Published: August 12, 2026 05:55 PM IST Updated: August 13, 2026 09:28 AM IST
2 minute Read
മുംബൈ ∙ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൾ എന്ന മേൽവിലാസമുണ്ടെങ്കിലും സൈബർ രംഗത്തും ബിസിനസ് രംഗത്തും സാറ തെൻഡുൽക്കർ ഇതിനോടകം തന്നെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. ഇൻസ്റ്റഗ്രാമിൽ 90 ലക്ഷത്തോളം ഫോളോവേഴ്സുള്ള ഇൻഫ്ലുൻസറായ സാറ, ബ്രാൻഡുകളുമായി ചേർന്നുള്ള ഒരു 25 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെയാണ് സാറ ഈടാക്കുന്നതെന്നാണ് റിപ്പോർട്ട്. മുംബൈയിൽ ‘പലാട്ടീ സ്റ്റുഡിയോ’ എന്ന സംരംഭം നടത്തുന്ന സാറ, ഗ്ലോബൽ ഇ– ക്രിക്കറ്റ് പ്രീമിയർ ലീഗിൽ മുംബൈ ഫ്രാഞ്ചൈസിയുടെ ഉടമയുമാണ്.
What you should work next
ഇതുകൂടാതെ സാറയുടെ വ്യക്തിജീവിതവും സമൂഹമാധ്യമങ്ങളിൽ പലപ്പോഴും ചർച്ചാവിഷയമാണ്. ഇതിൽ പ്രധാനം സാറയുടെ വിവാഹക്കാര്യം തന്നെയാണ്. രണ്ടു വയസ്സ് ഇളയതായ സഹോദരൻ അർജുന്റെ വിവാഹം കഴിഞ്ഞിട്ടും സാറ എന്താണ് വിവാഹം കഴിക്കാത്തതെന്ന് ആരാധകർ പലപ്പോഴും ചോദിക്കാറുമുണ്ട്. ഇതിനിടെ സാറയുടെ വിവാഹം ഉറപ്പിച്ചെന്ന് പലപ്പോഴും അഭ്യൂഹങ്ങൾ ഉയരാറുമുണ്ട്.
അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ, വിവാഹബന്ധത്തെക്കുറിച്ചും പങ്കാളിയെക്കുറിച്ചുള്ള തന്റെ സങ്കൽപ്പങ്ങളെക്കുറിച്ചും സാറ തുറന്നു പറഞ്ഞു. തന്റെ സഹോദരൻ അർജുൻ തെൻഡുൽക്കറും സാനിയ ചന്ദോക്കും തമ്മിലുള്ള വിവാഹത്തെക്കുറിച്ചും സാറ സംസാരിക്കുകയുണ്ടായി. ഈ വർഷം മാർച്ച് 5നായിരുന്നു അർജുനും സാനിയയും തമ്മിലുള്ള വിവാഹം. വിവാഹാഘോഷങ്ങളിൽ നിന്നുള്ള മനോഹരമായ നിരവധി ചിത്രങ്ങളും നിമിഷങ്ങളും സാറ സമൂഹമാധ്യമത്തിലൂടെ ആരാധകർക്കായി പങ്കുവച്ചിരുന്നു. സച്ചിൻ- അഞ്ജലി ദമ്പതികളുടെ മൂത്ത മകളായ സാറ 1997 ഒക്ടോബർ 12ന് മുംബൈയിലാണ് ജനിച്ചത്.
സാറ പറഞ്ഞത്ബന്ധങ്ങളോടുള്ള ജെൻസീ തലമുറയുടെ പ്രതിബദ്ധതയെ പലരും ചോദ്യം ചെയ്യാറുണ്ടെങ്കിലും, ഒരു ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്ന് തോന്നുമ്പോൾ അതിൽനിന്നു ധൈര്യപൂർവ്വം പിന്മാറാൻ തക്കവണ്ണം ഈ തലമുറ വിവാഹത്തെ ഗൗരവമായി കാണുന്നുണ്ടെന്ന് സാറ പറഞ്ഞു. ‘‘പലരും നിശ്ചയത്തിന് ശേഷം, വിവാഹത്തിനായുള്ള ഒരുക്കങ്ങൾക്കിടയിൽ തങ്ങളുടെ പങ്കാളിയുടെയോ അവരുടെ കുടുംബത്തിന്റെയോ യഥാർഥ സ്വഭാവം തിരിച്ചറിയുകയും, ‘ഇനി ഇതു മുന്നോട്ട് കൊണ്ടുപോകാൻ എനിക്ക് കഴിയില്ല’ എന്ന് ചിന്തിക്കുകയും ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. വിവാഹത്തിന് മുൻപ് തന്നെ അത്തരം ബന്ധങ്ങളിൽനിന്നു മാറിനടക്കുന്നത് വലിയൊരു ചുവടുവയ്പ്പാണെന്ന് ഞാൻ കരുതുന്നു. മുൻതലമുറകൾ തങ്ങൾക്കായി ശബ്ദമുയർത്താൻ കൂടുതൽ ഭയപ്പെട്ടിരുന്നു, എന്നാൽ കാര്യങ്ങൾ തെറ്റായ വഴിയിലൂടെയാണ് പോകുന്നതെന്ന് കാണുമ്പോൾ അതിനെതിരെ പ്രതികരിക്കാൻ ജെൻസീക്ക് കൂടുതൽ ആത്മവിശ്വാസവും കരുത്തുമുണ്ട്.’’– വോഗ് മാഗസിനോട് സാറ പറഞ്ഞു.
ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ 1995ലാണ് സച്ചിൻ തെൻഡുൽക്കറും അഞ്ജലിയും വിവാഹിതരായത്. ക്രിക്കറ്റ് ലോകത്തെ ഏറ്റവും മാതൃകാപരമായ ദാമ്പത്യ ബന്ധങ്ങളിലൊന്നായാണ് ഇവരുടെ ജീവിതം വിലയിരുത്തപ്പെടാറുള്ളത്. തന്റെ ഭാവി പങ്കാളിയിൽ താൻ ആഗ്രഹിക്കുന്ന ഗുണങ്ങളെക്കുറിച്ച് സാറ പറഞ്ഞത് ഇങ്ങനെയാണ്. ‘‘എന്റെ മാതാപിതാക്കൾ എല്ലാറ്റിനും ഉപരിയായി നല്ല സുഹൃത്തുക്കളാണ്. അവർ വീട്ടിൽ പരസ്പരം തമാശകൾ പറയുകയും കളിയാക്കുകയും ചെയ്യാറുണ്ട്, എന്റെ ഭാവി പങ്കാളിയിലും ഞാൻ തീർച്ചയായും ആഗ്രഹിക്കുന്ന ഒന്നാണത്. അവർക്കിടയിൽ ഒരിക്കലും അധികാരത്തിന്റെയോ മേധാവിത്വത്തിന്റെയോ ഒരു അന്തരീക്ഷം ഉണ്ടായിട്ടില്ല, അത് തികച്ചും അദ്ഭുതകരമായ കാര്യമാണ്.’’– സാറ പറഞ്ഞു.
‘‘ഞാൻ ചെറുപ്പമായിരുന്നപ്പോൾ എല്ലാവരുടെയും ബന്ധങ്ങൾ ഇങ്ങനെയാണെന്നാണ് കരുതിയിരുന്നത്. വളർന്നപ്പോഴാണ്, അക്കാലത്ത് അവർ എങ്ങനെയാണ് ദൂരദേശങ്ങളിലിരുന്ന് ഈ ദാമ്പത്യം വിജയകരമായി മുന്നോട്ട് കൊണ്ടുപോയതെന്ന് ഞാൻ ചിന്തിക്കാൻ തുടങ്ങിയത്. 20 വർഷം മുൻപ് നമുക്ക് ഫേസ്‌ടൈമോ വാട്സാപ്പോ ഇല്ലായിരുന്നു, രാജ്യാന്തര കോളുകൾക്ക് പോലും വലിയ ചിലവായിരുന്നു.’’– സാറ കൂട്ടിച്ചേർത്തു. പ്രണയത്തെ സൗഹൃദമായാണോ കാണുന്നത് എന്ന ചോദ്യത്തിന്, ‘തീർച്ചയായും’ എന്ന് സാറ ചിരിച്ചുകൊണ്ട് മറുപടി നൽകി. കമിതാക്കളായ സോൾമേറ്റ്സ് ഉണ്ടെന്ന് വിശ്വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, എങ്കിലും എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ തന്നെയാണ് നൂറ് ശതമാനവും എന്റെ സോൾമേറ്റ്സ്.
അർജുന്റെ വിവാഹത്തെ തന്റെ ഭാവി വിവാഹത്തിനായുള്ള ഒരു ‘ട്രയൽ റൗണ്ട്’ ആയിട്ടാണ് കണ്ടെതെന്നും സാറ പറഞ്ഞു. ‘‘അത് എനിക്കൊരു ട്രയൽ റൗണ്ട് ആയിരുന്നു എന്ന് എനിക്ക് തോന്നുന്നു. എനിക്ക് എന്താണ് വേണ്ടതെന്നും എന്താണ് വേണ്ടാത്തതെന്നും ഇപ്പോൾ എനിക്ക് കൃത്യമായി അറിയാം.’’– സാറ പറഞ്ഞു, ചെറുപ്പകാലത്ത് ഇളം നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കുന്ന ഒരു വധുവാകാനാണ് താൻ ആഗ്രഹിച്ചിരുന്നതെന്നും, വളരെ ഗംഭീരവും ആഡംബരപൂർണ്ണവുമായ ഒരു വിവാഹമായിരുന്നു തന്റെ സ്വപ്നമെന്നും സാറ വെളിപ്പെടുത്തി. എന്നാൽ കാലക്രമേണ കാഴ്ചപ്പാടുകൾ മാറി. തന്റെ ഇന്നത്തെ സങ്കൽപ്പത്തിലെ വിവാഹത്തെക്കുറിച്ച് സംസാരിച്ച സാറ, അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങുകളോടാണ് തനിക്ക് താല്പര്യമെന്നും, ഒരുപക്ഷേ പരമ്പരാഗത ചുവപ്പ് നിറത്തിലുള്ള വിവാഹ വസ്ത്രം പോലും താൻ തിരഞ്ഞെടുത്തേക്കാമെന്നും പറഞ്ഞു.
English Summary:
Sara Tendulkar: Sachin Tendulkar's daughter, Sara Tendulkar, precocious opened up astir her views connected marriage, perfect partners, and Gen Z relationships successful an interview. She emphasized the value of courageousness to extremity unsuitable engagements, drafting attraction to modern narration dynamics, portion besides reflecting connected her member Arjun Tendulkar's caller matrimony and her evolving imagination wedding. Beyond her father's legacy, Sara is simply a palmy entrepreneur with 'Palate Studio' successful Mumbai and a salient societal media influencer.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·