പണപ്പെരുപ്പം കുറയുന്നു, സര്‍ക്കാര്‍ ചെലവഴിക്കല്‍ കൂടുന്നു: പ്രതീക്ഷയോടെ വിപണി

9 months ago 7

ങ്ങിയ പ്രകടനത്തോടെ ഇന്ത്യന്‍ ഓഹരി വിപണി ഒരു സാമ്പത്തിക വര്‍ഷംകൂടി സാമ്പത്തിക വര്‍ഷം പിന്നിട്ടു. 2024 സാമ്പത്തിക വര്‍ഷത്തെ 39 ശതമാനത്തില്‍ നിന്ന് നേട്ടം 5.35 ശതമാനത്തില്‍ ഒതുങ്ങി. കോര്‍പറേറ്റ് ലാഭത്തിലുണ്ടായ ഇടിവാണ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ താഴോട്ടുള്ള പോക്കിന് ആക്കം കൂട്ടിയത്.

2024 സാമ്പത്തിക വര്‍ഷം കോര്‍പറേറ്റ് ലാഭത്തില്‍ 20 ശതമാനം വര്‍ധന രേഖപ്പെടുത്തിയത് വിപണിയുടെ ശക്തമായ പ്രകടനത്തിന് വഴി തെളിച്ചിരുന്നു. 2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യഘട്ടങ്ങളില്‍ ഉറച്ച സമ്പദ്‌വ്യവസ്ഥയുടെ പിന്തുണയില്‍ ശുഭ പ്രതീക്ഷ നില നില്‍ക്കുകയും ചെയ്തു. ഉദാഹരണത്തിന് 2024 ജൂണിലെ നയരേഖയില്‍ റിസര്‍വ് ബാങ്ക് ജിഡിപി വളര്‍ച്ച 7.2 ശതമാനമായാണ് കണക്കാക്കിയത്. എന്നാല്‍ യഥാര്‍ത്ഥ സാമ്പത്തിക സാഹചര്യം അത്ര ഗുണകരമായിരുന്നില്ല. തിരഞ്ഞെടുപ്പു വര്‍ഷം സര്‍ക്കാരിന്റെ പദ്ധതി ചെലവുകള്‍ കുറഞ്ഞത് വളര്‍ച്ചാ സാധ്യതകളെ പ്രതികൂലമായി ബാധിച്ചു. ദേശീയ തിരഞ്ഞെടുപ്പ് ഉള്‍പ്പടെ 10 തിരഞ്ഞെടുപ്പുകളാണ് ഇക്കാലയളവില്‍ നടന്നത്. ഇത് നിലവിലുള്ള പദ്ധതികളെപ്പോലും ബാധിച്ചു. റെവന്യൂ ചെലവുകളിലും നിയന്ത്രണം വന്നു. ഇതിനു പുറമേ, ഉഷ്ണതരംഗവും കാലംതെറ്റിയുള്ള മഴയും കൂടിയ വിലക്കയറ്റവും കാര്‍ഷിക-അനുബന്ധ മേഖലകളെ ബാധിച്ചു.

ലാഭത്തിലുണ്ടായ ഇടിവ് സെപ്റ്റംബര്‍ മുതല്‍ വിദേശ സ്ഥാപന നിക്ഷേപകരെ വന്‍തോതില്‍ ഓഹരികള്‍ വില്‍ക്കാന്‍ പ്രേരിപ്പിച്ചു. 2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ രണ്ടാം പാദ ലാഭ വളര്‍ച്ച അഞ്ച് ശതമാനം മാത്രമായിരുന്നു. 2025 സാമ്പത്തിക വര്‍ഷത്തെ ഇപിഎസ് വളര്‍ച്ച 16 ശതമാനമെന്നാണ് കണക്കാക്കിയിരുന്നത്. ഒരുവര്‍ഷം മുന്നോട്ടുള്ള പിഇ അനുപാതം 21.3 x എന്ന കൂടിയ മൂല്യത്തിലാണ് ഇന്ത്യ ട്രേഡിംഗ് നടത്തിയിരുന്നത്. വിദേശ സ്ഥാപന നിക്ഷേപകര്‍ ലാഭമെടുക്കാനും ഫണ്ടുകള്‍ ചൈന പോലുള്ള ഇതര വികസ്വര വിപണികളിലേക്കും യുഎസും യൂറോപ്പും പോലുള്ള സുരക്ഷിതമായ വികസിത വിപണികളിലേക്കും മാറ്റാനും തുടങ്ങി. ചൈനയുടെ പിഇ അനുപാതം ഇക്കാലയളവില്‍ 10 x മാത്രമായിരുന്നു. ഇക്കാലയളവില്‍ യുഎസ് നല്ല വളര്‍ച്ച കൈവരിച്ചുകൊണ്ടിരുന്നു. കര്‍ശന പണ നയത്തിന്റെ ഭാഗമായി അവരുടെ ആഭ്യന്തര വിപണി ഡോളര്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് തിരിച്ചുകൊണ്ടു വരികയായിരുന്നു.

