നിക്ഷേപിക്കാന്‍ മാത്രമല്ല, പിന്‍വലിക്കാനും വേണം ആസൂത്രണം| Sequence of Returns Risk Explained

8 months ago 7

മ്പന്‍ വിജയ ലക്ഷ്യമുള്ള ക്രിക്കറ്റ് ടീമിന് തുടക്കത്തില്‍ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായെന്ന് കരുതുക. മധ്യനിര നന്നായി കളിച്ചാലും ടീം സമ്മര്‍ദത്തിലായിരിക്കും. ഓപ്പണിംഗ് ബാറ്റ്സ്മാന്‍മാര്‍ തുടക്കത്തില്‍ നന്നായി സ്‌കോര്‍ ചെയ്തിരുന്നുവെങ്കില്‍ ടീം സമ്മര്‍ദത്തിലാവില്ല. ബാക്കിയുള്ള ലക്ഷ്യം എളുപ്പത്തില്‍ പിന്തുടര്‍ന്ന് നേടാന്‍ കഴിയുന്നതിനാല്‍ വിജയ സാധ്യത കൂടും. നിക്ഷേപത്തോടൊപ്പം ഇത് ചേര്‍ത്ത് വായിക്കാം. ഒരു കോടി രൂപയുടെ സമ്പാദ്യമുള്ള വിരമിച്ച രണ്ടുപേരെ ഇതിനായി ഉദാഹരിക്കാം. അവര്‍ വര്‍ഷം അഞ്ച് ലക്ഷം രൂപ വീതം പിന്‍വലിക്കുന്നു. അതായത് 10 വര്‍ഷത്തിനുള്ളില്‍ മൊത്തം 50 ലക്ഷം രൂപ.

10 വര്‍ഷം കഴിഞ്ഞപ്പോള്‍ ആദ്യത്തെ നിക്ഷേപകന് 37.32 ലക്ഷം രൂപയാണ് മിച്ചമുണ്ടായിരുന്നത്. രണ്ടാമത്തെ നിക്ഷേപകന്റെ പോര്‍ട്‌ഫോളിയോ ആകട്ടെ 58.52 ലക്ഷം രൂപയായി വളരുകയും ചെയ്തു. രണ്ടാമത്തെ നിക്ഷേപകനേക്കാള്‍ ആദ്യത്തെ നിക്ഷേപകന്റെ സമ്പത്തില്‍ 36 ശതമാനം കുറവ്. എങ്ങനെ ഇത് സംഭവിച്ചുവെന്ന് വിലയിരുത്താം.

ഓരോ വര്‍ഷവും വ്യത്യസ്ത നിരക്കില്‍ ആദായം ലഭിച്ചതുകൊണ്ടാണ് ഇപ്രകാരം സംഭവിച്ചത്. -5%, -6%, -15%, -8%, -4%, 5%, 7%, 9%, 11%, 9%-എന്നിങ്ങനെയാണ് ഓരോവര്‍ഷവും ആദ്യത്തെ നിക്ഷേപകന് ലഭിച്ചത്(പട്ടിക കാണുക). രണ്ടാമത്തെ നിക്ഷേപകനാകട്ടെ അതിന്റെ വിപരീത ക്രമത്തില്‍ (9%, 11%, 9%, 7%, 5%, -4%, -8%, -15%, -6%, -5%) ഇപ്രകാരവും ആദായം ലഭിച്ചു. ആദ്യത്തെ നിക്ഷേപകന്‍ വിപണിയില്‍ ഇടിവുണ്ടായപ്പോഴും രണ്ടാമത്തെയാള്‍ കുതിപ്പിന്റെ ഘട്ടത്തിലുമാണ് നിക്ഷേപം ആരംഭിച്ചത്. അവരുടെ ആദായം ഒരുപോലെയാണെങ്കിലും വിപരീത ക്രമത്തിലാണെന്ന് കാണാം.

* നേട്ടക്കണക്കുകള്‍ ഉദാഹരണത്തിന് വേണ്ടി മാത്രം ചൂണ്ടിക്കാണിച്ചതാണ്. എക്സ്.ഐ.ആര്‍.ആര്‍ പ്രകാരമാണ് റിട്ടേണ്‍ കണക്കാക്കിയിട്ടുള്ളത്.

