ട്രംപ് താരിഫ്: തിരിച്ചടി നേരിട്ട് കറന്‍സിയും കമ്മോഡിറ്റിയും, പ്രത്യാഘാതം തുടരുമോ? 

5 months ago 5

വ്യാപാര സംഘര്‍ഷം നാടകീയമായി വര്‍ധിപ്പിച്ച്, ട്രംപ് എല്ലാ ഇന്ത്യന്‍ ഇറക്കുമതിക്കും ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരുംവിധം 25 ശതമാനം ചുങ്കം പ്രഖ്യാപിച്ചു. ഒപ്പം ഓഗസ്റ്റ് 6 മുതല്‍ 25 ശതമാനം അധിക ചുങ്കം കൂടി ഏര്‍പ്പെടുത്തി. റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാരം അവിഘ്നം തുടരുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപിന്റെ നീക്കമെന്നു വ്യക്തം. എന്നാല്‍ ഇത് ഇന്ത്യയുടെ സാമ്പത്തിക, ഉത്പന്ന വിപണികളില്‍ ദൂരവ്യാപകമായ ഫലങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്.

സ്വര്‍ണ്ണവും വെള്ളിയും
ബുള്ള്യന്‍ വിപണിയില്‍ നിന്നാണ് ഏറ്റവും ശക്തമായ പ്രതികരണം ഉണ്ടായത്. ആഗോള അസ്ഥിരതയും രൂപയുടെ ദൗര്‍ബല്യവും അധിക തീരുവ കാരണമുണ്ടായ വിലക്കയറ്റ ഭീതിയും ഓഗസ്റ്റ് 8ന് ഇന്ത്യയില്‍ സ്വര്‍ണ വില സര്‍വകാല റെക്കോഡിലെത്തിച്ചു. വെള്ളി വിലയും സമാന്തരമായി വര്‍ധിച്ചു. ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന ആഭരണ, രത്ന വ്യാപാര മേഖലയിലാണ് തീരുവ നേരിട്ട് ശക്തിയായി ബാധിക്കുക.

അമേരിക്കയില്‍ ആഭരണം വാങ്ങുന്നവര്‍ക്ക് വിലയില്‍ വലിയ വര്‍ധനയുണ്ടാകും. ഇന്ത്യന്‍ ആഭരണങ്ങള്‍ക്ക് ഡിമാന്റ് കുറയാന്‍ ഇതിടയാക്കിയേക്കും. എന്നാല്‍ ആഭ്യന്തര നിക്ഷേപകര്‍ സുരക്ഷിത ആസ്തി എന്ന നിലയില്‍ സ്വര്‍ണ്ണത്തിലേക്ക് തിരിഞ്ഞു കഴിഞ്ഞു. വില ഇനിയും കൂടുമെന്ന ഊഹാപോഹങ്ങളും കറന്‍സി മൂല്യത്തകര്‍ച്ചക്കെതിരായ പ്രതിരോധമെന്ന ആശയവുമാണ് സ്വര്‍ണ്ണ വില ഇങ്ങനെ കുതിയ്ക്കാനിടയാക്കിയത്.

ക്രൂഡോയില്‍, പ്രകൃതി വാതകം
ഇതിനുനേരെ വിപരീതമായി, താരിഫ് പ്രഖ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ക്രൂഡോയില്‍, പ്രകൃതി വാതക വിലകള്‍ കുത്തനെ ഇടിഞ്ഞു. ആഗോള ഡിമാന്റ് കുറയുമെന്ന ആശങ്കയും അമിത ഉത്പാദന സാധ്യതയുമാണ് പ്രധാനമായും വിലയിടിവിനു കാരണം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യ, റഷ്യന്‍ എണ്ണ വാങ്ങുന്നതു തുടരുന്നതിനാല്‍ അധിക തീരുവ ഏര്‍പ്പെടുത്തിയ പശ്ചാത്തലവും ഡിമാന്റു കുറവിലേക്കു നയിച്ചേക്കുമെന്നു കരുതപ്പെടുന്നു.

റഷ്യമായുള്ള ഇന്ത്യയുടെ ഊര്‍ജ സഹകരണത്തിനുള്ള പ്രതികാര നടപടി എന്നനിലയില്‍ ട്രംപ് ഏര്‍പ്പെടുത്തിയ അധിക തീരുവ ആഗോള ഊര്‍ജ മേഖലയില്‍ അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കയാണ്. ഇതിന്റെ ഫലമായി ഇന്ത്യ മറ്റുരാജ്യങ്ങളില്‍ നിന്നുകൂടി എണ്ണ വാങ്ങാന്‍ തുടങ്ങുമെന്നാണ് വ്യാപാരികള്‍ കരുതുന്നത്. സ്പോട് മാര്‍ക്കറ്റില്‍ ഡിമാന്റ് കുറയാന്‍ ഇതിടയാക്കും. റിസ്‌കെടുക്കാതെ മാറിനില്‍ക്കാനുള്ള ആഗോള വിപണിയുടെ നിലപാട് ഊര്‍ജ വിലയെ ബാധിച്ചേക്കും. വ്യാവസായിക പ്രവര്‍ത്തനങ്ങളില്‍ കുറവുവരുമെന്ന പ്രതീക്ഷയില്‍ പ്രകൃതി വാതക വിലയും കുറയുകയാണ്.

