പകരച്ചുങ്കം: ഏതൊക്കെ ഓഹരികളെ ബാധിക്കും? ഏതൊക്കെ സെക്ടറുകള്‍ നേട്ടമുണ്ടാക്കും?

9 months ago 8

പ്രില്‍ രണ്ടിലെ ട്രംപിന്റെ നീക്കത്തെ ഉറ്റുനോക്കുകയാണ് ഓഹരി വിപണി. പകരചുങ്കത്തില്‍ ഏതൊക്കെ മേഖലകള്‍ നേട്ടമുണ്ടാക്കും? ഏതൊക്കെ ഓഹരികളെ ബാധിക്കും? യുഎസിലേയ്ക്ക് കയറ്റുമതി ചെയ്യുന്ന വ്യവസായങ്ങളിലെല്ലാം അതിന്റെ പ്രതിഫലനമുണ്ടാകാം. ഫാര്‍മ, ഇലക്ട്രോണിക്‌സ്, ടെക്‌സ്‌റ്റൈല്‍, ഓട്ടോ തുടങ്ങിയ മേഖലകളില്‍ അതിവേഗമാകും പ്രതികരണം. ഐടി, ആഭ്യന്തര വ്യവസായങ്ങള്‍ എന്നിവയ്ക്ക് കുലുക്കമുണ്ടാവില്ല. ഊര്‍ജം, പ്രതിരോധം എന്നീ മേഖലകള്‍ക്കും ചില കാര്‍ഷിക ഉത്പന്നങ്ങളുടെ ഇറക്കുമതിയില്‍ കേന്ദ്രീകൃതമായ കമ്പനികള്‍ക്കും നേട്ടമുണ്ടാക്കാനുമാകും. താരിഫ് വര്‍ധന കയറ്റുമതി മേഖലയെ സമ്മര്‍ദത്തിലാക്കുമെന്നകാര്യത്തില്‍ സംശയമില്ല.

ആഗോള-ആഭ്യന്തര വിപണികളെ സംബന്ധിച്ചെടുത്തോളം ഏപ്രില്‍ രണ്ട് നിര്‍ണായകമാണ്. മാര്‍ച്ചില്‍ മികച്ച മുന്നേറ്റം നടത്തിയ രാജ്യത്തെ സൂചികകള്‍ക്ക് വീണ്ടും പരീക്ഷണകാലമാകും. ഈ സാഹചര്യത്തില്‍, ട്രംപിന്റെ താരിഫ് പ്രഖ്യാപനം പ്രതിഫലിക്കാനിടയുള്ള മേഖലകള്‍ പരിശോധിക്കാം.

ഫാര്‍മ
യു.എസിലേയ്ക്ക് ജനറിക് മരുന്നുകള്‍ കയറ്റുമതി ചെയ്യുന്നതില്‍ മുന്‍പന്തിയിലാണ് ഇന്ത്യ. 18 ബില്യണ്‍ ഡോളര്‍ മൂല്യമുള്ളതായണ് ഫാര്‍മ മേഖലയിലെ കയറ്റുമതി. മരുന്ന് കയറ്റുമതിക്ക് നിലവില്‍ യുഎസ് ഒരു ശതമാനം താരിഫ് ഈടാക്കുമ്പോള്‍ സമാന ഇറക്കുമതികള്‍ക്ക് ഇന്ത്യ ചുമത്തുന്നത് 9.7 ശതമാനമാണ്. താരിഫ് വര്‍ധനവുണ്ടായാല്‍ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ മത്സരക്ഷമതയെ ബാധിക്കുമെന്നകാര്യത്തില്‍ സംശയമില്ല. സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല തുടങ്ങിയ വമ്പന്‍ കമ്പനികള്‍ക്ക് തിരിച്ചടിയാകും. യുഎസ് വിപണിയില്‍ കാര്യമായ സ്വാധീനം ഈ സ്ഥാപനങ്ങള്‍ക്കുണ്ട്.

