നിക്ഷേപ പലിശ വീണ്ടും കുറഞ്ഞു: ഈ ബാങ്കുകളില്‍ ഇപ്പോഴും 8.50 % വരെ ലഭിക്കും

6 months ago 6

എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ തുടങ്ങിയ ബാങ്കുകള്‍ സ്ഥിര നിക്ഷേപ (എഫ്.ഡി) പലിശ നിരക്കുകള്‍ വീണ്ടും കുറച്ചു. ഇതോടെ 2025 ജൂണ്‍ മുതല്‍ പലിശയില്‍ കാല്‍ ശതമാനംവരെ കുറവുണ്ടാകും.

ജൂലായ് 15ന് പ്രാബല്യത്തില്‍വന്ന നിരക്ക് പ്രകാരം 46 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ വരെയുള്ള കാലാവധിയിലെ പലിശയില്‍ എസ്.ബി.ഐ 15 ബേസിസ് പോയന്റിന്റെ കുറവാണ് വരുത്തിയത്.

അതേസമയം നിരവധി ബാങ്കുകള്‍ ഇപ്പോഴും 8.50 ശതമാനംവരെ പലിശ നല്‍കുന്നുമുണ്ട്. സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് അഞ്ച് വര്‍ഷ കാലയളവിലെ നിക്ഷേപത്തിന് 8.40 ശതമാനം പലിശ നല്‍കും. സ്വകാര്യമേഖലയിലെ ബന്ധന്‍ ബാങ്ക് ആകട്ടെ 7.40 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഉയര്‍ന്ന പലിശ നിരക്ക് 7.60 ശതമാനമാണ്. 444 ദിവസത്തെ എഫ്.ഡിക്കാണ് ഈ നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.10 ശതമാനം ലഭിക്കും. ഒരു വര്‍ഷ കാലയളവില്‍ 4.75 ശതമാനവും രണ്ട് വര്‍ഷ കാലയളവില്‍ 7.25 ശതമാനവും മൂന്നു വര്‍ഷത്തേക്ക് ആറ് ശതമാനവും അഞ്ച് വര്‍ഷ കാലയളവില്‍ 5.75 ശതമാനവും പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് എല്ലാ കാലയളവിലും അര ശതമാനംവരെ പലിശ കൂടുതല്‍ ലഭിക്കും.

ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ആകട്ടെ അഞ്ച് വര്‍ഷ കാലയളവില്‍ 8.20 ശതമാനം പലിശയാണ് നല്‍കുന്നത്. ഒരു വര്‍ഷ കാലയളവില്‍ 7.50 ശതമാനവും മൂന്ന് വര്‍ഷ കാലയളവില്‍ 7.75 ശതമാനവും പലിശ നല്‍കും.

സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നല്‍കുന്ന ഉയര്‍ന്ന പലിശ(കാലയളവ് അഞ്ച് വര്‍ഷം) 8.40 ശതമാനമാണ്. ഒരു വര്‍ഷത്തേക്ക് 7.50 ശതമാനവും മൂന്ന് വര്‍ഷത്തേക്ക് 8.15 ശതമാനവും പലിശ ബാങ്ക് നല്‍കും.

ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് രണ്ട് വര്‍ഷ കാലയളവിലെ നിക്ഷേപത്തിനാണ് കൂടുതല്‍ പലിശ നല്‍കുന്നത്. 7.75 ശതമാനം. ഒരു വര്‍ഷത്തേക്ക് 7.65 ശതമാനവും മൂന്നു വര്‍ഷത്തേക്ക് 7.20 ശതമാനവും അഞ്ച് വര്‍ഷ കാലയളവില്‍ 7.20 ശതമാനവും പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.

യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ആകട്ടെ 1001 ദിവസ കാലയളവിലെ നിക്ഷേപത്തിന് 7.75 ശതമാനം പലിശയാണ് നല്‍കുന്നത്. ഒരു വര്‍ഷ കാലയളവില്‍ 6.50 ശതമാനവും മൂന്നു വര്‍ഷ കാലയളവില്‍ 7.25 ശതമാനവും പലിശ ലഭിക്കും.

ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് രണ്ട് മുതല്‍ മൂന്നു വര്‍ഷം വരെയുള്ള നിക്ഷേപത്തിന് എട്ട് ശതമാനമാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. ഒരു വര്‍ഷ കാലയളവില്‍ 6.25 ശതമാനവും മൂന്നു വര്‍ഷ കാലയളവില്‍ എട്ട് ശതമാനവും അഞ്ച് വര്‍ഷ കാലയളവില്‍ 7.50 ശതമാനവുമാണ് പലിശ.

