പലിശ കുറയുന്നു: കുറഞ്ഞ നിരക്കില്‍ കാറ് വാങ്ങാം, താരതമ്യം ചെയ്യാം

8 months ago 8

വാഹനമില്ലാത്ത കുടുംബങ്ങള്‍ അപൂര്‍വമാണ്. ഒരു കാറ് ഉള്ളവര്‍ രണ്ടാമതൊന്നുകൂടി വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. സിറ്റി ഡ്രൈവിന് ഒരു ഇ.വി കൂടിയിരിക്കട്ടെയെന്ന് മറ്റുചിലര്‍. വരുമാനമായാല്‍ ആദ്യം കാറ് വാങ്ങുന്നതിനെക്കുറിച്ചാണ് മലയാളി ആലോചിക്കുന്നതുതന്നെ. മൊത്തം പണം കൊടുത്ത് കാറ് വാങ്ങുകയെന്നത് പലപ്പോഴും പ്രായോഗികമായെന്നുവരില്ല. റിസര്‍വ് ബാങ്ക് നിരക്കില്‍ കുറവുവരുത്തിയതോടെ പലിശ താഴാന്‍ തുടങ്ങിയിട്ടുണ്ട്. വാഹന നിര്‍മാതാക്കളാണെങ്കില്‍ ഇടയ്ക്കിടെ പുതിയ മോഡലുകളുമായി നിരത്തുകളിലെത്തുന്നു.

ഉത്സവ കാലയളവിലും വര്‍ഷാവസാനവുമൊക്കെയായിരുന്നു വാഹന നിര്‍മാതാക്കള്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നത്. ഇപ്പോഴാകട്ടെ ഓരോ മാസവും വ്യത്യസ്ത ഓഫറുകളുമായി എത്തുന്നു. വിലക്കിഴിവ് വാഗ്ദാനങ്ങള്‍ക്ക് പുറമെ, വായ്പാ പലിശയിലും കുറവ് ലഭിക്കുന്നത് മൊത്തം ചെലവ് കുറയ്ക്കാന്‍ സഹായിക്കും.

മൂന്നു മുതല്‍ എഴ് വര്‍ഷം വരെയുള്ള കാലയളവിലാണ് ബാങ്കുകള്‍ സാധാരണയായി കാര്‍ വായ്പ നല്‍കുന്നത്. കാലയളവ് കൂടുംതോറും പ്രതിമാസ തിരിച്ചടവ് തുകയില്‍ കുറവുണ്ടാകും. വാഹനം എളുപ്പത്തില്‍ സ്വന്തമാക്കാന്‍ അതാകും നല്ലതെന്ന് ചിന്തിക്കുന്നവരാണേറയും. മൊത്തം തിരിച്ചടവ് തുകയില്‍ കാര്യമായ വര്‍ധന ഇതുമൂലം ഉണ്ടാകുമെന്നകാര്യം ശ്രദ്ധിക്കുക.

കാലം പിന്നിടുന്തോറും മൂല്യമിടയുന്ന ആസ്തിയാണ് വാഹനമെന്നകാര്യം മറക്കരുത്. അതുകൊണ്ടുതന്നെ വലിയ തുക വായ്പയെടുക്കുന്നത് ഉചിതമല്ല. ചെറിയ കാലയളവിലാണ് വായ്പയെടുക്കുന്നതെങ്കില്‍ മൊത്തം ബാധ്യതയില്‍ കുറവുണ്ടാകും. അതേസമയം, പ്രതിമാസ തിരിച്ചടവ് തുക വര്‍ധിക്കുകയും ചെയ്യും. കൃത്യമായി ഇഎംഐ അടയ്ക്കാന്‍ കഴിയുമോയെന്നകാര്യം ആലോചിച്ചശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. ഭാവിയിലെ വായ്പകളെയും പലിശ ഇളവിനെയും അത് ബാധിക്കും.

ചില ധനകാര്യ സ്ഥാപനങ്ങള്‍ കാറിന്റെ മുഴുവന്‍ തുകക്കും വായ്പ നല്‍കും. മറ്റുചിലര്‍ 80 ശതമാനംവരെയാകും ലോണ്‍ അനുവദിക്കുക. വായ്പാ പലിശക്ക് പുറമെ, പ്രൊസസിങ് ഫീസും മറ്റു ചെലവുകളും കണക്കാക്കിയശേഷം അന്തിമ തീരുമാനമെടുക്കുക.

