ട്രെയിലര്‍ അതി ക്രൂരമാണ് എന്ന് പറയുന്നവര്‍, സത്യം എന്താണെന്ന് അറിയുക, രണബാലിയുടെ ശരിക്കുള്ള കഥയെ കുറിച്ച് സംവിധായകന്‍, എന്തുകൊണ്ട് വിജയ്?

1 month ago 4
ശ്യാം സിംഗ റോയ്ക്ക് ശേഷം രാഹുല്‍ സാംകൃത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് രണബാലി . വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അതിക്രൂരമായ ചില രംഗങ്ങള്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്രയൊക്കെ ക്രൂരതയാവാമോ എന്ന് ചോദിക്കുന്നവരോട് സംവിധായകന് പറയാനുള്ളത്, അതിലേറെ ക്രൂരമായിട്ടാണ് ചരിത്രത്തില്‍ ഇത് സംഭവിച്ചിരിക്കുന്നത് എന്നാണ്. അത്രയേറെ പഠനം നടത്തിയതിന് ശേഷമാണ് രണബാലി എന്ന ചിത്രത്തിലേക്ക് താന്‍ എത്തിയത് എന്ന് ട്രെയിലര്‍ ലോഞ്ചില്‍ രാഹുല്‍ വ്യക്തമാക്കി.

രാഹുല്‍ സാംകൃത്യന്റെ വാക്കുകള്‍

ഞാന്‍ ഒരു സിനിമ ചെയ്തിട്ട് വര്‍ഷങ്ങളായി. നിങ്ങളുടെ മുന്നില്‍ മികച്ചൊരു സിനിമ എത്തിക്കണമെന്ന് ആഗ്രഹിച്ചതുകൊണ്ടാണ് ഇത്രയും സമയമെടുത്തത്. ഇപ്പോള്‍ ഞാന്‍ അഭിമാനത്തോടെ 'രണബാലി' നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. 'ശ്യാം സിംഗ റോയി'ക്ക് ശേഷം, അടുത്തതായി ഏതു തരം സിനിമ ചെയ്യണം എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ഒരു ബുറ കഥ (നാടോടി കഥാരൂപം) എന്റെ മുന്നിലെത്തുന്നത്. സിനിമകളൊന്നുമില്ലാതിരുന്ന അക്കാലത്ത്, നായകന്മാരുടെയും യോദ്ധാക്കളുടെയും കഥകള്‍ ബുറകഥകളിലൂടെയാണ് ആളുകളിലേക്ക് എത്തിയിരുന്നത്. ആ കഥകള്‍ ഒരു തലമുറയില്‍ നിന്ന് മറ്റൊരു തലമുറയിലേക്ക് സഞ്ചരിച്ചു. അങ്ങനെയൊരു യോദ്ധാവിന്റെ കഥ ബുറകഥയുടെ രൂപത്തില്‍ എന്നിലേക്ക് വന്നപ്പോള്‍ അത് കേട്ട് ഞാന്‍ അമ്പരന്നുപോയി. ഞാന്‍ കേട്ട യോദ്ധാവ് ദൈവങ്ങളോട് സംസാരിച്ചു, രാക്ഷസന്മാരോട് പൊരുതി, കുതിരയോടിച്ചു, വമ്പന്‍ യുദ്ധങ്ങളില്‍ പങ്കെടുത്തു.

Samayam Malayalamഎന്തിനാണ് വിജയ് ദേവരകൊണ്ടയെ കുറിച്ച് ഇല്ലാത്തത് പറയുന്നത്, എത്ര നല്ല മനുഷ്യനാണ്, എട്ട് വര്‍ഷമായി അറിയാം; രണബാലിയുടെ നിര്‍മാതാവ് പറയുന്നു
റായലസീമയില്‍ നിന്നുള്ള ഒരു യോദ്ധാവായിരുന്നു അവന്‍. അങ്ങനെയൊരു സിനിമ ചെയ്യണമെന്ന് ഞാന്‍ അപ്പോള്‍ തന്നെ തീരുമാനിച്ചു. നമ്മുടെ തെലുങ്ക് പ്രേക്ഷകരോട് ഇത്രയും വലിയ വികാരങ്ങളുള്ള ഒരു കഥ പറയാന്‍ ഞാന്‍ ആഗ്രഹിച്ചു, അങ്ങനെയാണ് ഞാന്‍ 'രണബാലി' ആരംഭിച്ചത്. ഈ കഥയിലൂടെ എന്താണ് പറയേണ്ടതെന്ന് ചിന്തിക്കുമ്പോഴാണ് റായലസീമയുടെ ചരിത്രം പഠിക്കാന്‍ തുടങ്ങിയത്. അപ്പോഴാണ് ക്ഷാമത്തെക്കുറിച്ച് ഞാന്‍ അറിയുന്നത്. റായലസീമ, കോസ്റ്റല്‍ ആന്ധ്ര, തെലങ്കാനയുടെ ചില ഭാഗങ്ങള്‍, കര്‍ണാടക, തമിഴ്നാട്, മൈസൂര്‍ എന്നിവയുമായി ബന്ധപ്പെട്ടതായിരുന്നു ആ ക്ഷാമം എന്ന് ഞാന്‍ മനസ്സിലാക്കി. ഈ പ്രദേശങ്ങളൈയെല്ലാം ബാധിച്ച വന്‍ ക്ഷാമമായിരുന്നു അത്. രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന 'ദി ഗ്രേറ്റ് സൗത്ത് ഇന്ത്യന്‍ മദ്രാസ് ഫാമൈന്‍' എന്നാണ് അത് അറിയപ്പെട്ടിരുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഏകദേശം ഒരുകോടിയോളം ആളുകള്‍ പട്ടിണി കിടന്ന് മരിച്ചുവെന്നറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഇത് ശരിക്കും സാധ്യമാണോ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു ഇത് സത്യമാണെങ്കില്‍, എന്തുകൊണ്ടാണ് നമ്മുടെ പാഠപുസ്തകങ്ങളില്‍ ഈ ക്ഷാമത്തെക്കുറിച്ച് പരാമര്‍ശിക്കാത്തത് എന്ന് ഞാന്‍ ചോദ്യം ചെയ്തു. ഞാന്‍ അതിനെക്കുറിച്ച് ഗവേഷണം നടത്താന്‍ തുടങ്ങി. നിരവധി പുസ്തകങ്ങള്‍ വായിച്ചു, പല സ്ഥലങ്ങളില്‍ യാത്ര ചെയ്തു, നിരവധി ചരിത്രകാരന്മാരെ കണ്ടുമുട്ടി. ഈ ക്ഷാമം ഒരു ചരിത്ര യാഥാര്‍ത്ഥ്യമാണെന്ന് ഞാന്‍ മനസ്സിലാക്കി. അപ്പോഴാണ് എന്റെ അടുത്ത സിനിമയുടെ വിഷയം ഇതായിരിക്കണം എന്ന് ഞാന്‍ തീരുമാനിച്ചത്. ഇത് ലോകത്തോട് പറയേണ്ട കഥയാണെന്ന് എനിക്ക് തോന്നി.


