നിക്ഷേപം ഇപ്പോള്‍ നഷ്ടത്തിലാണോ? ഓവര്‍ലാപിങ് ഒഴിവാക്കി പോര്‍ട്‌ഫോളിയോ ശുദ്ധീകരിക്കാം

10 months ago 8

ഞ്ച് വര്‍ഷം മുമ്പാണ് സൗമ്യ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം തുടങ്ങിയത്. നേരത്തെ 15 ശതമാനത്തോളം നേട്ടമുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ നഷ്ടത്തിലായിരിക്കുന്നു. 25 ലക്ഷത്തോളം രൂപ ഇതിനകം നിക്ഷേപിച്ചിട്ടുണ്ട്. ഓഹരി വിപണി തുടര്‍ച്ചയായി തിരുത്തല്‍ നേരിടുന്നതിനാല്‍ ഇനിയെന്തു ചെയ്യണമെന്ന ആശങ്കയിലാണ് സൗമ്യ. നിക്ഷേപമെല്ലാം പിന്‍വലിച്ച് ബാങ്കിലിടാന്‍ സുഹൃത്തുക്കളില്‍ പലരും ഉപദേശിക്കുന്നു.

മികച്ചതെന്ന് കേള്‍ക്കുന്ന ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന രീതിയായിരുന്നു സൗമ്യ സ്വീകരിച്ചത്. അതുകൊണ്ടുതന്നെ ഫണ്ടുകളുടെ എണ്ണം 25ലേറെയായി. അഞ്ച് സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍, രണ്ട് മിഡ് ക്യാപ്, ഒരു ഫ്‌ളക്‌സി ക്യാപ്, ഇന്‍ഡക്‌സ് ഫണ്ടുകള്‍, പിന്നെ വിവിധ സെക്ടറുകളെ പ്രതിനിധീകരിക്കുന്ന സെക്ടറല്‍-തീമാറ്റിക് ഫണ്ടുകള്‍ എന്നിങ്ങനെ നീണ്ടുകിടക്കുന്നു നിക്ഷേപിച്ച ഫണ്ടുകളുടെ എണ്ണം. 10,000 രൂപ മാത്രം നിക്ഷേപമുള്ള അഞ്ചോളം ഫണ്ടുകളുമുണ്ട്.

റിസ്‌ക് വിലയിരുത്താതെ, നിക്ഷേപം ശരിയായി വൈവിധ്യവത്കരിക്കാതെ ചെയ്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ഒന്നിലധികം മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളില്‍ നിക്ഷേപിച്ചാല്‍ മികച്ച രീതിയില്‍ വൈവിധ്യവത്കരിക്കാമെന്നത് തെറ്റിദ്ധാരണയാണ്.അതിവ്യാപനം(Mutual Fund Overlap) ഒഴിവാക്കി വ്യത്യസ്ത കാറ്റഗറികളിലെ ഫണ്ടുകള്‍ തിരഞ്ഞെടുത്താണ് നിക്ഷേപം ക്രമീകരിക്കേണ്ടത്.

എങ്ങനെ ക്രമീകരിക്കാം?
അസ്ഥിരമായ വിപണി സാഹചര്യങ്ങളില്‍ നഷ്ടസാധ്യത കുറയ്ക്കുന്നതിനും ദീര്‍ഘ കാലയളവില്‍ മികച്ച നേട്ടമുണ്ടാക്കുന്നതിനും വൈവിധ്യവത്കരണം ഉപകരിക്കും. ഒന്നിലധികം മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളില്‍ നിക്ഷേപിക്കുന്നതുകൊണ്ട് മികച്ച രീതിയില്‍ വൈവിധ്യവത്കരണം സാധ്യമാകണമെന്നില്ല.

