ട്രിപ്പുകള്‍ പ്ലാന്‍ ചെയ്യാം: പണം കണ്ടെത്താന്‍ മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി

7 months ago 11

travel

പ്രതീകാത്മക ചിത്രം | Photo: Canva

വേനലവധികളിലാണ് യാത്രകളേറെയും ആസൂത്രണം ചെയ്യുന്നത്. മഹാമാരിക്ക് മുമ്പുള്ള നിലയിലേയ്ക്ക് 2024-25 വര്‍ഷം വിനോദ സഞ്ചാരം തിരിച്ചെത്തി. 2024-ന്റെ ആദ്യ പകുതിയില്‍ മാത്രം 1.5 കോടി ഇന്ത്യക്കാര്‍ വിദേശയാത്ര നടത്തിയതായാണ് കണക്ക്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14% കൂടുതലാണിത്. ചെലവഴിച്ചതാകട്ടെ 2.83 ലക്ഷം കോടി രൂപയിലെേറയും*. വര്‍ഷമേറെ പിന്നിടുമ്പോല്‍ യാത്രകള്‍ക്കുള്ള ചെലവിലും കാര്യമായ വര്‍ധനവുണ്ടാകുന്നു.

അവധിക്കാല യാത്രകള്‍ക്ക് ചെലവ് വര്‍ധിക്കുകയാണ്. സോളോ ട്രിപ്പുകള്‍ക്കുപോലും ഒരു ലക്ഷത്തോളം ചെലവ് വരും. ദമ്പതികളുടെ 12 ദിവസത്തെ യൂറോപ്യന്‍ ടൂറുകള്‍ക്ക് 6-7 ലക്ഷം രൂപ മുതലാണ് (വിമാന ടിക്കറ്റുകള്‍ ഉള്‍പ്പെടെ)നിരക്ക്. യാത്രകള്‍ക്കായി പണമെങ്ങനെ കണ്ടെത്തുമെന്നതാണ് പ്രധാനം. നല്ലരീതിയിലുള്ള ആസൂത്രണം, ബഡ്ജറ്റിംഗ്, സാമ്പത്തിക കാര്യങ്ങളെ യാത്രാ മോഹങ്ങളുമായി ക്രമീകരിക്കല്‍ എന്നിവയാണ് അതിനുള്ള വഴി. സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടാക്കാതെ, ബാധ്യതയാകാതെ സമ്പത്ത് സൃഷ്ടിക്കാന്‍ നേരത്തെ തയ്യാറെടുക്കാം.

പലതുള്ളി പെരുവള്ളം എന്ന പഴമൊഴി ഇവിടെ പ്രസക്തമാണ്. അവധിക്കാല യാത്ര ആസൂത്രണം ചെയ്യുന്നതിനുള്ള ആദ്യപടി, മികച്ച മ്യൂച്വല്‍ ഫണ്ടുകളില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റുമെന്റ് പ്ലാന്‍ വഴി നിക്ഷേപം നടത്തുകയെന്നതാണ്.

ലക്ഷ്യം നിറവേറ്റാന്‍ മൂന്ന് വഴികള്‍:

1. ട്രാവല്‍ എസ്ഐപി (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍)

വിനോദയാത്രകള്‍ക്കായി പണം സമാഹരിക്കാനുള്ള മികച്ച മാര്‍ഗമാണ് എസ്ഐപി. ഹ്രസ്വ ആഭ്യന്തര യാത്രകള്‍, രാജ്യാന്തര യാത്രകള്‍ എന്നിവയ്ക്കായി ചെറിയ തുകവീതം ചിട്ടയോടെ നിക്ഷേപിക്കാന്‍ എസ്‌ഐപിയാണ് മികച്ച വഴി. കാലക്രമേണ നിക്ഷേപം വളരുന്നതോടെ യാത്രാ ചെലവുകള്‍ക്കുള്ള പണം ഉറപ്പാക്കാം. ഉദാഹരണത്തിന്, മൂന്നു വര്‍ഷത്തിനുള്ളില്‍ പങ്കാളിയോടൊപ്പം പാരീസ് സന്ദര്‍ശിക്കാന്‍ പദ്ധതിയിടുകയാണെന്നു കരുതുക. 5-6 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. പ്രതിവര്‍ഷം 13% യാണ് റിട്ടേണ്‍ ലഭിച്ചാല്‍ പ്രതിമാസം 12,000 രൂപയുടെ എസ്ഐപിയാണ് തുടങ്ങേണ്ടിവരിക.1.5 ലക്ഷം രൂപ ഒറ്റത്തവണയായി നിക്ഷേപിച്ച് പ്രതിമാസ എസ്ഐപി തുക 7,500 രൂപയായി ചുരുക്കിയും തുക സമാഹരിക്കാനാകും.