എനിക്ക് മൈത്രി മൂവി മേക്കേഴ്സിന് വേണ്ടി ഒരു സിനിമ ചെയ്യണമായിരുന്നു. ഈ കഥയുടെ പശ്ചാത്തലവും കഥാപാത്രവും ലോകവും നിര്‍മ്മാതാവ് രവി ഗാരുവിന് മുന്നില്‍ കൃത്യമായ രീതിയില്‍ ഞാന്‍ അവതരിപ്പിച്ചു, അദ്ദേഹത്തിന് അത് ഇഷ്ടപ്പെടുകയും എനിക്ക് വലിയ പിന്തുണ നല്‍കുകയും ചെയ്തു. ഈ കഥയ്ക്ക് ശക്തനായ ഒരു നടനെ ആവശ്യമായിരുന്നു. വാളേന്തി കുതിരപ്പുറത്ത് സഞ്ചരിക്കുന്ന യോദ്ധാവിന്റെ ചിത്രം എന്റെ മനസ്സിലുണ്ടായിരുന്നു. .ഇത്രയും സമയവും കഠിനാധ്വാനവും പരിശ്രമവും ആര്‍ക്ക് നല്‍കാന്‍ കഴിയുമെന്ന് ചിന്തിച്ചപ്പോള്‍ വിജയ് ദേവരകൊണ്ടയെയല്ലാതെ മറ്റാരെയും എനിക്ക് കാണാന്‍ കഴിഞ്ഞില്ല. വിജയിക്ക് എന്റെ ആശയം ഇഷ്ടപ്പെട്ടു. അദ്ദേഹത്തിനും ചരിത്രത്തില്‍ താല്പര്യമുണ്ട്. ഇത് ലോകത്തോട് പറയേണ്ട കഥയാണെന്ന് എന്നോടൊപ്പം അദ്ദേഹവും വിശ്വസിച്ചു. അവിടെ നിന്ന് 'രണബാലി'ക്ക് വേണ്ടിയുള്ള ഞങ്ങളുടെ യാത്ര ആരംഭിച്ചു. ഈ സിനിമയ്ക്ക് വേണ്ടി ഞങ്ങള്‍ നാല് വര്‍ഷം പ്രവര്‍ത്തിച്ചു, ഒക്ടോബര്‍ 16-ന് ഞങ്ങള്‍ ഇത് നിങ്ങളുടെ മുന്നില്‍ എത്തിക്കുകയാണ്.


ഇന്ന്, നിങ്ങള്‍ ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്താല്‍ അത് അഞ്ച് മിനിറ്റിനുള്ളില്‍ നിങ്ങളുടെ പക്കലെത്തും. എന്നാല്‍ ഭക്ഷണം കിട്ടാത്തതുകൊണ്ട് മാത്രം നമ്മുടെ പൂര്‍വ്വികരില്‍ ഒരുകോടി ആളുകള്‍ മരിച്ചുവെങ്കില്‍, അത് എത്രമാത്രം ഭയാനകമായിരുന്നുവെന്ന് ചിന്തിച്ചുനോക്കൂ. . ആ ദേഷ്യത്തില്‍ നിന്നും വേദനയില്‍ നിന്നുമാണ് ഈ സിനിമ പിറന്നത്. 'രണബാലി' ഒരു യുദ്ധം പോലെയായിരിക്കും. നിങ്ങള്‍ക്ക് മികച്ചൊരു സിനിമാറ്റിക് അനുഭവം നല്‍കാന്‍ പോകുന്നുവെന്ന് ഞാന്‍ അഭിമാനത്തോടെ പറയുന്നു.'', സംവിധായകന്‍ രാഹുല്‍ സാംകൃത്യന്‍ പറഞ്ഞു.
Read Entire Article