ധരംശാലയിൽ മഴ സാധ്യത 80%, ഒലിച്ചുപോകുമോ ഒന്നാം ക്വാളിഫയർ? മത്സരം ഉപേക്ഷിച്ചാൽ ഫൈനലിൽ ആരു കയറും?

6 days ago 2

ഓൺലൈൻ ഡെസ്ക്

Published: May 26, 2026 05:08 PM IST

1 minute Read

ഐപിഎലിലെ ഒന്നാം ക്വാളിഫയറിനു വേദിയാകുന്ന ധരംശാലയിലെ എച്ച്പിസിഎ സ്റ്റേഡിയം.  (PTI Photo/Salman Ali)
ഐപിഎലിലെ ഒന്നാം ക്വാളിഫയറിനു വേദിയാകുന്ന ധരംശാലയിലെ എച്ച്പിസിഎ സ്റ്റേഡിയം. (PTI Photo/Salman Ali)

ധരംശാല ∙ ഐപിഎൽ പ്ലേഓഫിലെ ഒന്നാം ക്വാളിഫയർ മത്സരത്തിന് മഴഭീഷണി. ധരംശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തിലാണ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ക്വാളിഫയർ മത്സരം. കാലാവസ്ഥ നിരീക്ഷകരുടെ റിപ്പോർട്ട് പ്രകാരം, നഗരം ഏകദേശം 14 മുതൽ 25 ശതമാനം വരെ മേഘാവൃതമായിരിക്കാൻ സാധ്യതയുണ്ട്, അതോടൊപ്പം 80 ശതമാനം മഴ പെയ്യാനുള്ള സാധ്യതയുമുണ്ട്.

∙ മഴ ‘വില്ലൻ’ ആയാൽ ‘ഹീറോ’ ആര്?മഴ മൂലം മത്സരം പൂർണ്ണമായി ഉപേക്ഷിക്കേണ്ടി വന്നാൽ, മികച്ച നെറ്റ് റൺറേറ്റുള്ള ആർസിബി ഫൈനലിന് യോഗ്യത നേടും. ലീഗ് ഘട്ടത്തിൽ 13 മത്സരങ്ങളിൽനിന്ന് 8 വീതം ജയവും 5 വീതം തോൽവിയുമായി 18 പോയിന്റുമായാണ് ആർസിബിയും ഗുജറാത്തും പ്ലേഓഫിന് യോഗ്യത നേടിയത്. മികച്ച റൺറേറ്റിന്റെ അടിസ്ഥാനത്തിലാണ് ആർസിബി ഒന്നാമതായത്. ക്വാളിഫയർ 1, എലിമിനേറ്റർ, ക്വാളിഫയർ 2 എന്നിവയ്ക്ക് റിസർവ് ദിനം ഇല്ലാത്തതിനാൽ, മത്സരം ഉപേക്ഷിക്കേണ്ടി വന്നാൽ ലീഗ് ഘട്ടത്തിലെ പോയിന്റ് പട്ടികയിൽ ഉയർന്ന സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമുകൾക്കാകും നേട്ടം.

ഐപിഎൽ ഫോർമാറ്റ് അനുസരിച്ച്, ക്വാളിഫയർ 1 ൽ പുറത്താകുന്ന ടീമിന് ഒരവസരം കൂടി ലഭിക്കും. ഐപിഎൽ നിയമങ്ങൾ അനുസരിച്ച്, മഴ മൂലം മത്സരം സാധ്യമാകാതെ വന്നാൽ, വിജയിയെ തീരുമാനിക്കാൻ ഉദ്യോഗസ്ഥർക്ക് സൂപ്പർ ഓവർ നടത്താനും കഴിയും.

ഐപിഎൽ ഒന്നാം ക്വാളിഫയറിൽ ഇരു ടീമുകളും ഇന്നു നേർക്കുനേർ വരുമ്പോൾ ത്രില്ലർ പോരാട്ടമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. നിലവിലെ ചാംപ്യൻമാരുടെ പകിട്ട് രജത് പാട്ടിദാർ നയിക്കുന്ന ബെംഗളൂരുവിന് ആത്മവിശ്വാസം നൽകുന്നു. ടീം ഗെയിമിന്റെ കരുത്തിലാണ് ശുഭ്മൻ ഗില്ലിന്റെയും സംഘത്തിന്റെയും പ്രതീക്ഷ. ഇന്നത്തെ വിജയികൾ 31ന് നടക്കുന്ന ഫൈനലിനു നേരിട്ട് യോഗ്യത നേടും. തോൽക്കുന്ന ടീമിന് 29നു നടക്കുന്ന രണ്ടാം ക്വാളിഫയർ മത്സരിക്കാൻ അവസരം ലഭിക്കും.

ബാറ്റിങ് പിച്ചാണ് ധരംശാലയിലേത്. പേസർമാർക്ക് തുടക്കത്തിൽ പിച്ചിൽനിന്ന് പിന്തുണ ലഭിക്കും. രാജ്യാന്തര ട്വന്റി20യിൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ ശരാശരി സ്കോർ 170 റൺസാണെങ്കിലും ഈ ഐപിഎലിൽ സീസണിൽ ശരാശരി സ്കോർ 200നു മുകളിലാണ്.

English Summary:

IPL 2026: Royal Challengers Bengaluru vs Gujarat Titans, Qualifier 1, Live Score

Read Entire Article