ഓഹരികളിലോ മേഖലകളിലോ നിക്ഷേപിക്കുന്നത് പ്രധാനമായും മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്. വളര്‍ച്ചാ സാധ്യത, റിസ്‌ക്, വാല്യുവേഷന്‍ എന്നിവയാണവ. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ പ്രധാനമായും കേന്ദ്രീകരിച്ചിട്ടുള്ളത് വികസിത രാജ്യങ്ങളിലാണ്. സാമ്പത്തിക പക്വത, രാഷ്ട്രീയ ഘടന, വ്യവസായ നയം, കറന്‍സിയുടെ ഭദ്രത എന്നിവയില്‍ താരതമ്യേന റിസിക് കുറവായതിനാലാണിത്. ഇവിടങ്ങളിലെ സുരക്ഷിതമായ വന്‍കിട ബിസിനസ് മോഡലുകളും, ഭദ്രമായ സമ്പദ് വ്യവസ്ഥയും ധനകാര്യ പ്രാപ്തിയും ആപേക്ഷികമായി ഭേദമാണ്.
ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന ആഗോള സൂചികയായ MSCI വേള്‍ഡ് ഇന്‍ഡെക്സ്, പ്രധാനമായും കേന്ദ്രീകരിക്കുന്നത് വികസിത വിപണികളെയാണ്. സൂചികയില്‍ 23 വികസിത വിപണികളാണ് ഇപ്പോഴുള്ളത്. ഓസ്ട്രേലിയ, ഓസ്ട്രിയ, ബെല്‍ജിയം, കാനഡ, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഹോങ്കോങ്, അയര്‍ലന്‍ഡ്, ഇസ്രായേല്‍, ഇറ്റലി, ജപ്പാന്‍, നെതര്‍ലാന്‍ഡ്സ്, ന്യൂസിലാന്റ്, നോര്‍വേ, പോര്‍ച്ചുഗല്‍, സിങ്കപ്പൂര്‍, സ്പെയിന്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലാന്‍ഡ്, യുകെ, യുഎസ് എന്നിവയാണ് ഈ രാജ്യങ്ങള്‍. മൊത്തം ഓഹരികളുടെ 70 ശതമാനവും കൈകാര്യം ചെയ്യുന്നത് യുഎസ് വിപണിയാണ്. വികസ്വര വിപണികളുള്ള രാഷ്ട്രങ്ങളില്‍ ഒന്നുപോലും സൂചികയില്‍ ഇടം പിടിച്ചിട്ടില്ല. ഇക്കാരണത്താല്‍ വിദേശ നിക്ഷേപ സ്ഥാനങ്ങളധികവും നിക്ഷേപിക്കുന്നത് ഈ വികസിത രാജ്യങ്ങളിലാണ്. അനിശ്ചിതത്വം വര്‍ധിക്കുമ്പോള്‍ നിക്ഷേപ സ്ഥാപനങ്ങള്‍ വികസിത വിപണികളെയാണ് ആശ്രയിക്കുക.
പോര്‍ട്ഫോളിയോ വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വികസ്വര വിപണികളിലും നിക്ഷേപിക്കാറുണ്ട്. മാനദണ്ഡങ്ങളെ മറി കടക്കുന്ന വികസന സാധ്യതകള്‍ പരിഗണിച്ചും വികസിത വിപണികളില്‍ അവസരം കുറയുകയോ വാല്യുവേഷന്‍ വര്‍ധിക്കുകയോ ചെയ്യുന്ന ഘട്ടത്തിലുമാണിത്. MSCI EM ല്‍ ഇപ്പോള്‍ 24 രാജ്യങ്ങളില്‍ നിന്നുള്ള ഓഹരികളുണ്ട്. ബ്രസീല്‍, ചിലി, ചൈന, കൊളംബിയ, ചെക് റിപ്പബ്ലിക്, ഈജിപ്ത്, ഗ്രീസ്, ഹംഗറി, ഇന്ത്യ, ഇന്തൊനീഷ്യ, കൊറിയ, കുവൈത്ത്, മലേഷ്യ, മെക്സിക്കോ, പെറു, ഫിലിപ്പൈന്‍സ്, പോളണ്ട്, ഖത്തര്‍, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തയ്വാന്‍, തായ്ലന്‍ഡ്, തുര്‍ക്കി, യുഎഇ എന്നിവയാണ് ഈ രാജ്യങ്ങള്‍. മൊത്തം ഓഹരികളുടെ 65 ശതമാനവും ചൈന, ഇന്ത്യ, തായ്വാന്‍ എന്നീ മൂന്നു രാജ്യങ്ങളില്‍ നിന്നാണ്. വികസ്വര രാജ്യങ്ങളിലെ നിക്ഷേപ മേഖലയില്‍ ഈ രാജ്യങ്ങള്‍ക്കുള്ള പ്രാധാന്യമാണിത് അടിവരയിടുന്നത്.
