പരിഷ്‌കരണം സമഗ്രം: നികുതി ഇളവുകള്‍ സാധാരണക്കാരെ ലക്ഷ്യമിട്ട്, നിരക്കുകള്‍ വിശദമായി അറിയാം

4 months ago 5

താരിഫ് അനിശ്ചിതത്വത്തിനിടെ ഉപഭോഗം വര്‍ധിപ്പിച്ച് രാജ്യത്തെ വളര്‍ച്ചയെ പിന്താങ്ങുകയെന്ന ലക്ഷ്യത്തോടെ ജി.എസ്.ടിയില്‍ വന്‍തോതില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഏഴ് വര്‍ഷം മുമ്പ് നിലവില്‍വന്ന നികുതി ഘടനയിലെ ഏറ്റവും വലിയ അഴിച്ചുപണിയാണ് നടപ്പാക്കിയത്. ചെലവ് കുറയ്ക്കുക, ഉത്പാദനം വര്‍ധിപ്പിക്കുക, സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിഷ്‌കരണം. അവശ്യവസ്തുക്കള്‍, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെ സമസ്ത മേഖലകളെയും നികുതിയിളവുകളുടെ ഭാഗമാക്കി. നവരാത്രി ദിവസമായ സെപ്റ്റംബര്‍ 22 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തിലാകും.

സ്ലാബുകള്‍ കുറച്ച്, ഇന്‍വെര്‍ട്ടഡ് നികുതി ഘടനയിലെ അപാകം പരിഹരിച്ച് സാധാരണക്കാരെ മുന്നില്‍ കണ്ടാണ് പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ചതെന്ന് വ്യക്തം. മിക്കവാറും ഉത്പന്നങ്ങളെ അഞ്ച്, പതിനെട്ട് എന്നിങ്ങനെ രണ്ട് പ്രധാന സ്ലാബുകളില്‍ ഒതുക്കി. 12, 18 സ്ലാബുകള്‍ ഒഴിവാക്കി. 12 ശതമാനത്തില്‍ ഉള്‍പ്പെട്ടിരുന്ന 99 ശതമാനം ഉത്പന്നങ്ങളും അഞ്ച് ശതമാനത്തിലായി. 28 ശതമാനമുണ്ടായിരുന്ന 90 ശതമാനവും 18 ശതമാനത്തിലും ഉള്‍പ്പെടുത്തി.

നിരക്കുകള്‍ ഇപ്രകാരം

ഭഷ്യവസ്തുക്കള്‍

  • പാല്: ജി.എസ്.ടി ഒഴിവാക്കി. നിലവില്‍ അഞ്ച് ശതമാനമായിരുന്നു.
  • വെണ്ണ, നെയ്യ്, ചീസ്, പാലുത്പന്നങ്ങള്‍: 12 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമാക്കി.
  • റൊട്ടി, പെറാത്ത, ബ്രഡ് എന്നിവയെ നികുതിയില്‍നിന്ന് ഒഴിവാക്കി.
  • കാര്‍ബണേറ്റഡ് പാനീയങ്ങള്‍ക്ക് ഉയര്‍ന്ന നികുതി: 40 ശതമാനം
  • പായ്ക്ക ചെയ്യാത്ത പനീറിന് നികുതിയില്ല, പായ്ക്ക ചെയ്തവയ്ക്ക് പ്രത്യേക നികുതി.
  • പാക്ക് ചെയ്യാത്ത നംകീന്‍, മിക്‌സ്ചര്‍, പാസ്ത, ബിസ്‌കറ്റ്, കൊക്കോ ഉത്പന്നങ്ങള്‍, ചോക്ലേറ്റ്, ഉണക്കിയ പഴങ്ങള്‍ തുടങ്ങിയവ: 12 മുതല്‍ 18 ശതമാനം വരെയുണ്ടായിരുന്ന ജി.എസ്.ടി അഞ്ച് ശതമാനമാക്കി.
  • സസ്യ എണ്ണ, മൃഗക്കൊഴുപ്പ്, സോസേജ്, മത്സ്യ ഉത്പന്നങ്ങള്‍: അഞ്ച് ശതമാനമാക്കി.

ഉപഭോക്തൃ ഉത്പന്നങ്ങള്‍

  • ഹെയര്‍ ഓയില്‍, ഷാംപൂ, ടൂത്ത് പേസ്റ്റ്, സോപ്പ്, ബ്രഷ്, ഷേവിങ് ക്രീം: 18 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമാക്കി.
  • ചെരുപ്പ്, തുണിത്തരങ്ങള്‍: 12 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമാക്കി.
  • വ്യാപകമായി ഉപയോഗിക്കുന്ന ചെറിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ജിഎസ്ടി 28ല്‍നിന്ന 18 ശതമാനമാക്കി.
  • ഫീഡിങ് ബോട്ടില്‍, കുട്ടികള്‍ക്കുള്ള നാപ്കിന്‍, തയ്യല്‍ മെഷീന്‍(ഘടകഭാഗങ്ങള്‍ ഉള്‍പ്പടെ): 12 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമാക്കി.