2. ഹ്രസ്വകാല ലക്ഷ്യത്തിന് ലിക്വിഡ് ഫണ്ടുകള്‍

യാത്രാ പദ്ധതി ഒരു വര്‍ഷത്തിനുള്ളിലാണെങ്കില്‍ ലിക്വിഡ് ഫണ്ടുകള്‍ പരിഗണിക്കാം. ഉയര്‍ന്ന ലിക്വിഡിറ്റിയും കുറഞ്ഞ റിസ്‌കും ഉള്ളവയായതിനാല്‍ സേവിംഗ്സ് അക്കൗണ്ടിനേക്കാള്‍ മികച്ച ആദായം ലഭിക്കാന്‍ സാദ്യതയുണ്ട്. ഉദാഹരണത്തിന്, ഒരു ലക്ഷം രൂപ ചെലവ് വരുന്ന മണ്‍സൂണ്‍ യാത്രയ്ക്കായി പണം സമാഹരിക്കാന്‍ ലിക്വിഡ് ഫണ്ടിലോ ആര്‍ബിട്രേജ് ഫണ്ടിലോ നിക്ഷേപിക്കുന്നതാകും ഉചിതം. പ്രതിവര്‍ഷം 1.75% വരെ മാത്രം വരുമാനം നേടാന്‍ കഴിയുന്ന സേവിംഗ്സ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് വ്യത്യസ്തമായി ലിക്വിഡ് ഫണ്ടുകളില്‍നിന്ന് ശരാശരി ആറ് ശതമാനം ആദായം നേടാം. നേട്ടം മൂന്നിരട്ടിയിലേറെ. ആര്‍ബിട്രേജ് ഫണ്ടില്‍ ഇടുകയാണെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 7.5% വരെ വരുമാനം ലഭിച്ചേക്കാം.

3. ദീര്‍ഘകാല ലക്ഷ്യത്തിന് ഇക്വിറ്റി ഫണ്ടുകള്‍

5-10 വര്‍ഷത്തിനുള്ളില്‍ രാജ്യാന്തര യാത്രകളോ ആഢംബര ക്രൂയിസോ ആണ് ലക്ഷ്യമെങ്കില്‍ ഇക്വിറ്റി ഫണ്ടുകള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. ഉദാഹരണത്തിന്, ഇക്വിറ്റി ഫണ്ടില്‍ പ്രതിമാസം 10,000 രൂപ നിക്ഷേപിക്കുന്നതിലൂടെ 10 വര്‍ഷത്തിനുള്ളില്‍ ഏകദേശം 20 ലക്ഷം രൂപ നേടാന്‍ സഹായിക്കും(പ്രതീക്ഷിക്കുന്ന ആദായം 12 %). അവധിക്കാല യാത്രയ്ക്കിത് ധാരാളമാണ്.

സീസണല്‍ യാത്രയാണെങ്കില്‍:

ശൈത്യകാല യാത്രകള്‍ക്ക്: അടുത്ത ഡിസംബറിലെ യാത്രക്കായി എസ്ഐപി ജനുവരിയില്‍ ആരംഭിക്കുക. ബാലന്‍സ്ഡ് അല്ലെങ്കില്‍ ഹൈബ്രിഡ് ഫണ്ടിലെ 12 മാസത്തെ എസ്ഐപി നിങ്ങളുടെ അവധിക്കാല ചെലവുകള്‍ ഉറപ്പാക്കിയേക്കാം. ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് പോലുള്ള ഹൈബ്രിഡ് ഫണ്ടുകള്‍ സാധാരണയായി ഒരു ആര്‍ബിട്രേജ് ഫണ്ടിനേക്കാള്‍ കൂടുതല്‍ ആദായം നല്‍കും.

വേനലവധിക്ക്: തിരക്കേറിയ സീസണിലെ ചെലവുകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ മള്‍ട്ടി അസറ്റ് ഫണ്ടുകള്‍ പോലുള്ള ഹൈബ്രിഡ് ഫണ്ടുകള്‍ ഉപയോഗിച്ച് 18 മാസം മുന്‍കൂട്ടി നിക്ഷേപം ആരംഭിക്കുക. 3-5 വര്‍ഷത്തേക്ക് നിക്ഷേപം നടത്താന്‍ കഴിയുമെങ്കില്‍, മികച്ച ആദായം ലഭിക്കാന്‍ ഇക്വിറ്റി ഫണ്ടും പരിഗണിക്കാം. ലാര്‍ജ് ക്യാപ് ഫണ്ടുകളാകും അനുയോജ്യം.

വിദഗ്‌ധോപദേശം തേടുക
യാത്രാ ലക്ഷ്യങ്ങള്‍ക്ക് അനുസരിച്ച് നിക്ഷേപം ക്രമീകരിക്കുന്നതിന് വിദഗ്‌ധോപദേശം തേടുക. ചിട്ടയായ ആസൂത്രണം, അച്ചടക്കമുള്ള നിക്ഷേപം, ശരിയായ ഉപദേശം എന്നിവയിലൂടെ(സാമ്പത്തിക സ്ഥിരതയില്‍ വിട്ടുവീഴ്ച ചെയ്യാതെ) അവധിക്കാല യാത്രകള്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയും.

*ബുക്കിങ് ഡോട്ട് കോം ഇന്ത്യാ ട്രാവല്‍ പ്രഡിക്ഷന്‍സ് റിപ്പോര്‍ട്ട് 2024. തോമസ് കുക്ക്.

Content Highlights: Funding Your Dream Vacation: A Guide to Mutual Fund SIPs for Travel Planning

ABOUT THE AUTHOR

സഞ്ജയ് ചൗള

ബറോഡ ബിഎന്‍പി പരിബാസ് മ്യൂച്വല്‍ ഫണ്ടിന്റെ ഇക്വിറ്റി വിഭാഗം സിഐഒയാണ് ലേഖകന്‍. 

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article