യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അസ്ഥിരമായ വ്യാപാര നയങ്ങള്‍ ആഗോള ഉത്പന്ന വിപണിക്ക് വെല്ലുവിളി ഉയര്‍ത്തുന്നതിനാല്‍ വിലകളില്‍ വന്‍തോതില്‍ ചാഞ്ചാട്ടം പ്രകടമാണ്. കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് യുഎസ് ഈയിടെ ഏര്‍പ്പെടുത്തിയ തീരുവ ആഗോള വ്യാപാര യുദ്ധത്തിന്റെ ആശങ്കകള്‍ സൃഷ്ടിച്ചിട്ടുണ്ട്. കാനഡയും ചൈനയും യുഎസ് ഉല്‍പന്നങ്ങള്‍ക്ക് മറു ചുങ്കം ഏര്‍പ്പെടുത്തിക്കഴിഞ്ഞു.
തീരുവ യുദ്ധത്തില്‍ നേട്ടമുണ്ടാക്കിയത് സ്വര്‍ണ്ണമാണ്. ലണ്ടന്‍ വിപണിയില്‍ സ്വര്‍ണ്ണം ഔണ്‍സിന് 3000 ഡോളറിനു മുകളിലെത്തി. ഈ വര്‍ഷം ഇതുവരെ വിലയില്‍ 15 ശതമാനത്തിലേറെ നേട്ടമുണ്ടായിട്ടുണ്ട്. ഇന്ത്യയിലെ സ്വര്‍ണ്ണ വിലയും ആനുപാതികമായി വര്‍ധിച്ചു. മുംബൈ കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ 10 ഗ്രാമിന് 88,800 രൂപ എന്ന സര്‍വ കാല റിക്കാഡ് വിലയിലാണ് കഴിഞ്ഞാഴ്ച വില്‍പന നടന്നത്.
സാമ്പത്തിക അസ്ഥിരതയുടെ കാലത്ത് സ്വര്‍ണ്ണം സുരക്ഷിത ആസ്തിയായി പരിഗണിക്കപ്പെടാറുണ്ട്. ഈയിടെ ഉണ്ടായ വ്യാപാര യുദ്ധ സാഹചര്യം ലോകമെങ്ങും വിലക്കയറ്റത്തിന്റേയും സാമ്പത്തിക വളര്‍ച്ചാ മുരടിപ്പിന്റേയും ഭീഷണി ഉയര്‍ത്തുകയും അത് സ്വര്‍ണ്ണത്തിന്റ ഡിമാന്റ് വര്‍ധിപ്പിക്കുകയുമുണ്ടായി. നിലവിലെ കൂടിയ ഡിമാന്റും ഇന്ത്യന്‍ രൂപയുടെ ഇടിവും കാരണം ആഭ്യന്തര വിപണിയിലും സ്വര്‍ണ്ണത്തിന് തിളക്കം വര്‍ധിച്ചു.
വെള്ളി വിലയിലും സമാനമായ കുതിപ്പുണ്ടായി. വിദേശ വിപണികളില്‍ ഈവര്‍ഷം 17 ശതമാനം വില വര്‍ധിച്ചപ്പോള്‍ ആഭ്യന്തര വിപണിയില്‍ കഴിഞ്ഞാഴ്ച വെള്ളിയുടെ വില കിലോഗ്രാമിന് ഒരു ലക്ഷം രൂപയുടെ മുകളിലെത്തി.
സ്വര്‍ണ്ണത്തിനും വെള്ളിക്കും പുറമെ, അടിസ്ഥാന ലോഹങ്ങളുടെ വിലയിലും കാര്യമായ വര്‍ധനവുണ്ടായി. തീരുവയെച്ചൊല്ലിയുള്ള വ്യാപാര യുദ്ധങ്ങള്‍ വ്യാവസായിക ലോഹങ്ങളുടെ വിലയേയും ബാധിക്കാറുണ്ട്. ആഗോള സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടു വലിക്കുന്ന അസ്ഥിരതയും, വിതരണ തടസ്സങ്ങളും ഇതുമൂലമുണ്ടാകുന്നു. ഇക്കാരണത്താല്‍ ഹ്രസ്വകാലയളവില്‍ കനത്ത ചാഞ്ചാട്ടങ്ങളും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഡിമാന്റിലും വിലയിലും മാറ്റങ്ങളുമുണ്ടാകും.
ചെമ്പ്, അലുമിനിയം എന്നിവയുടെ വില ഈയിടെ പുതിയ ഉയരത്തിലെത്തിയിരുന്നു. യഥാക്രമം 10 മാസത്തേയും 3 വര്‍ഷത്തേയും ഏറ്റവും കൂടിയ വിലയാണിത്. ചൈനയില്‍ നിന്നുള്ള കൂടിയ ഡിമാന്റും യുഎസ് ഡോളറിന്റെ ദൗര്‍ബല്യവുമാണിതിന് കാരണം. യുഎസ് തീരുവകളും ഖനികളില്‍ നിന്നുള്ള ഉത്പാദനം കുറഞ്ഞതും വിലവര്‍ധനയ്ക്ക് കാരണമാകും.
