Published: August 18, 2026 11:12 AM IST
1 minute Read
ഗോൾ ∙ ഇന്ത്യ – ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന്റെ തത്സമയ ടിവി ബ്രോഡ്കാസ്റ്റിങ്ങിനിടെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സഞ്ജയ് മഞ്ജരേക്കറും മുരളി കാർത്തിക്കും തമ്മിൽ വാക്കുതർക്കം. മത്സരത്തിന്റെ മൂന്നാം ദിനം ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിലാണ് സംഭവം. ഗോളിലെ സ്റ്റുഡിയോയിലിരുന്ന് ലൈവ് റിപ്പോർട്ട് ചെയ്ത് മഞ്ജരേക്കർ, സംസാരിക്കുന്നതിനിടെ ചുണ്ട് കൂർപ്പിക്കുന്നതിനെ മുംബൈയിലെ സ്റ്റുഡിയോയിലായിരുന്ന മുരളി കാർത്തിക് പരിഹസിക്കുകയായിരുന്നു.
What you should work next
ഇതുമൂലം മഞ്ജരേക്കർ പറയുന്നത് ചിലപ്പോൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണെന്നും കാർത്തിക് പറഞ്ഞു. ഇതിന് മറുപടിയായി, സ്റ്റുഡിയോയിലുണ്ടായിരുന്നു മറ്റൊരു മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെയുടെ നേർക്ക് ക്യാമറ മാറ്റാൻ മുൻ ഇന്ത്യൻ ബാറ്ററായ മഞ്ജരേക്കർ ഡയറക്ടറോട് ആവശ്യപ്പെട്ടു. കാർത്തിക്കും മഞ്ജരേക്കറും തമ്മിലുള്ള തർക്കത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
‘‘ഇവിടെയുള്ള എല്ലാവരുടെയും ഭാഗത്തുനിന്നുള്ള ചെറിയൊരു അഭ്യർത്ഥനയും വലിയൊരു അപേക്ഷയുമാണ്: സംസാരിക്കുമ്പോൾ താങ്കൾ ചുണ്ടുകൂർപ്പിക്കുന്നു. ഇതു കാരണം നിങ്ങൾ പറയുന്നത് എന്താണെന്ന് ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. അതുകൊണ്ട് ദയവായി അതൊന്നു കുറയ്ക്കുക.’’– കാർത്തിക് പറഞ്ഞു. എന്നാൽ ഇതിനു മഞ്ജരേക്കർ ഇതേ രീതിയിൽ മറുപടി പറഞ്ഞു.
‘‘അതൊരു മോശം പരാമർശമായിപ്പോയി. നമുക്കിത് കട്ട് ചെയ്യാമോ... ഇതൊരു സ്പ്ലിറ്റ് സ്ക്രീൻ ആക്കി ക്യാമറ മറ്റേ ആളിലേക്ക് മാറ്റാമോ? കാരണം സംസാരിക്കാൻ അദ്ദേഹം വളരെ നല്ലൊരു വ്യക്തിയാണ്, അദ്ദേഹത്തിന് പ്രസന്നമായൊരു മുഖവുമുണ്ട്. കണ്ണാടിയിൽ നോക്കി ‘സൂപ്പർബ്, സൂപ്പർബ്, സൂപ്പർബ്’ എന്ന് പറയുന്ന മുരളി കാർത്തിക്കിന്റെ ശബ്ദത്തെക്കുറിച്ച് ഞാൻ അദ്ഭുതപ്പെടുകയാണ്.’’– മഞ്ജരേക്കർ പറഞ്ഞു.
ഇതിന് കാർത്തിക് ഇങ്ങനെ മറുപടി നൽകി: ‘‘ഞാൻ കണ്ണാടിയിൽ നോക്കാറില്ല. അത് നിങ്ങളാണ്. നിങ്ങൾ മാത്രമാണ് അങ്ങനെ ചെയ്യുന്നത്.’’ തർക്കം അതിരുവിടുന്നെന്ന് മനസിലായതോടെ മഞ്ജരേക്കർ തന്നെ വിഷയത്തിന്‍റെ ഗൗരവം കുറച്ച് രംഗം ശാന്തമാക്കി. ‘‘നമ്മൾ രണ്ടുപേരും പരിധി ലംഘിക്കുകയാണ്, സോഷ്യൽ മീഡിയയ്ക്ക് ആഘോഷിക്കാൻ ഇത് ധാരാളമാണ്’’ എന്ന് പറഞ്ഞ് മഞ്ജരേക്കർ തർക്കം അവസാനിപ്പിക്കുകയായിരുന്നു.
English Summary:






English (US) ·