ഇലക്ട്രോണിക്‌സ്, ടെലികോം
ഫാര്‍മ കഴിഞ്ഞാല്‍ ഇന്ത്യയില്‍നിന്ന് കൂടുതല്‍ കയറ്റുമതി ചെയ്യുന്നത് ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ടെലികോം ഉത്പന്നങ്ങളാണ്. 14.4 ബില്യണ്‍ ഡോളറിന്റെതാണ് ഈ മേഖലയിലെ മൊത്തം കയറ്റുമതി. നിലവില്‍ ഈ ഉത്പന്നങ്ങള്‍ക്ക് യുഎസ് ചുമത്തുന്നത് 0.4 ശതമാനം മാത്രം താരിഫ് ആണ്. സമാനമായി ഇറക്കുമതികള്‍ക്കാകട്ടെ ഇന്ത്യ ഈടാക്കുന്നത് 7.6 ശതമാനവും. യുഎസ് തീരുവയിലെ ചെറിയ വര്‍ധനപോലും കമ്പനികളെ ബാധിക്കും. ഡിക്ലണ്‍ ടെക്‌നോളജീസ്, ഹാവെല്‍സ് ഇന്ത്യ, സെന്റം ഇലക്ട്രോണിക്‌സ്, കെയ്‌നസ് ടെക്‌നോളജി തുടങ്ങിയ കമ്പനികള്‍ യുഎസിലേയ്ക്ക് ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, ടെലികോം ഉത്പന്നങ്ങള്‍ കയറ്റിയയ്ക്കുന്നുണ്ട്.

തുണിത്തരങ്ങള്‍
യു.എസിലേയ്ക്ക് വസ്ത്രങ്ങളും തുണിത്തരങ്ങളും കയറ്റിയയ്ക്കുന്നതില്‍ മുന്‍നിരയിലാണ് ഇന്ത്യയുടെ സ്ഥാനം. 10.8 ബില്യണ്‍ ഡോളറിന്റേതാണ് ഇടപാട്. നിലവില്‍ ഈ മേഖലിയലെ ഇരുരാജ്യങ്ങളുടെയും തീരുവ ഏതാണ്ട് സമാനമാണ്. 9-10 ശതമാനം നിരക്ക്. ഇതിനകംതന്നെ കുറഞ്ഞ മാര്‍ജിനുള്ള ബിസിനസായതിനാല്‍ താരിഫിലെ ചെറിയ വര്‍ധനപോലും ടെസ്‌കറ്റൈല്‍ മേഖലയ്ക്ക് തിരിച്ചടിയാകും.

ഓട്ടോ, വാഹന അനുബന്ധ വ്യവസായം
ഈ മേഖലയില്‍ യുഎസിലേയ്ക്കുള്ള കയറ്റുമതി 2.8 ബില്യണ്‍ ഡോളറിന്റേതാണ്. ഒരു ശതമാനം തീരുവ യുഎസ് ഈടാക്കുമ്പോള്‍ ഇന്ത്യ ചുമത്തുന്നത് 24.1 ശതമാനവുമാണ്. 25 ശതമാനം പകരച്ചുങ്കം ഏപ്രില്‍ രണ്ടു മുതല്‍ കൊണ്ടുവരുമെന്ന് യുഎസ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ മേഖലകളിലെ പ്രധാന ഓഹരികളില്‍ അതിന്റെ പ്രതിഫലനവുമുണ്ടായി. രണ്ട് ശതമാനത്തിലേറെയാണ് ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായത്. ഓട്ടോ ഘടകഭാഗങ്ങളുടെ നിര്‍മാതാക്കളായ ഭാരത് ഫോര്‍ജ്, സംവര്‍ധന മദേഴ്‌സണ്‍ എന്നീ കമ്പനികള്‍ക്കാകും കൂടുതല്‍ തിരിച്ചടി നേരിടേണ്ടവരിക.

നേട്ടമാക്കാന്‍ ഈ മേഖലകള്‍
താരിഫ് യുദ്ധത്തില്‍ കൂടുതല്‍ പരിക്കുകളില്ലാതെ രക്ഷപ്പെടുക ഐടി സേവന മേഖലയാകും. നിലവില്‍ കരാറിലെത്തിയിട്ടുള്ള കമ്പനികള്‍ക്ക് മറിച്ചൊരു തീരുമാനമെടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് നേട്ടമാകുക. തീരുമാനങ്ങള്‍ മാറ്റാന്‍ ബുദ്ധിമുട്ടാണെന്നുമാത്രമല്ല, അങ്ങനെചെയ്താല്‍ വലിയ വിലകൊടുക്കേണ്ടിയും വരും. അതുകൊണ്ട് ഐടിയെ താരിഫ് നീക്കം ബാധിക്കാനിടയില്ല. എഫ്എംസിജി, ഇന്‍ഫ്ര, യുഎസ് കയറ്റുമതി ഇടപാടുകളുമായി അധികം ബന്ധമില്ലാത്ത ബാങ്കുകള്‍ എന്നിവക്കും താരിഫ് യുദ്ധത്തില്‍ മികച്ച പ്രതിരോധം തീര്‍ക്കാനാകും.

