ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ സുരക്ഷിത ആസ്തികള്‍ എന്ന നിലയിലാണ് സ്വര്‍ണ്ണവും വെള്ളിയും പരിഗണിക്കപ്പെടാറ്. നീണ്ടുനിന്ന റഷ്യ-യുക്രെയിന്‍ യുദ്ധം കഴിഞ്ഞ മൂന്നു വര്‍ഷമായി സ്വര്‍ണ വില വര്‍ധിയ്ക്കാന്‍ ഇടയാക്കിയിട്ടുണ്ട്. റഷ്യ-യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന ദൗത്യം വിജയിച്ചാല്‍, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂലമുള്ള റിസ്‌ക് കുറയും. സംഘര്‍ഷങ്ങള്‍ അയയുന്നതോടെ സുരക്ഷിത ആസ്തികളില്‍ നിന്ന് നിക്ഷേപം കടപ്പത്രങ്ങളിലേക്കും ഓഹരികളിലേക്കും മാറ്റാന്‍ നിക്ഷേപകര്‍ തയാറാകും.
വെടിനിര്‍ത്തല്‍ ശ്രമം പരാജയപ്പെടുകയും ശത്രുത വര്‍ധിക്കുകയും ചെയ്താല്‍ സ്വര്‍ണ്ണ, വെള്ളി വിലകള്‍ പുതിയ ഉയരങ്ങളിലെത്തുകയും ചെയ്യും. സമീപ വാരങ്ങളില്‍ സ്വര്‍ണ്ണ വില ഔണ്‍സിന് 3,400 ഡോളറിനു മുകളിലെത്തിയിട്ടുണ്ട്. സംഘര്‍ഷം നീണ്ടുനിന്നാല്‍ സുരക്ഷിത ആസ്തി ഡിമാന്റ് വര്‍ധിക്കുകയും വില വീണ്ടും കുതിക്കാന്‍ ഇടയാകുകയും ചെയ്യും.
ഈ സാഹചര്യത്തില്‍, കേന്ദ്ര ബാങ്കുകള്‍ -പ്രത്യേകിച്ച് വികസ്വര വിപണികളില്‍-നാണയപ്പെരുപ്പവും കറന്‍സിയുടെ ചാഞ്ചാട്ടങ്ങളും നിയന്ത്രിക്കുന്നതിന് കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ തുടങ്ങും. ചെറുകിട നിക്ഷേപകരും സ്വര്‍ണത്തിലേക്ക് തിരിയാന്‍ തുടങ്ങുന്നതോടെ വിലയില്‍ കുതിപ്പുണ്ടാകും.
സ്വര്‍ണ വില ഉയരത്തില്‍ നിര്‍ത്തുന്നതില്‍ കേന്ദ്ര ബാങ്കുകള്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ഈയിടെ പുറത്തുവിട്ട സര്‍വേ പ്രകാരം കേന്ദ്ര ബാങ്കുകളില്‍ 95 ശതമാനവും അുത്ത വര്‍ഷത്തോടെ സ്വര്‍ണ ശേഖരം വര്‍ധിപ്പിക്കാനിരിക്കയാണ്. സുസ്ഥിരമായ ഈ ഡിമാന്റ് സ്വര്‍ണത്തിന്റെ ഉയര്‍ന്ന പദവിയും സാമ്പത്തിക രാഷ്ട്രീയ അസ്ഥിരതകളില്‍ ആശ്രയിക്കാവുന്ന ആസ്തി എന്ന വിശ്വാസവും വര്‍ധിപ്പിയ്ക്കും.
ഈ സാഹചര്യത്തില്‍, റഷ്യ-യുകെയിന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ നയതന്ത്ര ഇടപെടല്‍ ആഗോള വിപണിയെ സംബന്ധിച്ചേടത്തോളം ഒരു നിര്‍ണായക സന്ധിയാണ്. വെടിനിര്‍ത്തലിന് സുരക്ഷിത ആസ്തി ഡിമാന്റ് കുറയ്ക്കാനും സ്വര്‍ണ്ണ വില കുറയ്ക്കാനും കഴിയുമെങ്കിലും അനിശ്ചിതത്വം ബാക്കിയാണ്. വ്യാപാര സംഘര്‍ഷങ്ങളും പണപ്പെരുപ്പ ഭീഷണിയും കേന്ദ്ര ബാങ്ക് നയങ്ങളും സുപ്രധാന ആസ്തികള്‍ എന്ന നിലയില്‍ സ്വര്‍ണ്ണത്തിനും വെള്ളിക്കും പിന്തുണ നല്‍കും.
സ്വീകരിക്കേണ്ട തന്ത്രങ്ങള്‍
നിക്ഷേപകരെ സംബന്ധിച്ചേടത്തോളം, ഇരട്ട ഫലങ്ങള്‍ക്കിടയാക്കുന്ന ഒരു ക്ലാസിക് കേസാണിത്. സമാധാനം നിലനിന്നാല്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില തല്‍ക്കാലത്തേക്ക് കുറഞ്ഞേക്കും. ദീര്‍ഘ കാല നിക്ഷേപകരെ സംബന്ധിച്ചേടത്തോളം വാങ്ങാനുള്ള അവസരമാണിത്. എന്നാല്‍ സംഘര്‍ഷം വര്‍ധിച്ചാല്‍ സുരക്ഷിത ആസ്തി എന്ന നിലയില്‍ ഈ ആസ്തികള്‍ കൂടുതല്‍ വിശ്വാസമാര്‍ജിക്കുകയും മറ്റെല്ലാത്തിനേയും മറികടക്കുകയും ചെയ്യും.
ഇന്ത്യന്‍ നിക്ഷേപകര്‍ രൂപ-ഡോളര്‍ വിനിമയ നിരക്ക് കൂടുതല്‍ ജാഗ്രതയോടെ നിരീക്ഷിക്കേണ്ടിയിരിക്കുന്നു. പ്രാദേശിക സ്വര്‍ണ വില നിര്‍ണയിക്കുന്നതില്‍ സുപ്രധാനമാണത്. വിവാഹ, ഉത്സവ സീസണുകള്‍ വരാനിരിക്കേ, ഡിമാന്റും വിലയും ഉയര്‍ന്നു തന്നെ നില്‍ക്കാനാണ് സാധ്യത.
Content Highlights: Gold Price Forecast: Analyzing the Potential Effects of Trump's Ukraine Peace Mission
ABOUT THE AUTHOR
ഹരീഷ് വി.
ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡിലെ കമ്മോഡിറ്റി വിഭാഗം തലവനാണ് ലേഖകന്‍.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·