അടിസ്ഥാന ലോഹങ്ങള്‍
ചെമ്പ്, അലുമിനിയം, നാകം, ഈയം എന്നിവയുടെ വിലകള്‍ അസ്ഥിരതയുടെ പിടിയിലാണ്. ഇന്ത്യയുടെ എന്‍ജിനിയറിങ്, മാനുഫാക്ചറിംഗ് മേഖലയിലെ കയറ്റുമതിക്ക് നിര്‍ണ്ണായകമാണ് ഈ ലോഹങ്ങള്‍. ഇവയില്‍ പലതും 25 ശതമാനം താരിഫിന്റെ പരിധിയില്‍ വരും.

ചെമ്പ്, അലുമിനിയം വിലകളിലാണ് കുത്തനയുള്ള വ്യതിയാനം ദൃശ്യമായത്. കയറ്റുമതി കുറയുമ്പോള്‍ ആഭ്യന്തര ഡിമാന്റ് കൂടുമോ എന്നകാര്യത്തില്‍ വ്യാപാരികള്‍ക്ക് ആശയക്കുഴപ്പമുണ്ട്. അമേരിക്കയിലെ ആവശ്യക്കാര്‍ ഇതര രാജ്യങ്ങളിലേക്കു തിരിയുമ്പോള്‍, ഇന്ത്യന്‍ കയറ്റുമതിക്കാരുടെ സ്ഥിതി പരുങ്ങലിലാകും. കയറ്റുമതി മത്സരം കുറയുമ്പോള്‍ ചില ആഭ്യന്തര നിര്‍മ്മാതാക്കള്‍ക്കത് ഗുണംചെയ്തേക്കും. വിലകളുടെ കാര്യത്തില്‍ വലിയ അനിശ്ചിതത്വം ഇതു മൂലം സംജാതമാവും.

രൂപയുടെ മൂല്യം
ഇന്ത്യന്‍ രൂപയ്ക്കും രക്ഷയുണ്ടായില്ല. ഡോളറിന് 88 എന്ന റിക്കാര്‍ഡ് താഴ്ചയിലാണ് രൂപ. ഇന്ത്യയുടെ ട്രേഡ് ബാലന്‍സ്, മൂലധനത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക്, താരിഫുകള്‍ സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതം എന്നിവയെല്ലാം നിക്ഷേപകരില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

വിലയിടിവ് നേരിടുന്ന രൂപ ഇറക്കുമതി കൂടുതല്‍ ചിലവേറിയതാക്കും. പണപ്പെരുപ്പ സാഹചര്യവും ഇതു മൂലം സംജാതമാകുമെങ്കിലും ഇന്ത്യന്‍ കയറ്റുമതി ആഗോള തലത്തില്‍ കൂടുതല്‍ മത്സര ക്ഷമമാകാന്‍ ഇടയാക്കിയേക്കും എന്നൊരു ഗുണവശം ഇതിനുണ്ട്. എന്നാല്‍ വര്‍ധിച്ച താരിഫ് കാരണം ഇതിന്റെ ഗുണം ലഭിക്കാതെ പോകാനാണ് സാധ്യത.

പ്രത്യാഘാതങ്ങളും ഭാവിയും
താരിഫുകള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ചെയിന്‍ റിയാക്ഷനിടയാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ പ്രതികരണം കണക്കുകൂട്ടിയുള്ളതായിരുന്നു. എതിര്‍ ചുങ്കവുമായി തിരിച്ചടിക്കുന്നതിനു പകരം വ്യാപാര ചര്‍ച്ചയിലും ഘടനാപരമായ മാറ്റങ്ങളിലുമാണ് സര്‍ക്കാര്‍ ശ്രദ്ധയൂന്നുന്നത്. യൂറോപ്പ്, ആഫ്രിക്ക, ദക്ഷിണ കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലേക്ക് വ്യാപാരം മാറ്റാനുള്ള നീക്കങ്ങളും സമാന്തരമായി നടക്കുന്നു.

ഉത്പന്ന, കറന്‍സി വിപണികളിലെ അസ്ഥിരത തത്ക്കാലം തുടര്‍ന്നേക്കും. എന്നാല്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഈ സ്ഥിതിവിശേഷം ഇന്ത്യയുടെ സ്വാശ്രയത്വം, വ്യാപാര വൈവിധ്യവത്ക്കരണം, ആഗോള വിതരണ ശൃംഖലയുമായി ആഴത്തിലുള്ള അടുപ്പം എന്നിവ വര്‍ധിപ്പിക്കാന്‍ ഇടയാക്കും.

Content Highlights: Impact of Trade Tariffs connected Indian Commodity and Currency Markets

ABOUT THE AUTHOR

ഹരീഷ് വി.

ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡിലെ കമ്മോഡിറ്റി വിഭാഗം മേധാവിയാണ് ലേഖകന്‍. 

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article