പെട്ടെന്ന് ലാഭമുണ്ടാക്കുകയെന്നതാണ് ചെറുകിട നിക്ഷേപകരുടെ സ്വപ്നം. അതിനാണ് ഭൂരിഭാഗം പേരും ഓഹരിയുടെ പിന്നാലെ പായുന്നത്. സോഷ്യല്‍ മീഡിയ ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ ഓഹരി ടിപ്പുകള്‍ക്കുവേണ്ടി അങ്ങോളമിങ്ങോളം പരതി കെണിയില്‍ വീണ് ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തുന്നവരും ഏറെ. ഏറെ തഴക്കം ചെന്നവര്‍ വിപണിയിലെ റിസ്‌കുകള്‍ക്ക് ഊന്നല്‍ നല്‍കുമ്പോള്‍, വരൂ എളുപ്പത്തില്‍ പണമുണ്ടാക്കാമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതോടെ ഇരുത്തം വന്നവരെ പിന്തള്ളി അടുത്ത മള്‍ട്ടി ബാഗര്‍ കണ്ടെത്താനുള്ള നെട്ടോട്ടമാകും. ഏറെ പരിചയ സമ്പന്നര്‍ക്കുപോലും വഴങ്ങാത്ത ഊഹക്കച്ചവടത്തില്‍ ചെന്ന് ചാടി ആയിരങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്യും.
ഓഹരി വിപണിയിലെ സമീപകാല ചാഞ്ചാട്ടത്തില്‍ റീട്ടെയില്‍ നിക്ഷേപകര്‍ ആശങ്കാകുലരാണെന്നകാര്യത്തില്‍ സംശയമില്ല. കാരണം എക്കാലത്തും മുന്നോട്ടു പോകുന്ന വിപണിയെ മാത്രമാണ് അവര്‍ മുന്നില്‍ കാണുന്നത്. അതുകൊണ്ടുതന്നെ സമീപകാലത്തെ ചാഞ്ചാട്ടത്തില്‍ നഷ്ടമായവയെല്ലാം പെട്ടെന്ന് തിരികെപിടിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ വിപണിയില്‍ പ്രകടമാകുന്നത്. വന്‍കിട ഓഹരികളില്‍നിന്ന് ചെറുകിട ഓഹരികളിലയേക്കുള്ള കൂടുമാറ്റത്തിലൂടെ അത് സാധ്യമാകുമെന്ന് അവര്‍ കരുതുന്നു. 2025 ജൂണ്‍ പാദത്തിലെ കണക്ക് പ്രകാരം നിഫ്റ്റി 50 സൂചികയിലെ വന്‍കിട കമ്പനികളില്‍ 35ലും ചെറുകിട നിക്ഷേപകര്‍ ഓഹരി പങ്കാളിത്തം കുറച്ചതായി കാണുന്നു.
വിറ്റൊഴിഞ്ഞ ഈ വമ്പന്‍ കമ്പനികളില്‍ ഏറെയും മികച്ച പ്രകടനം കാഴ്ചവെച്ചവയാണെന്നതാണ് ശ്രദ്ധേയം. കൂടുതല്‍ ലാഭംതേടി ചെറുകിട ഓഹരികളേലേക്ക് ചേക്കേറുന്നതിനാലാണ് ഈ പ്രതിഭാസമെന്ന് വിദഗ്ധരും വിലയിരുത്തുന്നു. സ്ഥിരതയോടെ മൂന്നേറുന്ന വന്‍കിട ഓഹരികളേക്കാള്‍ ചുരുങ്ങിയ കാലയളവില്‍ വന്‍കുതിപ്പ് നടത്തുന്ന ഓഹരികളിലാണ് ചെറുകിട നിക്ഷേപകരുടെ ശ്രദ്ധ. മികച്ച ഓഹരികള്‍ കണ്ടെത്തി നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരിക്കാനൊന്നും അവര്‍ തയ്യാറല്ല. മടുപ്പുളവാക്കുന്നതും ആവേശം ജനിപ്പിക്കാത്തതുമായ നിക്ഷേപത്തിന് തയ്യാറല്ലെന്ന തീരുമാനം. വന്‍കിട ഓഹരികളിലെ ഒറ്റയക്ക ശതമാന നേട്ടത്തേക്കാള്‍ മൂന്നക്ക ശതമാന വളര്‍ച്ചയെങ്കിലും ഓഹരിയില്‍ നിക്ഷേപിക്കുമ്പോള്‍ വേണ്ടേയെന്നാണ് ചോദ്യം.