ഈ കാലയളവില്‍ ആദ്യത്തെ നിക്ഷേപകന് മൊത്തം ലഭിച്ചത് 87.32 ലക്ഷം(50 ലക്ഷം + 37.32 ലക്ഷം) രൂപയാണ്. രണ്ടാമത്തെ നിക്ഷേപകനാകട്ടെ 1.08 ലക്ഷം രൂപ(50 ലക്ഷം + 58.52 ലക്ഷം)യും സമാഹരിച്ചു. ആകെ പിന്‍വലിച്ച തുകയും ഒടുവില്‍ ലഭിച്ച തുകയും ചേത്തിട്ടുള്ളതാണ് മൊത്തം കണക്ക്. 50 ലക്ഷം പിന്‍വലിച്ചിട്ടും 2015-2019 വരെയുള്ള അഞ്ച് വര്‍ഷം വിപണി നെഗറ്റീവ് ആദായം നല്‍കിയിട്ടും രണ്ടാമത്തെ നിക്ഷേപകന് 8.52 ലക്ഷം രൂപയുടെ അറ്റ ലാഭം ഉണ്ടായിട്ടുള്ളതായി കാണാം.

എങ്ങനെ ഇത് സംഭവിച്ചു?
നിക്ഷേപം നടത്തുന്ന കാലയളവ് വളരെ പ്രധാനമാണെന്നതിന് തെളിവാണിത്. രണ്ട് നിക്ഷേപകരും ഒരേ തുക നിക്ഷേപിച്ചാണ് സിസ്റ്റമാറ്റിക് വിത്‌ഡ്രോവല്‍ പ്ലാന്‍ പ്രകാരം പണം പിന്‍വലിക്കുന്നത്. റിട്ടേണിലെ വ്യത്യാസം മൂലമാണ് ഇപ്രകാരം സംഭവിച്ചതെന്നുകാണാം.

ഉദാഹരണത്തിന്, ആദ്യത്തെ വര്‍ഷം അഞ്ച് ലക്ഷം രൂപയാണ് പിന്‍വലിച്ചത്. അതോടൊപ്പം ആദായത്തില്‍ അഞ്ച് ശതമാനം നഷ്ടവുമുണ്ടായി. ഇതേതുടര്‍ന്ന് നിക്ഷേപത്തിലെ ബാക്കി തുക 90 ലക്ഷമായി കുറഞ്ഞു. രണ്ടാമത്തെയാളിന്റെ നിക്ഷേപം 1.04 കോടിയായി കൂടുകയാണുണ്ടായത്. ആദ്യത്തെ വര്‍ഷം അദ്ദേഹത്തിന് ഒമ്പത് ശതമാനം റിട്ടേണ്‍ ലഭിച്ചതുകൊണ്ടാണ് ഇപ്രകാരം സംഭവിച്ചത്(പട്ടിക പ്രകാരം വിലയിരുത്തുക). അതേസമയം, ആറാം വര്‍ഷം മുതല്‍ പത്താം വര്‍ഷംവരെ നെഗറ്റീവ് റിട്ടേണ്‍ ആണ് ലഭിച്ചതെങ്കിലും അവസാനമെത്തുമ്പോള്‍ പോര്‍ട്‌ഫോളിയോയില്‍ അത് അത്രത്തോളം സ്വാധീനം ചെലുത്തിയില്ലെന്ന് കാണാം.

ആദ്യത്തെ നിക്ഷേപകന് തുടക്കത്തിലെ അഞ്ച് വര്‍ഷം നെഗറ്റീവ് റിട്ടേണ്‍ ആണ് ലഭിക്കുന്നത്. അതോടൊപ്പം വര്‍ഷംതോറും അഞ്ച് ലക്ഷം രൂപ പിന്‍വലിക്കുന്നത് തുടരുകയും ചെയ്യുന്നു. നെഗറ്റീവ് ആദായത്തോടൊപ്പം പിന്‍വലിക്കല്‍ കൂടി ചേരുമ്പോള്‍ ആദ്യത്തെ നിക്ഷേപകന്റെ പോര്‍ട്‌ഫോളിയോ മൂല്യത്തില്‍ 'സ്‌നോബോള്‍ പ്രഭാവം' ഉണ്ടാകുന്നു. അതോടെ ആവസാന കാലയളവില്‍ അത് നഷ്ടമായി പരിണമിക്കുകയും ചെയ്യുന്നു.

വിരമിച്ചശേഷം ഒരേയൊരു വരുമാന സ്രോതസില്‍ ആശ്രയിക്കുന്നവരുടെ കാര്യത്തില്‍, ലഭിക്കുന്ന റിട്ടേണുകളുടെ ക്രമം നിര്‍ണായകമാകുന്നത് ഇതുകൊണ്ടാണ്. റിട്ടേണിന്റെ ക്രമം(Sequence of Riturn Risk) നിക്ഷേപ മൂല്യത്തെ എങ്ങനെ ഇത് സ്വാധീനിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. സൈദ്ധാന്തികമായി ഈ ആശയം ശരിയാണെങ്കിലും, മികച്ച നേട്ടത്തിനായി 'മാര്‍ക്കറ്റ് ടൈമിങ്' പ്രയോജനപ്പെടുത്തുകയെന്നത് എളുപ്പമല്ല. വിപണിയിലെ നേട്ടവും നഷ്ടവും ആര്‍ക്കും മുന്‍കൂട്ടി അറിയാന്‍ കഴിയുകയില്ലന്നതുതന്നെ കാരണം.