സ്വന്തമായി നിക്ഷേപം നടത്തുന്നവരില്‍ പലരും വൈവിധ്യവത്കരണത്തിനായി കൂടുതല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നതായി കാണ്ടുവരുന്നുണ്ട്. സമാനമായ മാനേജുമെന്റ് രീതികള്‍, ഒരേ കാറ്റഗറിയിലെ വ്യത്യസ്ത ഫണ്ടുകള്‍, ഒരേ ഫണ്ട് ഹൗസിലെ വ്യത്യസ്ത സ്‌കീമുകള്‍ എന്നിങ്ങനെ അറിഞ്ഞോ അറിയാതേയോ കൂടുതല്‍ ഫണ്ടുകള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്നു. കൂടുതല്‍ നേട്ടം നല്‍കിയ ഫണ്ടുകള്‍ക്ക് പിന്നാലെ പോകുന്നതുകൊണ്ടാണ് മിക്കവാറും ഇങ്ങനെ സംഭവിക്കുന്നത്.

അയല്‍ക്കാരനോ സൃഹൃത്തോ ബന്ധുവോ സഹപ്രവര്‍ത്തകനോ നിക്ഷേപത്തിന് നിര്‍ദേശിച്ചതിനാല്‍ നിക്ഷേപം നടത്തുന്നവരുണ്ട്. ഫണ്ട് ഹൗസുകള്‍ പുതിയ സ്‌കീം ആരംഭിക്കുമ്പോഴും വിതരണക്കാരോ ഏജന്റുമാരോ ശുപാര്‍ശ ചെയ്യുമ്പോഴും അതില്‍ പെട്ടുപോകാറുണ്ട്.

എക്കാലത്തെയും ഉയരത്തിലേയക്ക് വിപണി കുതിച്ചതിനാല്‍ കഴിഞ്ഞ വര്‍ഷം നിരവധി എഎംസികളാണ് പുതിയ ഫണ്ടുകള്‍(എന്‍.എഫ്.ഒ) അവതരിപ്പിച്ചത്. 2024ല്‍ മാത്രം 428 ന്യൂ ഫണ്ട് ഓഫറുകളാണ് വിപണിയിലെത്തിയത്. 2025 ഫെബ്രുവരി 28വരെ 95 എണ്ണവും. നിക്ഷേപകര്‍ പലപ്പോഴും എന്‍എഫ്ഒ-യിലേയക്ക് ആകര്‍ഷിക്കപ്പെടുന്നത് കുറഞ്ഞ മൂല്യത്തില്‍ (10 രൂപയ്ക്ക്) കൂടുതല്‍ യൂണിറ്റ് ലഭിക്കുമെന്ന വിപണനതന്ത്രത്തില്‍പ്പെട്ടാണ്. എന്‍എഫ്ഒകളിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് നേരത്തെ ഈ കോളത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

ഇങ്ങനെ വ്യത്യസ്ത സാഹചര്യങ്ങളാല്‍ പലപ്പോഴായി നിക്ഷേപം നടത്തുന്നതിനാല്‍ പോര്‍ട്‌ഫോളിയോയില്‍ 30ഉം 50ഉം ഫണ്ടുകള്‍ കുമിഞ്ഞുകൂടുക സ്വാഭാവികം. നിക്ഷേപ രീതി, വിപണി മൂല്യം എന്നിവ മൂലം ഓഹരികളുടെ അതിവ്യാപനം മിക്കവാറും പോര്‍ട്‌ഫോളിയോകളില്‍ കാണാം.

അതിവ്യാപനം: കൂടുതല്‍ അറിയാം
ഒരേ ഓഹരികളില്‍ നിക്ഷേപിക്കുന്ന ഒന്നിലധികം മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളില്‍ നിക്ഷേപിച്ചാല്‍ സ്വാഭാവികമായും ഇങ്ങനെ സംഭവിക്കും. സമാന ഓഹരികളില്‍ നിക്ഷേപം നടത്തുന്ന രണ്ടോ അധിലധികമോ സ്‌കീമുകള്‍ കൈവശം വെയ്ക്കുമ്പോഴും അതിവ്യാപനം ഉണ്ടാകും.

