ലാഭത്തില്‍ കാര്യമായ വര്‍ധനവുണ്ടായില്ലെങ്കിലും ലാഭവീതമായി കമ്പനികള്‍ നിക്ഷേപകര്‍ക്ക് കൈമാറിയത് വന്‍തുക. വിപണിയില്‍ ലിസ്റ്റ് ചെയ്ത മുന്‍നിര കമ്പനികള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അഞ്ച് ലക്ഷം കോടി രൂപയാണ് നല്‍കിയത്. 2023-24 വര്‍ഷത്തെ 4.52 കോടി രൂപയെ അപേക്ഷിച്ച് 10.8 ശതമാനമാണ് വര്‍ധന.
ബിഎസ്ഇ 500, ബിഎസ്ഇ മിഡ്ക്യാപ്, ബിഎസ്ഇ സ്‌മോള്‍ ക്യാപ് സൂചികകളിലെ മുന്‍നിരയിലുള്ള 1,218 കമ്പനികളെ അടിസ്ഥാനമാക്കിയാണ് ഈ വിലയിരുത്തല്‍. ഈ കമ്പനികളുടെ മൊത്തം അറ്റാദായം 16 ലക്ഷം കോടി രൂപയായിരുന്നു. മുന്‍വര്‍ഷമാകട്ടെ 15.21 ലക്ഷം കോടിയും. ആദായത്തിലെ വര്‍ധന 5.2 ശതമാനം മാത്രവുമായിരുന്നു.
ലാഭവീത അനുപാതം മുന്‍ സാമ്പത്തിക വര്‍ഷത്തെ 29.7 ശതമാനത്തെ അപേക്ഷിച്ച് 31.3 ശതമാനമായി. എന്നിരുന്നാലും പത്ത് വര്‍ഷ ശരാശരിയായ 35 ശതമാനത്തേക്കാള്‍ കുറവാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഓഹരി തിരികെ വാങ്ങുന്നതില്‍ കാര്യമായ കുറവ് രേഖപ്പെടുത്തുകയും ചെയ്തു. 8,034 കോടി രൂപയാണ് കമ്പനികള്‍ ഇതിനായി ചെലവഴിച്ചത്. അതേസമയം, മുന്‍ സാമ്പത്തിക വര്‍ഷം 5.07 ലക്ഷം കോടി രൂപ മൂല്യമുള്ള ഓഹരികളായിരുന്നു തിരികെ വാങ്ങിയത്.
പത്ത് വര്‍ഷത്തിനിടെ കമ്പിനികള്‍ ഓഹരി തിരികെ വാങ്ങല്‍, ലാഭവീതം എന്നിവ വഴി അറ്റാദായത്തിന്റെ 40 ശതമാനം നിക്ഷേപകര്‍ക്ക് കൈമാറിയിരുന്നു. ഐടി കമ്പനികള്‍ ഓഹരി തിരികെ വാങ്ങല്‍ തത്ക്കാലത്തേയ്ക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. കൂടുതല്‍ ലാഭവീതം നല്‍കാതെ പണം നീക്കിവെയ്ക്കാനും തുടങ്ങിയിട്ടുണ്ട്. മൂലധന ചെലവിനും ലാഭത്തിലെ കുറവ് മറികടക്കാനും മറ്റ് മേഖലകളിലെ കമ്പനികള്‍ മിച്ചംപിടിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
തുടര്‍ച്ചയായി രണ്ടു വര്‍ഷവും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്(ടിസിഎസ്)ആണ് ഏറ്റവും കൂടുതല്‍ ലാഭവീതം നല്‍കിയത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 45,612 കോടി രുപ ഈയിനത്തില്‍ നിക്ഷേപകര്‍ക്ക് കൈമാറി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 72.6 ശതമാനം കൂടുതലാണിത്. അതേസമയം, 2023-24 സാമ്പത്തിക വര്‍ഷത്തില്‍നിന്ന് വ്യത്യസ്തമായി 2024-25 വര്‍ഷത്തില്‍ ഓഹരി തിരികെ വാങ്ങല്‍ പദ്ധതി പ്രഖ്യാപിച്ചുമില്ല.
17,828 കോടി രൂപയാണ് ഇന്‍ഫോസിസ് ലാഭവീതമായി നല്‍കിയത്. വേദാന്ത, എച്ച്ഡിഎഫ്‌സി ബാങ്ക്, കോള്‍ ഇന്ത്യ, എച്ച്‌സിഎല്‍ ടെക്, ഒഎന്‍ജിസി, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവയാണ് കൂടുതല്‍ ലാഭവീതം നല്‍കിയ മുന്‍നിരയിലെ 10 കമ്പനികള്‍. 1.9 ലക്ഷം കോടി രൂപയാണ് ഈ കമ്പനികള്‍ ലാഭവീതമായി നല്‍കിയത്.
ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടിസിഎസ് 2025 ജനുവരിയില്‍ 10 രൂപ ഇടക്കാല ലാഭവീതവും 66 രൂപ പ്രത്യേക ലാഭവീതവും ഉള്‍പ്പടെ ഓഹരിയൊന്നിന് 76 രൂപ വീതരണം ചെയ്തിരുന്നു. അതിന് പുറമെയാണ് 30 രൂപയുടെ ഫൈനല്‍ ഡിവിഡന്റ് ജൂണില്‍ നല്‍കിയത്. 2024ലാകട്ടെ മൂന്നുതവണ ഡിവിഡന്റ് നല്‍കി. ജനുവരിയില്‍ 27 രൂപയും മെയ് മാസത്തില്‍ 28 രൂപയും ജൂലായിലും ഒക്ടോബറിലും 10 രൂപ വീതവുമാണ് നിക്ഷേപകര്‍ക്ക് കൈമാറിയത്.
Content Highlights: Dividend Payouts Surge to ₹5 Lakh Crore: Analyzing the Performance of Top Indian Companies
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·