തകര്‍ച്ച നേരിട്ട് അസംസ്‌കൃത എണ്ണ: ആഗോള സാഹചര്യം പ്രതികൂലം

8 months ago 7

ട്രംപ് ഭരണകൂടത്തിന്റെ ഉയര്‍ന്ന താരിഫുകളും ഒപെകും സഖ്യ രാജ്യങ്ങളും ഉത്പാദനം കുറയ്ക്കലില്‍നിന്ന് അതിവേഗം പിന്മാറിയതും അസംസ്‌കൃത എണ്ണവിലയില്‍ കുത്തനെ ഇടിവുണ്ടാകാനിടയാക്കി. നേരിട്ടുള്ള നികുതികളില്‍ നിന്ന് ക്രൂഡ് ഓയിലിനെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ആഗോള സാമ്പത്തിക വളര്‍ച്ചാ വേഗക്കുറവിനെ തുടര്‍ന്ന് ഡിമാന്റില്‍ ഇടിവുണ്ടാകുമെന്ന ഭീതിയാണ് വില ഇടിയാന്‍ കാരണമായത്. അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ ചര്‍ച്ചകളും അന്താരാഷ്ട്ര വിപണിയെ സ്വാധീനിക്കുന്നുണ്ട്. പ്രധാനപ്പെട്ട എല്ലാ ആഗോള എണ്ണ സൂചികകളും ആഭ്യന്തര എണ്ണ വിലയും 2021 നുശേഷം ഏറ്റവും കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

ഇതര നാടുകളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കള്‍ക്കും 10 ശതമാനം അടിസ്ഥാന നികുതിയും ചില രാജ്യങ്ങള്‍ക്ക് കൂടിയ നികുതി നിരക്കുമാണ് യുഎസ് ഏര്‍പ്പെടുത്തിയത്. ചൈന, വിയറ്റ്നാം, ജപ്പാന്‍, ഇന്ത്യ, കൊറിയ, യൂറോപ്യന്‍ യൂണ്യന്‍ രാജ്യങ്ങള്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ അധിക നികുതി വ്യാപാര അസന്തുലനം നേരിടാനും ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനും അന്യായമായ വ്യാപാര സമ്പ്രദായങ്ങള്‍ അവസാനിപ്പിക്കാനുമാണെന്നാണ് യുഎസ് നിലപാട്.

ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ചൈന, യുഎസ് പ്രസിഡന്റിന്റെ തീരുവയ്ക്ക് പകരച്ചുങ്കം എന്ന നിലയില്‍ ഏപ്രില്‍ 10 മുതല്‍ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്‍പന്നങ്ങള്‍ക്കും 34 ശതമാനം നികുതി പ്രഖ്യാപിക്കുകയും ചെയ്തു. ചൈനയുടെ നടപടിക്കു ബദലായി എല്ലാ ഉത്പന്നങ്ങള്‍ക്കും 34 ശതമാനം അധിക നികുതി ചുമത്തിയ യുഎസ് ചൈനയ്ക്കുള്ള മൊത്തം നികുതി 104 ശതമാനമാക്കി. രണ്ടു വന്‍ശക്തികള്‍ തമ്മിലുള്ള വ്യാപാരയുദ്ധം ഉയര്‍ന്ന സ്ഥായിയിലെത്തിയത് ആഗോള മാന്ദ്യഭീതി ഉയര്‍ത്തിയിട്ടുണ്ട്. ഇത് എണ്ണയുടെ ഡിമാന്റിനെ ബാധിച്ചേക്കാം.

ചൈനയ്ക്കു പുറമേ, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും യുഎസ് ഉല്‍പന്നങ്ങള്‍ക്ക് പകരച്ചുങ്കം ഏര്‍പ്പെടുത്തി. വ്യാപാരത്തിനും ഉപഭോക്താക്കള്‍ക്കും അധിക ഭാരം വരാനും സാമ്പത്തിക വേഗക്കുറവിനും ആഗോള വ്യാപാര ബലതന്ത്രത്തില്‍ മാറ്റത്തിനും ഇതു വഴി വെക്കും.