വിലക്കിഴിവ് പ്രയോജനപ്പെടുത്തുക: ഒരുഡീലറെ മാത്രം സമീപിക്കാതെ പലയിടത്തായി അന്വേഷിച്ച് വിലപേശുക. ഓരോ പുതിയ കാറു വില്‍ക്കുമ്പോഴും ഡീലര്‍മാര്‍ക്ക് നല്ലൊരുതുക മാര്‍ജിന്‍ ലഭിക്കുന്നുണ്ട്. വിലക്കിഴിവും മറ്റു ഓഫറുകളും പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുക. കാറിന്റെ വില കുറയുന്നതിനനുസരിച്ച് ലോണെടുക്കുന്ന തുകയിലും കുറവുവരുത്താമല്ലോ.

ബാങ്കുകളെ സമീപിക്കുമ്പോള്‍: കാര്‍ ഡീലറുമായി കൂട്ടുകെട്ടുണ്ടാക്കിയാകും ബാങ്കുകള്‍ വായ്പ നല്‍കുക. മറ്റു ബാങ്കുകളില്‍നിന്ന് വായ്പയെടുക്കുന്നത് ഡീലര്‍മാര്‍ നിരുത്സാഹപ്പെടുത്താനുമിടയുണ്ട്. ഒരുകാര്യം മനസിലാക്കുക, ഡീലറുമായുള്ള കൂട്ടുകെട്ടില്‍ നല്‍കുന്ന വായ്പ വിപണിയില്‍ ലഭ്യമായതില്‍ ഏറ്റവും മികച്ചതായിരിക്കണമെന്നില്ല. അതുകൊണ്ടുതന്നെ വ്യത്യസ്ത ബാങ്കുകളില്‍ അന്വേഷിക്കുക. ഡീലര്‍ വാഗ്ദാനം ചെയ്തതിനേക്കാള്‍ ആകര്‍ഷകമായ ഓഫറില്‍ വായ്പ നല്‍കാന്‍ ബാങ്കുകള്‍ കാത്തുനില്‍ക്കുന്നുണ്ടെന്നകാര്യം മറക്കേണ്ട. പലിശനിരക്കും പ്രൊസസിങ് ചാര്‍ജുമൊക്കെ പരിശോധിച്ച് തീരുമാനമെടുക്കുക.

ക്രെഡിറ്റ് റിപ്പോര്‍ട്ട്: വായ്പയെടുക്കുംമുമ്പ് ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കുക. റിപ്പോര്‍ട്ടില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെങ്കില്‍ ക്രെഡിറ്റ് പ്രൊഫൈലിനെ ബാധിച്ചേക്കാം. ഉയര്‍ന്ന പലിശയുള്ള ബാങ്കിലേയ്ക്കാകും അതു നിങ്ങളെ നയിക്കുക. റിപ്പോര്‍ട്ടില്‍ എന്തെങ്കിലും പ്രശ്നം കണ്ടെത്തിയാല്‍ അതു പരിഹരിക്കുന്നതിന് റേറ്റിങ് ഏജന്‍സിയെ സമീപിക്കാം. വ്യക്തികളുടെ സാമ്പത്തികസ്ഥിതി പരിശോധിക്കുന്നതിന് ക്രെഡിറ്റ് റിപ്പോര്‍ട്ടുകളെയാണ് ബാങ്കുകള്‍ ആശ്രയിക്കുന്നത്. വായ്പ തിരിച്ചടയ്ക്കുന്നതില്‍ എന്നെങ്കിലും വീഴ്ചവരുത്തിയിട്ടുണ്ടെങ്കില്‍ അക്കാര്യമുള്‍പ്പടെയുള്ളവ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. ഇക്കാരണംകൊണ്ടുതന്നെ വായ്പ നിഷേധിക്കാനോ കൂടുതല്‍ പലിശ ഈടാക്കാനോ ബാങ്കുകള്‍ മുതിര്‍ന്നേക്കാം.

വായ്പാ കാലാവധി: കാലം ചെല്ലുന്തോറും മൂല്യംകുറയുന്ന ആസ്തയില്‍പ്പെട്ടതാണ് വാഹനം. അതുകൊണ്ടുതന്നെ ഭവന വായ്പപോലെ ഭാവിയില്‍ ഗുണംചെയ്യുന്നതല്ല വാഹന വായ്പ. കഴിയുമെങ്കില്‍ വായ്പതിരിച്ചടയ്ക്കാന്‍ കുറഞ്ഞ കാലാവധി തിരഞ്ഞെടുക്കുക. കാലാവധി കൂടുമ്പോള്‍ ഇഎംഐ കുറയുമെന്നത് വാസ്തവമാണ്. പക്ഷേ, ദീര്‍ഘകാലയളവില്‍ വലിയ ബാധ്യത അതുണ്ടാക്കും. മൂന്നോ അഞ്ചോ വര്‍ഷക്കാലയളവ് തിരഞ്ഞെടുക്കുന്നതാകും ഉചിതം. കൂടുതല്‍ തുക വായ്പയെടുത്ത് വില കൂടിയ കാറു വാങ്ങുന്നതും ദീര്‍ഘകാല വായ്പയെടുക്കുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. ഏഴു വര്‍ഷത്തെ വായ്പയെടുത്താണ് കാറു വാങ്ങുന്നതെങ്കില്‍ മൊത്തം ചെലവാക്കേണ്ടിവരുന്ന തുകയില്‍ ഗണ്യമായ വര്‍ധനവുണ്ടാകും.

