.jpg?%24p=52fd3be&f=16x10&w=852&q=0.8)
ഡൊണാൾഡ് ട്രംപും വ്ലാദിമിർ പുതിനും | Photo: AFP
ലോക വിപണി ഉറ്റുനോക്കുന്നത് ആഗസ്റ്റ് 15ന് നടക്കാനിരിക്കുന്ന ഡൊണാള്‍ഡ് ട്രംപ് -പുതിൻ കൂടിക്കാഴ്ചയെയാണ്. ഈ ചര്‍ച്ചകളുടെ ഫലമായി റഷ്യ-യുക്രെയിന്‍ യുദ്ധം അവസാനിക്കുകയാണെങ്കില്‍ വിപണി സാഹചര്യം പാടെ മാറും. റഷ്യയുടെ മേല്‍ അമേരിക്ക ചുമത്തിയിട്ടുള്ള ഉപരോധങ്ങളും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്കുമേല്‍ ചുമത്തിയിട്ടുള്ള ശിക്ഷാ തീരുവയും അപ്രസക്തമാകും. എന്നാല്‍ ഇത് കാത്തിരുന്നുതന്നെ കാണണം. അത്ര വലിയ ഈഗോയുള്ള വ്യക്തിയാണ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയുടെ പ്രതികരണങ്ങളില്‍ അതൃപ്തനാണ് ട്രംപ്.
എന്തുകൊണ്ട് ഇന്ത്യയെ ട്രംപ് ലക്ഷ്യമിടുന്നു എന്ന ചോദ്യത്തിന് പല ഉത്തരങ്ങളുണ്ട്. ട്രംപ് ആഭ്യന്തരമായി വലിയ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. കുപ്രസിദ്ധ ലൈംഗികാപവാദമായ എപ്സ്‌റ്റൈന്‍സ് ഫയല്‍സ് കേസില്‍ ട്രംപിന്റെ പേരുണ്ട്. അതില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് മനപൂര്‍വം വിവാദങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് കരുതുന്നവരുണ്ട്. മറ്റൊന്ന് ഇന്ത്യാ-പാക് യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന ട്രംപിന്റെ 'എട്ടുകാലി മമ്മൂഞ്ഞ്' വാദം ഇന്ത്യ പാടേ തിരസ്‌കരിച്ചതാണ്. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നോട്ടമിട്ടിരിക്കുന്ന ട്രംപിന് ഇത് തീരെ പിടിച്ചിട്ടില്ല.
ഇന്ത്യയുടെ മേല്‍ പ്രസിഡണ്ട് ട്രംപ് ചുമത്തിയ 50 ശതമാനം താരിഫ് (25 ശതമാനം പകരച്ചുങ്കവും 25 ശതമാനം ശിക്ഷാ താരിഫും) അന്യായവും യുക്തിരഹിതവും കാപട്യം നിറഞ്ഞതുമാണെന്ന് കാണാം. യൂറോപ്യന്‍ യൂണിയന്‍ റഷ്യയില്‍ നിന്ന് എനര്‍ജി വാങ്ങുന്നുണ്ട്. പ്രധാനമായും എല്‍പിജി. എന്നാല്‍ യൂറോപ്യന്‍ യൂണിയന് മേല്‍ 15 ശതമാനം താരിഫ് മാത്രമേ അമേരിക്ക ചുമത്തിയിട്ടുള്ളൂ. ചൈന റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങുന്നതിന്‍നേക്കാള്‍ കൂടുതല്‍ എണ്ണ വാങ്ങുന്നുണ്ട്. എന്നാല്‍ ചൈനയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ 90 ദിവസത്തേക്കുകൂടി അമേരിക്ക നീട്ടി വച്ചിരിക്കുകയാണ്. റെയര്‍ എര്‍ത്ത്സ് മാഗ്‌നെറ്റ്സിന്റെ ആഗോള വിപണിയെ നിയന്ത്രിക്കുന്ന ചൈനക്ക് മറ്റു രാജ്യങ്ങള്‍ക്കില്ലാത്ത സ്വാധീന ശക്തിയുണ്ട്. ആ ശേഷിയാണ് അവര്‍ സമര്‍ഥമായി ഉപയോഗിക്കുന്നത്. യുഎസിന് ചൈനയോട് മറ്റ് രാജ്യങ്ങളോട് ചെയ്യുന്ന പോലെ ആജ്ഞാപിക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ ഈ താരിഫ് പരാക്രമത്തിന്റെ ചുരുളുകള്‍ അഴിയുന്നതു വരെ കാത്തിരിക്കേണ്ടി വരും. എന്തായാലും ഏറ്റവും പ്രധാനമായ കാര്യം ഇന്ത്യയുടെ പ്രതികരണമാണ്. കൂടിയാലോചനകള്‍ക്ക് തയ്യാറാണെങ്കിലും ട്രംപിന്റെ ആജ്ഞകള്‍ക്ക് കീഴ്പ്പെടാന്‍ തയ്യാറല്ലെന്ന വ്യക്തമായ സൂചനയാണ് ഇന്ത്യ നല്‍കിയിരിക്കുന്നത്.
അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് സാധാരണ രാഷ്ട്രീയക്കാരനല്ല. വിചിത്ര സ്വഭാവിയായ രാഷ്ട്രത്തലവനാണ്. ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയുടെ, ഏറ്റവും ശക്തമായ രാഷ്ട്രത്തിന്റെ പ്രസിഡണ്ട് ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യങ്ങളൊക്കെ ഡൊണാള്‍ഡ് ട്രംപ് പറയും. കാനഡ അമേരിക്കയുടെ 51-ാമത് സ്റ്റേറ്റാകണമെന്നും ഡെന്‍മാര്‍ക്കിന്റെ ഭാഗമായ ഗ്രീന്‍ലാന്‍ഡിനെ അമേരിക്കയ്ക്കക്കൊപ്പം ചേര്‍ക്കുമെന്നുമുള്ള ഭ്രാന്തന്‍ ജല്‍പനങ്ങളൊക്കെ ട്രംപില്‍ നിന്നുണ്ടായിട്ടുണ്ട്.
അതുപോലെ ഖത്തറില്‍ നിന്ന് വിലകൂടിയ ആഢംബര വിമാനം ട്രംപ് സമ്മാനമായി സ്വീകരിച്ചത് യുഎസില്‍ വ്യാപക വിമര്‍ശനത്തിനിടയാക്കി. ഈയിടെ ഇന്ത്യയെ സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ അദ്ദേഹം പറഞ്ഞത് ഇന്ത്യ ഒരു ചത്ത സമ്പദ് വ്യവസ്ഥയെന്നാണ്. കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ ലോകത്തിലെ ഏറ്റവുമുയര്‍ന്ന സാമ്പത്തിക വളര്‍ച്ചാ നിരക്കാണ് ഇന്ത്യയുടേത്. പത്തു വര്‍ഷം മുമ്പ് ജിഡിപിയുടെ അടിസ്ഥാനത്തില്‍ ലോകത്ത് പത്താം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോള്‍ ആഗോള സമ്പദ് വ്യവസ്ഥകളില്‍ നാലാം സ്ഥാനത്താണ്. 2028ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്നാണ് ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും പ്രവചനം. ഇത്തരമൊരു സമ്പദ് വ്യവസ്ഥയെയാണ് ചത്ത സമ്പദ് വ്യവസ്ഥയെന്ന് വിചിത്ര സ്വഭാവിയായ അമേരിക്കന്‍ പ്രസിഡണ്ട് വിശേഷിപ്പിക്കുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ വ്യക്തിത്വ സവിശേഷത ഇതില്‍ നിന്നൊക്കെ വ്യക്തമാണ്. വിചിത്രമായ സ്വഭാവ സവിശേഷതകള്‍ക്കുടമയായ ട്രംപ് എന്തും ചെയ്യാന്‍ മടിക്കാത്ത ആളാണ്.
ട്രംപിന്റെ സ്ഥിരം പല്ലവി ഇന്ത്യ താരിഫ് കിംഗ് ആണെന്നാണ്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് എന്തു സംഭവിച്ചാലും വേണ്ടില്ല ഇന്ത്യ താരിഫ് കുറച്ച് അമേരിക്കന്‍ ഉത്പന്നങ്ങള്‍ കൂടുതല്‍ വില്‍ക്കാന്‍ അനുവദിക്കണമെന്നാണ് ട്രംപിന്റെ കാഴ്ചപ്പാട്. ഇത് ശരിയല്ല എന്നത് കണക്കുകള്‍ സഹിതം ഇന്ത്യ വിശദീകരിച്ചിട്ടുള്ളതാണ്. ഇന്ത്യയുടെ സിംപിള്‍ ആവറേജ് താരിഫ് 15.8 ശതമാനമാണ്. ഇത് കൂടുതലാണെന്നത് വസ്തുതയാണ്. പക്ഷെ ഈ ഉയര്‍ന്ന താരിഫ് ഉള്ളത് കാര്‍ഷിക ഉത്പന്നങ്ങള്‍, ഓട്ടോമൊബൈല്‍സ് തുടങ്ങിയ മേഖലകളില്‍ മാത്രമാണ്. ഇന്ത്യയുടെ വെയ്റ്റഡ് ആവറേജ് താരിഫ് നോക്കിയാല്‍ അത് 4.6 ശതമാനമാണ്. ഇത് യൂറോപ്യന്‍ യൂണിയന്റെയും വിയറ്റ്നാമിന്റെയും ഇന്തോനേഷ്യയുടെയും ബംഗ്ലാദേശിന്റെയും വെയ്റ്റഡ് ആവറേജ് താരിഫിനെക്കാളും കുറവാണെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളതാണ്. മാത്രവുമല്ല ഇന്ത്യ റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്നതിനെ വിമര്‍ശിക്കുന്ന അമേരിക്ക, റഷ്യയില്‍ നിന്ന് യുറേനിയം, പല്ലാഡിയം, കെമിക്കല്‍, ഫെര്‍ട്ടിലൈസേഴ്സ് പോലുള്ള പല ഉല്‍പന്നങ്ങളും ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതേക്കുറിച്ച് ചൂണ്ടിക്കാണിച്ചപ്പോള്‍ തനിക്ക് അതിനെക്കുറിച്ച് അറിയില്ലെന്നാണ് ട്രംപ് പറഞ്ഞത്. വസ്തുതകളുടെ അടിസ്ഥാനത്തിലല്ല ട്രംപ് സംസാരിക്കുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. അജ്ഞതയുടെ കൂടി അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ പല ഗീര്‍വാണങ്ങളും. ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം ഇന്ത്യാ വിരുദ്ധ നയങ്ങളിലേക്ക് ട്രംപിനെ നയിച്ചിട്ടുണ്ട് എന്ന് കാണാം.
Content Highlights: The Trump-Putin Meeting: A Turning Point for the Russia-Ukraine War and International Trade?
ABOUT THE AUTHOR
ഡോ. വി.കെ. വിജയകുമാര്‍
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·