ഉത്പാദനം കുറയ്ക്കാനുള്ള മുന്‍തീരുമാനം മാറ്റിയ ഒപെക് സഖ്യരാഷ്ട്രങ്ങളുടെ അപ്രതീക്ഷിത നടപടിയും ആഗോള എണ്ണ വിലയെ ബാധിച്ചിട്ടുണ്ട്. പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സഖ്യമായ ഒപെക്കും റഷ്യയുടെ നേതൃത്വത്തിലുള്ള സഖ്യ രാജ്യങ്ങളും ഉത്പാദനം കുറയ്ക്കല്‍ തീരുമാനം മാറ്റുന്നതിന്റെ ഭാഗമായി മെയ് മുതല്‍ പ്രതിദിനം 1,35,000 ബാരല്‍ എന്ന കണക്കിന് ഉത്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മെയ് മുതല്‍ പ്രതിദിനം 411,000 ബാരല്‍ എന്ന കണക്കില്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ എണ്ണ ഉത്പാദക രാജ്യങ്ങളുടെ സഖ്യത്തിന്റെ ഈയിടെ നടന്ന യോഗവും തീരുമാനമെടുത്തു. പ്രസിഡന്റ് ട്രംപിന്റെ കടുത്ത നിലപാടു കാരണം ഇറാനില്‍ നിന്നുള്ള എണ്ണ ഉത്പാദനം കുറഞ്ഞാലും വിതരണ തടസം ഇല്ലാതിരിക്കാന്‍ ഇതു സഹായിക്കും.

ആഗോള തലത്തില്‍ ക്രൂഡോയിലിന്റെ സപ്ളെ- ഡിമാന്റ് ബലതന്ത്രം ഇപ്പോള്‍ ഏതാണ്ട് സന്തുലിതമാണ്. 2025 വര്‍ഷം എണ്ണയുടെ ഡിമാന്റ് പ്രതിദിനം 10 ലക്ഷം ബാരലിന് മുകളിലാവും എന്നാണ് കണക്കാക്കിയിട്ടുള്ളത്. ചൈനയില്‍നിന്നുള്ള ഡിമാന്റ് വന്‍തോതില്‍ വര്‍ധിയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎസ് നികുതികള്‍ ചൈനീസ് സമ്പദ് വ്യവസ്ഥയെ ബാധിച്ചാല്‍ വരുംമാസങ്ങളില്‍ ആഗോള എണ്ണ വിലയില്‍ അത് കാര്യമായ സമ്മര്‍ദം സൃഷ്ടിക്കും.

2025ല്‍ എണ്ണ ഉത്പാദനം വര്‍ധിയ്ക്കുമെന്നും കണക്കാക്കപ്പെടുന്നുണ്ട്. ഒപെക്ക് സഖ്യ രാഷ്ട്രങ്ങളില്‍നിന്നും മറ്റുരാജ്യങ്ങളില്‍ നിന്നുമുള്ള ഉത്പാദനം വര്‍ധിയ്ക്കാനിടയുള്ളതിനാലാണ് ഈ പ്രതീക്ഷ. റഷ്യ-യുക്രെയിന്‍ യുദ്ധ രംഗത്ത് വെടി നിര്‍ത്തല്‍ സാധ്യമായാല്‍ റഷ്യന്‍ എണ്ണ വീണ്ടും വിപണിയില്‍ എത്തുകയും ഇത് എണ്ണയുടെ അമിത ഒഴുക്കിന് ഇടയാക്കുകയും ചെയ്തേക്കാം. എന്നാല്‍, ഇറാനിയന്‍ എണ്ണയ്ക്കെതിരെയുള്ള അമേരിക്കയുടെ ഉപരോധം കര്‍ശനമാവുകയും വെനിസ്വേലയുടെ എണ്ണ ഉത്പാദന ലൈസന്‍സ് റദ്ദാവുകയും ചെയ്താല്‍ എണ്ണവിപണിയുടെ സന്തുലനം സാധ്യമാകും.

Content Highlights: Global Crude Oil Price Crash: Causes & Outlook

ABOUT THE AUTHOR

ഹരീഷ് വി

ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സിലെ കമ്മോഡിറ്റി വിഭാഗം മേധാവിയാണ് ലേഖകന്‍. 

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article