ട്രന്‍ഡുകള്‍ക്ക് പിന്നാലെ പായാനാണ് റീട്ടെയില്‍ നിക്ഷേപകര്‍ക്ക് താത്പര്യം. ഭാവിയിലെ വന്‍ കുതിപ്പിനുള്ള സാധ്യത കൈവിട്ടു പോകുമോയെന്ന ഭീതി (FOMO) യും അക്ഷമയ്ക്ക് കാരണമായി വിലയിരുത്തുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ വന്‍ മുന്നേറ്റം നടത്തിയ ഓഹരികള്‍ ഇനിയും മികച്ച പ്രകടനം നടത്തുമെന്ന് ഇത്തരക്കാര്‍ വിശ്വസിക്കുന്നു.
നേട്ടമുണ്ടാക്കിയ വന്‍കിട ഓഹരികള്‍ വിറ്റ് ലാഭമെടുത്ത് അടിസ്ഥാനങ്ങള്‍ പരിഗണിക്കാതെ റിസ്‌ക് കൂടിയ ഓഹരികളില്‍ പണംമുടക്കുന്നു. ദീര്‍ഘകാലയളവില്‍ സമ്പത്ത് സൃഷ്ടിക്കാനുള്ള അവസരമാണ് ട്രന്‍ഡുകള്‍ക്ക് പിന്നാലെ പോകുന്നവര്‍ നഷ്ടപ്പെടുത്തുന്നത്. നേരത്തെ നിക്ഷേപിച്ചവ സ്ഥിരതയോടെ മികച്ച നേട്ടമുണ്ടാക്കുന്നത് കണ്ടുനില്‍ക്കേണ്ട സാഹചര്യം പിന്നീട് ഉണ്ടാകുന്നു.
ഇവിടെ ശ്രദ്ധേയമായ ഒരുകാര്യം, ചെറുകിട നിക്ഷേപകര്‍ മത്സരിച്ച് വിറ്റൊഴിഞ്ഞ വന്‍കിട ഓഹരികളില്‍ 35 എണ്ണത്തില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചുവെന്നതാണ്. വിദേശ നിക്ഷേപകരും ചേര്‍ന്നു അവരോടൊപ്പം. ഓഹരികള്‍ എടുത്തു പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഇന്‍ഡസിന്‍ഡ് ബാങ്കില്‍ ചെറുകിടക്കാര്‍ 1.10 ശതമാനം വിഹിതം കുറച്ചപ്പോള്‍ വിദേശ നിക്ഷേപകര്‍ 4.16 ശതമാനമായി ഉയര്‍ത്തി. ബിഇഎല്‍, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളിലും സമാനമായ വങ്ങല്‍-വില്പനകള്‍ നടന്നു.
വന്‍കിടക്കാര്‍ ഉയര്‍ന്ന നിലവാരമുള്ള ഓഹരികള്‍ പിന്തുടരുമ്പോള്‍ ചെറുകിടക്കാര്‍ ഹ്രസ്വകാല നേട്ടങ്ങളില്‍ കേന്ദ്രീകരിക്കുന്നു. ഇവിടെ വിജയം നേടുന്നത് ദീര്‍ഘകാല മൂല്യമെന്ന ആശയമാണ്. പരാജയപ്പെടുന്നത് ചെറുകിടക്കാരുടെ നിക്ഷേപ തന്ത്രവും.
മള്‍ട്ടിബാഗറുകള്‍ക്കായുള്ള ഓട്ടം ആവേശം ജനിപ്പിക്കുന്നതാണെങ്കിലും വിപണിയില്‍ തഴക്കംചെന്നവര്‍ ഈ തന്ത്രത്തിന്റെ അപകട സാധ്യതകളെക്കുറിച്ച് കാലാകാലങ്ങളായി മുന്നറിയപ്പ് നല്‍കാറുണ്ട്. ചൂതാട്ടത്തേക്കാള്‍ നിക്ഷേപ സാധ്യതകള്‍ പരിഗണിക്കാന്‍ അവര്‍ പലപ്പോഴും ആഹ്വാനം ചെയ്യുന്നു. അത് അത്രതന്നെ മുഖവിലയ്‌ക്കെടുക്കാന്‍ റീട്ടെയില്‍ നിക്ഷേപകര്‍ ക്ഷമകാണിക്കാറില്ല.
