അജിത് മേനോന്‍
14 June 2025, 11:12 AM IST

Photo: Gettyimages
അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ ഖോസ്റ്റ് പ്രവിശ്യയില്‍ 1880-കളില്‍ ജനിച്ച അഖേല്‍ നസീര്‍ തനിക്ക് 140 വയസ്സായതായി അവകാശപ്പെടുന്നു. ബ്രസീലില്‍ നിന്നുള്ള ഡിയോലിറ ഗ്ലിസെറിയ പെഡ്രോ ഡാ സില്‍വയാകട്ടെ 120 വയസ്സായെന്നും. വാര്‍ധക്യം ഇല്ലാതാക്കാനുള്ള 'ശ്രമം' നൂറ്റാണ്ടുകളായി മനുഷ്യനെ ആകര്‍ഷിക്കുന്നു. ആരോഗ്യ സംരക്ഷണ സാങ്കേതിക വിദ്യയിലുള്ള മുന്നേറ്റത്തോടെ ആ സ്വപ്നത്തോട് കൂടുതല്‍ അടുക്കാന്‍ കഴിഞ്ഞേക്കാം. അമേരിക്കന്‍ ടെക് കോടീശ്വരനായ ബ്രയാന്‍ ജോണ്‍സണ്‍ വാര്‍ധക്യം കുറയ്ക്കാനായി പ്രതിവര്‍ഷം രണ്ട് മില്യണ്‍ ഡോളര്‍ ചെലവഴിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് അപ്രാപ്യമായി തോന്നാമെങ്കിലും ആരോഗ്യ സംരക്ഷണത്തിലൂടെ ആയുസ്സ് കൂട്ടാനുള്ള ശ്രമത്തിലാണ് ലോകം. ദിവസവും കുറഞ്ഞത് 10,000 ചുവടുകളെങ്കിലും അതിനായി നടക്കുന്നു.
ആരോഗ്യവും ക്ഷേമവും തേടുന്ന ആളുകളുടെ എണ്ണം 2025 ഓടെ 150 കോടി യാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ (WHO) നിഗമനം. മുന്‍പത്തേക്കാള്‍ കൂടുതല്‍ കാലം ഇപ്പോഴുള്ളവര്‍ക്ക് ജീവിക്കാന്‍ കഴിയുന്നുവെന്നത് വാസ്തവമാണ്. ഇന്ത്യയും ഇതിന് ഒരു അപവാദമല്ല. 60 വയസിന് മുകളിലുള്ളവരുടെ എണ്ണം 2023-ലെ 15.1 കോടിയില്‍ നിന്ന് 2050-ഓടെ 34.6 കോടിയാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ അനുമാനം.
ദീര്‍ഘായുസ്സ് റിസ്‌ക്-എങ്ങനെ നേരിടാം
കൂടുതല്‍ കാലം ജീവിക്കുന്നത് ഒരുപോലെ അനുഗ്രഹവും ദോഷവുമാണ്. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ കാലം ജീവിതം ആസ്വദിക്കാന്‍ കഴിയുമെങ്കിലും ജീവിക്കാനാവശ്യമായ സമ്പത്ത് കരുതേണ്ടിവരുമെന്ന പ്രതിസന്ധിയുമുണ്ട് - അതാണ് 'ദീര്‍ഘായുസ്സ് റിസ്‌ക്' (longevity risk). പ്രതീക്ഷിച്ചതിനേക്കാള്‍ മൂന്ന് വര്‍ഷം കൂടുതല്‍ ജീവിക്കുകയാണെങ്കില്‍ വിരമിച്ചശേഷമുള്ള ചെലവുകളുടെ ഇപ്പോഴത്തെ മൂല്യം ആഗോള ജിഡിപിയുടെ 25-50% വരെ ആകുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) കണക്കാക്കുന്നു. അതുകൊണ്ടുതന്നെ ലോകമെമ്പാടും വിരമിക്കല്‍ പ്രായത്തിന്റെ നിര്‍വചനം മാറിക്കൊണ്ടിരിക്കുന്നു. അധിക വര്‍ഷങ്ങള്‍ നല്ലരീതിയില്‍ ജീവിക്കുന്നതിനായി സാധാരണ വിരമിക്കല്‍ പ്രായം കഴിഞ്ഞും ജോലി തുടരേണ്ടിവരുന്നു. അല്ലെങ്കില്‍ കൂടുതല്‍ തുക ഭാവിയിലേയ്ക്കായി നേരിത്തെ നീക്കിവെയ്‌ക്കേണ്ടിവരികയും ചെയ്യും.
