാലങ്ങളായി നിലനില്‍ക്കുന്ന സ്വര്‍ഗ്ഗ- നരക, നന്മ- തിന്മ സങ്കല്‍പ്പമാണ് സിനിമയുടെ പ്രമേയം. അതിനെ കേരളീയ പശ്ചാതലത്തിലേക്കും ഫോര്‍ട്ട് കൊച്ചി 'ലോകത്തേക്കും' കൊണ്ടുവന്നാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്. ഇത്രയും കാലം കണ്ട സ്വര്‍ഗ്ഗവും നരകവുമല്ല അതിനപ്പുറത്തേക്കൊരു സ്വര്‍ഗ്ഗത്തേയും നരകത്തേയുമൊക്കെ അവതരിപ്പിക്കാനാവുമല്ലോ എന്നുകൂടി ടൈറ്റന്‍സ് തെളിയിക്കുന്നു.
സിനിമയെ കാഴ്ചക്കാരിലേക്ക് എത്തിക്കുന്നതില്‍ ഷമീര്‍ മുഹമ്മദിന്റെ എഡിറ്റിംഗ് മികവ് വലിയ പങ്കുവഹിക്കുന്നുണ്ട്. ഡോണ്‍ വിന്‍സെന്റിന്റെ സംഗീതവും വിഷ്ണു ശര്‍മയുടെ ക്യാമറയും മാത്രമല്ല ഏച്ചുകെട്ടല്‍ അനുഭവപ്പെടുത്താത്ത ആനിമേഷന്‍, വി എഫ് എക്‌സ് രംഗത്തങ്ങളും ടൈറ്റന്‍സിന് ഗുണം ചെയ്യുന്നുണ്ട്.
ഒരുകാലത്ത് ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ടിരുന്ന രംഗങ്ങളാണ് സാങ്കേതികതയുടെ കുതിച്ചു ചാട്ടത്തോടെ മലയാള സിനിമയ്ക്കും കൂടി സ്വന്തമാക്കാന്‍ സാധിച്ചിരിക്കുന്നത്. ചിറക് വിരിയുന്നതും അപ്രത്യക്ഷമാകുന്നതുമെല്ലാം സ്വാഭാവികതയോടെ സ്‌ക്രീനില്‍ തെളിയുന്നുണ്ട്.
ദുരൂഹതകളൊന്നുമില്ലാതെ കടന്നുപോകുമ്പോഴും പ്രേക്ഷകര്‍ക്ക് മുമ്പില്‍ ആദ്യരംഗങ്ങളിലൊന്നും സിനിമ അതിന്റെ കെട്ട് പൂര്‍ണമായും അഴിച്ചുവിടുന്നില്ല. അതുകൊണ്ടുതന്നെ പറഞ്ഞു വരുന്ന വിഷയത്തിന്റെ രസച്ചരട് മുറിഞ്ഞു പോകാതെയും ആവശ്യമായ സന്നാഹത്തോടെയാണ് സിനിമ മുന്നോട്ടു പോകുന്നത്. മാത്രമല്ല മേക്കിംഗ് രീതി കാഴ്ചക്കാരെ പിടിച്ചിരുത്തുന്നതുമാണ്. തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ആവശ്യപ്പെടുന്ന ചിത്രമാണ് ടൈറ്റന്‍സ്.
മിഥുന്‍ മാനുവല്‍ തോമസ്, ഇര്‍ഷാദ് എം ഹസ്സന്‍, പ്രദീപ് സി എസ് എന്നിവര്‍ ചേര്‍ന്നാണ് നേരമ്പോക്കിന്റെ ബാനറില്‍ ടൈറ്റന്‍സ് നിര്‍മിച്ചിരിക്കുന്നത്.




English (US) ·