Published: October 19, 2026 12:23 PM IST Updated: October 19, 2026 03:40 PM IST
1 minute Read
നഗോയ (ജപ്പാൻ) ∙ ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യയ്ക്കു രണ്ടാം സ്വർണം. ലോങ് ജംപ് ടി47 ഇനത്തിൽ നിഷാദ് കുമാറാണ് സ്വർണം നേടിയത്. മൂന്നാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങളിൽ 7.11 മീറ്റർ ദൂരം കണ്ടെത്തിയാണ് നിഷാദിന്റെ സ്വർണ നേട്ടം. കഴിഞ് ഏഷ്യൻ പാരാ ഗെയിംസിൽ ഹൈജംപ് ടി47 ഇനത്തിൽ നിഷാദ് കുമാർ സ്വർണം നേടിയിരുന്നു. ലോങ് ജംപിൽ നിഷാദിന്റെ ആദ്യ ഔദ്യോഗിക മത്സരമായിരുന്നു ഇത്. ഹൈജംപിലും താരം മത്സരിക്കുന്നുണ്ട്. കൈകൾക്ക് വൈകല്യമുള്ള അത്ലീറ്റുകൾക്കുള്ളതാണ് ടി47 ക്ലാസിഫിക്കേഷൻ. ഹിമാചൽ പ്രദേശിലെ അമ്പിലുള്ള തന്റെ കുടുംബ കൃഷിയിടത്തിൽ വച്ച് ആറാം വയസ്സിൽ ഒരു പുല്ലുവെട്ടി യന്ത്രത്തിൽ പെട്ടാണ് നിഷാദിന്റെ വലതുകൈ നഷ്ടപ്പെട്ടത്.
What you should work next
നേരത്തെ, വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ എസ്എച്ച്1 ഇനത്തിൽ ഗെയിംസ് റെക്കോർഡോടെ മോന അഗർവാൾ സ്വർണം നേടിയിരുന്നു. ഇതേ ഇനത്തിൽ അവനി ലേഖര വെള്ളിയും നേടി. 2024 പാരിസ് പാരാലിംപിക്സിൽ വെങ്കല മെഡൽ ജേതാവായ മോന, 250.0 എന്ന റെക്കോർഡ് സ്കോർ നേടിയാണ്, അവനിയെ 0.4 പോയിന്റുകളുടെ വ്യത്യാസത്തിൽ മറികടന്നത്.
രണ്ടു തവണ പാരാലിംപിക് സ്വർണ മെഡൽ ജേതാവായ അവനി, 249.6 പോയിന്റോടെ വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അവസാന ഷോട്ടുകൾക്ക് തൊട്ടുമുൻപ് മോന വെറും 0.1 പോയിന്റിന്റെ നേരിയ ലീഡിലായിരുന്നു (239.2 - 239.1). കൊറിയയുടെ യുൻറി ലീ വെങ്കലം നേടി. കാലുകൾക്ക് വൈകല്യമുള്ള ഷൂട്ടർമാർക്കുള്ളതാണ് എസ്എച്ച്1 ക്ലാസിഫിക്കേഷൻ.
പുരുഷന്മാരുടെ ഇനത്തിൽ, സ്വരൂപ് ഉൻഹാൽക്കർ നാലാം സ്ഥാനത്തെത്തി മെഡൽ നേട്ടത്തിന് തൊട്ടരികിൽ പുറത്തായി. പാരാ-ആർച്ചറിയിൽ ശീതൾ ദേവി വനിതകളുടെ കോംപൗണ്ട് യോഗ്യതാ റൗണ്ടിൽ 720-ൽ 704 സ്കോർ ചെയ്തുകൊണ്ട് ലോക റെക്കോർഡിനൊപ്പമെത്തുകയും പുതിയ ഏഷ്യൻ റെക്കോർഡ് കുറിക്കുകയും ചെയ്തു. ജൂഡോയിൽ, വനിതകളുടെ 52 കിലോഗ്രാം വിഭാഗത്തിന്റെ ഫൈനലിലേക്ക് മുന്നേറിക്കൊണ്ട് കോകില ഇന്ത്യക്ക് മെഡൽ ഉറപ്പാക്കി. നിലവിൽ മെഡൽ പട്ടികയിൽ ഇന്ത്യ രണ്ടാമതാണ്. ചൈനയാണ് ഒന്നാമത്.
English Summary:






English (US) ·