തുടർച്ചയായ ആറാം ലോകകപ്പ്; മെക്സിക്കൻ ഗോൾകീപ്പർ ഗില്ലർമോ ഒച്ചോവ ഗ്ലൗസ് അഴിക്കാനൊരുങ്ങുന്നു

4 weeks ago 6

എസ്.പി. ശരത്

എസ്.പി. ശരത്

Published: May 03, 2026 12:12 PM IST

1 minute Read

ഗില്ലർമോ ഒച്ചോവ. GEOFF STELLFOX / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP
ഗില്ലർമോ ഒച്ചോവ. GEOFF STELLFOX / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP

വിശുദ്ധൻ’ എന്ന വിശേഷണത്തോടെ ശത്രുക്കളിൽ നിന്നു മെക്സിക്കൻ ഗോൾവലയെ കാത്തുരക്ഷിക്കാൻ ഇനി ഗില്ലർമോ ഒച്ചോവ ഉണ്ടാകില്ല. അക്രോബാറ്റിക് സേവുകളോടെ ലോകം മുഴുവൻ ആരാധകരെ നേടിയെടുത്ത ഒച്ചോവ (40) അമേരിക്കൻ ലോകകപ്പിനു ശേഷം കരിയർ അവസാനിപ്പിക്കും. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസ്സിക്കുമൊപ്പം തുടർച്ചയായ ആറാം ലോകകപ്പെന്ന ചരിത്രനേട്ടവുമായാണ് ഒച്ചോവ ഗ്ലൗസ് അഴിക്കുക. 2014 ലോകകപ്പിൽ നെയ്മാറിന്റെ ഹെഡറടക്കം ബ്രസീലിന്റെ ആറു ഷോട്ടുകൾ സേവ് ചെയ്തു മെക്സിക്കോയ്ക്കു ഗോൾരഹിത സമനില വാങ്ങിക്കൊടുത്ത ‘വിശുദ്ധ ഗില്ലർമോ’ ഒരിക്കൽകൂടി അദ്ഭുതം പ്രവർത്തിക്കുമെന്ന് ആതിഥേയർ പ്രത്യാശിക്കുന്നു.

ക്ലബ് ജഴ്സികളിൽ സീറോയും ദേശീയ ജഴ്സിയിൽ ഹീറോയും – ഒച്ചോവയുടെ കളിജീവിതം പലപ്പോഴും ഇങ്ങനെയായിരുന്നു. മെസ്സിയും ക്രിസ്റ്റ്യാനോയും അരങ്ങേറിയ 2006 ലോകകപ്പിൽ മൂന്നാം ഗോൾകീപ്പർ ഓപ്ഷനിൽ മെക്സിക്കൻ ടീമിലെത്തിയതാണ് ഒച്ചോവയും. 2010ലും ടീമിൽ ഇടംപിടിച്ചെങ്കിലും രണ്ടുവട്ടവും ബെഞ്ചിലിരുന്നു. 2014ൽ ആയിരുന്നു ആരാധകമനം കീഴടക്കിയ വരവ്. അതിശയകരമായ ‘റിഫ്ലക്സു’മായി ഒച്ചോവ ഗോൾവലയ്ക്കു മുന്നിൽ പല കൈകൾ വിരിച്ചു. ക്ലോസ് റേഞ്ച് ഷോട്ടുകൾ അതിവേഗം തടുത്തു. പ്രവാചക മനസ്സോടെ കൃത്യമായി പെനൽറ്റികൾ സേവ് ചെയ്തു. പറന്നു പന്ത‌ുപിടിക്കാനുള്ള മികവ് എതിർ ടീമിന്റെ പോലും കയ്യടി വാങ്ങിക്കൊടുത്തു. ‘സ്വീപ്പർ – കീപ്പർ’ ശൈലിയിൽ ബോക്സിനു പുറത്തിറങ്ങി പന്ത് തടുക്കുന്ന പുതിയ തലമുറ ഗോൾകീപ്പർമാരുടെ കാലത്ത് ഒച്ചോവ പഴയ സ്കൂളുകാരനായി ഗോൾപോസ്റ്റിനു കൂട്ടുനിന്നു.

2014 ലോകകപ്പിൽ ബ്രസീലിനെതിരായ കളിയിലെ ക്ലീൻ ഷീറ്റ് എക്കാലവും ഓർത്തിരിക്കേണ്ട കളിയാണ്. 2018 ലോകകപ്പിൽ നിലവിലെ ചാംപ്യന്റെ ഗമയുമായി വന്ന ജർമനിയെ1–0നു മെക്സിക്കോ തകർത്തുവിട്ട കളിയിൽ ഒച്ചോവയുടേതായി 9 സേവുകൾ. 2022 ലോകകപ്പിൽ ലെവൻഡോവ്സ്കിയുടെ പെനൽറ്റി കിക്ക് തടുത്തിട്ട് പോളണ്ടിനെ ഗോൾരഹിത സമനിലയിൽ പിടിച്ചു. ബലോൻ ദ് ഓർ പുരസ്കാരത്തിനു ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ മെക്സിക്കൻ താരമെന്ന ഖ്യാതി നേടി. ഒച്ചോവയുടെ കിടിലൻ പ്രകടനങ്ങൾ പലപ്പോഴും ലോകകപ്പുകളിൽ മാത്രം ഒതുങ്ങ‍ിയതു കൗതുകകരമാണ്. ക്ലബ് ഫുട്ബോളിൽ മുൻനിര ടീമുകളുടെയൊന്നും ഭാഗമാകാനോ തിളങ്ങാനോ കഴിഞ്ഞില്ല. ‘പ്രോ ആക്ടീവ്’ ഗോൾകീപ്പറാകാൻ കഴിയാതെ പഴയ ശൈലിയിൽ തുടർന്നതാകാം കാരണം. കഴിഞ്ഞ ലോകകപ്പോടെ കരിയർ അവസാനിച്ചു എന്നു കരുതിയിരിക്കെയാണു വീണ്ടും ടീമിലെത്തിയത്. ഒച്ചോവ ഒരുവട്ടം കൂടി വരുമ്പോൾ ആനന്ദം മെക്സിക്കൻ ആരാധകർക്കു മാത്രമല്ല, അദ്ഭുതങ്ങളിൽ ഹരം കൊള്ളുന്ന എല്ലാവർക്കുമാണ്.

English Summary:

Guillermo Ochoa, the iconic Mexican goalkeeper known for his acrobatic saves, is acceptable to discontinue aft the upcoming World Cup

Read Entire Article