ലാര്‍ജ് ക്യാപ് വിഭാഗത്തിലെ രണ്ട് ഫണ്ടുകള്‍ ഇതിനായി താരതമ്യം ചെയ്യാം. എസ്ബിഐ ബ്ലൂചിപ്, കാനാറ റൊബേകോ ബ്ലൂചിപ് എന്നിവയെ ഉദാഹരണമായെടുക്കാം. എസ്ബിഐ ബ്ലൂചിപ്പ് ഫണ്ട് നിക്ഷേപിക്കുന്ന 28 ഓഹരികളില്‍ കാനാറ റൊബേകോ ബ്ലുചിപ് ഫണ്ടിനും നിക്ഷേപമുണ്ട്‌. കാനറ റൊബേകോ ഫണ്ട് നിക്ഷേപിക്കാത്ത 18 ഓഹരികളിലാണ് എസ്ബിഐ ബ്ലൂചിപ് ഫണ്ട് നിക്ഷേപം നടത്തുന്നത്. എസ്ബിഐ ബ്ലൂചിപ് ഫണ്ടില്‍ ഇല്ലാത്ത 29 ഓഹരികളില്‍ കാനാറ റൊബേകോ ബ്ലൂചിപ് ഫണ്ടും നിക്ഷേപം നടത്തിയിട്ടുണ്ട്.

ഈ രണ്ട് ഫണ്ടുകളും പോര്‍ട്‌ഫോളിയോയില്‍ ഉണ്ടെങ്കില്‍ ഉയര്‍ന്ന അതിവ്യാപനം മൂലം വൈവിധ്യവത്കരണത്തിന്റെ നേട്ടം ലഭിക്കാതെ പോകുന്നു. അതുകൊണ്ടുതന്നെ ഏകീകൃത റിസ്‌ക് (Concentration risk)കൂടുകയും ചെയ്യുന്നു. പുതിയൊരു ഫണ്ട് പോര്‍ട്‌ഫോളിയോയില്‍ ചേര്‍ക്കുമ്പോള്‍ തനതായ നിക്ഷേപ ശൈലിയോ പുതിയ നിക്ഷേപ രീതിയോ ഉണ്ടോയെന്ന് പരിശോധിച്ചശേഷം തീരുമാനമെടുക്കുക.

എല്ലാവര്‍ക്കും അനുയോജ്യമായ പോര്‍ട്‌ഫോളിയോ ഇല്ലെന്നകാര്യം ഓര്‍ക്കുക. അതായത് റെഡിമെയ്ഡ് ഇല്ലെന്ന് ചുരുക്കം. വ്യക്തികള്‍ക്ക് അനുസൃതമായാണ് ഓരോ പോര്‍ട്‌ഫോളിയോയും രൂപപ്പെടുത്തിയെടുക്കേണ്ടത്. ക്രമരഹിതമായി നിക്ഷേപം നടത്താതെ റിസ്‌ക് പ്രൊഫൈല്‍, നിക്ഷേപ ലക്ഷ്യങ്ങള്‍, സാമ്പത്തിക ലക്ഷ്യങ്ങള്‍, അവ നേടുന്നതിന് ആവശ്യമായ കാലയളവ് എന്നിവ വിലയിരുത്തേണ്ടതുണ്ട്. ഇതുപ്രകാരം രൂപപ്പെടുത്തിയ നിക്ഷേപ ശൈലിക്ക് അനുയോജ്യമാണോ സ്‌കീമെന്ന് പരിശോധിച്ച് ഉറപ്പാക്കാം. അവ പോര്‍ട്‌ഫോളിയോയില്‍ ചേര്‍ത്താല്‍ യഥാര്‍ഥ മൂല്യം ലഭിക്കുമോയെന്നും വിലയിരുത്താം.

