Published: October 19, 2026 10:51 PM IST
1 minute Read
കോഴിക്കോട്∙ ജിംനാസ്റ്റിക്സിൽ കോഴിക്കോടിന്റെ അദ്ഭുതബാലൻ ധ്യാൻ ശങ്കർ ചൈനയിൽ മത്സരത്തിനിറങ്ങുന്നു. ചൈനയിലെ നാൻജിങ്ങിൽ ഫെഡറേഷൻ ഓഫ് ഇന്റർനാഷനൽ ജിംനാസ്റ്റിക്സ് നടത്തുന്ന ലോക ഏജ് ഗ്രൂപ്പ് ചാംപ്യൻഷിപ്പിലേയ്ക്കാണ് പതിനൊന്നുവയസ്സുകാരൻ ധ്യാൻ ശങ്കർ തിരഞ്ഞെടുക്കപ്പെട്ടത്. സെന്റ് ജോസഫ്സ് എച്ച്എസ്എസ്സിലെ ആറാംക്ലാസ് വിദ്യാർഥിയാണ്.
ടൗൺ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പേരാമ്പ്ര സ്വദേശി മനോജ് കല്ലാട്ടിന്റെയും ഭാര്യ കല്ലായി ഗവ. യുപി സ്കൂൾ അധ്യാപിക സനിലയുടെയും മകനാണ് ധ്യാൻ ശങ്കർ.
ധ്യാനിന് രണ്ടര വയസ്സുള്ളപ്പോൾ തലകുത്തി മറയുന്ന വിഡിയോ ചേച്ചി ശ്രീനന്ദ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഫെയ്സ്ബുക്കിലിട്ടിരുന്നു. ഇതുകണ്ട് മനോജിന്റെ സുഹൃത്തുക്കളാണ് ജിംനാസ്റ്റിക്സ് പരിശീലിപ്പിക്കാൻ നിർദേശിച്ചത്. അങ്ങനെ ധ്യാൻ മൂന്നാം വയസ്സിൽ ജില്ലാ സ്പോർട്സ് കൗൺസിലിനു കീഴിൽ കോർപറേഷൻ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ജിംനാസ്റ്റിക്സ് പരിശീലന കേന്ദ്രത്തിൽ ചേർന്നു.
ടി.ജംഷീറീനു കീഴിൽ പരിശീലനം തുടങ്ങിയ ധ്യാൻ കഴിഞ്ഞ വർഷം വരെ അണ്ടർ 10 സംസ്ഥാന ചാംപ്യനായിരുന്നു. ഇത്തവണ സബ് ജൂനിയർ വിഭാഗത്തിൽ പ്രവേശനം കിട്ടിയതോടെയാണ് ദേശീയ മെഡൽ നേടാനായത്. ബംഗളൂരുവിൽ നടന്ന ദേശീയ ചാംപ്യൻഷിപ്പിലെ സ്വർണനേട്ടത്തോടെയാണ് ധ്യാൻ ശങ്കർ ടംബ്ലിങ് മിനി മെൻ ഏജ് ഗ്രൂപ്പ് ഒന്ന് വിഭാഗത്തിൽ രാജ്യാന്തര മത്സരത്തിനിറങ്ങുന്നത്.
കഴിഞ്ഞ ദിവസം കണ്ണൂരിലെ തലശ്ശേരിയിൽ സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായുള്ള ജിംനാസ്റ്റിക്സിൽ ആർടിസ്റ്റിക്സ് വിഭാഗത്തിൽ 3 സ്വർണവും 4 വെള്ളിയും നേടി വ്യക്തിഗത ചാംപ്യനായിരുന്നു. ഡിസംബറിൽ ബംഗാളിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പങ്കെടുക്കാനിരിക്കുകയാണ് ധ്യാൻ. ചൈനയിലെ മത്സരത്തിൽ 30 രാജ്യങ്ങളിൽനിന്നുള്ള കുട്ടികളാണ് പങ്കെടുക്കുക. നവംബർ 12നാണ് മത്സരം. നവംബർ ആറിന് ധ്യാൻ ചൈനയിലേക്ക് പോകും. മത്സരത്തിൽ പങ്കെടുത്ത് തിരിച്ചെത്താൻ അഞ്ചു ലക്ഷത്തോളം രൂപ ചെലവു പ്രതീക്ഷിക്കുന്നുണ്ട്. ഒരു സ്പോൺസറുടെ പിന്തുണ ലഭിക്കാനുള്ള നെട്ടോട്ടത്തിലാണ് കോച്ച് ജംഷീർ.
English Summary:






English (US) ·