ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ആഗോളതലത്തില്‍ വിപണികളെ സംഘര്‍ഷഭരിതമാക്കി. ചൈനയിലെ ഹാങ്‌സെങ് 2.5 ശതമാനമാണ് ഇടിവ് നേരിട്ടത്. ജപ്പാന്റെ നിക്കിയും ദക്ഷിണ കൊറിയയുടെ കോസ്പിയും മൂന്ന് ശതമാത്തോളം താഴ്ന്നു. അതേസമയം, കരുത്തുകാട്ടി ഇന്ത്യ പിടിച്ചുനിന്നു. രാവിലത്തെ വ്യാപാരത്തിനിടെ താഴ്ന്നത് 0.3 ശതമാനം മാത്രം.
ഇന്ത്യക്ക് മേലുള്ള ട്രംപിന്റെ താരിഫ് പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നു. പക്ഷേ, ചൈനയ്ക്ക് ചുമത്തിയ 54%(നിലവിലെ 20 ശതമാനത്തോടൊപ്പം പുതിയതായി ഏര്‍പ്പെടുത്തിയ 34%)നേക്കാള്‍ കുറവാണ്. വിയറ്റ്‌നാം, ബംഗ്ലാദേശ്, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങള്‍ക്കും കനത്ത ആഘാതമുണ്ടായി. അതുകൊണ്ടുതന്നെ ഇന്ത്യ അത്ര കുലുങ്ങിയില്ല. ഫാര്‍മ, അര്‍ധചാലകങ്ങള്‍, ചെമ്പ്, തടി, സ്വര്‍ണം, ഊര്‍ജം തുടങ്ങിയവ താരിഫില്‍നിന്ന് രക്ഷപ്പെടുകയും ചെയ്തു.
ഒറ്റനോട്ടത്തില്‍ ഇന്ത്യയ്ക്കുമേലുള്ള തീരുവ(26%) കൂടുതലായി തോന്നാം. യുഎസില്‍നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്കുള്ള നികുതിയേക്കാളും കൂടുതലുമാണ്. എന്നിരുന്നാലും ഇന്ത്യയുടെ രണ്ട് മേഖലകള്‍ യുഎസിന്റെ തീരുവ പട്ടികയില്‍ പെടാതെ രക്ഷപ്പെട്ടത് ചില്ലറ ആശ്വാസമല്ല നല്‍കുന്നത്. ഐടിയും ഫാര്‍മയും വ്യാഴാഴ്ച രാവിലെ വലിയ നെടുവീര്‍പ്പുകളിട്ടു.
വസ്ത്രം, വാഹന ഘടകങ്ങള്‍ എന്നിവയിലാണ് താരിഫ് വര്‍ധന കാര്യമായുള്ളത്. എന്നാല്‍ മത്സരക്ഷമമായ വിപണിയില്‍ ഇന്ത്യക്ക് അതിജീവിക്കാന്‍ പ്രയാസമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. കാരണം, ഈ മേഖലകളില്‍ ഇന്ത്യയുമായി മത്സരിക്കുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ തീരുവകള്‍ ഇതിലും എത്രയോ കൂടുതലാണെന്നതുതന്നെ.
2024 സാമ്പത്തിക വര്‍ഷം 9.6 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള തുണിത്തരങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഈ വിഭാഗത്തിലെ മൊത്തം കയറ്റുമതിയുടെ 28 ശതമാനത്തോളം വരുമിത്. ഈ മേഖലയില്‍ ചൈനയ്ക്ക് 21ശതമാനവും വിയറ്റ്‌നാമിന് 19 ശതമാനവും വിഹിതമാണുള്ളത്. ഇവരാകട്ടെ ഉയര്‍ന്ന തീരുവകളാണ് നേരിടുന്നത്.
ചൈനയുടെ നഷ്ടത്തില്‍നിന്ന് ഇന്ത്യക്ക് നേട്ടമുണ്ടാക്കാനാകുമെന്നതാണ് ഏറ്റവും വലിയ സാധ്യത. നിലവിലുള്ള 20 ശതമാനത്തിനുമേല്‍ 34 ശതമാനം അധിക തീരുവ കൂടിചേരുമ്പോള്‍ 54 ശതമാനമെന്ന ഭീമന്‍ താരിഫ് ചൈനയ്ക്ക് കനത്ത വെല്ലുവിളിതന്നെയാകും. എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് പകരം ചര്‍ച്ചകളിലൂടെ യുഎസുമായി നയതന്ത്രം സ്ഥാപിച്ച് 'നയത്തില്‍' തീരുവകളില്‍ ഇളവുവരുത്താനും ഇന്ത്യക്ക് കഴിയുമെന്നാണ് പൊതുവെയുള്ള നിരീക്ഷണം.
ചൈനയ്ക്കുമേലുള്ള കൂടിയ തീരുവ നേട്ടമാക്കാനുള്ള അവസരമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. എന്നിരുന്നാലും വെല്ലുവിളികള്‍ മറ്റ് രൂപഭാവങ്ങളില്‍ പ്രത്യക്ഷമാകും. വ്യാപാര നയത്തിലെ തുടരുന്ന അനിശ്ചിതത്വങ്ങളും യുഎസിലെ മാന്ദ്യ ഭീതിയും നിലനില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും.
തുടരുന്ന വ്യാപാര-താരിഫ് പിരിമുറുക്കങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നകാര്യത്തില്‍ സംശയിക്കേണ്ടതില്ല. ആഗോള നേതാവായി നിലനില്‍ക്കുന്ന യുഎസ് നേരിടുന്ന പ്രതിസന്ധി ലോകമെങ്ങും അതിവേഗമാകും വ്യാപിക്കുക. യുഎസ് വ്യാപാര നയങ്ങളെയും ചൈനയുടെ പ്രതിരോധ നീക്കങ്ങളെയും മറികടക്കുകയെന്നതാകും ഇന്ത്യയ്ക്കുമേലുള്ള വെല്ലുവിളി.
Content Highlights: How India weathered Trump`s 26% tariff, outperforming different Asian nations.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·