സൃഹൃത്തോ ബന്ധുവോ സഹപ്രവര്‍ത്തകനോ അല്ലെങ്കില്‍ വിതരണക്കാരോ ഏജന്റോ സോഷ്യല്‍ മീഡിയയോ നിര്‍ദേശിക്കുന്ന ഏതെങ്കിലും ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുക. മുന്‍കാലത്തെ നേട്ടംമാത്രം നോക്കി നിക്ഷേപം നടത്താതിരിക്കുക. ഭാവിയിലെ നേട്ടത്തെക്കുറിച്ച് ഒരുതരത്തിലും ഇത് സൂചന തരുന്നില്ലെന്ന് ഓര്‍ക്കുക.

അതിവ്യാപനം എങ്ങനെ ഒഴിവാക്കാം?
ഒരേ കാറ്റഗറിയിലെ ഒന്നിലധികം ഫണ്ടുകള്‍ ഉണ്ടെങ്കില്‍- ദീര്‍ഘ കാലയളവില്‍ ബെഞ്ച്മാര്‍ക്ക് ഇന്‍ഡക്‌സ്, കാറ്റഗറി ശരാശരി എന്നിവയേക്കാള്‍ താഴ്ന്ന റിട്ടേണ്‍ നല്‍കിയിട്ടുള്ളവ ഒഴിവാക്കാം.

സാമ്പത്തിക ലക്ഷ്യവുമായി പൊരുത്തപ്പെടാത്ത ഫണ്ടുകള്‍ വിറ്റൊഴിയുക. പകരം പോര്‍ട്‌ഫോളിയോയുടെ മൊത്തത്തിലുള്ള റിസ്‌ക് ക്രമീകരിക്കുക.

ഒരേ കാറ്റഗറിയിലെ ഒന്നോ രണ്ടോ സ്‌കീമുകളില്‍ കൂടുതല്‍ വേണ്ട. ഒരേ ഓഹരികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകള്‍ പരമാവധി ഒഴിവാക്കുന്നതിനാണിത്. പരമാവധി 50 ശതമാനത്തില്‍ കൂടുതല്‍ അതിവ്യാപനം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ഉദാഹരണത്തിന്, ലാര്‍ജ് ക്യാപ് ഫണ്ടുകളില്‍ 70 ശതമാനംവരെ അതിവ്യാപനം സ്വാഭവികമാണ്. കാരണം വിപണി മൂല്യ(Market Cap)ത്തിന്റെ അടിസ്ഥാനത്തില്‍ മികച്ച 100 ഓഹരികളില്‍ 80 ശതമാനം നിക്ഷേപവും ക്രമീകരിക്കേണ്ടതുണ്ട്. അതുകൊണ്ട് ഒരേ കാറ്റഗറികളിലെ ഫണ്ടുകളില്‍ അതിവ്യാപനം സ്വാഭാവികമാണ്.

ഒരേ ഫണ്ട് ഹൗസ് അല്ലെങ്കില്‍ ഒരേ ഫണ്ട് മാനേജര്‍മാര്‍ കൈകാര്യം ചെയ്യുന്ന ഒന്നിലധികം ഫണ്ടുകളിലെ നിക്ഷേപം കുറയ്ക്കുക. കാരണം അവ സമാനമായ നിക്ഷേപ ശൈലിയും തന്ത്രങ്ങളും പിന്തുടരാന്‍ സാധ്യതയുണ്ട്.

മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്ന പോര്‍ട്‌ഫോളിയോയില്‍ 10 കൂടുതല്‍ ഫണ്ടുകള്‍ ആവശ്യമില്ല. വിവിധ വിഭാഗങ്ങളും ഉപവിഭാഗങ്ങളുമായി വൈവിധ്യവത്കരിക്കപ്പെട്ടവയാണ് എല്ലാ സ്‌കീമുകളും. ഓരോന്നും തനതായ നിക്ഷേപ രീതികളാണ് വാഗ്ദാനംചെയ്യുന്നത്.

ഇതൊക്കെയാണെങ്കിലും പോര്‍ട്‌ഫോളിയോ ശുദ്ധീകരണം ഇടയ്‌ക്കൊക്കെ ചെയ്യുന്നത് നല്ലതാണ്. വിപണിയിലെ സാഹചര്യങ്ങള്‍, നികുതി ബാധ്യത, എക്‌സിറ്റ് ലോഡ് എന്നിവകൂടി പരിഗണിച്ചുവേണം ഇക്കാര്യം നിര്‍വഹിക്കാന്‍.