'ബോണസ്' വര്‍ഷങ്ങള്‍ക്കായി തയ്യാറെടുക്കാം:
- സാമ്പത്തിക സ്ഥിതി, ആശ്രിതര്‍ എന്നിവ പരിഗണിച്ച് പണപ്പെരുപ്പം കൂടി കണക്കിലെടുത്ത് ആയുസ്സും വിരമിക്കല്‍ വരുമാന ആവശ്യങ്ങളും കണക്കാക്കുക.
- പണപ്പെരുപ്പത്തെ മറികടക്കാനും കൂടുതല്‍ കാലം നിലനില്‍ക്കുന്ന നിക്ഷേപം സൃഷ്ടിക്കാനും ഓഹരി പോലുള്ള വളര്‍ച്ചാ ആസ്തികള്‍ പോര്‍ട്ട്ഫോളിയോയില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക.
- 65 വയസ്സിന് ശേഷം ആരോഗ്യ സംരക്ഷണ ചെലവുകള്‍ കൂടുതലാകാന്‍ സാധ്യതയുള്ളതിനാല്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് കവറേജ് കൂട്ടേണ്ടതുടണ്ടോയെന്ന് വിലയിരുത്തുക.
- മാര്‍ക്കറ്റ് താഴോട്ട് പോകുമ്പോള്‍ ഓഹരി നിക്ഷേപം പിന്‍വലിക്കാതിരിക്കാന്‍ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളായി (1: കുറഞ്ഞ അപകട സാധ്യത, 2: ഹൈബ്രിഡ്, 3: ഓഹരികള്‍) വിഭജിച്ച് പോര്‍ട്ട്ഫോളിയോ ക്രമീകരിക്കുക. ഓഹരി നിക്ഷേപത്തിന് വളരാന്‍ കൂടുതല്‍ കാലം ഇതിലൂടെ ലഭിക്കുന്നു. അതുവഴി സമ്പത്ത് കൂടുതല്‍ കാലം നിലനില്‍ക്കും.
- ഒറ്റ വരുമാന സ്രോതസ്സ് മാത്രം ആശ്രയിക്കാതിരിക്കാന്‍ കഴിവുകളും ഹോബികളും പണമാക്കി മാറ്റുന്നതിനുള്ള വഴി കണ്ടെത്തുക. ഔദ്യോഗിക ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ പ്രത്യേകിച്ചും ഇത് ഉപകരിക്കും. ഹോബികളില്‍ ഏര്‍പ്പെടുന്നതോ പാര്‍ട്ട് ടൈം ജോലികള്‍ ചെയ്യുന്നതോ ആരോഗ്യത്തിനും സമ്പത്തിനും ഗുണം ചെയ്യും.
അനാവശ്യ ചെലവുകള്‍ കുറച്ചും മുകളില്‍ ചര്‍ച്ച ചെയ്ത വഴികള്‍ സ്വീകരിച്ചും ദീര്‍ഘായുസ്സുമായി ബന്ധപ്പെട്ട റിസ്‌ക് മറികടക്കാം. അതുവഴി ലക്ഷ്യബോധമുള്ളതും ആശങ്കയില്ലാത്തതുമായ വിരമിക്കല്‍ ജീവിതം ഉറപ്പാക്കാം. സാമ്പത്തിക ഉപദേഷ്ടാവുമായി ചേര്‍ന്ന് മികച്ച രീതിയില്‍ ആസൂത്രണം നിര്‍വഹിക്കുകയാകും ഉചിതം.
Content Highlights: Longevity Risk: Navigating the Financial Challenges of an Extended Lifespan
ABOUT THE AUTHOR
അജിത് മേനോന്‍
പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ടിന്റെ സിഇഒ ആണ് ലേഖകന്‍.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·