സാമ്പത്തിക ആരോഗ്യത്തിന്റെ സൂചകമാവാനുള്ള ചെമ്പിന്റെ കഴിവ് ട്രംപിന്റെ തീരുവ നയങ്ങളും ആഗോള വ്യാപാര യുദ്ധവും കാരണം ദുര്‍ബലമായി. ആഭ്യന്തര വിപണിയില്‍ ഈ വര്‍ഷം 15 ശതമാനം വില വര്‍ധിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിലയിലുണ്ടായ വര്‍ധന 23 ശതമാനത്തിലേറെയാണ്. വിദേശ വിപണികളിലും ഇതനുസരിച്ചുള്ള വിലക്കയറ്റമുണ്ടായി.
അടിസ്ഥാന ലോഹങ്ങളുടെ മേഖലയില്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് അലുമിനിയമാണ്. ഓഹരി വിപണിയില്‍ 27 ശതമാനം നേട്ടവുമായി 2025ല്‍ അലുമിനിയം കുതിക്കുകയാണ്. ചൈനയിലെ കൂടിയ ഡിമാന്റും വിതരണത്തില്‍ ഉണ്ടാകുമെന്നു കരുതപ്പെടുന്ന തടസങ്ങളും കാരണം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 31 ശതമാനമാണ് വില വര്‍ധിച്ചത്. നാകം, ഈയം എന്നിവയും നേട്ടമുണ്ടാക്കിയെങ്കിലും ആഭ്യന്തര വിപണിയിലും വിദേശ വിപണിയിലും ഇത് പരിമിതമായിരുന്നു.
എന്നാല്‍ ക്രൂഡോയില്‍ വിലയുടെ കാര്യത്തില്‍ വ്യാപാര യുദ്ധം ഒരു മാറ്റവും വരുത്തിയിട്ടില്ല. ഈ വര്‍ഷം ആദ്യ പാദത്തില്‍ തന്നെ പ്രതികൂലമായി ട്രേഡിംഗ് നടന്നത് ക്രൂഡോയില്‍ മേഖലയില്‍ മാത്രമാണ്. ഏറ്റവും വില്പനയുള്ള യുഎസിലെ വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയറ്റ് (WTI) വിപണിയില്‍ ക്രൂഡോയില്‍ വില 8 ശതമാനം ഇടിഞ്ഞപ്പോള്‍ ആഭ്യന്തര വിപണിയില്‍ ഇത് 7 ശതമാനമായിരുന്നു. ദുര്‍ബലമായ ആഗോള സമ്പദ് വ്യവസ്ഥയില്‍ ഊര്‍ജ ഡിമാന്റ് കുറയുമെന്നും ആഗോള വിതരണം സന്തുലിതമാകുമെന്നുമുള്ള അനുമാനമാണ് ഇതിനു കാരണം.
പ്രകൃതി വാതക വില നേരിയ വര്‍ധനയോടെ മാറ്റമില്ലാതെ തുടര്‍ന്നു. ചൂടുപകരുന്നതിനുള്ള ഡിമാന്റും വിതരണം കുറയുമെന്ന അനുമാനവുമാണ് ഇതിനു കാരണം.
വരുംനാളുകളില്‍ ഡിമാന്റിലുണ്ടാകാവുന്ന കുറവ് ഉത്പന്ന വിലകളുടെ ചാഞ്ചാട്ടം തുടരാനിടയാക്കിയേക്കും. മിഡിലീസ്റ്റ് സംഘര്‍ഷത്തില്‍ അയവു വരികയും റഷ്യ-യുക്രെയിന്‍ വെടി നിര്‍ത്തല്‍ സാധ്യമാവുകയും ചെയ്താല്‍ വിലകളില്‍ അത് ഗുണപരമായി പ്രതിഫലിക്കുമെങ്കിലും ട്രംപ് ഭരണകൂടത്തിന്റെ ലക്കുകെട്ട വ്യാപാര നയങ്ങള്‍ ആഗോള സാമ്പത്തിക വളര്‍ച്ചയെ ദോഷകരമായി ബാധിക്കാനാണിട.
Content Highlights: Global commercialized tensions fueled by Trump`s policies origin volatile commodity markets.
ABOUT THE AUTHOR
ഹരീഷ് വി.
ജിയോജിത് ഇന്‍വെസ്റ്റുമെന്റ്‌സ് ലമിറ്റിഡിലെ ചീഫ് ഇന്‍വെസ്റ്റുമെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·