സ്ഥിര നിക്ഷേപ പദ്ധതികള്‍ക്ക് പലിശ കുറയ്ക്കുന്നതോടൊപ്പം നിക്ഷേപം ആകര്‍ഷിക്കാനുള്ള പദ്ധതികളുമായി ബാങ്കുകള്‍. പ്രത്യേക നിക്ഷേപ പദ്ധതികള്‍ അവതരിപ്പിച്ചാണ് കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുന്നത്. മുന്‍നിരയിലെ ബാങ്കുകളില്‍ പലതും 444 ദിവസ കാലയളവില്‍ പ്രത്യേക എഫ്.ഡികള്‍ അവതരിപ്പിച്ചിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനാറ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ പ്രത്യേക എഫ്ഡികള്‍ വിലയിരുത്താം.
അമൃത് വൃഷ്ടി(എസ്ബിഐ)
444 ദിവസ കാലാവധിയില്‍ എസ്ബിഐ അവതരിപ്പിച്ച നിക്ഷേപ പദ്ധതിയാണ് അമൃത് വൃഷ്ടി. 6.85 ശതമാനമാണ് പലിശ. 60 വയസ്സ് പിന്നിട്ടവര്‍ക്ക് 7.35 ശതമാനവും 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് 7.45 ശതമാനവും പലിശ ലഭിക്കും. പുതുക്കിയ നിരക്കുകള്‍ മെയ് 16 മുതല്‍ പ്രാബല്യത്തിലായി.
കാനാറ ബാങ്ക്
444 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് കാനാറ ബാങ്ക് 7.25 ശതമാനം പലിശയാണ് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75 ശതമാനവും പലിശ ലഭിക്കും. മൂന്ന് കോടി രൂപയ്ക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ് നിരക്ക് ബാധകം. 2025 ഏപ്രില്‍ 10 മുതലാണ് പുതുക്കിയ നിരക്കുകള്‍ നിലവില്‍വന്നത്.
സ്‌ക്വയര്‍ ഡ്രൈവ് (ബാങ്ക് ഓഫ് ബറോഡ)
ബാങ്ക് ഓഫ് ബറോഡയുടെ 'സ്‌ക്വയര്‍ ഡ്രൈവ്' നിക്ഷേപ പദ്ധതി പ്രകാരം 444 ദിവസ കാലയളവുള്ള സ്ഥിര നിക്ഷേപത്തിന് 7.10 ശതമാനമാണ് പലിശ നല്‍കുന്നത്. 60 വയസ്സിന് മുകളിലും 80 വയസ്സിന് താഴയെുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.60 ശതമാനമാണ് പലിശ. 80 വയസ്സിന് മുകളിലുള്ളവര്‍ക്കാകട്ടെ 7.70 ശതമാനം ലഭിക്കും. 2025 മെയ് അഞ്ച് മുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തിലായത്.
ഇന്‍ഡ് സെക്യുര്‍(ഇന്ത്യന്‍ ബാങ്ക്)
ഇന്ത്യന്‍ ബാങ്കിന്റെ ഇന്‍ഡ് സെക്യൂര്‍ നിക്ഷേപ പദ്ധതി പ്രകാരം 444 ദിവസ കാലയളവിലെ സ്ഥിര നിക്ഷേപത്തിന് 7.15 ശതമാനം പലിശയാണ് ലഭിക്കുക. മുതിര്‍ന്ന് പൗരന്മാര്‍ക്ക് 7.65 ശതമാനം ലഭിക്കും. 80 വയസ്സിന് മുകളിലുള്ളവര്‍ക്കാകട്ടെ 7.90 ശതമാനമാണ് പലിശ. 2025 സെപ്റ്റംബര്‍ 30വരെയാണ് പുതുക്കിയ നിരക്കുകള്‍ ലഭിക്കുക.

ഫെഡറല്‍ ബാങ്കിന്റെ 444 ദിവസ കാലയളവിലെ എഫ്ഡിക്ക് 7.15 ശതമാനമാണ് പലിശ. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.65 ശതമാനം പലിശ ലഭിക്കും. സിഎസ്ബി ബാങ്കില്‍ 13 മാസ കാലയളവിലെ നിക്ഷേപത്തിന് 7.05 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കാകട്ടെ 7.55 ശതമാനവുമാണ് പലിശ. ധനലക്ഷ്മി ബാങ്കില്‍ 400 ദിവസത്തെ നിക്ഷേപത്തിന് 7.25 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50 ശതമാനം കൂടുതലുണ്ട്.
റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് രണ്ട് തവണയായി 0.50 ശതമാനം കുറച്ചതോടെ ബാങ്കുകള്‍ പലിശ നിരക്കില്‍ കുറവുവരുത്തി തുടങ്ങി. സാധാരണ നിക്ഷേപങ്ങള്‍ക്ക് എസ്ബിഐ, കാനാറ എന്നീ ബാങ്കുകളില്‍ കഴിഞ്ഞ ദിവസം 20 ബേസിസ് പോയന്റിന്റെ (0.20 ശതമാനം) കുറവ് വരുത്തിയിരുന്നു. അതിനിടെയാണ് നിക്ഷേപം ആകര്‍ഷിക്കാന്‍ പ്രത്യേക എഫ്ഡികള്‍ ബാങ്കുകള്‍ ആരംഭിച്ചത്.
* ബാങ്കുകളുടെ വെബ്‌സൈറ്റില്‍നിന്നാണ് പലിശ നിരക്കുകള്‍ എടുത്തിട്ടുള്ളത്. നേരിട്ട് ഉറപ്പുവരുത്തിയശേഷം നിക്ഷേപം നടത്തുക.
Content Highlights: Maximize Returns:Exploring High-Yield Fixed Deposit Options Amidst Lower Interest Rate Environment.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·