ആക്സസറീസ്: കാറിനൊപ്പം ഡീലര്‍മാരില്‍നിന്ന് ആക്സസറീസ് വാങ്ങുന്നത് ഒഴിവാക്കാം. വിലകൂടി ഓഡിയോ സിസ്റ്റം മുതല്‍ ഗിയര്‍ ലോക്കുവരെ ഘടിപ്പിക്കുന്നത് രണ്ടാമതൊന്നാലോചിച്ചിട്ടുമതി. വായ്പാ തുകയിലെ വര്‍ധന ഒഴിവാക്കാന്‍ അത് സാഹയകരമാകും. ഡീലറുടെ അടുത്ത് ഇവയ്ക്ക് വില കൂടുതലുമായിരിക്കും. മറ്റു ഷോപ്പുകളില്‍നിന്ന് വിലപേശി ആക്സസറികള്‍ സ്വന്തമാക്കാനുള്ള അവസരമുണ്ടെന്ന് മനസിലാക്കുക. ഭാവിയിലായാലും ഇതുപ്രയോജനപ്പെടുത്താം.

വായ്പ പ്രമാണം: ശ്രദ്ധാപൂര്‍വം വായിച്ചശേഷംമാത്രം വായ്പാ കരാര്‍ ഒപ്പിടുക. പലിശ നിരക്ക്, പ്രീ പെയ്മെന്റ് ചാര്‍ജ്, മറ്റുനിബന്ധനകള്‍ എന്നിവയെല്ലാം വിലയിരുത്തുക.

വിലക്കിഴിവ്: ഓഫറുകള്‍ പ്രയോജനപ്പെടുത്തുക. പ്രൊസസിങ് ചാര്‍ജ് ഒഴിവാക്കല്‍, നിശ്ചിത ശതമാനം പലിശയിളവ് തുടങ്ങിയവ ഉള്‍പ്പെടുന്നു. 8.45 ശതമാനം മുതലാണ് വാഹന വായ്പയ്ക്ക് ബാങ്കുകള്‍ ഇപ്പോള്‍ പലിശ ഈടാക്കുന്നത്. ഒരു ലക്ഷം രൂപയ്ക്ക് ഏഴ് വര്‍ഷക്കാലയളവില്‍ 8.45 ശതമാനം പലിശപ്രകാരം 1,581 രൂപയാണ് ഇ.എം.ഐ വരിക(പട്ടിക കാണുക).

സീറോ ഡൗണ്‍പെയ്മെന്റ്: ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ഒരു രൂപ പോലും നല്‍കാതെ വാഹനം കൈമാറാന്‍ ഡീലര്‍മാര്‍ രംഗത്തുണ്ട്. വലിയ ബാധ്യതയും കൂടുതല്‍ പലിശയുമായിരിക്കും അതിലൂടെ കാത്തിരിക്കുന്നത്. തിരിച്ചടവ് തുകയും പലിശയും കുറയ്ക്കുന്നതിന് വാഹന വിലയുടെ ഒരുഭാഗം വഹിക്കാന്‍ തയ്യാറാകുക.

*ബാങ്കുകളുടെ വെബ്സൈറ്റില്‍നിന്ന് ശേഖരിച്ച വിവരങ്ങളാണ് മുകളില്‍ നല്‍കിയത്. ക്രെഡിറ്റ് സ്‌കോര്‍, വായ്പാ തുക, കാലാവധി തുടങ്ങിയവ പ്രകാരം പലിശ നിരക്കില്‍ ഏറ്റക്കുറച്ചിലുണ്ടാകാം. യഥാര്‍ഥ പലിശ നിരക്കുകള്‍ക്കായി ബാങ്കുകളെ സമീപിക്കുക. പട്ടിക അപൂര്‍ണം.

Content Highlights: Compare Car Loan Interest Rates from Top Banks successful India and Get Tips to Secure the Best Deal

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article