സ്വകാര്യ മേഖലയിലെ ബാങ്കുകളില്‍ ബന്ധന്‍ ബാങ്കാണ് ഉയര്‍ന്ന നിരക്ക് നല്‍കുന്നത്. രണ്ട് മുതല്‍ മൂന്നു വര്‍ഷത്തില്‍ താഴെ വരെയുള്ള നിക്ഷേപത്തിന് 7.40 ശതമാനം പലിശ ലഭിക്കും. ഒരു വര്‍ഷത്തേക്ക് 7.25 ശതമാനവും മൂന്നു വര്‍ഷത്തേക്ക് 7.25 ശതമാനവും അഞ്ച് വര്‍ഷത്തേക്ക് 5.85 ശതമാനവുമാണ് പലിശ.

ഡിസിബി ബാങ്ക് ആകട്ടെ 25 മുതല്‍ 26 മാസംവരെയുള്ള നിക്ഷേപത്തിന് 7.40 ശതമാനം പലിശ നല്‍കും. ഒരു വര്‍ഷം, മൂന്ന്-അഞ്ച് വര്‍ഷം എന്നീ കാലയളവുകളിലെ പലിശ ഏഴ് ശതമാനമാണ്.

ഇന്ത്യന്‍ ബാങ്ക് 444 ദിവസത്തെ നിക്ഷേപത്തിന് 6.90 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഒരു വര്‍ഷ കാലയളവില്‍ 6.10 ശതമാനവും മൂന്നു വര്‍ഷ കാലയളവില്‍ 6.25 ശതമാനവും അഞ്ച് വര്‍ഷ കാലയളവില്‍ ആറ് ശതമാനവുമാണ് പലിശ.

എഫ്ഡി പലിശയും ടി.ഡി.എസും
സ്ഥിര നിക്ഷേപങ്ങളില്‍നിന്ന് ലഭിക്കുന്ന പലിശയ്ക്ക് സ്ലാബ് നിരക്കില്‍ ആദായ നികുതി നല്‍കണം. നിശ്ചിത പരിധി കടന്നാല്‍ ഉറവിടത്തില്‍നിന്ന് നികുതി (ടി.ഡി.എസ്)ഈടാക്കി ബാക്കായി തുകയാണ് നിക്ഷേപകന് നല്‍കുക.

2025ലെ ബജറ്റ് നിര്‍ദേശ പ്രകാരം ഒരു വര്‍ഷം 50,000 രൂപയില്‍ കൂടുതല്‍ പലിശ ലഭിച്ചാലാണ് ടി.ഡി.എസ് ഈടാക്കുക. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ പരിധി ഒരു ലക്ഷം രൂപയാണ്.

40 വയസ്സുള്ള ഓരാളാണെങ്കില്‍ എപ്രകാരമാണ് ടി.ഡി.എസ് ഈടാക്കുകയെന്ന് നോക്കാം. 75,000 രൂപയാണ് ഒരു സാമ്പത്തിക വര്‍ഷം ലഭിക്കുന്ന പലിശയെങ്കില്‍ 50,000 രൂപ കിഴിച്ച് 25,000 രൂപയ്ക്ക് 10 ശതമാനം ടി.ഡി.എസ് ബാധകമാകും. അതായത് 2,500 രൂപ മുന്‍കൂറായി കുറച്ചശേഷമാകും പലിശ ലഭിക്കുക.

മൊത്ത വരുമാനം നാല് ലക്ഷം രൂപയോ അതില്‍ താഴെയോ ആണെങ്കില്‍ നികുതി നല്‍കേണ്ടിവരില്ല. അത്തരക്കാര്‍ക്ക് ഫോം 15ജി(മുതിര്‍ന്ന പൗരന്മാര്‍ക്ക് ഫോം 15എച്ച്)നല്‍കി ടി.ഡി.എസ് ഈടാക്കുന്നതില്‍നിന്ന് ഒഴിവാകാം. അഥവാ ടി.ഡി.എസ് ഈടാക്കിയിട്ടുണ്ടെങ്കില്‍ റിട്ടേണ്‍ ഫയല്‍ ചെയ്ത് ആതുക റീഫണ്ട് ആയി തിരികെനേടാം.

ബാങ്കുകളുടെ വെബ്‌സൈറ്റുകളില്‍നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ളത്. പലിശ നിരക്ക് നേരിട്ട് ഉറപ്പുവരുത്തിയ ശേഷം മാത്രം നിക്ഷേപം നടത്തുക.

Content Highlights: Fixed Deposit Interest Rates Decline: Where to Find 8.50% Returns

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article