കൂടിയ മൂല്യത്തെ നീതീകരിക്കാന്‍ ഇന്ത്യ പാടുപെടുമ്പോള്‍ വിദേശ സ്ഥാപന നിക്ഷേപകരുടെ വിറ്റൊഴിക്കല്‍ ശക്തിയാര്‍ജിച്ചു. ആഭ്യന്തര, ആഗോള വിപണികളിലുണ്ടായ താഴ്ചയെ തുടര്‍ന്ന് പോര്‍ട്ട്‌ഫോളിയോ വാല്യു കുറഞ്ഞതിനാല്‍ ജനുവരി, മാര്‍ച്ച് മാസങ്ങള്‍ക്കിടയില്‍ ഈ പ്രവണതയ്ക്ക് ആക്കംകൂടി. അപ്പോഴേക്കും ട്രംപൊണോമിക്സിന്റെ ഫലമായി ആഗോള തലത്തില്‍ നിക്ഷേപകര്‍ ജാഗ്രതയിലായി. യുഎസ് വിപണിയിലും ഈയിടെ വിറ്റൊഴിക്കല്‍ വര്‍ധിച്ചു. തീരുവ വര്‍ധന പ്രഖ്യാപനങ്ങള്‍ യുഎസ്, ആഗോള സമ്പദ് വ്യവസ്ഥകളെ താഴോട്ടുവലിക്കുമെന്ന ഭയം നിലനില്‍ക്കേ എസ്ആന്റ്പി 500 ഇന്‍ഡെക്സ് പത്തു ശതമാനം ഇടിഞ്ഞു.

കാറുകള്‍ക്കും വാഹന ഘടകഭാഗങ്ങള്‍ക്കും 25 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ വൈകി എടുത്ത തീരുമാനം ജപ്പാന്‍, കൊറിയ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളെ ബാധിക്കും. അമേരിക്കന്‍ വിപണിയില്‍ വന്‍സാധ്യത പ്രതീക്ഷിക്കുന്ന ഇന്ത്യന്‍ സ്പെയര്‍ പാര്‍ട്സ് നിര്‍മ്മാതാക്കള്‍ക്കും ദീര്‍ഘകാലയളവില്‍ അവസരം നഷ്ടമായേക്കും. എന്നാല്‍ ഉഭയ കക്ഷി വ്യാപാര കരാര്‍ സംബന്ധിച്ച് നടക്കുന്ന ഇന്ത്യ-യുഎസ് ഉദ്യോഗസ്ഥതല ചര്‍ച്ച വിജയിച്ചാല്‍ തീരുവകളുടെ വിപരീത ഫലങ്ങളില്‍ നിന്നു രക്ഷപെടാന്‍ സാധിക്കും. യുഎസിലേക്ക് ഉത്പന്നങ്ങള്‍ എത്തിക്കുന്നതില്‍ മുന്‍പന്തിയിലുള്ള ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ഓഹരികളേയും ഏപ്രില്‍ രണ്ട് മുതല്‍ നടപ്പാകുന്ന മറ്റു തീരുവകള്‍ ബാധിച്ചേക്കും.

2026 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ ചെലവഴിക്കല്‍ കൂടുകയും വിലക്കയറ്റം നിയന്ത്രണ വിധേയമാവുകയും പലിശ നിരക്കുകള്‍ കുറയുകയും ചെയ്യുന്നതോടെ ആഭ്യന്തര സാമ്പത്തിക രംഗം മെച്ചപ്പടാനാണ് സാധ്യത. നഗര-ഗ്രാമ വിപണികളില്‍ ഡിമാന്റ് മെച്ചപ്പെടുന്നതായി പ്രതിമാസ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇറക്കുമതിയേക്കാള്‍ ആഭ്യന്തര ഉത്പന്നങ്ങളെ കൂടുതല്‍ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് ഭയപ്പെടാനില്ല. വര്‍ധിക്കുന്ന ആഭ്യന്തര ഡിമാന്റും കുറയുന്ന വിലക്കയറ്റവും കാരണം 2026-27 സാമ്പത്തിക വര്‍ഷം കോര്‍പറേറ്റ് ലാഭം ദീര്‍ഘകാല ശരാശരിയായ 15 ശതമാനത്തിലെത്തുമെന്നു കരുതുന്നു. 2025 സാമ്പത്തിക വര്‍ഷത്തെ ലാഭ വളര്‍ച്ച ഏഴ് ശതമാനമെന്നാണ് കണക്കാക്കിയിട്ടുള്ളത്.

2025 സാമ്പത്തിക വര്‍ഷം മങ്ങിയ നിലയില്‍ അവസാനിക്കുമ്പോള്‍ പ്രധാന വെല്ലുവിളികളെ അഭിമുഖീകരിച്ചു കഴിഞ്ഞതിനാല്‍ 2026 സാമ്പത്തിക വര്‍ഷം കൂടുതല്‍ മെച്ചമായിരിക്കുമെന്നാണ് കണക്കാക്കുന്നത്. വെല്ലുവിളികളെ ഫലപ്രദമായി നേരിട്ട ഇന്ത്യന്‍ വിപണിയില്‍ 20 ശതമാനം തിരുത്തലുണ്ടായിട്ടുണ്ട്. 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഓഹരി വിപണി മെച്ചപ്പെട്ട പ്രകടനം നടത്താനിടയുള്ളതിനാല്‍ 2025 സാമ്പത്തിക വര്‍ഷം രണ്ടാം പകുതിയില്‍ ഇന്ത്യയുടെ വാല്യുവേഷന്‍ കൂടുമെന്നാണ് കണക്കാക്കുന്നത്. അടുത്തയാഴ്ച മുതല്‍ പുറത്തു വരുന്ന 2025 സാമ്പത്തിക വര്‍ഷം നാലാം പാദ ഫലങ്ങള്‍ 2026 സാമ്പത്തിക വര്‍ഷത്തെ വിപണിയുടെ പ്രകടനത്തിന്റെ ദിശാ സൂചകമായിരിക്കും.

Content Highlights: Analyzing India`s marketplace show successful FY2025 & the upcoming Q4 results.

ABOUT THE AUTHOR

വിനോദ് നായര്‍

ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍.

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article