വിപണി ശക്തമായ തിരുത്തല്‍ നേരിടുന്ന സാഹചര്യവും സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തിലേയ്‌ക്കെത്തിയതും കണക്കിലെടുത്ത് പോര്‍ട്‌ഫോളിയോ ആവശ്യമെങ്കില്‍ ഇപ്പോള്‍ ക്രമീകരിക്കാം. നിക്ഷേപം തിരികെയെടുക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന നികുതി ബാധ്യത വിലയിരുത്തിമാത്രം അതിന് തയ്യാറാകുക.

പോര്‍ട്‌ഫോളിയോ പതിവായി അവലോകനം ചെയ്യേണ്ടകാര്യവും ഓര്‍ക്കുക. ഫണ്ട് മാനേജര്‍മാര്‍ നിക്ഷേപ പോര്‍ട്‌ഫോളിയോ ഇടയ്ക്കിടെ ക്രമീകരിക്കാറുണ്ട്. ഇത് വീണ്ടും അതിവ്യാപനത്തിലേയ്ക്ക് നയിച്ചേക്കാം. മാത്രമല്ല, പോര്‍ട്‌ഫോളിയോയുടെ മൊത്തത്തിലുള്ള പ്രകടനവും ആരോഗ്യസ്ഥിതിയും വിലയിരുത്താനും പതിവ് വിശകലനം സഹായിക്കും. ദീര്‍ഘകാലയളവില്‍ കൂടുതല്‍ സമ്പത്ത് സൃഷ്ടിക്കാന്‍ ഇത് സഹായിക്കുമെന്നകാര്യത്തില്‍ സംശയമില്ല.

വിലയിരുത്തലിന്റെ നേട്ടം

  • മോശം പ്രകടനം കാഴ്ചവെയ്ക്കുന്ന ഫണ്ടുകള്‍ മികച്ചവയിലേയ്ക്ക് മാറ്റാം.
  • പോര്‍ട്‌ഫോളിയോയുടെ റിസ്‌ക് ക്രമീകരിച്ച നേട്ടം(risk-adjusted return) മെച്ചപ്പെടുത്താം.
  • സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് മുന്നോട്ടുള്ള യാത്ര ശരിയായ പാതയിലൂടെയാണെന്ന് മനസിലാക്കാം.

ശ്രദ്ധിക്കാന്‍: വ്യക്തമായ ധാരണയോടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി നിക്ഷേപം നടത്താന്‍ ശ്രദ്ധിക്കുക. അതിനായി അതിവ്യാപനമില്ലാത്ത പോര്‍ട്‌ഫോളിയോ സൃഷ്ടിക്കുക. പിന്നീട് അതില്‍നിന്ന് വ്യതിചലിക്കാതിരിക്കുക. നിശ്ചിത ഇടവേളകളില്‍ പ്രകടനം വിലയിരുത്തി മുന്നോട്ടു പോകുക. വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ മികച്ച നിക്ഷേപ അവസരമാണെന്ന് മനസിലാക്കുക. സ്വന്തമായി ചെയ്യാന്‍ കഴിയില്ലെങ്കില്‍ വിദഗ്ധ ഉപദേശം തേടുക.

In Short| Optimizing your communal money portfolio is cardinal to maximizing returns and reducing risk. Avoiding money overlap ensures amended diversification, preventing excessive vulnerability to the aforesaid assets. A well-balanced portfolio spreads investments crossed antithetic plus classes, sectors, and geographies for stability. Expert strategies assistance you refine your money selection, align with fiscal goals, and amended semipermanent performance. Stay informed, reappraisal your holdings regularly, and marque data-driven decisions to execute a smarter, much businesslike concern portfolio.

antonycdavis@gmail.com

Content Highlights: Optimize your communal money portfolio. Diversify wisely, trim overlap, and boost returns.

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article