ഇന്ത്യയുടെ പ്രധാന്യം 2020 മുതല്‍ വര്‍ധിച്ചുവരികയാണ്. ഇന്ത്യന്‍ ഓഹരികള്‍ എട്ട് ശതമാനത്തില്‍ നിന്ന് 18-20 വരെയായി ഉയര്‍ന്നിട്ടുണ്ട്. അഞ്ച് വര്‍ഷ കാല പരിധിയില്‍ ഡോളര്‍ അടിസ്ഥാനത്തില്‍ 20 ശതമാനം നേട്ടവുമായി MSCI ഇന്ത്യയുടെ പ്രകടനം ഭദ്രമായിരുന്നു. MSCI EM (6 ശതമാനം), MSCI ചൈന (1 ശതമാനം) , MSCI ജപ്പാന്‍, ഏഷ്യ (6 ശതമാനം) എന്നിവയുടെ പ്രകടനത്തേക്കാള്‍ ഭേദമായിരുന്നു ഇന്ത്യയുടേത്. എന്നാല്‍ 2024 സെപ്റ്റംബര്‍ മുതല്‍ ഇന്ത്യയുടെ പ്രകടനം ഇതര വികസ്വര രാജ്യങ്ങളേക്കാള്‍ പിന്നിലായി. ഇതിനു പ്രധാന കാരണം ഇന്ത്യയുടെ കൂടിയ വാല്യുവേഷന്‍ കൂടുതല്‍ കാലം നിലനിന്നതും സൂചികയില്‍ ഓഹരികള്‍ കൂടിക്കൊണ്ടിരുന്നതും ശക്തമായ ലാഭ വളര്‍ച്ചയുമാണ്. എന്നാല്‍ 2024ല്‍ ഇന്ത്യന്‍ സൂചികാഭാരം 20 ശതമാനത്തോളമായപ്പോള്‍ ഈ രണ്ട് ഘടകങ്ങളും താഴോട്ടുപോയി. പിന്നീടിത് കാര്യമായി കുറയുകയും ചെയ്തു. 2025ല്‍ ആഗോള തലത്തില്‍ വിലക്കയറ്റം വര്‍ധിക്കുകയും ആഭ്യന്തര സമ്പദ്‌വ്യവസ്ഥ വേഗക്കുറവു നേരിടുകയും ചെയ്തതോടെ ആഭ്യന്തര കമ്പനികളുടെ ലാഭം കുറഞ്ഞു.
