പരിശോധന കര്‍ശനമാക്കി: ഇത്തവണ ആദായ നികുതി റീഫണ്ട് വൈകിയേക്കും

6 months ago 6

03 July 2025, 11:28 AM IST

income taxation  new

പ്രതീകാത്മകം |ഫോട്ടോ:മാതൃഭൂമി

വൈകി ആരംഭിച്ചിട്ടും ഇതിനകം 75 ലക്ഷം പേര്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തു. 71.1 ലക്ഷം റിട്ടേണുകള്‍ ഇ-വെരിഫൈ ചെയ്തതായും പോര്‍ട്ടലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഇതുവരെ റീഫണ്ട് നല്‍കി തുടങ്ങിയിട്ടില്ല. പഴയ റിട്ടേണുകളും തീര്‍പ്പാക്കാത്തവയും വിശദമായി പരിശോധിച്ചശേഷമാകും റീഫണ്ട് അനുവദിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാജ റീഫണ്ട് അവകാശവാദങ്ങള്‍ തടയുകയാണ് ലക്ഷ്യം.

മുന്‍ സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഒരുമാസം വൈകി മെയ് അവസാനത്തോടെയാണ് ഫയല്‍ ചെയ്യാന്‍ തുടങ്ങിയത്. ഇതിനകം ഐടിആര്‍ ഒന്ന്, നാല് ഫോമുകളാണ് പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ളത്. റീഫണ്ടുകള്‍ ലഭിക്കാന്‍ സമയമെടുത്തേക്കാമെന്ന് നികുതി വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നികുതിദായകര്‍ തട്ടിപ്പ് നടത്തിയിട്ടില്ലെന്ന് ഉറപ്പാക്കാനാണ് നികുതിവകുപ്പിന്റെ ശ്രമം. അതുകൊണ്ടുതന്നെ പഴയ റിട്ടേണുകള്‍ കൂടി പരിശോധിച്ചായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

കഴിഞ്ഞ വര്‍ഷങ്ങളില്‍ സൂക്ഷ്മപരിശോധന തീര്‍പ്പാകാതെ കിടക്കുന്നുണ്ടെങ്കില്‍ റീഫണ്ടുകള്‍ ഇപ്പോള്‍ നല്‍കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഐടിആര്‍ കൃത്യമായി ഫയല്‍ ചെയ്യുകയും വിവരങ്ങള്‍ വിട്ടുപോകാതെ പൂരിപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ റീഫണ്ട് ലഭിക്കുമെന്നാണ് നികുതി വിദഗ്ധര്‍ പറയുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ ജൂലായ് 31 ആയിരുന്നു റിട്ടേണ്‍ നല്‍കാനുള്ള അവസാന തിയതി. ഇത്തവണ സെപ്റ്റംബര്‍ 15വരെ നീട്ടിനല്‍കിയിട്ടുണ്ട്.

Content Highlights: Income Tax Refund Delays: Government Tightens Scrutiny to Combat Fraud

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article