ഇന്ത്യ-പാക് സംഘര്‍ഷം അയഞ്ഞതോടെ വന്‍ കുതിപ്പ് നടത്തി ഓഹരി വിപണി. സമീപ കാലയളവിലൊന്നുമുണ്ടാകാത്തെ മുന്നേറ്റം സ്വന്തമാക്കി സെന്‍സെക്‌സും നിഫ്റ്റിയും. ഇരു സൂചികകളും 3.50 ശതമാനത്തിലേറെ ഉയര്‍ന്നു. ഇതോടെ 2024 ഡിസംബര്‍ 16ന് ശേഷമുള്ള ഉയര്‍ന്ന നിലവാരത്തിലേയ്ക്ക് വിപണി തിരിച്ചെത്തി. ബഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത മൊത്തം കമ്പനികളുടെ വിപണി മൂല്യത്തില്‍ തിങ്കളാഴ്ച മാത്രം 15.46 ലക്ഷം കോടി രൂപയുടെ വര്‍ധനവുണ്ടായി. മൊത്തം വിപണി മൂല്യം 432.47 ലക്ഷം കോടിയിലെത്തി.
സെന്‍സെക്‌സ് 2,975.43 പോയന്റ് നേട്ടത്തില്‍ 82,429.90ലും നിഫ്റ്റി 916.70 പോയന്റ് ഉയര്‍ന്ന് 24,924.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 3375 ഓഹരികള്‍ നേട്ടത്തിലും 585 ഓഹരികല്‍ നഷ്ടത്തിലുമായിരുന്നു. റിയാല്‍റ്റി, പവര്‍, ഐടി, എനര്‍ജി സൂചികകള്‍ നാല് മുതല്‍ ആറ് ശതമാനംവരെ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 3.8 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക നാല് ശതമാനവും ഉയര്‍ന്നു. ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, വിപ്രോ, അദാനി എന്റര്‍പ്രൈസസ് തുടങ്ങിയ വന്‍കിട ഓഹരികള്‍ ആറ് ശതമാനത്തിലേറെ ഉയര്‍ന്നു.
യുഎസ്-ചൈന താരിഫ് നീക്കുപോക്കുകളും റഷ്യ-യുക്രെയിന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലെ അപ്രതീക്ഷിത പുരോഗതിയും വിപണി നേട്ടമാക്കി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ശക്തമായ വളര്‍ച്ച സാധ്യത, കോര്‍പറേറ്റ് വരുമാനത്തിലെ മുന്നേറ്റം, പലിശ നിരക്കിലെ കുറവ് എന്നിവ അനുകൂലമായ ആഭ്യന്തര ഘടകങ്ങളാണ്. ഇവയാകും വരുംദിവസങ്ങളിലെ മുന്നേറ്റത്തിന് പ്രേരകമാകുക.
കുതിപ്പ് തുടരുമോ?
രാജ്യത്തെ സമ്പത്തിക സ്ഥിതി വിപണിക്ക് അനുകൂലമാണ്. പണപ്പെരുപ്പവും ഉത്പാദന സൂചിക(പിഎംഐ)യും അത് അടിവരയിടുന്നു. ട്രംപിന്റെ താരിഫ് പ്രഖ്യാപനങ്ങള്‍, ഇന്ത്യ-പാക് സംഘര്‍ഷം എന്നിവയാണ് രണ്ട് മാസത്തിനിടയിലെ തകര്‍ച്ചയുടെ പ്രധാന കാരണങ്ങള്‍. ട്രംപിന്റെ താരിഫ് ഭീഷണി പൂര്‍ണമായും വിട്ടുപോയിട്ടില്ലെന്നകാര്യം ശ്രദ്ധിക്കുക. ഹ്രസ്വകാലയളവില്‍ ചാഞ്ചാട്ടത്തിന്റെ പാതയില്‍തന്നെയാകും വിപണി. അതേസമയം, വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ് വലിയ മാറ്റത്തിന്റെ സൂചനയുമാണ്.
അനിശ്ചിതത്വം പെട്ടെന്ന് ഇല്ലാതാകുമ്പോള്‍ വിപണിയില്‍ ആവേശ പ്രകടനം അതിരുകടക്കും. അതുതന്നെയാണ് തിങ്കളാഴ്ച പ്രകടമായതും. പിന്നീട് ആവേശം തണുക്കുകയും ചെയ്യും. അനുകൂല ഘടകങ്ങള്‍ തുടര്‍ന്നാല്‍ വിപണിയുടെ നീക്കം മുന്നോട്ടുതന്നെയാകും.
Content Highlights: Sensex, Nifty Rally: Market Rebounds with Record Gains, but is the Momentum Sustainable?
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·