2025ന്റെ തുടക്കത്തില്‍ MSCI EM നേക്കാള്‍ 90 ശതമാനം പ്രീമിയത്തിലാണ് MSCI ഇന്ത്യ ട്രേഡിംഗ് നടത്തിയത്. ഇന്ത്യയുടെ ഒരു വര്‍ഷ പിഇ അനുപാതം 22.3 x ആയിരുന്നു. വികസ്വര രാജ്യ ശരാശരിയായ 11.7 x നേക്കാള്‍ ഗണ്യമായി കൂടുതലായിരുന്നു ഇത്. ഇത്ര കൂടിയ പ്രീമിയത്തില്‍ ഇന്ത്യയില്‍ ട്രേഡിംഗ് നടക്കാന്‍ കാരണം ആറ് മുതല്‍ ഏഴ് ശതമാനം വരെ വളര്‍ച്ചാ നിരക്കുള്ള ഏക വന്‍ സമ്പദ് വ്യവസ്ഥ, രാഷ്ട്രീയ ഭദ്രത, രാജ്യത്തിന്റെ വലിപ്പം, സാങ്കേതിക-നിര്‍മ്മാണ രംഗങ്ങളിലെ കുതിച്ചുചാട്ടം, പുരോഗമനപരമായ വ്യവസായ കാഴ്ചപ്പാട് എന്നീ ഘടകങ്ങളായിരുന്നു. 3-4 വര്‍ഷത്തിനുശേഷം ഇന്ത്യന്‍ കമ്പനികളുടെ ലാഭം കുറയാന്‍ തുടങ്ങിയപ്പോള്‍, ഇതര വികസ്വര രാജ്യങ്ങളില്‍ വീണ്ടെടുപ്പുണ്ടായി. സര്‍ക്കാരിന്റെ ഉത്തേജക പദ്ധതികള്‍, നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യയിലെ വളര്‍ച്ച, നിര്‍മാണ മേഘലയിലെ പുനരുത്ഥാനം എന്നീ ഘടകങ്ങളായിരുന്നു ഇതിന് പിന്നില്‍. ഇതിന്റെ ഗുണം ലഭിച്ചത് ചൈന, ദക്ഷിണ കൊറിയ, തായ്‌വാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ്.
2024ന്റെ അവസാനത്തിലും 2025ന്റെ തുടക്കത്തിലുമായി വികസ്വര വിപണികള്‍ കൂടുതല്‍ ആകര്‍ഷകമാകാന്‍ തുടങ്ങി. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 2024 ഒക്ടോബറിനും 2025 ജൂലൈക്കുമിടയില്‍ 1.85 ലക്ഷം കോടി രൂപയുടെ വില്‍പന നടത്തി. എന്നാല്‍ വികസ്വര വിപണികള്‍ തമ്മിലുള്ള വാല്യുവേഷന്‍ ഗ്യാപ് അഞ്ച് വര്‍ഷ ശരാശരിയായ 68 ശതമാനത്തില്‍ താഴെയായി കുറഞ്ഞതിനാല്‍ ഈ സ്ഥിതി വരുംമാസങ്ങളില്‍ ഇന്ത്യക്ക് അനുകൂലമായി തിരിയുമെന്നാണ് കരുതുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ രണ്ട് പാദങ്ങളില്‍ കമ്പനികളുടെ ലാഭവളര്‍ച്ച 10-12 ശതമാനം വര്‍ധിച്ചു. 2024ല്‍ ഇത് നിശ്ചലമായിരുന്നു. വരുംനാളുകളില്‍ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുമെന്ന് ന്യായമായും കരുതാം. വ്യക്തിഗത ഓഹരി വാങ്ങല്‍ ശക്തമായി തുടരുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം വര്‍ധിക്കുകയും ചെയ്യുന്നതിനാല്‍ ഇത് ആഭ്യന്തര വിപണിക്കു പിന്തുണയാകുമെന്നു കരുതപ്പെടുന്നു. ഇന്ത്യക്കെതിരെ ട്രംപിന്റെ ഉയര്‍ന്ന തീരുവ ഈ മുന്നേറ്റത്തെ ബാധിച്ചേക്കാം. ജാഗ്രത പുലര്‍ത്താന്‍ ഇത് വിദേശ നിക്ഷേപ സ്ഥാപനങ്ങളെ പ്രേരിപ്പിക്കും.
Content Highlights: Beyond the Tariff: India's Emerging Market Appeal and Investment Landscape.
ABOUT THE AUTHOR
വിനോദ് നായര്‍
ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡിന്റെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·