വ്യാപാര യുദ്ധം ലഘൂകരിക്കാന്‍ ഇന്ത്യ കൂടുതല്‍ ഇളവുകള്‍ വാഗ്ദാനം ചെയ്താല്‍ ഊര്‍ജം, പ്രതിരോധം എന്നീ മേഖലകള്‍ക്ക് നേട്ടമാകും. യുഎസില്‍നിന്നുള്ള കാര്‍ഷിക ഇറക്കുമതിക്കാര്‍ക്കും അതിന്റെ ഗുണംലഭിക്കും. ബദാം, പിസ്ത, ആപ്പിള്‍, പരുത്തി, എത്‌നോള്‍ തുടങ്ങിയവ ഇറക്കുമതി ചെയ്യുന്ന കമ്പനികള്‍ക്കാണ് പ്രധാനമായും നേട്ടം ലഭിക്കുക.

ആഘാതം വിലയിരുത്താം

ഏകീകൃത താരിഫ്
ഇന്ത്യയില്‍നിന്നുള്ള എല്ലാ ഉത്പന്നങ്ങള്‍ക്കും ഒറ്റ താരിഫ് ഏര്‍പ്പെടുത്തിയാല്‍ അഞ്ച് ശതമാനത്തിന് മുകളിലെത്തിയേക്കാം. നിലവില്‍ യുഎസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയിലുള്ള ശരാശരി തീരുവ ഏഴ് ശതമാനത്തിന് മുകളിലാണ്. ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിക്ക് ശരാശരി 2.8 ശതമാനവുമാണ് യുഎസിലെ തീരുവ. ഇത് അഞ്ച് ശതമാനത്തിന് മുകളിലേയ്ക്ക് ഉയര്‍ന്നേക്കാം.

വ്യത്യസ്ത താരിഫ്
വ്യത്യസ്ത തീരുവയാണ് ഏര്‍പ്പെടുത്തുന്നതെങ്കില്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് 32 ശതമാനവും വ്യവസായിക ഉത്പന്നങ്ങള്‍ക്ക് 3.5 ശതമാനവുമായേക്കാമെന്നുമാണ് വിലയിരുത്തല്‍. നിലവില്‍ ഇന്ത്യന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് യുഎസില്‍ 5.3 ശതമാനമാണ് തീരുവ. അതേസമയം, യുഎസില്‍നിന്ന് ഇന്ത്യയിലെത്തുന്നവയ്ക്ക് ഈടാക്കുന്നതാകട്ടെ 37 ശതമാനത്തിലേറെയും. 32 ശതമാനത്തിന്റെ വ്യത്യാസം.

വ്യവസായ ഉത്പന്നങ്ങള്‍ക്കാകട്ടെ ഇന്ത്യ ചുമത്തുന്നത്‌ ശരാശരി 5.9 ശതമാനമാണ്. ഇന്ത്യയില്‍നിന്ന് യുഎസിലേക്കുള്ളവയ്ക്ക് 2.6 ശതമാനം മാത്രമേ ഈടാക്കുന്നുള്ളൂ. 3.3 ശതമാനത്തോളം വ്യത്യാസം ഇവിടെയുണ്ട്. ഇതില്‍തന്നെ മേഖലതിരിച്ച് നോക്കുകയാണെങ്കില്‍-രാസവസ്തുക്കള്‍, മരുന്ന് (8.5%), പ്ലാസ്റ്റിക് (5.6%) തുണിത്തരങ്ങള്‍ (1.4%), വജ്രം-സ്വര്‍ണ ആഭരണങ്ങള്‍(13.3%),വാഹനഘടകങ്ങള്‍(23.1%) എന്നിങ്ങനെയുമാണ്.

യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി 30 മേഖലകളിലായി വ്യാപിച്ചു കിടക്കുന്നു. കാര്‍ഷിക മേഖലയില്‍ ആറും വ്യവസായ മേഖലയില്‍ 24ഉം. മത്സ്യം, മാംസം, സംസ്‌കരിച്ച സമുദ്രോത്പന്നങ്ങള്‍, പാല്-പാല്‍ ഉത്പന്നങ്ങള്‍, സംസ്‌കരിച്ച ഭക്ഷണം തുടങ്ങിയവയാണ് പ്രധാനമായും കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടുന്നത്. വ്യവസായിക ഉത്പന്നങ്ങളില്‍ മുകളില്‍ വിശദീകരിച്ചതുപോലെ ഫാര്‍മ, ഇലക്ട്രോണിക്‌സ്, ടെലികോം, വാഹനഘടകങ്ങള്‍ ഉള്‍പ്പടെയുള്ളവയും.

തിരിച്ചടി യുഎസ് ഭീമന്മാര്‍ക്ക്
ട്രംപിന്റെ താരിഫ് നയത്തില്‍ വലിയ വിലകൊടുക്കേണ്ടിവന്നത് യുഎസിലെ ടെക് ഭീമന്മാര്‍ക്കുതന്നെയാണ്. മെക്‌സികോ, കാനാഡ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് നേരെ പ്രയോഗിച്ച തീരുവ ആക്രമണം വന്‍കിട കോര്‍പറേറ്റുകളില്‍ നിക്ഷേപിക്കുന്നവരില്‍ കനത്ത ആശങ്ക സൃഷ്ടിച്ചു. ഇതേതുടര്‍ന്ന് ആപ്പിള്‍, മൈക്രോസോഫ്റ്റ്, ടെസ്‌ല, എന്‍വിഡിയ, ആല്‍ഫബെറ്റ്, ആമസോണ്‍, മെറ്റ തുടങ്ങിയ കമ്പനികള്‍ക്കുണ്ടായ നഷ്ടം കനത്തതാണ്. വിപണി മൂല്യത്തില്‍ ആപ്പിളാണ് ഏറ്റവും തിരിച്ചടി നേരിട്ടത്. 2024 ഡിസംബര്‍ 31ലെ 3.78 ലക്ഷം കോടി ഡോളറില്‍നിന്ന് 3.27 ലക്ഷം കോടിയിലെത്തി. 13.53 ശതമാനം നഷ്ടം. ചിപ്പ് വ്യവസയാത്തിലെ മുന്‍നിര കമ്പനിയായ എന്‍വിഡിയയുടെ ഓഹരി മൂല്യത്തില്‍ അഞ്ച് ശതമാനത്തിലേറെ ഇടിവും നേരിട്ടു. ആപ്പിളിനെ കടത്തിവെട്ടി മുന്നിലെത്തുമെന്ന് പ്രവചിച്ചിരുന്ന ടെസ്‌ലയുടെ ഓഹരികള്‍ അടുത്തയിടെ ഒരൊറ്റദിവസംകൊണ്ട് തകര്‍ച്ച നേരിട്ടത് 15 ശതമാനമാണ്.

ട്രംപിന്റെ വ്യാപാര യുദ്ധം ലോകമാകെ വ്യാപിക്കാന്‍ കെല്പുള്ളതാണ്. യുഎസില്‍ ചെറിയതോതിലെങ്കിലും മാന്ദ്യമുണ്ടായാല്‍ ലോകസമ്പദ്ഘടനയ്ക്ക് തിരിച്ചടിയാകും. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍നിന്ന് വിദേശ നിക്ഷേപകരുടെ കൂട്ടപലായനം ഉണ്ടാകും. യുഎസ് വിപണിയിലുണ്ടാകുന്ന ഇടിവുകള്‍ ഇന്ത്യ ഉള്‍പ്പടെയുള്ള ആഘോള വിപണികളില്‍ അതിവേഗം പ്രതിഫലിക്കും. മറ്റ് ഏഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ആഘാതം കുറയുമെങ്കിലും സാമ്പത്തിക പ്രതിസന്ധിയണ്ടായാല്‍ തിരിച്ചടി സുനിശ്ചിതമാണ്.

antonycdavis@gmail.com

Content Highlights: April 2nd`s tariff announcement impacts Indian pharma, electronics, textile, and car sectors.

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article