നഷ്ട സാധ്യതകള്‍
സ്‌മോള്‍ ക്യാപ് ഓഹരികള്‍ സ്വാഭാവികമായും വന്‍കിട ഓഹരികളേക്കാള്‍ അസ്ഥിരമാണ്. വിപണിയിലെ ചെറുതോ വലുതോ ആയ പ്രതികൂല സാഹചര്യങ്ങളോട് പെട്ടെന്ന് പ്രതികരിക്കുന്നവയുമാകും. ലിക്വിഡിറ്റിയാകട്ടെ കുറവായിരിക്കും. വിപണിയില്‍ തിരുത്തലോ പരിഭ്രാന്തിയോ ഉണ്ടായാല്‍ ഈ ഓഹരികള്‍ വേഗത്തില്‍ ഇടിഞ്ഞ് താഴെവീഴും. പിന്നെ കരകയറാന്‍ ഏറെ കാത്തിരിക്കേണ്ടിവരും.
കൂടുതല്‍ ലാഭമുണ്ടാക്കാനുള്ള പരക്കംപാച്ചലില്‍ ഓഹരികളുടെ ഗുണനിലവാരത്തെക്കുറിച്ചൊന്നും ആലോചിക്കാറില്ലെന്നതാണ് വാസ്തവം. മികച്ച മാനേജുമെന്റ്, സുതാര്യത, സ്ഥിരതയുള്ള മുന്നേറ്റം എന്നിവ ഇല്ലാത്ത ഓഹരികളിലാകും പലപ്പോഴും ഇങ്ങനെയുള്ളവര്‍ എത്തിച്ചേരുക. കുതിപ്പിനെ പിന്തുടരുന്ന റീട്ടെയില്‍ നിക്ഷേപകര്‍ കമ്പനികളെ സംബന്ധിച്ച നിര്‍ണായകമായ വിവരങ്ങള്‍ പലപ്പോഴും അവഗണിക്കുന്നു.
ഏതാനും ഓഹരികളിലേക്ക് നിക്ഷേപം പ്രവഹിക്കുന്ന പ്രവണതയുണ്ടായാല്‍ പിന്നെ വിലയില്‍ കുതിപ്പാകും പ്രകടമാകുക. മൂല്യം അമിതമായി ഉയരും. വിപണിയുടെ സ്വാഭവം മാറുമ്പോള്‍ കനത്ത തകര്‍ച്ചയാകും ഫലം. വരുമാനത്തിന്റെയോ അറ്റാദായത്തിന്റെയോ പിന്‍ബലമില്ലാതെ കുതിക്കുന്ന മൂല്യത്തെ ആശങ്കയോടെ കാണേണ്ടിയിരിക്കുന്നു. ഈ കുതിപ്പുകള്‍ മാറിനിന്ന് വീക്ഷിക്കാണ് പഠിക്കേണ്ടത്. അടിസ്ഥാനമുള്ള ഓഹരികളില്‍ ഉറച്ചുനിന്ന് മികച്ച രീതിയില്‍ വൈവിധ്യവത്കരിച്ചുള്ള പോര്‍ട്‌ഫോളിയോയുമായി മുന്നോട്ടുപോകുകയാണ് ഉചിതം. പെട്ടെന്ന് കുതിക്കുമെന്ന ചിന്തയില്‍ (നേട്ടം നഷ്ടമാകുമോയെന്ന ഭീതിയില്‍) റിസ്‌ക് കൂടിയ ചെറുകിട ഓഹരികള്‍ക്ക് പിന്നാലെ പോകുന്നത് ഭാവിയില്‍ വലിയ ്അബദ്ധമായി മാറിയേക്കാം.
Content Highlights: Retail Investors Chase Quick Profits: A Risky Strategy successful Volatile Markets
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·