ആരോഗ്യം

  • ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി: ജിഎസ്ടി ഒഴിവാക്കി. നിലവില്‍ 18 ശതമാനമായിരുന്നു.
  • ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് നികുതിയില്ല.
  • തര്‍മോമീറ്റര്‍: 18 ശതമാനത്തില്‍നിന്ന് അഞ്ച് ആക്കി.
  • മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍, പരിശോധന കിറ്റുകള്‍: 12 ല്‍നിന്ന് അഞ്ചിലേയ്ക്ക് താഴ്ത്തി.
  • ഗ്ലൂക്കോമീറ്റര്‍, ടെസ്റ്റ് സ്ട്രിപ്‌സ്: 12 ല്‍നിന്ന് അഞ്ചായി കുറച്ചു

വിദ്യാഭ്യാസം

  • മാപ്പ്, ചാര്‍ട്ട്, ഗ്ലോബ്: ജിഎസ്ടി ഒഴിവാക്കി. നിലവില്‍ 12 ശതമാനമായിരുന്നു.
  • പെന്‍സില്‍, ഷാര്‍പ്നര്‍, ക്രയോണ്‍, പേസ്റ്റല്‍സ്: ജിഎസ്ടി ഒഴിവാക്കി. നിലവില്‍ 12 ശതമാനമായിരുന്നു.
  • എക്‌സൈസ് ബുക്ക്, നോട്ട് ബുക്ക്: ജിഎസ്ടി ഒഴിവാക്കി. നിലവില്‍ 12 ശതമാനമായിരുന്നു.
  • ഇറേയ്‌സര്‍: നികുതി ഒഴിവാക്കി. നിലവില്‍ അഞ്ച് ശതമാനമായിരുന്നു.

വാഹനം

  • ചെറിയ കാറുകളുടെ നികുതി 28 ശതമാനത്തില്‍നിന്ന് 18 ശതമാനമാക്കി. 1200 സിസിവരെ എന്‍ജിന്‍ ശേഷിയും നാല് മീറ്റര്‍വരെ നീളവുമുള്ള പെട്രോള്‍, എല്‍പിജി, സിഎന്‍ജി കാറുകള്‍ക്കും 1,500 സിസി വരെയുള്ള ഡീസല്‍ കാറുകള്‍ക്കും ഇത് ബാധകം.
  • ഇടത്തരം-വിലയ കാറുകള്‍: 1500 സിസിയോ നാല് മീറ്ററില്‍ കൂടുതലോ ഉള്ള വാഹനങ്ങള്‍ക്ക് 40 ശതമാനം ജിഎസ്ടി.
  • മുച്ചക്ര വാഹനങ്ങള്‍: 28 ല്‍നിന്ന് 18 ശതമാനമാക്കി.
  • 10ല്‍ കൂടുതല്‍ പേര്‍ക്ക് യാത്രചെയ്യാവുന്ന ബസുകളും വാഹനങ്ങളും : 28 ശതമാനത്തില്‍നിന്ന് 18 ശതമാനമാക്കി.
  • ആംബുലന്‍സ്: 18 ശതമാനമായി കുറച്ചു.
  • ചരക്ക് വാഹനങ്ങള്‍: 28 ശതമാനത്തില്‍നിന്ന് 18 ആക്കി.
  • ട്രാക്ടര്‍: ചെറിയവയ്ക്ക് അഞ്ച് ശതമാനം. 1800 സിസിക്ക് മുകളിലുള്ളവയ്ക്ക് 18 ശതമാനം.
  • മോട്ടോര്‍സൈക്കിള്‍: 350 സിസിവരെ 18 ശതമാനം. അതിന് മുകളില്‍ 40 ശതമാനം.

ഇലക്ട്രോണിക്‌സ്

  • എയര്‍ കണ്ടീഷണര്‍: 28 ശതമാനത്തില്‍നിന്ന് 18 ശതമാനമാക്കി.
  • 32 ഇഞ്ചിന് മുകളിലുള്ള എല്‍ഇഡി, എല്‍സിഡി ടിവി: 28 ല്‍നിന്ന് 18 ശതമാനമാക്കി.
  • മോണിറ്റര്‍, പ്രൊജക്ടര്‍: 28 ശതമാനത്തില്‍നിന്ന് 18 ശതമാനമാക്കി.
  • ഡിഷ് വാഷര്‍: 28 ശതമാനത്തില്‍നിന്ന് 18 ശതമാനമാക്കി.


ഹോസ്പിറ്റാലിറ്റി

  • 7,500 രൂപയില്‍ താഴെയുള്ള ഹോട്ടല്‍ റൂമുകള്‍: അഞ്ച് ശതമാനം.
  • വെല്‍നെസ്, യോഗ, ജിം, സലൂണ്‍: അഞ്ച് ശതമാനം.

