ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്ക് സമയമായി. എല്ലാ വര്‍ഷവും ജൂലായ് 31ആണ് റിട്ടേണ്‍ നല്‍കേണ്ട അവസാന തീയതി. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇത്തവണ സെപ്റ്റംബര്‍ 15 വരെ നീട്ടിനല്‍കിയിട്ടുണ്ട്.
ആദായ നികുതി നിയമ പ്രകാരം വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ റിട്ടേണ്‍ നല്‍കണമെന്ന് നിര്‍ബന്ധമില്ല. എങ്കിലും വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് പരിഗണിക്കുന്നതിനാല്‍ റിട്ടേണ്‍ നല്‍കുന്നത് ഗുണംചെയ്യും.
ആദായ നികുതി വ്യവസ്ഥകള്‍ പ്രകാരം റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ബാധ്യതയില്ലാത്തവര്‍ ആരൊക്കെയാണെന്ന് നോക്കാം.
നികുതി ബാധ്യതയില്ലാത്തവര്‍
ശമ്പളം, പലിശ, ലാഭവീതം, ബിസിനസ് തുടങ്ങിയവയില്‍നിന്നുള്ള വാര്‍ഷിക വരുമാനം അടിസ്ഥാന പരിധിക്ക് താഴെയാണെങ്കില്‍ ഐ.ടി.ആര്‍ ഫയല്‍ ചെയ്യേണ്ടതില്ല. അതായത് മൂന്ന് ലക്ഷം രൂപയ്ക്ക് താഴെയാണ് വാര്‍ഷിക വരുമാനമെങ്കില്‍ റിട്ടേണ്‍ നല്‍കേണ്ടെന്ന് ചുരുക്കം.
കാര്‍ഷിക വരുമാനം മാത്രമുള്ളവര്‍
കാര്‍ഷിക വരുമാനം 5,000 രൂപയ്ക്ക് താഴെയാണെങ്കില്‍ റിട്ടേണ്‍ നല്‍കേണ്ടതില്ല. കാര്‍ഷിക വരുമാനത്തോടൊപ്പം കാര്‍ഷികേതര വരുമാനവും കൂടി അടിസ്ഥാന സ്ലാബിന് മുകളിലാണെങ്കില്‍ ഐടിആര്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്.
വീട്ടമ്മമാരും കുട്ടികളും
സമ്മാനം, പോക്കറ്റ് മണി, അലവന്‍സുകള്‍ തുടങ്ങിയവ മാത്രം ലഭിക്കുന്ന വീട്ടമ്മമാരും കുട്ടികളും ആദായ നികുതി റിട്ടേണ്‍ നല്‍കേണ്ടതില്ല.
ഇന്ത്യയില്‍നിന്ന് വരുമാനമില്ലാത്ത പ്രവാസികള്‍
ഇന്ത്യയില്‍നിന്ന് വരുമാനമൊന്നുമില്ലാത്ത പ്രവാസികള്‍ ആദായ നികുതി റിട്ടേണ്‍ നല്‍കേണ്ടതില്ല. അതായത് ഇന്ത്യയില്‍നിന്നുള്ള വരുമാനം മൂന്ന് ലക്ഷത്തിന് താഴെയാണെങ്കിലും റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട. ടിഡിഎസ്, ടിസിഎസ് എന്നിവ ഈടാക്കിയിട്ടുണ്ടെങ്കില്‍ റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ ആ തുക തിരികെ ലഭിക്കും.
മുതിര്‍ന്നവര്‍
ആദായ നികുതി വകുപ്പ് 194പി പ്രകാരം 75 വയസ്സോ അതിന് മുകളിലോ പ്രായമുള്ളവരെ ഉപാധികള്‍ക്ക് വിധേയമായി ഐടിആര്‍ ഫയല്‍ ചെയ്യുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പെന്‍ഷന്‍ വരുമാനം, പലിശ എന്നിവ ഒരു ബാങ്കിലെ അക്കൗണ്ടില്‍നിന്നുതന്നെ വാങ്ങേണ്ടിവരും. 12ബിബിഎ ഫോം പൂരിപ്പിച്ച് ബാങ്കിന് നല്‍കണം. വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളില്‍നിന്നാണ് പലിശയും പെന്‍ഷനുമെല്ലാം ലഭിക്കുന്നതെങ്കില്‍ റിട്ടേണ്‍ നല്‍കാന്‍ ബാധ്യതയുണ്ട്.
റിട്ടേണ്‍ നല്‍കിയാലുള്ള നേട്ടങ്ങള്‍:
വരുമാനം നിയമവിധേയമാകും
ഓരോ വര്‍ഷവും ലഭിച്ച വരുമാനം റിട്ടേണ്‍ നല്‍കുമ്പോള്‍ നിയപരമായി രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയ്ക്ക് താഴെയോ മുകളിലോ ആണെങ്കിലും ഭാവിയിലെ സാമ്പത്തിക ഇടപാടുകള്‍ക്ക് അത് ഗുണം ചെയ്യും.
നികുതി റീഫണ്ട്
വാര്‍ഷിക വരുമാന പ്രകാരം നികുതി ബാധ്യതയില്ലെങ്കില്‍ സ്രോതസ്സില്‍നിന്ന് ഈടാക്കിയ (ടി.ഡി.എസ്) തുക തിരികെ ലഭിക്കാന്‍ ഐ.ടി.ആര്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്. സ്ഥിര നിക്ഷേപമുണ്ടെങ്കില്‍ ബാങ്കുകള്‍ പലിശയുടെ 10ശതമാനം ടി.ഡി.എസ് ഈടാക്കിയിട്ടുണ്ടാകാം.
വായ്പ ലഭിക്കാന്‍
ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ ഐ.ടി റിട്ടേണ്‍ പ്രധാന രേഖയായി പരിഗണിക്കാറുണ്ട്. വ്യക്തിയുടെ സാമ്പത്തിക സ്ഥിതി വെളിവാക്കുന്ന ആധികാരിക രേഖയായതുകൊണ്ടാണിത്.
വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍
വിദേശ യാത്രയ്ക്ക് വിസ അനുവദിക്കാന്‍ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തതിന്റെ രേഖ കോണ്‍സുലേറ്റുകള്‍ ആവശ്യപ്പെടാറുണ്ട്. കുറഞ്ഞ വരുമാനമാണെങ്കിലും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഉപകാരപ്പെടും. യുഎസ്, യുകെ, യൂറോപ്പ്, കാനഡ എന്നിവിടങ്ങളിലേയ്ക്കാണെങ്കില്‍ പ്രത്യേകിച്ചും.
നഷ്ടം കിഴിക്കാം
സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി വിപണിയില്‍ നഷ്ടമുണ്ടായാല്‍ അടുത്ത വര്‍ഷത്തെ ലാഭത്തില്‍നിന്ന് അത് കുറവുചെയ്യാന്‍ കഴിയും. അതിനായി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്ത് ഓഹരി ഇടപാട് വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്.
Content Highlights: Income Tax Return Filing successful India: Who Needs to File and What are the Benefits?
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·