15-20 വര്‍ഷത്തെ നിക്ഷേപ കാലയളവ് മുന്നിലുള്ളതിനാല്‍ വിരമിച്ചവര്‍(പ്രത്യേകിച്ച് 60 വയസ്സുള്ളവര്‍) ഇത്തരത്തില്‍ റിട്ടേണ്‍ ക്രമത്തിലെ നഷ്ടസാധ്യത കണക്കിലെടുത്ത് ആസുത്രണം നടത്തേണ്ടത് നിര്‍ണായകമാണ്. ചരിത്രം പരിശോധിച്ചാല്‍, സെന്‍സെക്സിന് 1986-87, 1995-96, 2000-01 കാലഘട്ടങ്ങളില്‍ തുടര്‍ച്ചയായി രണ്ട് വര്‍ഷം ഇടിവുണ്ടായിട്ടുണ്ടെന്നുകാണാം. എന്നിരുന്നാലും, പ്രതിദിന, പ്രതിമാസ കണക്കുകള്‍ വിശദമായ പരിശോധിച്ചാല്‍ പലപ്പോഴും തുടര്‍ച്ചയായ നെഗറ്റീവ് വരുമാനം കാണാന്‍ കഴിയും. (ഉറവിടം: ബിഎസ്ഇ).

അനുയോജ്യം ഈ സമീപനം
ഹസ്വകാലയളവില്‍ സ്ഥിര വരുമാന പോര്‍ട്ട്‌ഫോളിയോ, ഇടക്കാലയളവില്‍ ഹൈബ്രിഡ്, ദീര്‍ഘകാലയളവില്‍ ഓഹരി എന്നിങ്ങനെ മൂന്ന് ബക്കറ്റുകളിലായി നിക്ഷേപം (3 ബക്കറ്റ് സമീപനം) ക്രമീകരിച്ച് ഈ റിസ്‌കിനെ മറികടക്കാം. കരുതല്‍ ധനം സൂക്ഷിച്ച് ചാഞ്ചാട്ടത്തിന്റെ കാലയളവില്‍ നഷ്ടം ലഘൂകരിക്കുകയും ചെയ്യുക. അല്ലെങ്കില്‍ പിന്‍വലിക്കല്‍ തുക കുറയ്ക്കുകയോ സ്ഥിരമായ വാര്‍ഷിക ആദായം നേടാന്‍ കടപ്പത്രം, സ്വര്‍ണം, റീറ്റസ്, അന്താരാഷ്ട്ര ആസ്തികള്‍ തുടങ്ങിയവയില്‍ വൈവിധ്യവത്കരിച്ച് പോര്‍ട്‌ഫോളിയോ ക്രമീകരിക്കുകയും ചെയ്യാം.

വിപണികളില്‍ ഒറ്റത്തവണ നിക്ഷേപം നടത്തുമ്പോഴും പ്രത്യേകിച്ചും മൂലധനത്തില്‍ നിന്ന് പിന്‍വലിക്കുമ്പോഴും പരിഗണിക്കേണ്ട ഒരു പ്രധാന ഘടകമാണ് 'റിട്ടേണിന്റെ ക്രമം'. വമ്പന്‍ വിജയ ലക്ഷ്യം മുന്നിലുള്ളപ്പോള്‍ തുടക്കത്തില്‍ വിജയം നേടുന്നത് ക്രിക്കറ്റില്‍ ജയസാധ്യത വര്‍ധിപ്പിക്കുന്നതുപോലെ, നിക്ഷേപത്തിന്റെ തുടക്ക വര്‍ഷങ്ങളിലെ നേട്ടം പോര്‍ട്ട്‌ഫോളിയോയുടെ അവസാന സ്‌കോറിനെയോ മൂല്യത്തെയോ സ്വാധീനിക്കുമെന്നും അറിയുക. ഓഹരി വിപണിയില്‍ അവിഭാജ്യ ഘടകമാണ് ചാഞ്ചാട്ടം. വിശ്വസ്തരായ ഉപദേഷ്ടാക്കളുടെ സഹായത്തോടെ മികച്ച രീതിയില്‍ നിക്ഷേപം ക്രമീകരിക്കാന്‍ ശ്രദ്ധിക്കുക.

Content Highlights: The Impact of Market Timing connected Retirement Income: Mitigating Sequence of Returns Risk

ABOUT THE AUTHOR

അജിത് മേനോന്‍

പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ടിന്റെ സിഇഒയാണ് ലേഖകന്‍. 

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article