ഉയര്‍ന്ന സ്ലാബ്

  • പാന്‍ മസാല, ഗുഡ്ക, സിഗരറ്റ്, ടുബാകോ ഉത്പന്നങ്ങള്‍: 40 ശതമാനം.
  • കാസിനോകള്‍, വാതുവെപ്പ്, ചൂതാട്ടം, കുതിരപ്പന്തയം, ഓണ്‍ലൈന്‍ ഗെയിം: 40 ശതമാനം.
  • ഐപിഎല്‍ ടിക്കറ്റ്: 40 ശതമാനം(അംഗീകൃത കായിക മത്സരങ്ങളില്‍ ടിക്കറ്റ് നിരക്ക് 500 രൂപയില്‍ താഴെയാണെങ്കില്‍ നികുതിയില്ല. അതിന് മുകളിലാണെങ്കില്‍ 18 ശതമാനം).
  • കാര്‍ബണേറ്റഡ് പാനീയങ്ങള്‍: 28 ല്‍നിന്ന് 40ലേക്ക് മാറ്റി.
  • 1200 സിസിക്ക് മുകളിലുള്ള പെട്രോള്‍ കാറുകളും 1500 സിസിക്ക് മുകളിലുള്ള ഡീസല്‍ കാറുകളും: 40 ശതമാനം സ്ലാബിലേയ്ക്ക് മാറ്റി.

മറ്റുള്ളവ

  • പുനരുപയോഗ ഊര്‍ജ ഉപകരണങ്ങള്‍: 12 ല്‍നിന്ന് അഞ്ച് ശതമാനമായി കുറച്ചു.
  • നിര്‍മാണ സാമഗ്രികള്‍: 12 ല്‍നിന്ന് അഞ്ച് ശതമാനമാക്കി. സിമന്റ് 28 സ്ലാബില്‍നിന്ന് 18ല്‍ ആയി. മാര്‍ബിള്‍, ഗ്രാനൈറ്റ് എന്നിവയുടെയും വില കുറയും.
  • സ്‌പോട്‌സ് ഗുഡ്‌സ്, കളിപ്പാട്ടം: 12 ല്‍നിന്ന് അഞ്ച് ശതമാനമാക്കി.
  • തുകല്‍, മരം, കരകൗശല ഉത്പന്നങ്ങള്‍: അഞ്ച് ശതമാനത്തില്‍ ഉള്‍പ്പെടുത്തി.

വില കൂടുന്നവ
കൊക്ക കോള, പെപ്‌സി തുടങ്ങിയവയുടെയും കാര്‍ബണേറ്റഡ് പാനീയങ്ങളുടെയും ജി.എസ്.ടി 40 ശതമാനമായി. 28 ശതമാനത്തില്‍നിന്നാണ് വര്‍ധന. കഫീന്‍ അടങ്ങിയ പാനീയങ്ങളുടെയും നികുതി 40 ശതമാനമാക്കി. പഞ്ചസാരയോ മറ്റ് മധുര പദാര്‍ഥങ്ങളോ ചേര്‍ത്തതോ ഫ്‌ളേവര്‍ നല്‍കിയതോ ആയ എല്ലാ ഉത്പന്നങ്ങള്‍ക്കും നിലവിലെ നിരക്കായ 28 ശതമാനത്തില്‍നിന്ന് 40 ശതമാനമാക്കിയിട്ടുണ്ട്.

1200 സി.സിക്ക് മുകളിലിലുള്ളതും നാല് മീറ്ററില്‍ കൂടുതല്‍ നീളമുള്ളതുമായ വാഹനങ്ങളുടെ നിരക്ക് 40 ശതമാനമായി. 350 സിസിക്ക് മുകളിലുള്ള മോട്ടോര്‍ സൈക്കിളുകള്‍, ഉല്ലാസ നൗകകള്‍, സ്വകാര്യ ആവശ്യത്തിനുള്ള വിമാനങ്ങള്‍, റേസിങ് കാറുകള്‍ എന്നിവക്ക് ഉയര്‍ന്ന സ്ലാബ് ബാധകമാകും.

കോവിഡ് മഹാമാരിയുടെ കാലത്ത് സംസ്ഥാനങ്ങള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കുന്നതുവരെ പുകയിലയ്ക്കും അതുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ക്കും 28 ശതമാനം ജി.എസ്.ടിയും നഷ്ടപരിഹാര സെസും ബാധകമായിരിക്കും. അത് കഴിഞ്ഞാല്‍ ഉയര്‍ന്ന നിരക്കായ 40 ശതമാനത്തിലേക്ക് മാറും.

Content Highlights: GST Overhaul: Sweeping Tax Cuts Target Common Citizens, Boosting Consumption and Growth.

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article